Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പനിയെ പ്രതിരോധിക്കാന്‍ ആയുര്‍വേദം

mangalam malayalam online newspaper

'ശരീരമാദ്യം ബലം ധര്‍മ്മസാധനം' എന്നാണ്‌ പറയുക. നമ്മളില്‍ അര്‍പ്പിതമായ വ്യക്‌തിധര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാന്‍ ആദ്യം ശരീരത്തെ സംരക്ഷിക്കണം.

തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മുടെ ശരീരം അര്‍ഹിക്കുന്ന ആരോഗ്യപരിചരണങ്ങള്‍ യഥാകാലം നല്‍കാന്‍ നമുക്ക്‌ കഴിയാറുണ്ടോ? തലച്ചോറും ഹൃദയവും ശ്വാസകോശവും വൃക്കയും ദഹനവ്യവസ്‌ഥകളും അടങ്ങിയ ശരീരമാകുന്ന യന്ത്രത്തെ യഥാസമയം റീ കണ്ടീഷന്‍ ചെയ്‌ത്, മൈലേജ്‌ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമല്ലേ അത്‌ ഇനിയും ദീര്‍ഘദൂരം സഞ്ചരിക്കൂ? അല്ലെങ്കില്‍ മുക്കിയും ഞരങ്ങിയും കുറെ ദൂരം ഓടി ഒരു ചെറു കയറ്റത്തില്‍ അതങ്ങു നിന്നു പോയാലോ?

ശരീരമാകുന്ന ഈ ചലിക്കുന്ന വാഹനത്തെ റീ കണ്ടീഷന്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല സമയമായി ആയുര്‍വേദശാസ്‌ത്രം നിഷ്‌കര്‍ഷിക്കുന്നത്‌ കര്‍ക്കടകമാസത്തെയാണ്‌, അല്ലെങ്കില്‍ വര്‍ഷകാലത്തെയാണ്‌.

എന്തുകൊണ്ട്‌ കര്‍ക്കടകം

കാലാവസ്‌ഥയുടെ പ്രത്യേകതകള്‍ കൊണ്ട്‌ രോഗം വരാന്‍ ഏറ്റവും സാധ്യതയുള്ള കാലമാണ്‌ മണ്‍സൂണിന്റെ ആരംഭകാലം. കനത്ത വേനലിനു ശേഷം വരുന്ന മഴ രോഗാണുക്കള്‍ പെരുകുന്നതിന്‌ കാരണമാകുന്നു.

കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി ഏറ്റവും അധികം പനി മരണങ്ങള്‍, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, എലിപ്പനി എന്നിവ സംഭവിച്ചിട്ടുള്ളത്‌ ഈ കാലത്താണ്‌. രോഗവാഹകരായ കൊതുകുകള്‍ക്ക്‌ വളരാനും രോഗം പകര്‍ത്താനും അനുയോജ്യമായ കാലം.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഫലപ്രദമാകാറില്ല. മറ്റ്‌ രോഗങ്ങള്‍ ബാധിച്ചവരെ, പകര്‍ച്ചപ്പനികള്‍ കീഴടക്കി മരണകാരണമാകുന്നതും സാധാരണം.

ആതുരവൃത്തവും സ്വസ്‌ഥവൃത്തവും

ആതുരവൃത്തം - രോഗം വന്നാലുള്ള പ്രതിവിധി, സ്വസ്‌ഥവൃത്തം - ആരോഗ്യം നിലനിര്‍ത്താനുള്ള ഉപായങ്ങള്‍ എന്നിങ്ങനെ ആയുര്‍വേദശാസ്‌ത്രം രണ്ട്‌ ഭാഗങ്ങളായാണ്‌ ആചാര്യന്മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്‌.

സ്വസ്‌ഥവൃത്തത്തില്‍ ഋതുചര്യ അധ്യായത്തില്‍ ഋതുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്നും അതിനുള്ള പ്രതിവിധികളും കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്‌.

ഋതുഭേദമനുസരിച്ച്‌ വാത പിത്ത കഫ ദോഷങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം അഗ്നി, ദഹനശക്‌തി എന്നിവ ഏറ്റവും കുറഞ്ഞിരിക്കുന്ന ഋതുകാലമാണ്‌ വര്‍ഷകാലം കഥവാ കര്‍ക്കടകമാസം.

ദഹനശക്‌തി കുറഞ്ഞിരിക്കുന്നതിനാല്‍ ശരീരബലവും വ്യാധിക്ഷമത്വവും കുറയുന്നു. ശരീരത്തില്‍ പ്രവേശിക്കുന്ന സൂക്ഷമജീവികളെ നശിപ്പിക്കുവാനുള്ള ശരീരത്തിന്റെ ശക്‌തി നഷ്‌ടപ്പെടുകയും ഡങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ശരീരം കീഴ്‌പ്പെടുകയും ചെയ്യാം.

അപ്രകാരം സംഭവിക്കാതിരിക്കാന്‍ സമീപത്തുളള ആയുര്‍വേദ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ആയോ അല്ലാതെയോ സ്‌നേഹ - സ്വേദ - പഞ്ചകര്‍മ്മ ചികിത്സകള്‍ക്ക്‌ വിധേയമാകാം. അപ്രകാരം സാധിക്കാത്തവര്‍ക്ക്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ യുക്‌തി പോലെ ചെയ്യുന്നത്‌ കര്‍ക്കടകമാസത്തിലും ആരോഗ്യം നിലനിലനിര്‍ത്താന്‍ സഹായിക്കും.

1. മഴയുടെ തുടക്കത്തില്‍ മൃദുവായി വയറിളക്കുക.
2. ലഘുവായതും ചൂടുള്ളതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ആഹാരം മാത്രം കഴിക്കുക.
3. മരുന്ന്‌ കഞ്ഞി ശീലമാക്കുക.
4. ദഹനശക്‌തി നിലനിര്‍ത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും അഷ്‌ടചൂര്‍ണം വൈശ്വാനര ചൂര്‍ണം, പഞ്ചകോലാസവം എന്നിവ ശീലമാക്കുക.

5. കൃത്യമായ ശോധന ദിവസവും ഉറപ്പു വരുത്തുന്നതിന്‌ നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുക. ആവശ്യമെങ്കില്‍ വരാചൂര്‍ണം, തൃവൃത ലേഹ്യം രാത്രിയില്‍ ആഹാരശേഷം ഉപയോഗിക്കുക.
6. രോഗപ്രതിരോധശേഷി ഉറപ്പു വരുത്തുന്നതിന്‌ ഇന്ദുകാന്ത ഘൃതം ആഹാരത്തോടൊപ്പം അല്ലെങ്കില്‍ മരുന്ന്‌ കഞ്ഞിയില്‍ ചേര്‍ത്ത്‌ കഴിക്കുക.

7. പനിയുടെയോ ജലദോഷത്തിന്റെയോ ലക്ഷണം കണ്ടാല്‍ ഉടനെ അമൃതാരിഷ്‌ടം ഒരു ഔണ്‍സ്‌ വീതം ആഹാരശേഷം കഴിക്കുക.
8. ദിവസവും ധാന്വന്തരം തൈലം / സഹചരാദി തൈലം / കൊട്ടംചുക്കാദി തൈലം ദേഹത്ത്‌ തേച്ച്‌ തടവി കുളിക്കുക.

9. ആഴ്‌ചയില്‍ ഒരിക്കലോ രണ്ട്‌ പ്രാവശ്യമോ തലയില്‍ എണ്ണ തേച്ചതിനു ശേഷം ശരീരത്തില്‍ മുഴുവന്‍ ധാന്വന്തരം തൈലം / സഹചരാദി തൈലം / കൊട്ടംചുക്കാദി തൈലം പുരട്ടി മുപ്പത്‌ മിനിറ്റ്‌ നേരം തടവിയതിന്‌ ശേഷം, താഴെപ്പറയുന്ന ഏതെങ്കിലും വിധത്തില്‍ സ്വേദനം ചെയ്യുക - വിയര്‍പ്പിക്കുക.

a. ചൂടുവെള്ളം കഴുത്തിന്‌ താഴെ ശരീരം മുഴുവന്‍ ധാരയായി ഒഴിക്കുക.
b. ചൂടുവെള്ളം നിറച്ച ബാത്ത്‌ ടബില്‍ കയറി തല പുറത്തിട്ട്‌ കിടക്കുക.
c. തടികൊണ്ടുള്ള ഇരിപ്പിടത്തില്‍ ഇരുന്ന്‌ കഴുത്തിനു താഴെ ഭാഗം കട്ടിയുള്ള പുതപ്പു കൊണ്ട്‌ പുതച്ച്‌ ആവിപിടിക്കുക.
d. ചൂടുവെള്ളത്തില്‍ തോര്‍ത്ത്‌ മുക്കിപ്പിഴിഞ്ഞ്‌ ആവിപിടിക്കുക.

10. അപരാജിത ധൂമചൂര്‍ണം ഒരു ചട്ടിയില്‍ എടുത്ത്‌ കനലില്‍ വിതറി പുക അതിരാവിലെയും വൈകിട്ട്‌ സന്ധ്യാസമയത്തും വീടിനുള്ളിലും പുറത്തും പുകയേല്‍പ്പിക്കുക.

ഡോ. രാജശേഖരന്‍ ബി എ എം എസ്‌
കണ്‍സള്‍ട്ടന്റ്‌ ഫിസിഷന്‍
നാഗാര്‍ജുന ആയുര്‍വേദിക്‌ ഗ്രൂപ്പ്‌ ,തൊടുപുഴ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top