Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സാഹസികതയുടെ പുസ്‌തകം

mangalam malayalam online newspaper

ഓരോ ചെറിയ വഴികളും ചെന്നുചേരുന്നത്‌ ഏതെങ്കിലുമൊരു വലിയ വഴിയിലായിരിക്കും. അതുപോലെതന്നെ ഓരോ ചെറിയ യാത്രകളും അവസാനിക്കുന്നത്‌ ഒരു വലിയ യാത്രയുടെ തുടക്കത്തിലായിരിക്കും. വിസ്‌മയംനിറഞ്ഞ വഴികളില്‍ക്കൂടി സാഹസികത നിറഞ്ഞ യാത്രയുടെ മനോഹാരിതയിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു സാഹിത്യകൃതികൂടി ഉണ്ടായിരിക്കുന്നു.
മലയാള സാഹിത്യശാഖകളില്‍ ചെറിയ ചെറിയ ഒച്ചകള്‍ മാത്രം കേട്ടുകൊണ്ടിരിക്കുന്ന മേഖലയാണ്‌ ബാലസാഹിത്യം. അവയൊക്കെയും വളരെകുറച്ച്‌ പേജുകളില്‍ ഒതുങ്ങിപ്പോകുന്നവയും. കുട്ടികള്‍ കുറച്ചുമാത്രംമതി എന്ന ചിന്തയാകും ഒരുപക്ഷേ എഴുത്തുകാരെ ഇതിലേക്ക്‌ നയിക്കുന്നത്‌. എന്നാലിന്ന്‌ കാലംമാറി കഥമാറി. മലയാളത്തിലെ ഏറ്റവും വലുപ്പമുള്ള ബാലസാഹിത്യനോവലെന്ന്‌ വിളിക്കാവുന്ന കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം എന്ന കൃതി പുറത്തുവന്നിരിക്കുന്നു. ഉത്തരാധുനിക കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്‌.ആര്‍. ലാലിന്റേതാണ്‌ മുന്നൂറ്റി അന്‍പതോളം പേജുള്ള ഈ പുസ്‌തകം.
പ്രമേയത്തിലും ആവിഷ്‌കാരത്തിലും പുതിയ വായനാനുഭവം തരുന്ന ഈ നോവല്‍ കുഞ്ഞുണ്ണി എന്ന പതിമൂന്നുകാരന്റെ സാഹസികയാത്രയുടെ കഥപറയുന്നു. കൗതുകത്തിന്റെയും മാസ്‌മരികതയുടെയും പടവുകളിലൂടെയാണ്‌ ഇതിലെ ഓരോ അധ്യായങ്ങളും കടന്നുപോകുന്നത്‌.
സച്ചിന്‍, ജീവന്‍ എന്നീ രണ്ട്‌ കുട്ടികളുടെ ജീവിതത്തില്‍ നിന്നാണ്‌ ഈ നോവല്‍ ആരംഭിക്കുന്നത്‌. സ്‌നേഹത്തിന്റെ ഇത്തിരിവെട്ടത്തില്‍ കളിച്ച്‌ നടക്കുന്ന സ്‌നേഹഭവന്‍ എന്ന അനാഥാലയത്തിലെ കുട്ടികളാണിവര്‍. രണ്ടുപേരും വിസ്‌മയംനിറഞ്ഞ വഴികളിലൂടെ നടക്കാന്‍ ആഗ്രഹിക്കുന്നവര്‍. അവര്‍ പലവഴികളിലൂടെ സഞ്ചരിച്ചെങ്കിലും അതെല്ലാം ചെന്നുചേരുന്നത്‌ സ്‌നേഹഭവന്‍ എന്ന ഒറ്റവഴിയിലായിരുന്നു. അവര്‍ക്കിടയിലേക്ക്‌ ഒരു വിസ്‌മയംപോലെയാണ്‌ കുഞ്ഞുണ്ണിയമ്മാവന്‍ കടന്നുവന്നത്‌. കുഞ്ഞുണ്ണിയുടെ പ്രത്യേകതകള്‍ ജീവനെ അയാളിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു.
അവിചാരിതമായ പലകാര്യങ്ങളിലും ഒന്നുമറിയാതെ നമ്മള്‍ എത്തിപ്പടാറുണ്ട്‌. അതുപോലെയായിരുന്നു കുഞ്ഞുണ്ണിയുടെ കുട്ടിക്കാലത്തെ യാത്രകളും. അവന്‍പോലും വിചാരിക്കാത്ത സ്‌ഥലങ്ങളിലേക്ക്‌ കേട്ടുകേള്‍വിപോലുമില്ലാത്ത ഇടങ്ങളിലേക്ക്‌ അവന്‍ എടുത്തെറിയപ്പെടുകയായിരുന്നു. അമ്മയുടെ അകന്ന ബന്ധുവായ മാര്‍ത്താണ്ഡന്‍ എന്ന മനുഷ്യന്റെ അടുത്തേക്കുള്ള യാത്രയില്‍ നിന്നുമാണ്‌ കുഞ്ഞുണ്ണിയുടെ പ്രയാണം ആരംഭിക്കുന്നത്‌. അപകടകരമായ നൂല്‍പ്പാലങ്ങളാണ്‌ മുന്നിലെങ്കിലും അവന്‍ യാത്രകളെ ഒത്തിരി ഇഷ്‌ടപ്പെട്ടിരുന്നു. മാര്‍ത്താണ്ഡന്‍ മാമന്റെ വാസസ്‌ഥലം ദുരൂഹതകളുടെയും ദുര്‍മന്ത്രവാദങ്ങളുടെയും കരിമ്പാറക്കൂട്ടമാണെന്ന്‌ കുഞ്ഞുണ്ണി തിരിച്ചറിയുന്നത്‌ വളരെ വൈകിയാണ്‌. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ വേണ്ടെന്നുവച്ച്‌ കുറേപ്പേരെ രക്ഷപ്പെടുത്താനുള്ള ഉദ്യമത്തിലേക്ക്‌ കുഞ്ഞുണ്ണി തിരിയുന്നു. അങ്ങനെ മാര്‍ത്താണ്ഡനുമായുണ്ടാക്കിയ ഉടമ്പടികളുടെ അടിസ്‌ഥാനത്തില്‍ കുഞ്ഞുണ്ണി അയാളുടെ മകന്‍ വൈശാഖനെത്തേടിയുള്ള യാത്രകള്‍ക്ക്‌ നിയോഗിക്കപ്പെടുന്നു. ട്രെയിന്‍ ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകം കുഞ്ഞുണ്ണിയിലൂടെ വായനക്കാരനിലുമുണ്ടാക്കി തീര്‍ക്കാന്‍ നോവലിസ്‌റ്റിന്‌ സാധിച്ചിരിക്കുന്നു. ബോംബെയില്‍ അവനെ സഹായിക്കാന്‍ കുറുപ്പെന്ന കപ്പിത്താനെ മാര്‍ത്താണ്ഡന്‍ ചുമതലപ്പെടുത്തിയിരുന്നു. ബോംബെയില്‍ നിന്നും അവന്‌ പോകേണ്ടിവരുന്നത്‌ കാപ്പിരികളുടെ നാടായ ആഫ്രിക്കയിലേക്കാണ്‌. കടല്‍വഴിയായിരുന്നു അവന്റെ സഞ്ചാരം. കുഞ്ഞുണ്ണീ നീ കടലിനെ ഭയക്കരുത്‌. ഭയന്നാലൊന്നിനെയും നമുക്ക്‌ പിന്നിലാക്കാന്‍ കഴിയില്ല. യാത്രയ്‌ക്ക് മുന്‍പുള്ള കുറുപ്പിന്റെ ഈ ഉപദേശമായിരുന്നു അവന്റെ ആത്മധൈര്യം. പാതിവഴിയില്‍ കടലില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുണ്ണിയെ മറ്റൊരു കപ്പല്‍ രക്ഷപ്പെടുത്തുന്നു. അപകടങ്ങളില്‍ നിന്നും അപകടങ്ങളിലേക്കുള്ള നിരന്തരയാത്രയില്‍ അവനെ ഭാഗ്യം എല്ലായിടത്തും കൈപിടിച്ചുയര്‍ത്തുന്നു. അതെന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഈ നോവലില്‍ തന്നെ കാപ്പിരികള്‍ എപ്പോഴുംപറയുന്ന ഒരുവാചകം എടുത്തുപറയേണ്ടിവരും- ശൗരിയ മൂംഗു (ദൈവത്തിന്റെ ഇഷ്‌ടം അങ്ങനെയായതുകൊണ്ട്‌).
കഥയും ചരിത്രവും പരസ്‌പരം കണ്ടുമുട്ടുന്നുണ്ട്‌ ഈ നോവലില്‍. എസ്‌.കെ. പൊറ്റെക്കാട്ടും വാസ്‌കോഡി ഗാമയുമൊക്കെ ഈ നോവലില്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്‌. ഇന്നലെവരെ നാംകേട്ട ചരിത്രങ്ങളില്‍ നിന്നും ഒരുമറുവായന ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന അടയാളപ്പെടുത്തലും ഇതില്‍ കാണാം. പടര്‍ന്നുപന്തലിച്ച ആല്‍മരം, വിളക്കുവയ്‌ക്കുന്ന തറ, കരിമ്പാറക്കൂട്ടം, നിറയെ മാങ്ങപിടിച്ച നാട്ടുമാവ്‌ തുടങ്ങി നമുക്ക്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ മണവും പച്ചപ്പും വീണ്ടെടുക്കാന്‍ ഈ ബാലസാഹിത്യകൃതി ശ്രമിക്കുന്നു. സഞ്ചാരസാഹിത്യകൃതി എന്നതുപോലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരു വിസ്‌മയ യാത്രയുടെ അനുഭവതലങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ ഈ ബാലസാഹിത്യകൃതിക്ക്‌ സാധിക്കുന്നുണ്ട്‌. മലയാള ബാലസാഹിത്യത്തിന്റെ സഞ്ചാരവഴിയില്‍ വേറിട്ടൊരു തലയെടുപ്പായിമാറുന്നു കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം. മലയാള ബാലസാഹിത്യരചനയുടെ വഴിമാറ്റത്തെ സൂചിപ്പിക്കുന്ന ഈ കൃതി കുട്ടികള്‍ നെഞ്ചോടുചേര്‍ക്കും എന്നതില്‍ സംശയമില്ല.

കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം
എസ്‌.ആര്‍. ലാല്‍
ഡിസി ബുക്‌സ്
വില: 250

സതീഷ്‌ ജി. നായര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top