Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പുതുമയുടെ ജനാലകള്‍

mangalam malayalam online newspaper

ചിലപ്പോഴൊക്കെ പേരിലൂടെയാണ്‌ പുസ്‌തകങ്ങള്‍ 'എന്നെ വായിക്കൂ' എന്ന്‌ വായനക്കാരനോട്‌ ആവശ്യപ്പെടാറ്‌. ഇലന്തൂര്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യുക്കേഷന്റെ കോളജ്‌ മാഗസിനായ 'ഒരു മുറിയെ നാലായി തിരിച്ച ജനാലകള്‍' ഇത്തരത്തില്‍ പെട്ട ഒന്നാണ്‌. പേരില്‍ പറഞ്ഞിരിക്കുന്ന കാഴ്‌ചയുടെ വ്യത്യസ്‌തത ഇതിലുള്‍പ്പെട്ടിരിക്കുന്ന ഓരോ സൃഷ്‌ടിയും നീതിപൂര്‍വം പാലിച്ചിട്ടുണ്ട്‌.
കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കോളജ്‌ മാഗസിനുകളുടെ പതിവ്‌ ശൈലി ഉപേക്ഷിച്ചാണ്‌ സര്‍ഗാത്മക പ്രക്രിയയില്‍ ഇലന്തുര്‍ കോളജ്‌ ഓഫ്‌ ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ വ്യത്യസ്‌തത കാട്ടിയത്‌. കോളജ്‌ മാഗസിനു പകരം ഈടുറ്റ രചനകള്‍ നിറഞ്ഞ തികഞ്ഞ സാഹിത്യ ഗ്രന്ഥമാണ്‌ അവര്‍ വായനക്കാര്‍ക്കു കാഴ്‌ചവയ്‌ക്കുന്നത്‌. 204 പുറങ്ങളില്‍ നിറഞ്ഞുകവിയുന്ന രചനകള്‍ വിദ്യാര്‍ത്ഥികളുടെ ഭാവനയുടെ മൂല്യം വിളിച്ചു പറയുന്നു. കവിതയും ഓര്‍മയും അനുഭവങ്ങളും പിന്നെ ഈടുറ്റ ലേഖനങ്ങളും..
പ്രണയവും സാക്ഷ്യവും നിറഞ്ഞ കവിതകളും പ്രമേയത്തില്‍ വ്യത്യസ്‌തത പുലര്‍ത്തുന്ന കഥകളും ഈ മാഗസിനെ ആസ്വാദനക്ഷമമാക്കുന്നുണ്ട്‌. കൂടാതെ നില്‍പ്പുസമരമുള്‍പ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ വിശകലനവും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന 'നാടന്‍ നന്മകളെപ്പറ്റിയുള്ള ആകുലതകളും രചനകളില്‍ കാണാന്‍ സാധിക്കും. നാടിനും പരിസരത്തിനും യാത്രകള്‍ക്കും ഏറെ പരിഗണന നല്‍കുന്ന വിവരങ്ങളും ജാലകക്കാഴ്‌ചകളില്‍ ഉള്‍പ്പെടുന്നുണ്ട്‌. ഇലന്തൂരും ആറന്മുളയും മലയാലപ്പുഴയും പുല്‍നാട്‌ പുല്ലാടായതും വായനയെ സഞ്ചാരയോഗ്യമാക്കുന്ന കുറിപ്പുകളാണ്‌.
കലാലയ ജീവിതത്തിലെ രസാവഹമായ സംഭവവികാസങ്ങളും ആഘോഷങ്ങളും വായനക്കാരന്‌ അനുഭവവേദ്യമാകുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. അധ്യാപനത്തിലേക്കുള്ള വഴിയില്‍ വിദ്യാര്‍ഥി ജീവിതത്തിലെ ബാലികേറാമലകളായി കണക്കാക്കപ്പെടുന്ന കമ്മീഷനും ടീച്ചിങ്‌ പ്രാക്‌ടീസും പഠനസഹായികളുടെ മോഡല്‍ നിര്‍മാണവും തുടങ്ങി നിരവധിയായ സന്ദര്‍ഭങ്ങള്‍ ചെറുചിരി ചുണ്ടില്‍ വിടര്‍ത്തി കടന്നുപോകുന്ന അനുഭവങ്ങളാകുന്നു.
ഒപ്പം നാളത്തെ നല്ല അധ്യാപകരാകാനുള്ള പെടാപ്പാടുകളും ഇതില്‍ കാണാനാവും. അധ്യാപനത്തില്‍ ഭാഷയ്‌ക്കേറെ പ്രാധാന്യമുള്ളതുകൊണ്ടാകണം വള്ളിപുള്ളി തെറ്റാത്ത വടിവൊത്ത രചനകള്‍ ഈ കോളജ്‌ മാഗസിനില്‍ ഇടം പിടിച്ചത്‌. സ്വാഗതാഖ്യാന രീതിയിലുള്ള കഥകളും കവിതകളും ആത്മാവിഷ്‌കാരങ്ങള്‍ തന്നെയാണ്‌. അത്തപ്പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതും സമ്മാനത്തുകകൊണ്ട്‌ ചെയ്‌ത സല്‍പ്രവൃത്തിയും ഓര്‍മകള്‍ക്കപ്പുറം ഓര്‍മപ്പെടുത്തലുകളായാണ്‌ വായനക്കാരന്‌ അനുഭവപ്പെടുക.
സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ സ്‌ത്രീ ശബ്‌ദങ്ങളൊത്തുള്ള കേട്ടെഴുത്തും 'ഒരു മുറിയെ നാലായി തിരിച്ച ജനാലകള്‍'ക്കപ്പുറം കാണാം. കെ.ആര്‍. മീര, ഡോ. എസ്‌. ശാരദക്കുട്ടി, ശ്രീജ, മൈന ഉമൈബാന്‍ എന്നിവരുമായുള്ള സംഭാഷണങ്ങളും ശ്രദ്ധേയമാണ്‌. നേര്‍ത്ത സ്‌തരത്താല്‍ മറയുന്ന കാഴ്‌ചകള്‍ ഇരുവശവും പേറുന്ന ജനാലകളാണ്‌ 'ഒരു മുറിയെ നാലായി തിരിച്ച ജനാലകളി'ലെ ഓരോ രചനയും.

ഒരു മുറിയെ നാലായിത്തിരിച്ച ജനാലകള്‍
(കഥ-കവിത-ലേഖനസമാഹാരം)
ഡോ. മീരാ രാജ്‌ എസ്‌, രാജീവ്‌നാഥ്‌ കെ.ആര്‍, ശ്രീജിത്ത്‌. കെ.പി.
(എഡിറ്റേഴ്‌സ്)
പ്രസാധനം : മഹാത്മാഗാന്ധി യൂണി. കോളജ്‌ ഓഫ്‌ ടീച്ചര്‍ എഡ്യൂക്കേഷന്‍,
ഇലന്തൂര്‍
പ്രസിദ്ധീകരണം: 2015 മാര്‍ച്ച്‌

ഗീതാഞ്‌ജലി ബാബു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top