Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

സമ്പൂര്‍ണ ആരോഗ്യത്തിന്‌ വൈറ്റമിന്‍ ഡി

  1. Vitamin D
mangalam malayalam online newspaper

സുഗമമായ ശാരീരിക പ്രവര്‍ത്തനത്തിന്‌ വൈറ്റമിന്‍ ഡിയ്‌ക്ക് വളരെ വലിയ പങ്കാണുള്ളത്‌. ഭക്ഷണത്തില്‍ നിന്നും കാല്‍സ്യവും ഫോസ്‌ഫറസും ആഗിരണം ചെയ്യുന്നതില്‍ വൈറ്റമിന്‍ ഡി മുഖ്യപങ്കുവഹിക്കുന്നുണ്ട്‌ .

പോഷകക്കുറവുമായി ബന്ധപ്പെട്ട്‌ പലപ്പോഴും പറഞ്ഞു കേള്‍ക്കാറുള്ള പേരാണ്‌ വൈറ്റമിന്‍ ഡി. എന്നാല്‍ മനുഷ്യശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ആര്‍ക്കും അത്രവലിയ ധാരണയൊന്നുമില്ല.

അടുത്തിടെ ഗോവയില്‍ നടന്ന പത്രപ്രവര്‍ത്തകര്‍ക്കായുള്ള ദേശീയ ശില്‌പശാലയില്‍ വൈറ്റമിന്‍ ഡി പരിശോധന നടത്തിയിരുന്നു. ഇതില്‍ വെറും പത്തു ശതമാനം പേര്‍ക്കു മാത്രമേ വൈറ്റമിന്‍ ഡി ഘടകം ശരീരത്തില്‍ ആവശ്യത്തിനുണ്ടായിരുള്ളൂ.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു എന്നോര്‍ക്കണം. എല്ലാവരും 25 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍. നമുക്കിടയില്‍ വളരെ ചെറിയൊരു ശതമാനം ആളുകള്‍ക്ക്‌ മാത്രമേ വൈറ്റമിന്‍ ഡി ശരീരത്തില്‍ ആവശ്യത്തിനുള്ളൂ എന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

ആരോഗ്യമിത്രം

സുഗമമായ ശാരീരിക പ്രവര്‍ത്തനത്തിന്‌ വൈറ്റമിന്‍ ഡിയ്‌ക്ക് വളരെ വലിയ പങ്കാണുള്ളത്‌. ഭക്ഷണത്തില്‍ നിന്നും കാല്‍സ്യവും ഫോസ്‌ഫറസും ആഗിരണം ചെയ്യുന്നതില്‍ വൈറ്റമിന്‍ ഡി മുഖ്യപങ്കുവഹിക്കുന്നുണ്ട്‌. ശരീരത്തില്‍ രോഗപ്രതിരോധശേഷി നേടിക്കൊടുക്കുന്നതും നിലനിര്‍ത്തുന്നതും വൈറ്റമിന്‍ ഡിയാണ്‌. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്‌ക്കും ഉറപ്പിനും വൈറ്റമിന്‍ ഡി കൂടിയേ തീരൂ.

ചിലയിനം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ സമ്പൂര്‍ണ രോഗപ്രതിരോധം തീര്‍ക്കാനും വൈറ്റമിന്‍ ഡിയ്‌ക്ക് സാധിക്കുന്നു. സൂര്യപ്രകാത്തില്‍ നിന്നും ആഹാരത്തില്‍ നിന്നുമാണ്‌ വൈറ്റമിന്‍ ഡി ശരീരത്തിന്‌ ലഭിക്കുന്നത്‌.

ആവശ്യത്തിന്‌ സൂര്യപ്രകാശം ഏല്‍ക്കാതെ വന്നാലും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണം തെരഞ്ഞെടുത്ത്‌ കഴിക്കാതിരുന്നാലും വൈറ്റമിന്‍ ഡി ഡെഫിഷന്‍സി ഉണ്ടാകാം. എല്ലാ പ്രായക്കാര്‍ക്കും വൈറ്റമിന്‍ ഡി ആവശ്യ ഘടകമാണ്‌. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡിയുടെ അഭാവം പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

എല്ലുകളുടെ ആരോഗ്യത്തിന്‌

എല്ലുകളുടെ വളര്‍ച്ചയ്‌ക്ക് ഏറ്റവും അവശ്യം വേണ്ട ഘടകമാണ്‌ വൈറ്റമിന്‍ ഡി. രക്‌തത്തില്‍ കാല്‍സ്യത്തിന്റെ ഒഴുക്ക്‌ വര്‍ധിപ്പിക്കുകയാണ്‌ വൈറ്റമിന്‍ ഡിയുടെ മുഖ്യ ധര്‍മ്മം. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ശരീരത്തിനു വേണ്ട കാല്‍സ്യം വേര്‍തിരിച്ച്‌ രക്‌തത്തിലെത്തിക്കുന്നത്‌ വൈറ്റമിന്‍ ഡിയാണ്‌. അതിനാല്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ കാല്‍സ്യത്തിന്റെ ആഗിരണവും കുറയും.

എല്ലുകള്‍ക്ക്‌ ആവശ്യത്തിന്‌ കാല്‍സ്യം ലഭിക്കാതെ വരുന്നത്‌ അസ്‌ഥികള്‍ ദുര്‍ബലമാകാനും ഒടിനായും പൊട്ടാനും സധ്യത വര്‍ധിപ്പിക്കുന്നു. കുട്ടികളില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം റിക്കറ്റ്‌സ് പോലുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. അസ്‌ഥികളുടെ ബലക്ഷയം തന്നെയാണ്‌ റിക്കറ്റ്‌സ്. മുതിര്‍ന്നവരില്‍ ഓസ്‌റ്റിയോപൊറോസിസ്‌, ഓസ്‌റ്റിയോമലാസിയ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പ്രധാന കാരണം വൈറ്റമിന്‍ ഡിയുടെ അഭാവമാണ്‌. ടൈപ്പ്‌ 1 പ്രമേഹത്തിനും വൈറ്റമിന്‍ ഡി അഭാവം കാരണമാകുമെന്ന്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

രോഗപ്രതിരോധത്തിന്‌

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്‌തിപ്പെടുത്തുന്നതിനൊപ്പം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയും വൈറ്റമിന്‍ ഡിയ്‌ക്ക് ഉണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയുമ്പോള്‍ പേശി വേദന, എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന, സ്‌തനാര്‍ബുദം, കുടല്‍ കാന്‍സര്‍, പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ലിംഫാറ്റിക്‌ കാന്‍സര്‍ തുടങ്ങിയ രോഗള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവ്‌ കാരണമായേക്കാം.

പുരുഷനെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ വൈറ്റമിന്‍ ഡി ഏറ്റവും അത്യാവശ്യ ഘടകമാണ്‌. അസ്‌ഥി തേയ്‌മാനം പോലുള്ള ബുദ്ധിമുട്ടുകള്‍ സ്‌ത്രീകളിലാണ്‌ കൂടുതലായും കണ്ടുവരുന്നത്‌.

ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍

ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയുമാണ്‌ വൈറ്റമിന്‍ ഡി പ്രധാനമായും ശരീരത്തിലെത്തുന്നത്‌. സൂര്യപ്രകാശമേല്‍ക്കാതെയുള്ള ഓഫീസ്‌ ജോലിയും ഫാസ്‌റ്റ് ഫുഡ്‌ സംസ്‌കാരവും വൈറ്റമിന്‍ ഡിയുടെ കുറവിന്‌ കാരണമാകുന്നു. പുതു തലമുറയിലുള്ളവരിലാണ്‌ വൈറ്റമിന്‍ ഡി അഭാവം കൂടുതലായി കണ്ടുവരുന്നത്‌.

ഇതിനു കാരണം മുകളില്‍ പറഞ്ഞുതുതന്നെയാണ്‌. മത്തിപോലുള്ള മീനുകള്‍, മുട്ട, ധാന്യങ്ങള്‍, പാല്‍, കൂണ്‍ മുതലായവ വൈറ്റമിന്‍ ഡി നിറഞ്ഞ ഭക്ഷണ സാധനങ്ങളാണ്‌. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമാണ്‌ വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top