Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പ്രമേഹനിയന്ത്രണത്തിന്‌ ആയുര്‍വേദ വഴികള്‍

  1. Diabetes
Diabetes

പ്രമേഹരോഗം രണ്ടുവിധത്തില്‍ ഉണ്ടാകുന്നതായി പറയപ്പെടുന്നു. ഒന്ന്‌ പാരമ്പര്യമായി ഉണ്ടാകുന്നതും രണ്ടാമത്തേത്‌ മേല്‍പ്പറഞ്ഞവിധം അഹിതമായ ആഹാരവിഹാരാദികളെകൊണ്ട്‌ ഉണ്ടാകുന്നതും.

സാങ്കേതികവിദ്യകള്‍ അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും രോഗനിര്‍ണ്ണയോപാധികളും രോഗങ്ങളെക്കുറിച്ചുള്ള അറിവും ചികിത്സാമാര്‍ഗങ്ങളും ആരോഗ്യസംരക്ഷണവും എല്ലാംതന്നെ നമ്മുടെ വിരല്‍ ഒന്നു ചലിപ്പിച്ചാല്‍ സ്വന്തം കമ്പ്യൂട്ടറിലൂടെ അറിയാം എന്ന അവസ്‌ഥയിലും പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌.

നല്ലൊരു ശതമാനം ചെറുപ്പക്കാരും ഈ രോഗത്തിന്‌ അടിമകളായിത്തീരുന്നുണ്ട്‌.

വളരെസമയം ഇരുന്ന്‌ ജോലി ചെയ്യുക, വിശ്രമിക്കുക, പകല്‍സമയവും രാത്രിയിലും അധികമായി ഉറങ്ങുക, തൈര്‌ അധികമായി ഉപയോഗിക്കുക, കൊഴുപ്പ്‌ അധികം അടങ്ങിയിരിക്കുന്ന മാംസം, മാംസരസം എന്നിവ ഉപയോഗിക്കുക, പാല്‍, അരികൊണ്ട്‌ ഉണ്ടാക്കിയ ആഹാരങ്ങള്‍, ശര്‍ക്കരകൊണ്ട്‌ ഉണ്ടാക്കുന്ന വിവിധതരം ആഹാരങ്ങള്‍ ഉപയോഗിക്കുക, മദ്യപാനം, മാനസികപിരിമുറുക്കങ്ങള്‍, വ്യായാമക്കുറവ്‌ എന്നിവയെല്ലാം കഫവര്‍ധകങ്ങളും പ്രമേഹരോഗകാരണങ്ങളുമാണ്‌.

പ്രമേഹരോഗം രണ്ടുവിധത്തില്‍ ഉണ്ടാകുന്നതായി പറയപ്പെടുന്നു. ഒന്ന്‌ പാരമ്പര്യമായി ഉണ്ടാകുന്നതും രണ്ടാമത്തേത്‌ മേല്‍പ്പറഞ്ഞവിധം അഹിതമായ ആഹാരവിഹാരാദികളെകൊണ്ട്‌ ഉണ്ടാകുന്നതും.

ഈ രണ്ടുതരം പ്രമേഹരോഗികളില്‍ പാരമ്പര്യമായി രോഗമുള്ളവര്‍ മെലിഞ്ഞിരിക്കുന്നവരും ശരീരത്തിന്‌ വരള്‍ച്ച ഉള്ളവരും അല്‍പം ആഹാരം കഴിക്കുന്നവരും കൂടുതല്‍ വെള്ളം കുടിക്കുന്നവരും ആയിരിക്കും.

അപഥ്യങ്ങളായ ആഹാരവിഹാരാദികളെകൊണ്ട്‌ പ്രമേഹരോഗം ഉണ്ടായിരിക്കുന്നവര്‍ ശരീരം കൂടുതല്‍ തടിച്ചവരും കുടുതല്‍ ആഹാരം കഴിക്കുന്നരും ശരീരം വളരെയധികം എണ്ണമയത്തോടുകൂടിയവരും കൂടുതല്‍സമയം ഇരിക്കുന്നതിനും കിടക്കുന്നതിനും ഉറങ്ങുന്നതിനും താല്‍പര്യം കൂടുതല്‍ ഉള്ളവരുമായിരിക്കും.

പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍

പല്ലുകള്‍, കണ്ണുകള്‍, ചെവി എന്നിവിടങ്ങളില്‍ അഴുക്ക്‌ അടിഞ്ഞുകൂടുക, കൈകളിലും കാലുകളിലും ചൂടുണ്ടാവുക, കഫവും ദുര്‍മേദസും ഉണ്ടാവുക, വായില്‍ മധുരരസവും ദാഹവും വര്‍ദ്ധിക്കുക, തലമുടിയുടെ സ്വഭാവികത നഷ്‌ടപ്പെടുക, നഖം അധികമായി വളരുക, എന്നിവയെല്ലാം വരാന്‍പോകുന്ന പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്‌.

കഫം ഹേതുവായി പത്തും പിത്തം ഹേതുവായി ആറും വാതം ഹേതുവായി നാലും തരം പ്രമേഹരോഗമുണ്ട്‌. കഫം ഹേതുവായി ഉണ്ടാകുന്ന പ്രമേഹങ്ങള്‍ക്ക്‌ ദഹനമില്ലായ്‌മ, അരുചി, ഛര്‍ദ്ദി, പനി, ചുമ, മൂക്കടപ്പ്‌ എന്നീ ഉപദ്രവങ്ങള്‍ ഉണ്ടാകാം.

അരക്കെട്ടിലും നാഭിയിലും വേദന, പനി, ഉഷ്‌ണം, ദാഹം കുടുതല്‍, പുളിച്ചുതികട്ടല്‍, ശരീരവേദന, മലം അയഞ്ഞുപോകുക എന്നിവയെല്ലാം പിത്തം ഹേതുവായുണ്ടാകുന്ന പ്രമേഹത്തിന്റെ ഉപദ്രവങ്ങളാണ്‌.

ചികിത്സിക്കാതെയിരുന്നാല്‍ കാലപ്പഴക്കത്തില്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. ഇത്‌ അസാധ്യമായ ഒരു രോഗാവസ്‌ഥയാണ്‌.

തേനിന്‌ സമാനമായ നിറത്തോടും കൊഴുപ്പോടുകൂടിയ മൂത്രം കൂടുതലായി പോകുന്നതുകൊണ്ടാണ്‌ ഈ അവസ്‌ഥയെ മധുമേഹം എന്ന്‌ പറയപ്പെടുന്നത്‌.

പ്രമേഹരോഗം വര്‍ധിക്കാതെയിരിക്കുന്നതിനായി വേണ്ടുന്ന പാക പഥ്യങ്ങളും ചികിത്സകളും ചെയ്യാതെയിരുന്നാല്‍ അത്‌ മറ്റ്‌ പല മാരകരോഗങ്ങളെയും ക്ഷണിച്ചുവരുത്താന്‍ കാരണമാകും.

പ്രമേഹരോഗികളുടെ ശ്രദ്ധയ്‌ക്ക്

മദ്യം, അസവങ്ങള്‍, പാല്‍, എണ്ണ, നെയ്യ്‌, ശര്‍ക്കര, പഞ്ചസാര, തൈര്‌, അരിയരച്ച്‌ ഉണ്ടാക്കുന്ന പലഹാരങ്ങള്‍, പഴങ്കഞ്ഞി, കൊഴുപ്പ്‌ അധികമടങ്ങിയ മാംസങ്ങള്‍ എന്നിവയൊന്നും പ്രമേഹരോഗികള്‍ ഉപയോഗിക്കരുത്‌.

ചെന്നല്ല്‌, നവര, യവം, ഗോതമ്പ്‌, വരക്‌, മുളയരി, മുതലായവയുടെ പഴയ അരികൊണ്ട്‌ ഉള്ള ആഹാരം, ചണമ്പയര്‍, തുവര, മുതിര, ചെറുപയര്‍, എന്നിവകൊണ്ട്‌ ഉണ്ടാക്കിയ ആഹാരങ്ങളും കറികളും കയ്‌പുരസമുള്ളതും ചവര്‍പ്പുരസമുള്ളതുമായ ഇലവര്‍ഗങ്ങള്‍ ഓടല്‍, കടുക്‌, അതസി എന്നിവയുടെ എണ്ണയില്‍ വറുത്ത്‌ ഉപയോഗിക്കാം. ഞാവല്‍ക്കായ, തേന്‍, ത്രിഫല എന്നിവയും ഉപയോഗിക്കാം.

പ്രമേഹരോഗി ദാഹശമനത്തിനായി വേങ്ങ, കരിങ്ങാലി മുതലായവയുടെ കാതലിട്ട്‌ വെന്ത വെള്ളം ദര്‍ഭയുടെ വേരിട്ടു വെന്ത വെള്ളം, തേന്‍ചേര്‍ത്ത വെള്ളം, എന്നിവ കുടിക്കേണ്ടതാണ്‌.

ശരീരത്തില്‍ എണ്ണമയം പുരട്ടാതെ അമര്‍ത്തി തിരുമ്മുക, വ്യായാമം ചെയ്യുക, രാത്രി ഉറക്കമൊഴിയുക, എന്നിവയെല്ലാം കഫത്തെയും ദുര്‍മേദസിനേയും കുറയ്‌ക്കുന്നതാണ്‌.

അതുകൊണ്ടുതന്നെ ഇത്തരം പ്രക്രിയകള്‍ പ്രമേഹരോഗി തീര്‍ച്ചയായും ശീലിച്ചിരിക്കണം. എല്ലാതരം പ്രമേഹരോഗങ്ങളിലും താഴെപറയുന്ന ഔഷധങ്ങള്‍ സ്വന്തമായും വളരെ എളുപ്പത്തിലും ഉണ്ടാക്കി സേവിക്കാവുന്നതാണ്‌.

1. മഞ്ഞള്‍ പൊടിച്ച്‌ നെല്ലിക്കാനീരും തേനും ചേര്‍ത്ത്‌ രാവിലെ സേവിക്കുക.
2. മരമഞ്ഞള്‍തൊലി, ദേവതാരം ത്രലഫലത്തോട്‌, മുത്തങ്ങാ എന്നിവ കഷായം വച്ച്‌ രാവിലേയും വൈകുന്നേരവും സേവിക്കുക,
3. കൊടുവേലി, ത്രിഫലത്തോട്‌, മരമഞ്ഞള്‍തൊലി, കുടകപ്പാലയരി, ഇവ കഷായം വച്ച്‌ തേനും ചേര്‍ത്ത്‌ രാവിലേയും വൈകുന്നേരവും സേവിക്കുക.
4. ചിറ്റമൃതിന്റെ നീര്‌ തേന്‍ചേര്‍ത്ത്‌ സേവിക്കുക.
5. നെല്ലക്കാനീര്‌ തേന്‍ചേര്‍ത്ത്‌ സേവിക്കുക.
6. ത്രിഫലക്കഷായത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവച്ചിരുന്ന യവം പിറ്റേന്ന്‌ പകല്‍ ഉണക്കിയെടുത്ത്‌ പൊടിച്ച്‌ ആ പൊടി തേന്‍ചേര്‍ത്ത്‌ സേവിക്കുക,
7. കന്മദത്തിന്റെ പൊടി തേനില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുക.
8. പാവയ്‌ക്കയുടെ നീര്‌ സേവിക്കുക.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ: ആര്‍. രവീന്ദ്രന്‍

ദി ആര്യവൈദ്യഫാര്‍മസി (കോയമ്പത്തൂര്‍) കോട്ടയം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top