Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

സ്വപ്‌നം കാണുക വിജയം തേടിയെത്തും

  1. Sachin Tendulkar
  2. Star Health
Sachin Tendulkar, Star Health

ലോകത്തിന്റെ നെറുകയിലാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലളിതമായ ജീവിതവും നിറഞ്ഞ ആത്മവിശ്വാസവുമാണ്‌ സച്ചിന്റെ ജീവിതം നല്‍കുന്ന പാഠം. ആര്‍ക്കും മാതൃയാക്കാവുന്ന ആ ജീവിതത്തെക്കുറിച്ച്‌....

അന്ന്‌ ഇന്ത്യ കരയുകയായിരുന്നു. സച്ചിന്‍ രമേഷ്‌ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ്‌ ഇതിഹാസം കളിക്കളത്തോട്‌ വിടപറഞ്ഞ ദിവസം. അത്രത്തോളം ഇന്ത്യ സച്ചിനെ സ്‌നേഹിച്ചിരുന്നു. കപില്‍ദേവിനും ഗവാസ്‌കറിനും ശേഷം ഇന്ത്യന്‍ ക്രിക്കറ്റ്‌ കളിയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച 'സച്ചിന്‍ ക്രിക്കറ്റ്‌' ലോക ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ കാഴ്‌ചയുടെ വിരുന്നൊരുക്കി.

കൊലകൊമ്പന്മാരായ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ ആത്മവിശ്വാസത്തിന്റെ കൊടുങ്കാറ്റായി സച്ചിന്‍ വളര്‍ന്നു വലുതായിനിന്നു. അവരുടെ തീപ്പന്തുകളെ സച്ചിന്റെ മാന്ത്രിക ബാറ്റ്‌ പിച്ചിച്ചീന്തിയെറിഞ്ഞു. രാജ്യത്തെ വിജയസോപാനത്തിലേക്ക്‌ നയിച്ച എത്രയെത്ര സെഞ്ച്വറികള്‍. മത്സരങ്ങള്‍ തീര്‍ക്കുന്ന കടുത്ത മാനസിക പിരിമുറക്കങ്ങള്‍ക്ക്‌ നടുവില്‍ സച്ചിന്‍ ശാന്തനായി ബാറ്റുവീശി. അപ്പോള്‍ ഗാലറികള്‍ പ്രാര്‍ഥനയില്‍ മുഴുകി.

ആ പ്രാര്‍ഥനകളൊന്നും പക്ഷേ, പാഴായില്ല. ഗ്രൗണ്ടില്‍ റെക്കോര്‍ഡ്‌ പെരുമഴ പെയ്‌തിറങ്ങുമ്പോള്‍ സച്ചിന്‍ കൂടുതല്‍ വിനയാന്വിതനായി. ആകാശത്തേക്ക്‌ ബാറ്റും മുഖവും ഉയര്‍ത്തി നന്ദി പ്രകടനം.

''സ്വപ്‌നങ്ങളാണ്‌ നമ്മുടെ ശക്‌തി. നിങ്ങള്‍ സ്വപ്‌നം കാണുക. ഒരിക്കല്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും...'' അടുത്തിടെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ രാഷ്‌ട്രപതി ഭവനില്‍ വച്ച്‌ സച്ചിന്‍ ഇന്ത്യന്‍ യുവത്വത്തോട്‌ വിളിച്ചു പറഞ്ഞത്‌ സ്വന്തം ജീവിതം നല്‍കിയ പാഠമായിരുന്നു.

സ്വപ്‌നങ്ങളെ പിന്തുടരാം

''എല്ലാവര്‍ക്കും സ്വപ്‌നങ്ങളുണ്ടാകണം. സ്വപ്‌നങ്ങള്‍ കാണണം. ആ സ്വപ്‌നങ്ങളെ പിന്തുടരണം, കയ്യെത്തിപ്പിടിക്കണം. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നിടത്താണ്‌ ജീവിത വിജയം. ഇന്ന്‌ ലോകത്തുള്ള സകല കണ്ടുപിടുത്തങ്ങളും ഒരിക്കല്‍ ഓരോ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നങ്ങള്‍ക്കു പിന്നാലെയുള്ള ആരുടെയൊക്കെയോ യാത്രകളാണ്‌ വലിയ കണ്ടുപിടുത്തങ്ങള്‍ക്കു പിന്നില്‍. ക്രിക്കറ്റില്‍ ഏകദിനമെന്നോ, ടെസ്‌റ്റുകളെന്നോ ഉള്ള വ്യത്യാസം എനിക്കില്ല.

എല്ലാം ഓരേപോലെ മത്സരങ്ങള്‍. പക്ഷേ, ഓരോ മത്സരത്തിലും വിജയം ഞാന്‍ സ്വപ്‌നം കാണാറുണ്ട്‌. എന്റെ പ്രകടനം മാത്രമല്ല, എല്ലാ കളിക്കാരുടെയും പ്രകടനം ഞാന്‍ സ്വപ്‌നം കാണും. ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിവരെല്ലാം സ്വപ്‌നത്തെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌.

മുന്‍ രാഷ്‌ട്രപതി അബ്‌ദുള്‍ കലാം സര്‍ സ്വപ്‌നങ്ങളെക്കുറിച്ച്‌ പുതുതലമുറയെ എപ്പോഴും ഓര്‍മിപ്പിക്കുന്നതു കണ്ടിട്ടുണ്ട്‌. ജീവിതത്തിലായും മത്സരങ്ങളിലായാലും സ്വപ്‌നം കാണാനുള്ള കഴിവു തന്നെയാണ്‌ കരുത്ത്‌. എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും ഞാന്‍ സ്വപ്‌നം കാണുന്നു.

ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതും ഒരു സ്വപ്‌നമായിരുന്നു. ഫുട്‌ബോള്‍ ഭ്രാന്താനായ ഞാന്‍ എത്തിപ്പെട്ടത്‌ ക്രിക്കറ്റിലായിരുന്നു. അതുകൊണ്ട്‌ ഇനി എനിക്ക്‌ ഫുട്‌ബോളിനു വേണ്ടിയും ജീവിക്കണം.

പരാജയങ്ങളില്‍ തളരാതെ

പരാജയങ്ങളില്‍ തളര്‍ന്നുപോകരുത്‌. ഞാന്‍ ക്രിക്കറ്റില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠമതാണ്‌. തോല്‍വിക്കുമുന്നില്‍ തലകുനിക്കാറില്ല. തോല്‍ക്കുമ്പോള്‍ തളരുകയല്ല വേണ്ടത്‌. മറിച്ച്‌ ജയത്തിനുള്ള ദാഹം വര്‍ധിക്കുകയാണ്‌ വേണ്ടത്‌. അതുപോലെ തോല്‍വി അംഗീകരിക്കാനുള്ള മനസും ഉണ്ടാകണം. തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവേണം പിന്നീട്‌ മുന്നോട്ടുള്ള നമ്മുടെ ജീവിതം. നമുക്ക്‌ തോല്‍വി നേടിത്തന്ന പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുക.

ഓരോ മത്സരവും എനിക്ക്‌ ആദ്യ മത്സരം പോലെ സംഘര്‍ഷം നിറഞ്ഞതായിരുന്നു. അതു പക്ഷേ, പരാജ ഭയം മൂലമല്ല. കോടിക്കണക്കിന്‌ ക്രിക്കറ്റ്‌ പ്രേമികളുടെ പ്രതീക്ഷകള്‍, പ്രാര്‍ഥനകള്‍. അത്‌ പാഴാകരുത്‌. അവര്‍ക്ക്‌ അവരുടെ രാജ്യം പരാജയപ്പെട്ട്‌ കാണാന്‍ ഇഷ്‌ടമല്ല. എനിക്കു തോന്നുന്നു ആ ഉത്തരവാദിത്വമായിരിക്കണം ക്രിക്കറ്റില്‍ കളിക്കാരനില്‍ ഏറ്റവും സംഘര്‍ഷം നിറയ്‌ക്കുന്നത്‌.

'ഇന്ത്യ തോറ്റു' എന്നൊക്കെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഉള്ളില്‍ വാശിയാകും. ഇനി ഇങ്ങനെയൊരു വാര്‍ത്ത ഉണ്ടാകാന്‍ പാടില്ലെന്ന്‌ മനസില്‍ കുറിച്ചിടും. തോല്‍വി ഉറപ്പായ മത്സരങ്ങളില്‍പോലും അവസാന നിമിഷം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരവ്‌ നടത്തി ടീമിനെ ജയിപ്പിക്കാനായിട്ടുണ്ട്‌. അതൊക്കെ പരാജയത്തെ പിടിച്ചുകെട്ടാനുള്ള മനസിന്റെ ആവേശം കൊണ്ടാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top