Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കാവ്യനോട്ടങ്ങള്‍ കൊണ്ട്‌ ചേര്‍ന്ന പുസ്‌തകം

mangalam malayalam online newspaper

ഒരു പക്ഷേ ഡോ.മുഞ്ഞിനാട്‌ പത്മകുമാര്‍ തനിക്ക്‌ വായനയിലനുഭവേദ്യമായതിന്റെ ആകെ തുകയെന്ന തരത്തിലാകാം ഈ കവിതാ വിവര്‍ത്തന സമാഹാരത്തിന്‌ ഇങ്ങനെയൊരു പേര്‌ നല്‍കുന്നത്‌. അക്കമഹാദേവി മുതല്‍ ഗദല്‍ഷഫായി വരയുള്ള പെണ്‍ കവികളുടെ പ്രശസ്‌തമായ കവിതകള്‍ വിവര്‍ത്തനം ചെയ്‌തതാണ്‌ ഈ പുസ്‌തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളതെന്ന്‌ ഉത്തമബോധ്യമുള്ളപ്പോഴും അത്‌ പത്മകുമാര്‍ എഴുതിയതാണോയെന്ന്‌ വായനക്കാരന്‍ സംശയിക്കുന്നതിനു പിന്നില്‍ ഇതേ ലയിച്ചു ചേരലാകാം ചിലപ്പോള്‍ കാരണം. കവിതയെന്നാല്‍ അതെഴുതുന്നവന്റയും വായിക്കുന്നവന്റെയും ഹൃദയങ്ങള്‍ തമ്മിലുള്ള അദൃശ്യമായ പരസ്‌പര സ്‌പര്‍ശങ്ങളാണ്‌. ഈ സ്‌പര്‍ശങ്ങളിലെ ചൂടും തണുപ്പുമാണ്‌ അവരുടെ ഇഷ്‌ടാനിഷ്‌ടങ്ങളെ അകല്‍ച്ചകളായും അടുപ്പങ്ങളായും എന്നും നിലനിര്‍ത്തുന്നതും. കവിത അതെഴുതുന്ന ഭാഷയില്‍ നിന്ന്‌ മറ്റേതൊരു ഭാഷയിലേക്ക്‌ രൂപം മാറിയാലും അതിന്റെ നിലനില്‍പ്പ്‌ ഒരു ജഡവസ്‌തുവിന്‌ തുല്യമാണെന്ന്‌ പലപ്പോഴും തോന്നാറുണ്ട്‌. മലയാളത്തിലേക്കും ഇതരഭാഷകളില്‍ നിന്ന്‌ ധാരാളം കവിതകള്‍ പലകാലങ്ങളായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അതില്‍ മേല്‍പ്പറഞ്ഞ അപവാദങ്ങളെ അതിജീവിച്ചത്‌ ചുരുക്കം രചനകളും വിവര്‍ത്തകരും മാത്രമാണ്‌. കവിതയെ കവിത നഷ്‌ടപ്പെടുത്താതെ മലയാളിവത്‌കരിക്കുന്നതില്‍ വിജയിച്ച അത്തരം വിവര്‍ത്തകരില്‍ ഒരാളാണ്‌ മുഞ്ഞിനാടെന്ന്‌ ഈ പുസ്‌തകവും സാക്ഷ്യം പറയും. പല ദേശങ്ങളില്‍ പല കാലങ്ങളില്‍ പല ഭാഷകളില്‍ എഴുതപ്പെട്ട ഈ പുസ്‌തകത്തിനുള്ളിലെ കവിതകളെ അവയുടെ ആത്മാവ്‌ നഷ്‌ടപ്പെടുത്താതെ ഭാഷാന്തരം നടത്തി വായനക്കാര്‍ക്കു നല്‍കുന്നതില്‍ മുഞ്ഞിനാടിലെ കവികൂടിയായ വിവര്‍ത്തകന്‍ നടത്തിയിട്ടുള്ള ശ്രമം അംഗീകരിക്കപ്പെടേണ്ടതു തന്നെ. 'പെണ്‍ കവിതകളുടെ കണ്ണീരും മുലപ്പാലും കലര്‍ന്ന ഈ പുസ്‌തകം തന്റെ പെറ്റമ്മയ്‌ക്കു സമര്‍പ്പിച്ചിരിക്കുന്നു. അമ്മ മുതല്‍ ഇങ്ങോട്ട്‌ താന കണ്ടിട്ടുള്ള സ്‌ത്രീരത്നങ്ങളുടെ നൊമ്പരം നെഞ്ചിലേറ്റി നടന്ന ഒരാള്‍ തന്റെ വിവര്‍ത്തനത്തിലൂടെ തന്നെത്തന്നെ പരിത്യജിച്ചു കൊണ്ട്‌ സ്‌ത്രീ ഹൃദയത്തിന്റെ വിശാലമായ വാതായനങ്ങള്‍ തുറന്നിടുകയാണ്‌. മഹത്തായ ഉത്തരവാദിത്വവും തീവ്രമായ വേദനകളും പേറേണ്ടി വരുന്ന സ്‌ത്രീ അവള്‍ തന്റെ അമ്മയുടെ പ്രതിരൂപമാണെന്ന്‌ വിവര്‍ത്തകന്‌ ഉത്തമ ബോധ്യമുണ്ട്‌.' എന്ന്‌ പുസ്‌തകത്തിന്റെ അവതാരികയില്‍ നിരൂപക മീരാകൃഷ്‌ണ പറയുന്നതും വിവര്‍ത്തകന്റെ മേല്‍പ്പറഞ്ഞ സമര്‍പ്പണബോധത്തെ തെളിയിക്കുന്നു.പ്രണയവും ഭക്‌തിയും നിറഞ്ഞ ഈ കവിതകളുടെ അനുഭൂതി വായനയില്‍ ഒരു ദേശസഞ്ചാരം പോലെ ലഹരി പടര്‍ത്തുന്നുണ്ട്‌. വിലപിക്കും മുന്‍പ്‌/ നമ്മള്‍ മരുഭൂമികളായിരുന്നു/ കണ്ണീരു വീണ്‌ നനഞ്ഞുകുതിര്‍ന്ന്‌/ നമ്മള്‍/ സമുദ്രങ്ങളായി എന്ന എമിലി ഡിക്കണ്‍സന്റെ കവിത പോലെ വരണ്ട വായനകള്‍ക്കിടയില്‍ സമുദ്ര സാധ്യതയാകുന്നതിനും ഈ കവിതകള്‍ക്കു കഴിയുന്നു. മഹാദേവി അക്ക, അന്ന അഖ്‌മത്തോവ, സിംബോര്‍സ്‌ക, ലൂയിസ്‌ ലാബെ, സാഫോ,ഫദ്‌വാ തൂഖാന്‍, എമിലി ഡിക്കണ്‍സണ്‍, മറീദ്‌ ഫ്രാംസ്‌, എലിസബത്ത്‌ ബിഷപ്പ്‌, നെദാല്‍ അബ്ബാസ്‌, ഴാങ്‌ റസീന്‍, സില്‍വിയാ പ്ലാത്ത്‌, ക്രിസ്‌റ്റീനാ റൊസേറ്റി, മാര്‍ഗരറ്റ്‌ ആന്‍ഡ്‌ വുഡ്‌, ആങ്‌ സാന്‍ സൂചി, ലോറ റൈസിംഗ്‌, റുദീന അല്‍ ഫൈലാലി, ഗദല്‍ഷഫായ്‌ എന്നിവരുടെ കവിതകളാണ്‌ ഈ പുസ്‌തകത്തില്‍ വിവര്‍ത്തനം ചെയ്‌തു ചേര്‍ത്തിട്ടുള്ളത്‌. തീര്‍ച്ചയായും കാവ്യ വായനയുടെ ആത്മീയവും അനന്തവുമായ വഴിതേടുന്നവര്‍ക്ക്‌ ഈ പുസ്‌തകം തിരഞ്ഞെടുക്കാവുന്നതാണ്‌.

സുഭദ്ര

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top