Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

പത്തുവയസുകാരന്‍ കണ്ട കേരളം

എസ്. ശരത്ചന്ദ്രന്‍

  1. book review
mangalam malayalam online newspaper

'' ഞാനിന്ന് ഒരു ഡയറി എഴുതാന്‍ തുടങ്ങുകയാണ്. കാരണമെന്താണെന്നോ? കുട്ടിക്കാലത്ത് ഞാന്‍ ഏതു തരക്കാരനായിരുന്നുവെന്ന് എന്റെ പേരക്കുട്ടികള്‍ക്കും അവരുടെ പേരക്കുട്ടികള്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാകുമെന്ന് അമ്മ എന്നോടു പറഞ്ഞു.'' മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ഇളയ മകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജയസൂര്യദാസ് നാലപ്പാട്ട് പത്താംവയസില്‍ എഴുതിയ ഡയറിക്കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ്. തുടര്‍ന്നു കൗമാരത്തിന്റെ കണ്ണില്‍ തെളിയുന്ന ലോകത്തിന്റെ നിഴലും വെളിച്ചവും വരയും വര്‍ണങ്ങളും ചാലിച്ച് അവതരിപ്പിക്കുകയാണ് മാതൃഭൂമി ബുക്‌സിന്റെ സ്വര്‍ഗത്തിലേക്ക് ഒന്നര ടിക്കറ്റ് എന്ന കൃതിയില്‍. ഒരു കൊച്ചുകുട്ടിയുടെ കണ്ണില്‍ തെളിയുന്ന കേരളമാണ് ഇതിലൂടെ ഇതള്‍ വിരിയുന്നത്.

മാധവിക്കുട്ടിക്കൊപ്പം 'സ്‌റ്റേറ്റ് ഗസ്റ്റുകളായി' തിരുവനന്തപുരത്തെ റസിഡന്‍സിയില്‍ താമസിക്കുന്ന കാലത്താണ് ഡയറിക്കുറിപ്പിന്റെ തുടക്കം. നീല സ്‌റ്റേറ്റ് കാറില്‍ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരം കാണാന്‍ പോയ കുട്ടിയുടെ അനുഭവങ്ങള്‍ ചെറിയ വായിലെ മധുരവര്‍ത്തമാനങ്ങളായി ആരെയും പിടിച്ചിരുത്തും.

നെയ്യാര്‍ ഡാം കാണാന്‍ പോയതും അവിടെ ചെറുതടാകങ്ങളില്‍ ഒളിച്ചിരിക്കുന്ന മുതലകളെ കണ്ട് വിസ്മയിച്ചതും ബാത്ത് റൂമില്‍ മുതലയെ വളര്‍ത്താന്‍ ആഗ്രഹിച്ചതുമെല്ലാം നമുക്ക് 'പിള്ള മനസിലെ കള്ളമില്ലാത്ത' വരികളിലൂടെ വായിച്ചെടുക്കാം.
ദേശസ്‌നേഹിയായ അച്ഛന്‍ റേഡിയോയിലും ടെലിവിഷനിലുമെല്ലാം ദേശഭക്തിഗാനം കേട്ടാല്‍ എഴുന്നേറ്റുനിന്നു ബഹുമാനിക്കുന്നതു കാണുമ്പോള്‍ ചിരിച്ചിരുന്ന ബാലന്‍, പക്ഷേ, വലുതാകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ചിരുന്നു. കണ്ണാടി വച്ച സഞ്ജയ് ഗാന്ധിയാണ് അവന് അതിനു പ്രേരണയായതത്രേ.

കലാനിലയത്തിന്റെ ഭീകരനാടകം രക്തരക്ഷസ് കാണാന്‍ അമ്മയോടൊപ്പം പോയ ബാലന്‍ പക്ഷേ, ഭയന്നില്ല. അമ്മ പലപ്പോഴും ഭയന്നു കണ്ണടച്ചിരുന്നെന്നും ബാലന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. തേക്കടി കാണാന്‍ പോയതും കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസില്‍ താമസിച്ചതുമെല്ലാം ഇന്നും വായനക്കാരനു മധുരിക്കും.

കേരളസര്‍ക്കാരിന്റെ നിയോഗപ്രകാരം സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച അമ്മയെ അനുഗമിച്ച ഗ്രന്ഥകാരന്‍ താന്‍ കണ്ട നയനാനന്ദകരമായ കാഴ്ചകള്‍ അത്യന്തം സുന്ദരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വായിക്കാനും പുഞ്ചിരിക്കാനും മാധവിക്കുട്ടിയുടെ ഓര്‍മകളിലൂടെ വീണ്ടും സഞ്ചരിക്കാനും ഈ പുസ്തകം സഹായിക്കും.

സ്വര്‍ഗത്തിലേക്ക് ഒന്നര ടിക്കറ്റ്
ബാലസാഹിത്യം
മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
വില: 75

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top