Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

അടുതലയുടെ ഹൃദയഗീതങ്ങള്‍

mangalam malayalam online newspaper

കവിതയെഴുതുന്ന പലരെയും കവിയായി സഹൃദയസമൂഹം അംഗീകരിക്കാത്ത കാലമാണ്‌ വായനക്കാരുടെ മുന്നിലുള്ളത്‌. കവി എന്ന്‌ വിശേഷണത്തിന്‌ അര്‍ഥവും അംഗീകാരവും ലഭിക്കുന്നത്‌ അര്‍ഹിക്കുന്ന പ്രതിഭയ്‌ക്കു മുന്നില്‍ ചേരുമ്പോഴാണ്‌. ഇവിടെ അടുതല ജയപ്രകാശിനെ അങ്ങനെ വിളിക്കുന്നതിനെ കവിത വായിക്കുന്നവര്‍ പരിഭവിക്കുമെന്ന്‌ തോന്നുന്നില്ല. കാരണം അടുതല കവിതയുടെ ലോകത്ത്‌ സജീവമാണ്‌. കഴിഞ്ഞ നാലു പതിറ്റാിലേറെയായി നിരന്തരം കവിത എഴുതുകയും ഭാഷാലേഖനം നടത്തുകയും ചെയ്യുന്നു. എട്ടു കവിതാ സമാഹാരം, ഹൃദയഘടികാരം, ശിരോലിഖിതം, ജാതക പരീക്ഷ, പ്രതിപക്ഷം, കയ്‌പ്, ക്രിസ്‌തുവിന്റെ വഴി, വിപരീതം എന്നിവ എഴുത്തുകാരന്റെ സര്‍ഗജീവിതത്തിലെ ചെറുതെങ്കിലും നിസ്സാരമല്ലാത്ത നാഴികക്കല്ലുകളാണ്‌.
അടുതലയുടെ സര്‍ഗാത്മകത സഞ്ചരിക്കുന്നത്‌ മനുഷ്യമനസ്സിലൂടെയാണ്‌, മനുഷ്യജീവിതത്തിലൂടെയാണ്‌. പരിസരത്ത്‌ മറ്റൊന്നും കാണുന്നില്ല. പ്രകൃതിയെ- പ്രകൃതിയുടെ ഭാവഭേദങ്ങളെ, അവസ്‌ഥാന്തരങ്ങളെ എന്നും ശ്രദ്ധിക്കാതെ ശ്രദ്ധയുടെ ഇരു നേത്രങ്ങളും ചുറ്റിനും ചിന്നിചിതറി കിടക്കുന്ന ജീവിതങ്ങള്‍ക്കു നേരെ തുറന്നിരിക്കുന്നു. ഭാഷ പരുക്കനും കവിതയുടെ ലാവണ്യ സുഗന്ധം സരളസാന്ദ്രമാകാത്തതിനു കാരണവും മറ്റൊന്നുമല്ല. ജീവിതം സരളവും സുഗന്ധവും അല്ലാതാകുമ്പോള്‍ ഭാഷ ആകുന്നതെങ്ങനെ ?

നാരക നഖരവേരുകളാഴ്‌ത്തും
മാരകരോഗ വേദനകളില്‍
മരണമഭിമുഖഭാഷണം
വിചാരഭാരങ്ങളില്‍'എന്നും'
നെഞ്ചത്തുചേര്‍ക്കുന്നു ജീവ-
വിഭ്രമനിമിഷങ്ങളില്‍.
ജീവിതം അങ്ങനെയാണ്‌ കടന്നുപോകുന്നതും കടന്നു വരുന്നതും വിഭ്രമനിമിഷങ്ങളാണ്‌. ഇവിടെ സര്‍ഗാത്മകതയ്‌ക്ക് ചെയ്യാനുള്ളത്‌ ഒന്നുമാത്രം.
മരുഭൂമിയില്‍ കനല്‍വഴികളില്‍
മിന്നലുമിടിപ്പേടിയുമില്ലാതെ
പെയ്യുന്ന മഴയില്‍ സ്വയം മറന്നുമൗനം
നനഞ്ഞു കുളിര്‍ക്കുന്നു ഞാന്‍.
ഈ സമാഹാരത്തിലെ ഗ്രന്ഥനാമ കവിത കടന്നുപോകുന്ന താളുകളാണ്‌ നാം വായിച്ചു തീര്‍ക്കുന്നത്‌. 'ജലഞൊറിവിന്‍ ഭംഗി' എന്ന മനോഹരമായ പ്രയോഗം ഇതിലണ്ട്‌.
ഗുരുദേവ ദര്‍ശനത്തിന്റെ അകം പൊരുള്‍ തേടുന്ന ഗുരുദേവ പര്‍വം അജ്‌ഞാത മഞ്ഞിന്‍മായ മൂടിക്കിടക്കും വിജ്‌ഞാന ദീപകമുദിക്കാത്തയിത്തത്തിലേയ്‌ക്ക് മിഴിവലയുടെ നിലാവ്‌ പരത്തുന്നു.
അന്നവും വസ്‌ത്രവും മുട്ടാതെ നല്‍കുന്ന
ധന്യത തന്നെ ദൈവമെന്നറിയുന്നിടത്ത്‌
ദര്‍ശനം പൂര്‍ത്തിയാവുന്നു.
മരണത്തിന്റെ പിടിവിട്ടു പൊയ്‌ക്കൊിരിക്കുന്ന ജീവന്റെ-ജീവിതത്തിന്റെ അവസാന കുതിപ്പാണ്‌ ആംബുലന്‍സിന്റെ ഭയപ്പെടുത്തുന്ന ശബ്‌ദം. മരണത്തിനും ജീവിതത്തിനും നടുവിലൂടെയാണ്‌ അത്‌ പാഞ്ഞുപോകുന്നത്‌. അപകടപ്പെട്ടൊരു ആത്മാവിന്റെ ആര്‍ത്തനാദം നേര്‍ത്തു നേര്‍ത്തു താഴ്‌ന്നുപോകുന്നതാണു ആംബുലന്‍സിന്റെ ധൃതി പ്രവേഗമെന്ന നിരീക്ഷണം അഭിനന്ദനം അര്‍ഹിക്കുന്നു.
പുതുകാല കവിതയുടെ സര്‍ഗാത്മകവും സാംസ്‌കാരികവുമായ ഭൂമികയോടു ചേര്‍ന്നുപോകാന്‍ താത്‌പര്യമില്ലാത്ത കവിയാണ്‌ അടുതല ജയപ്രകാശ്‌. പക്ഷെ, അദ്ദേഹം പോലെ അറിയാതെ എഴുതിയെന്ന്‌ സംശയിക്കാവുന്ന ചില രചനകള്‍ ഈ സമാഹാരത്തിന്‌ അലങ്കാരമാകുന്നുണ്ട്‌. സത്യം, കാര്‍ട്ടൂണ്‍, മംഗളം, കവാത്ത്‌, കൃഷി, ടയര്‍, അയ്യപ്പന്‍ എന്നിവ വര്‍ത്തമാനകാല കവിതയോട്‌ അടുത്തു വരുന്നു.
ഓരോ ജീവിതത്തിനും ഒരു സത്യമണ്ട്‌. സത്യബോധമുണ്ട്‌; അതിന്‌ ജാതിമത രാഷ്‌ട്രീയ ഇടങ്ങളില്‍ വായിച്ചെടുക്കാം.
രക്‌തം പോസിറ്റീവ്‌
സത്യം നെഗറ്റീവ്‌
വായനക്കാരുടെ സത്യബോധത്തില്‍ നിന്നും ഈ രണ്ടു വരികളിലെ രാഷ്‌ട്രീയം വായിച്ചെടുക്കാം. മതം, ജാതി എന്നിവയും വായിച്ചെടുക്കാം. വേറിട്ടൊരു നഗര കാഴ്‌ച വായനക്കാര്‍ക്കു മുന്നില്‍ തെളിമയോടെ അവതരിപ്പിക്കുന്ന ''അഗ്നിശമനിയല്ലാത്ത നഗരം'' വായിച്ചെടുക്കാന്‍ ഏറെ അര്‍ഥതലങ്ങളുള്ള കവിതയാണ്‌. നഗരത്തില്‍ കലാപത്തില്‍ കാട്ടുതീ കത്തിയെരിയുന്ന കെട്ടിട വൃക്ഷങ്ങള്‍ പൊട്ടിത്തെറിക്കുന്നു! എന്നു പറഞ്ഞ്‌ ദുരന്ത കാഴ്‌ചകള്‍ തന്നു വായനക്കാരുടെ ഉള്‍ത്തടങ്ങളില്‍ അഗ്നി പടര്‍ത്തി കത്തിക്കയറുന്ന കവിത അന്തിമ വിധി പോലെ പറയുന്നത്‌ മറ്റൊരു ദുരന്തമാണ്‌.
ആശ്വാസം വീശാത്ത
ദുരിതങ്ങള്‍ക്കു മുകളിലായി
ഭരണാധിപന്റെ
യന്ത്രയാന കഴുകന്‍
ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുമ്പോഴും.
ഹൃദയ സംഗീതയിലെ കവിതകള്‍ ഒന്നും തന്നെ അത്ര സംഗീതാത്മകമല്ല. ഒറ്റ വായനയ്‌ക്കോ അലസ വായനയ്‌ക്കോ ആസ്വാദനത്തിന്‌ വഴങ്ങുന്ന കവിതകളല്ല, അത്തരം ലക്ഷ്യമല്ല കവിയുടേത്‌. കവിത വായിച്ചു ചിന്തിക്കാനും ചിന്തിച്ച്‌ ആസ്വദിക്കാനുമുള്ളതാണെന്ന്‌ കരുതുന്ന കവിയുടെ സര്‍ഗാത്മകതയ്‌ക്ക് അത്രവേഗത്തില്‍ മാധ്യമ പരിഗണനയും അംഗീകാരവും ലഭിക്കില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്‌ അടുതലയുടെ കവിത മുന്നോട്ടു പോകുന്നത്‌.

കടാതി ഷാജി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top