Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

വൃക്ക ഒരു ചെറിയ അവയവമല്ല

  1. വൃക്കകള്‍
വൃക്കകള്‍

മനുഷ്യശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുക എന്ന അതിപ്രധാനമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നത് വൃക്കകളാണ്. അതുപോലെ മനുഷ്യശരീരത്തിലെ ആന്തരികപ്രവര്‍ത്തനം നിയന്ത്രിക്കുകയും സന്തുലിതാവസ്ഥ സംരക്ഷിക്കുകയും ചെയ്യുന്നതും വൃക്കകള്‍ തന്നെ. എന്നാല്‍ ഈ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെപ്പറ്റി പലരും അജ്ഞരാണ്. പ്രമേഹത്തെപ്പറ്റിയും അമിത രക്തസമ്മര്‍ദത്തെപ്പറ്റിയും പലര്‍ക്കും അറിയാം. എന്നാല്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന വൃക്കകളെ സംബന്ധിക്കുന്ന തകരാറുകളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്.
വൃക്കരോഗങ്ങളെക്കുറിച്ച് ആവശ്യമായ പരിജ്ഞാനം സാധാരണ ജനങ്ങള്‍ക്ക് ലഭിക്കത്തക്കവണ്ണം വളരെ ലളിതമായ ഭാഷയില്‍ വൃക്കരോഗങ്ങളെയും മൂത്രാശയരോഗങ്ങളെയും മൂത്രപഥരോഗങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഡോ.ജോണ്‍ പൗവ്വത്തിലിന്റെ 'വൃക്കയും മൂത്രവ്യൂഹരോഗങ്ങളും' എന്ന പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതാവുമ്പോള്‍ നീക്കം ചെയ്യപ്പെടേണ്ട പല വസ്തുക്കളും നീക്കം ചെയ്യാനാവാതെ രക്തത്തില്‍ അടിഞ്ഞുകൂടും. അത് അവസാനം മാരകമാവുകയും ചെയ്യും. ഈ രോഗങ്ങളെ ഇന്ന് കൈകാര്യം ചെയ്യുന്ന രണ്ട് പ്രത്യേക വൈദ്യശാസ്ത്രശാഖകളാണ് നെഫ്രോളജിയും യൂറോളജിയും.

ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍, നെഫ്രോളജിയിലും യൂറോളജിയിലും വളരെയധികം മുന്നേറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വൃക്കരോഗങ്ങളുടെ സങ്കീര്‍ണതയില്‍ നിന്നും രക്ഷപെടണമെങ്കില്‍ ആ മുന്നേറ്റങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്തണം. അതിന് വൃക്കരോഗങ്ങളെപ്പറ്റിയും മൂത്രവ്യൂഹരോഗങ്ങളെപ്പറ്റിയും അവ ഒഴിവാക്കാനുള്ള പ്രതിരോധമാര്‍ഗങ്ങളെപ്പറ്റിയും നാം ബോധവാന്‍മാരായിരിക്കണം. അതിനുപകരിക്കുന്ന നിര്‍ദേശങ്ങളും വിവരങ്ങളും ഈ ലഘുഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആഗോള കണക്കുകള്‍ അനുസരിച്ച് ഒരു ലക്ഷം പേരില്‍ 40 പേര്‍ വീതം വൃക്കരോഗികളാണ്. അതനുസരിച്ച് കേരളത്തില്‍ മാത്രം പതിനായിരത്തിലധികം വൃക്കരോഗികള്‍ കണ്ടേക്കാം. വൃക്കകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകാതെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കൃത്രിമമാര്‍ഗങ്ങള്‍ ഉപയോഗിച്ച് രക്തശുദ്ധീകരണം നടത്തുന്ന ഡയാലിസിസിനെക്കുറിച്ച് ഒരു അധ്യായം തന്നെ ഈ പുസ്തകത്തിലുണ്ട്.
വൃക്കകളുടെ പ്രവര്‍ത്തനം വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ രോഗത്തെക്കുറിച്ചും സചിത്രം വിവരിച്ചിരിക്കുന്നു. മൂത്രവ്യൂഹരോഗങ്ങളും മൂത്രാശയരോഗങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നു. യുഗയുഗാന്തരങ്ങളായി മനുഷ്യനെ അസ്വസ്ഥനാക്കിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് മൂത്രക്കല്ല്. ഈ രോഗം എല്ലാ രാജ്യങ്ങിലും എല്ലാ ആള്‍ക്കാരിലും ഉണ്ടാകാം.

ഏതു പ്രായത്തിലും ഈ രോഗമുണ്ടാകാമെങ്കിലും ചെറുപ്പക്കാരിലും മധ്യവയസ്‌കരിലുമാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. അതുപോലെ തന്നെ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരില്‍ ഈ രോഗം കൂടുതല്‍ കാണപ്പെടുന്നു. ഭൂമിശാസ്ത്രപരമായി അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്‍ഡ്യ, പാകിസ്താന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങില്‍ ഇത് കൂടുതലായി കാണാറുണ്ട്. ഇന്ത്യയില്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് കാണപ്പെടുന്നത്. എന്നാല്‍ അടുത്ത കാലത്ത് ഗള്‍ഫുരാജ്യങ്ങളില്‍ ജോലിചെയ്തു മടങ്ങിയെത്തുന്ന മലയാളികളിലും ഇത് കൂടുതലായി കാണപ്പെടുന്നു എന്ന് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുന്നു.

പ്രായം ചെന്ന പുരുഷന്‍മാരില്‍ ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ് വൃക്കാര്‍ബുദം. 45 മുതല്‍ 65 വയസുവരെ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. 60 ശതമാനം രോഗികളിലും പുകവലിയുടെയും 15 ശതമാനം രോഗികളില്‍ നിറം നല്‍കുന്ന രാസപദാര്‍ഥങ്ങളുമായുള്ള സമ്പര്‍ക്കം മൂലവുമാണ് മൂത്രാശയാര്‍ബുദം ഉണ്ടാകുന്നതെന്ന് കണ്ടെത്തി.
അണുനാശിനികളും പരിസ്ഥിതിയില്‍ നിന്നുള്ള വിഷവസ്തുക്കളും മറ്റൊരു കാരണമായി കണക്കാക്കപ്പെടുന്നു.
ഭക്ഷണക്രമത്തില്‍ വേണ്ടത്ര പാനീയങ്ങള്‍ ഉള്‍പ്പെടുത്തുക, ശരീരത്തില്‍ നിന്നും വിയര്‍പ്പും മറ്റും മൂലം ജലാംശം നഷ്ടപ്പെടുമ്പോള്‍ അതനുസരിച്ച് വെള്ളം കൂടുതല്‍ കുടിക്കുക തുടങ്ങിയവ വൃക്കരോഗങ്ങള്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങളാണ്.
മനുഷ്യശരീരത്തിലെ പ്രവര്‍ത്തനരഹിതമായ വൃക്ക നീക്കം ചെയ്ത് വേറൊരാളുടെ പ്രവര്‍ത്തനശേഷിയുള്ള വൃക്ക ശസ്ത്രക്രിയയിലൂടെ മാറ്റി സ്ഥാപിച്ച് വൃക്കകളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് വ്യക്തമായ പ്രതിപാദനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. *

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top