Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

പാമ്പും കോണിയും: ഏറ്റമിറക്കങ്ങളുടെ കഥ

mangalam malayalam online newspaper

കുടിയേറ്റത്തിന്റെയും പ്രവാസ ജീവിതത്തിന്റെയും സഹനങ്ങളാണ്‌ കേരളത്തെ വലിയൊരളവില്‍ സമ്പന്നമാക്കിയത്‌. ഇന്നനുഭവിക്കുന്ന ഈ സുഭിക്ഷതയ്‌ക്ക് ഓരോ പ്രവാസിയോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ സാഹിത്യത്തില്‍ ഇത്‌ അത്രയ്‌ക്കൊന്നും വന്നിട്ടില്ല; ഉണ്ടെങ്കില്‍ തന്നെ അത്‌ പുരുഷ പ്രയത്നങ്ങളെ മാത്രം എടുത്തുകാട്ടി. സ്‌ത്രീകളെ ആരും കണ്ടില്ല. ഇവിടെയാണ്‌ നിര്‍മലയുടെ 'പാമ്പും കോണിയും' എന്ന നോവല്‍ വ്യത്യസ്‌തമാകുന്നത്‌. സ്‌ത്രീപ്രവാസത്തിന്‌ ശബ്‌ദവും ദൃശ്യവും. അവരുടെ അസാന്നിധ്യത്തിന്‌ രക്‌തവും മാംസവും. അയച്ചു കിട്ടുന്ന പണം എന്ന ഇടപാടിന്‌ മനസും വികാരങ്ങളും ഇതൊക്കെയാണ്‌ നിര്‍മല നമ്മിലേക്കു പകരുന്നത്‌. കാനഡമരത്തില്‍ ഡോളര്‍ പറിക്കാന്‍ പുറപ്പെട്ടു പോയവര്‍ക്ക്‌, അമേരിക്കന്‍ കുടിയേറ്റത്തിന്റെ ആണിക്കല്ലായ ആദിമ നഴ്‌സുമാര്‍ക്ക്‌ നിര്‍മലയുടെ നോവല്‍ സമര്‍പ്പണം ഇങ്ങനെ...
പ്രീഡിഗ്രി പഠനത്തിനു ശേഷം കാനഡയിലെത്തിയ നിര്‍മല കണ്ടും കേട്ടും അറിഞ്ഞ ജീവിതം നോവലില്‍ നമ്മോടു സത്യ പറയുന്നു. നഴ്‌സുമാരുടെ കുടിയേറ്റങ്ങളുടെ ചരിത്രമാണിത്‌. അറുപതുകളില്‍ തുടങ്ങിയ പ്രവാസത്തിന്റെ ഒഴുക്ക്‌ നോവലില്‍ ഇടമുറിയാതെ പറഞ്ഞുവയ്‌ക്കുന്നു.
പെണ്ണുങ്ങളുടെയുള്ളിലെ തണുപ്പും മരവിപ്പും ഈ പുസ്‌തകം മുഴുവന്‍ പടരുന്നുവെങ്കിലും ആണിന്റെ നിസഹായതകളും നിര്‍മല പകര്‍ത്തുന്നുണ്ട്‌. ജീവിതത്തിന്റെ ഇരകളാണ്‌ ഏവരും. ആരും ദുഷ്‌ടരും കുറ്റക്കാരുമല്ല. നല്ല ജീവിതത്തിന്‌ എന്നോര്‍ത്ത്‌ ഓരോരുത്തരും കഷ്‌ടപ്പെടുന്നു. അത്‌ മറ്റൊരാള്‍ക്ക്‌ മുറിവാകുമെന്നൊന്നും ഓര്‍ക്കാതെ. ജോയിയും ജിമ്മിയുമൊക്കെ അങ്ങനെ തന്നെ. മറയപ്പെട്ടു കിടന്ന ഈ യാഥാര്‍ഥ്യങ്ങളൊക്കെ പുറത്തറിയിക്കുക എന്നത്‌ തന്റെ ദൗത്യമായിരുന്നെന്നും നിര്‍മല പറയുന്നു. പണത്തിനു മുകളില്‍ മദിക്കുന്നവര്‍ എന്ന സങ്കല്‌പത്തിന്റെ മര്യാദകേട്‌ പൊളിച്ചെഴുതുകയായിരുന്നു നിര്‍മല.
പറിച്ചുനട്ട മറ്റൊരു കേരളമാണ്‌ ഇപ്പോള്‍ കാനഡ. എണ്ണം കൊണ്ട്‌ ശക്‌തിയാര്‍ജിച്ചവര്‍. നാടിന്റെ പരിഛേദങ്ങള്‍. പെണ്ണുങ്ങള്‍ അവിടത്തിനിണങ്ങും വിധം മേയ്‌ക്കപ്പണിയാനും ജീവിക്കാനുമൊക്കെ പഠിച്ചു. ഇംഗ്ലീഷ്‌ ആക്‌സന്റ്‌ നന്നായവര്‍. മുമ്പേ പോയവര്‍ ചവിട്ടിച്ചവിട്ടി വഴിക്കല്ലുകള്‍ മൃദുലപ്പെട്ടു കിടക്കുന്നു. പിന്നിലേക്കു തള്ളിമാറ്റാന്‍ കഴിയാത്തത്ര ശക്‌തിയില്‍ മുന്നേറുന്നത്‌ വിദ്യാഭ്യാസവും ബുദ്ധിയും അധ്വാനശീലവുമാണെന്ന്‌ കുടിയേറ്റക്കാര്‍ പഠിച്ചു കഴിഞ്ഞു.
ഇരുപത്തിയഞ്ചു വര്‍ഷമായി നിര്‍മല കാനഡയിലാണ്‌. ഐ.ടി. മേഖലയില്‍ ജോലിയെടുക്കുന്നു. ഡി.സി. സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച നോവലാണ്‌ 'പാമ്പും കോണിയും'. പ്രഥമ കഥാസമാഹാരം 'ആദ്യത്തെ പത്ത്‌' പോഞ്ഞിക്കര റാഫി പുരസ്‌കാരം നേടി. 2002-ലെ തകഴി പുരസ്‌കാരം, അങ്കണം സാഹിത്യ അവാര്‍ഡ്‌, ലാന കഥ അവാര്‍ഡ്‌ എന്നിവ കിട്ടിയിട്ടുണ്ട്‌. 'നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി' നോര്‍ക്ക പ്രവാസി പുരസ്‌കാരം നേടി. 'ചില തീരുമാനങ്ങള്‍' എന്ന കഥ ശ്യാമപ്രസാദ്‌ 'ഇംഗ്ലീഷ്‌' എന്ന സിനിമയ്‌ക്ക് ആധാരമാക്കി. കാനഡയിലെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ഒരു ഉലച്ചില്‍ പോലും ഏല്‍പിക്കാത്ത മലയാളമാണ്‌ നിര്‍മലയുടേത്‌. നോവലിന്റെ ഭാഷയിലേക്കും അതിന്റെ ഭാവുകത്വം കൊണ്ടുവരാന്‍ നോവലിലൂടെ കഴിയുന്നുമുണ്ട്‌.

പാമ്പും കോണിയും
നിര്‍മല
ഡി.സി. ബുക്‌സ്
വില: 175

ആന്‍സി സാജന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top