Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

വെളുത്ത നിഴലുകള്‍: കാണാക്കാഴ്‌ചയ്‌ക്കപ്പുറം

mangalam malayalam online newspaper

ജീവിതം ഒരു യാത്രയാണ്‌. ജനനം മുതല്‍ മരണംവരെ വ്യത്യസ്‌തങ്ങളായ വഴികളിലൂടെയുള്ള യാത്ര. ചിലര്‍ പാതിവഴിയില്‍ തളര്‍ന്നുവീഴുന്നു. മറ്റു ചിലര്‍ മുറിഞ്ഞ ഹൃദയവും വേവുന്ന കരളുമായി ഒരു പുഞ്ചിരിയോടെ ജീവിതമെന്ന ഒഴുക്കിനെതിരേ മുറിച്ചു നീന്തുന്നു. നമുക്ക്‌ ചുറ്റിലും വലയംചെയ്‌തു നില്‍ക്കുന്ന ഒരു മഹാമനുഷ്യ സഞ്ചയം തന്നെയുണ്ട്‌. എന്നിട്ടുമെന്തേ നമ്മള്‍ ഒറ്റപ്പെട്ടുപോകുന്നു? സൃഷ്‌ടിസ്‌ഥിതി സംഹാരങ്ങളുടെ നിലവറയ്‌ക്കു മുന്നില്‍ നിസഹായരായ കാവല്‍ക്കാര്‍ മാത്രമാണ്‌ നമ്മള്‍. പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ തേടി ആഴങ്ങളിലേക്ക്‌ പോകുന്തോറും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നു. ഇത്‌ മനുഷ്യമനസിന്റെ വിഭ്രാന്തിയാണോ? അതോ എഴുത്തുകാരന്റെ ഭാവന മാത്രമാണോ? അതിനുമപ്പുറം കടങ്കഥകള്‍പോലെ നമ്മെ ചിന്തിപ്പിക്കുന്ന ഏതോ ചില നിഗൂഢതകളോ?
മാറ്റിവയ്‌ക്കപ്പെടാന്‍ പറ്റാത്ത ഓരോ കഥാപാത്രവും നമ്മളുടെ മനസിനെ സ്‌പര്‍ശിച്ചുപോവുകയാണ്‌, രാമചന്ദ്രന്‍ കടമ്പേരിയുടെ 'വെളുത്ത നിഴലുകള്‍' എന്ന നോവല്‍. നിഴലുകള്‍ക്ക്‌ കറുപ്പാണ്‌ എന്ന്‌ നമുക്കറിയാം. അത്‌ ഭൂമിയില്‍, അങ്ങ്‌ പരലോകത്ത്‌ നിഴലുകള്‍ക്ക്‌ വെളുത്ത നിറമാണത്രേ. നോവലിന്റെ തുടക്കംതന്നെ അസ്വസ്‌ഥതയുടെ ഒരസുഖരമായ അന്തരീക്ഷത്തിലാണ്‌ വാര്‍ന്നുവീഴുന്നത്‌. മഴമേഘങ്ങളുടെ മൗഢ്യത്തിലമരുന്ന ഭൂമി, ഇടക്ക്‌ പരക്കുന്ന വെയില്‍, പിന്നെയും മങ്ങുന്ന സൂര്യന്‍ എല്ലാം ഒരു മനസിന്റെ മാറിമറയുന്ന അസ്വസ്‌ഥതകളുടെ പ്രതീകാത്മകമായി തോന്നിയേക്കാം.
അസുഖം വന്ന മകളുമായി ഭാര്യയോടൊപ്പം ഡോക്‌ടറെ കാണാന്‍ പോകുന്ന വേണുഗോപാല്‍ എന്ന കഥാപാത്രം. ഡോക്‌റാകട്ടെ അയാളുടെ പഴയ ഒരു സുഹൃത്തും. ആശുപത്രി പരിസരത്തേക്ക്‌ പ്രവേശിക്കുംതോറും എന്തെന്നില്ലാത്ത ഒരു തളര്‍ച്ച അയാളെ ബാധിക്കുന്നു. ഇടയ്‌ക്കിടെ ഏറിയും കുറഞ്ഞുംവരുന്ന മകളുടെ പനിയും ശ്വാസംമുട്ടലും. അതോടൊപ്പം ആ അന്തരീക്ഷം അയാള്‍ക്ക്‌ അസ്വസ്‌ഥതയുണ്ടാക്കുന്നു. ഒരു നാട്ടുമ്പുറത്തുകാരി ഭാര്യയുടെ, അമ്മയുടെ വിഹ്വലഭാവങ്ങള്‍ അരുന്ധതി എന്ന കഥാപാത്രം പകര്‍ന്നാടുന്നു. എല്ലാറ്റിനും ദേവി രക്ഷയാണെന്ന്‌ അവര്‍ കരുതുന്നു. ഭര്‍ത്താവും അത്‌ ശരിവെക്കുന്നുണ്ട്‌.
കഥ പറഞ്ഞുപോകുമ്പോള്‍ നീലിയാര്‍ക്കോടവും കാളഗാട്ട്‌ തന്ത്രിയും മണത്തണ എന്ന ദേശവും ദക്ഷയാഗം നടന്ന കൊട്ടിയൂരും എല്ലാം നോവലില്‍ സ്‌പര്‍ശിച്ചുപോകുന്നുണ്ട്‌. അതുപോലെ കഥയുടെ ഇടനാഴികള്‍ താണ്ടുമ്പോള്‍ കൈവരുന്ന സൗഹൃദ ചിരാതുകളുണ്ട്‌. പി.കെ. ദാസ്‌ എന്ന കവി, അദ്ദേഹത്തിന്റെ മരണത്തേയും അദ്ദേഹം രചിക്കപ്പെട്ട കവിതയേയും ചേര്‍ത്ത്‌ അവിശ്വസനീയമായ ഒരു ടെലിപ്പതിപോലെ വര്‍ത്തിക്കുന്നുണ്ട്‌. അതൊരു ആകസ്‌മികതയാണ്‌. ഇത്തരം ആകസ്‌മികതകളുടെ നേര്‍കാഴ്‌ചകള്‍ പലപ്പോഴും ഈ നോവലില്‍ വന്നുചേരുന്നുണ്ട്‌. കുഞ്ഞുലക്ഷ്‌മി എന്ന കൊച്ചു കഥാപാത്രവും വടികുത്തി കൂനിവരുന്ന അമ്മൂമ്മയുടെ പേര്‌ ലക്ഷ്‌മി എന്ന്‌ അവര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ അതിലും ആക്‌സമികത കൈവരുന്നു.
മനുഷ്യമനസിന്റെ ഉള്ളറകളില്‍ പെയ്‌തൊഴിയാതെ കിടക്കുന്ന വര്‍ഷമേഘങ്ങള്‍പോലെയാണ്‌ ചിന്തകള്‍. പ്രകടിപ്പിക്കാനാവാത്ത ഒരു നിഗൂഡത എങ്ങും വലയം ചെയ്യുന്നു. ചിലര്‍ അറിയുന്നേ ഇല്ല. മറ്റു ചിലര്‍ നിരന്തരം അതിന്റെ ഭ്രമണപഥത്തില്‍പെട്ട്‌ നട്ടം തിരിയുന്നു. കാറ്റ്‌ ഒരു നിമിത്തമായി കഥയിലുടനീളം ചുറ്റിത്തിരിയുന്നു. മകള്‍ കാറ്റിനെ ഭയന്ന്‌ കരയുമ്പോള്‍ അയാള്‍ സോഫിയ എന്ന പെണ്‍കുട്ടിയെ മുന്നില്‍ അസുഖത്തിന്റെ വേലിയേറ്റ ഇറക്കവേളകളില്‍ എവിടെനിന്നോ ഒരു പെരുമ്പറമുഴക്കിയും കുറുകിയും ചിലപ്പോള്‍ താണ്ഡവമാടിയും എത്തുന്ന കാറ്റിനെ ഭയന്നിരുന്നു. എല്ലാറ്റിനും സമാനത തോന്നിത്തുടങ്ങിയപ്പോള്‍ മകളുടെ ജീവന്‍പോലും നഷ്‌ടപ്പെടുമെന്ന ഭയത്തിലേക്കും പിന്നീട്‌ വിഭ്രാന്തിയിലേക്കും അയാളുടെ ചിന്തകള്‍ വഴിമാറിപ്പോകുന്നു. മരണത്തെ ഞാന്‍ ഭയക്കുന്നില്ല. പക്ഷേ, എന്നെ വിടരുത്‌ മുറുകെ പിടിക്കൂ എന്ന്‌ സോഫിയ മരണത്തിന്‌ തൊട്ടുമുമ്പ്‌ അയാളോട്‌ പറഞ്ഞത്‌ ഒരശീരിപോലെ അയാളെ പിന്തുടരുന്നതുകൊണ്ടാവാം ഡോക്‌ടര്‍ ഇക്‌ബാലിനോട്‌ മനസ്‌ തുറക്കുമ്പോഴൊക്കെ അയാള്‍ സ്വയം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഒരു പകല്‍നേരത്തെ വിഭ്രമാത്മകരമായ ചി വൈചിത്ര്യങ്ങള്‍ അയാള്‍ അനുഭവിക്കുന്നു. പണ്ട്‌ മരിച്ച കാമുകിയുടെ ഗന്ധം മുറിയില്‍ നിറയുന്നുവെന്നും കാറ്റ്‌ മുറിയിലേക്ക്‌ അടിച്ചുകയറി പിന്നീട്‌ അപ്രത്യക്ഷമാവുന്നതായും തോന്നുന്നു. സത്യത്തിനും മിഥ്യക്കുമിടയില്‍ നട്ടംതിരിയവെ ഒരു യാഥാര്‍ഥ്യത്തിന്റെ നുറുങ്ങുവെട്ടത്തിലേക്ക്‌ കഥയുടെ അവസാനഭാഗം ചേര്‍ത്തുവെക്കപ്പെടുന്നു. മായകാഴ്‌ചകള്‍ എന്ന ചെറുകഥാ സമാഹാരത്തിനുശേഷം രാമചന്ദ്രന്‍ കടമ്പേരി നമുക്കുതന്ന വെളുത്ത നിഴലുകള്‍ എന്ന നോവല്‍ ഒരു വേറിട്ട വായനയായി, മനസ്സിന്റെ ഉള്ളറയിലെ പിടികിട്ടാസത്യത്തിന്റെ ഒരവതരണമായി നമുക്കു മുന്നില്‍ തുറന്നുവെക്കപ്പെടുന്നു.

വെളുത്ത നിഴലുകള്‍ (നോവല്‍)
രാമചന്ദ്രന്‍ കടമ്പേരി
പായല്‍ ബുക്‌സ്,
കണ്ണൂര്‍
വില: 80

രജനി ഗണേഷ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top