Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഗോള്‍ഡന്‍ ബ്യൂട്ടി

  1. Sania Mirza
  2. Star Health
Star Health, Sania Mirza

ഇന്ത്യന്‍ ടെന്നീസിന്റെ സൗന്ദര്യമാണ് സാനിയാ മിര്‍സ. ശരീരസൗന്ദര്യവും വ്യക്തിത്വവും ചേര്‍ന്നപ്പോള്‍ രാജ്യത്തിന് അകത്തും പുറത്തും കോടിക്കണക്കിന് ആരാധകരെ സമ്പാദിക്കാന്‍ സാനിയയ്ക്ക് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി കിരീടങ്ങള്‍ പലതു നേടിക്കൊടുത്ത സാനിയയുടെ ആരോഗ്യരഹസ്യങ്ങള്‍...

വിദേശ കളിക്കാരുടെ താരപ്രഭയ്ക്കു മുന്നില്‍ ഇന്ത്യന്‍ ടെന്നീസ് ഒതുങ്ങിക്കൂടിയ കാലം. സാനിയ മിര്‍സ എന്ന ഹൈദരാബാദുകാരി പെണ്‍കുട്ടിയുടെ കടന്നുവരവോടെ ആ താരാധിപത്യത്തിന് ഒടുക്കമായി. ടെന്നീസ് കളിയുടെ സര്‍വ സൗന്ദര്യവും ആവാഹിച്ച് സാനിയ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു.

രാജ്യത്തിനു വേണ്ടി പൊരുതി ജയിച്ചു. ഇന്ത്യന്‍ ടെന്നീസിന് പുതുജീവന്‍ പകര്‍ന്ന് സാനിയ രാജ്യത്തിന്റെ പ്രിയ താരമായി. ലോക ടെന്നീസ് മുന്‍നിര താരമായി. പക്ഷേ, കളിക്കളത്തില്‍ എത്തിയതുമുതല്‍ വിവാഹം വരെയും അതിനു ശേഷവും വിവാദങ്ങള്‍ സാനിയയെ വിടാതെ പിന്‍തുടര്‍ന്നു.

സാനിയയുടെ ടെന്നീസ് വേഷവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായുള്ള വിവാഹവും വിവാദ നായികയാക്കി. എന്നിട്ടും സാനിയ തളര്‍ന്നില്ല. രാജ്യത്തിനു വേണ്ടി കളിച്ചു, രാജ്യത്തിനു വേണ്ടി സംസാരിച്ചു.

''വിവാദങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. ആര്‍ക്കും ആരെയും കുറിച്ച് എന്തും പറയാം. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ഞാന്‍ വിവാദങ്ങള്‍ക്കൊന്നും ചെവി കൊടുക്കാറില്ല''.

തളരാത്ത വിശ്വാസം

ഞാനൊരു സ്‌പോര്‍ട്‌സ് താരമാണ്. ഒരു സ്‌പോര്‍ട്‌സ് താരത്തിന് അടിസ്ഥാനപരമായി വേണ്ടത് ഉറച്ച മനസാണ്. പതറിപ്പോകുന്ന മനസ് ഒരു സ്‌പോര്‍ട്‌സ് താരത്തിന്റെ പരാജയമാണ്. എതിരാളിക്ക് മുന്നില്‍ അവസാന നിമിഷം വരെ പോരാടി നില്‍ക്കാന്‍ ഉറച്ച മനസുള്ളവര്‍ക്കേ കഴിയൂ.

അതുപോലെ പരാജയം അംഗീകരിക്കാനുള്ള ചങ്കൂറ്റവും. പക്ഷേ, പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. കളിക്കളത്തില്‍ എനിക്കുണ്ടായിട്ടുള്ള ഓരോ പരാജയവും ഓരോ പാഠങ്ങളായിരുന്നു. കളിരീതികള്‍ മാറ്റാനുള്ള മുന്നറിയിപ്പുകളായിരുന്നു.
എതിരാളിയുടെ കരുനീക്കം മുന്‍കൂട്ടി കണ്ടറിഞ്ഞ് കളിരീതികളില്‍ മാറ്റം വരുത്തണം.

ഇതെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കേണ്ടതാണ്. ചങ്കൂറ്റമുള്ളവര്‍ക്ക് മാത്രമേ ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തീരുമാനങ്ങളെടുക്കാനും കളിഗതിയില്‍ മാറ്റം വരുത്തുവാനും സാധിക്കുകയുള്ളൂ. എനിക്കെതിരെയുണ്ടാകുന്ന വിവാദങ്ങളുടെ കാര്യത്തിലും ഈ മനസു തന്നെ.

ടെന്നീസ് കളിയെക്കുറിച്ച്

മാനസികവും ശാരീരികവുമായി വളരെയേറെ അധ്വാനിക്കേണ്ട കളിയാണ് ടെന്നീസ്. എന്റെ അനുഭവത്തില്‍ മറ്റ് കളികളെ അപേക്ഷിച്ച് ബുദ്ധിമുട്ടുള്ള കളിതന്നെയാണിത്. മനഃസാന്നിധ്യവും ഏകാഗ്രതയും വളരെയേറെ വേണം. കണ്ണിമ ചിമ്മുന്ന സമയം മതി കളിയുടെ ഗതിമാറാന്‍.

മണിക്കൂറുകള്‍ നീളുന്ന കളി ആയതിനാല്‍ നല്ല സ്റ്റാമിന ആവശ്യമാണ്. ശരീരവും മനസും ഒരുമിക്കണം. പതിവായ വ്യായാമവും ഭക്ഷണ ക്രമീകരണവും വേണ്ടിവരും. എതിരാളിയെ മുന്‍കൂട്ടിക്കണ്ട് കൃത്യമായ പദ്ധതികളുമായാണ് കളിക്കളത്തിലിറങ്ങുന്നത്.

വിദേശ താരങ്ങളെ അപേക്ഷിച്ച് ഇന്ത്യാക്കാര്‍ക്ക് സ്റ്റാമിന പൊതുവേ കുറവാണ്. അത് അവരുടെ ഭൂപ്രകൃതിയുടെയും ശരീരപ്രകൃതിയുടെയും വ്യത്യാസം കൊണ്ടാണ്. അതിനാല്‍ അവരോട് മത്സരിക്കേണ്ടി വരുമ്പോള്‍ വലിയ മുന്നൊരുക്കങ്ങള്‍ വേണ്ടി വരും.

സാധാരണ ഭക്ഷണം

ഭക്ഷണകാര്യത്തില്‍ ഞാന്‍ എന്നും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ മാത്രമല്ല സ്വഭാവത്തെയും സ്വാധീനിക്കുന്നുണ്ട്. ചില ഭക്ഷണം കഴിച്ചാല്‍ ക്ഷീണവും ഉറക്കവും അനുഭവപ്പെടും. അതിനാല്‍ കൃത്രിമ ഭക്ഷണങ്ങളോ മറ്റ് ഉത്തേജക വസ്തുക്കളോ ഞാന്‍ കഴിക്കാറില്ല. പ്രത്യേക ഡയറ്റ് പ്ലാന്‍ ഉണ്ട്.

വൈറ്റമിനുകളും പ്രോട്ടീനും ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങളാണ് കഴിക്കുന്നത്. വേഗം ക്ഷീണിക്കാതിരിക്കാനും എനര്‍ജി കെട്ടടങ്ങാതിരിക്കാനും അത്തരം ഭക്ഷണസാധനങ്ങള്‍ ധാരാളം കഴിക്കുന്നുണ്ട്.

എങ്കിലും സീസണ്‍ അനുസരിച്ച് ഭക്ഷണത്തില്‍ മാറ്റം വരുത്താറുണ്ട്. അതായത് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് പ്രത്യേക ഭക്ഷണവും അല്ലാത്ത സമയം മറ്റ് ഭക്ഷണവും കഴിക്കും.

സീസണുകളില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുകയും ഓഫ് സീസണുകളില്‍ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം ഒഴിവാക്കി പ്രോട്ടീന്‍ ഭക്ഷണം തെരഞ്ഞെടുക്കും.

വണ്ണം വയ്ക്കുന്ന ശരീരമല്ല എന്റേത്. എങ്കിലും വണ്ണം അമിതമാകാതെ ഭക്ഷണത്തില്‍ ശ്രദ്ധിക്കും. മാംസാഹാരം കഴിക്കുമെങ്കിലും അതിനനുസരിച്ച് വര്‍ക്കൗട്ട് ചെയ്യും.

വ്യായാമം മുടക്കമില്ലാതെ

ഭക്ഷണത്തിലും വ്യായാമത്തിലുമാണ് ഒരു സ്‌പോര്‍ട്‌സ് താരം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. എക്‌സര്‍സൈസ് ചെയ്യാന്‍ പ്രത്യേകം സമയം മാറ്റിവയ്ക്കാനാവില്ല. പ്രത്യേകിച്ച് സീസണുകളില്‍. പക്ഷേ, അത് മുടക്കാറില്ല. കളിയുള്ള ദിവസങ്ങളില്‍ മിതമായി വ്യായാമം ചെയ്യും.

കളിയില്ലാത്ത സമയത്ത് അഞ്ച് മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ വ്യായാമം ചെയ്യും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഒരുപോലെ ചലിപ്പിക്കേണ്ട കളിയാണ് ടെന്നീസ്. അതിനാല്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ആയാസം ലഭിക്കുന്ന വര്‍ക്കൗട്ടുകളാണ് ചെയ്യുന്നത്.

ഇരുപത്തഞ്ചു മിനിട്ട് ജോഗിംഗും ഉണ്ടാകും. ജിം, ഓട്ടം, എയ്‌റോബിക്‌സ് എന്നിങ്ങനെയാണ് വര്‍ക്കൗട്ട് ഒരുക്കിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് എന്റെ മാതൃക. മണിക്കൂറുകള്‍ യാതൊരു ക്ഷീണവും കൂടാതെ കൂസലില്ലാതെ ബാറ്റ് വീശാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്.

ഒരു ദിവസം ഇങ്ങനെ

നല്ല ഉറക്കവും നല്ല വിശ്രമവും. ഫിറ്റനെസിന്റെ ആദ്യപാഠം അതാണ്. മത്സരങ്ങളില്ലാത്ത സമയത്ത് രാവിലെ ആറുമണിക്ക് ഉണരും. ഉടന്‍ വ്യായാമം. തിരിച്ച് വീട്ടിലെത്തി ഒരു മണിക്കൂര്‍ വിശ്രമം. അതു കഴിഞ്ഞ് ബ്രേക്ഫാസ്റ്റ്. എട്ടു മണിക്ക് ടെന്നീസ് കോര്‍ട്ടിലെത്തും. രണ്ടര മണിക്കൂര്‍ പ്രാക്ടീസ്. വീണ്ടും വീട്ടിലെത്തി വിശ്രമം. ഭക്ഷണം കഴിക്കും.

ഉച്ച കഴിച്ച് രണ്ടു മണിക്ക് വീണ്ടും കോര്‍ട്ടിലെത്തി പ്രാക്ടീസ്. അത് നാലര വരെയുണ്ടാകും. ശേഷം ജിമ്മിലേക്ക്. ആറര വരെ എക്‌സര്‍സൈസ്. ദിവസം പലപ്പോഴായി മൂന്നോ, നാലോ തവണ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യും.

ഓരോ തവണയും വ്യത്യസ്തമായ വര്‍ക്കൗട്ടുകളാണ് ചെയ്യുന്നത്. മത്സരങ്ങളുടെ പട്ടിക മുന്‍കൂട്ടി തയാറാക്കിയുള്ള പരിശീലനമാണ് നടത്തുന്നത്. ഓരോ ദിവസവും മുന്‍കൂട്ടി തയാറാക്കാറുണ്ട്.

സൗന്ദര്യ രഹസ്യം

സൗന്ദര്യത്തിന് പ്രത്യേക രഹസ്യം ഒന്നുമില്ല. എനിക്ക് വലിയ സൗന്ദര്യമുണ്ടെന്ന് ഞാന്‍ കരുതുന്നുമില്ല. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. ആഹാരക്രമത്തില്‍ ശ്രദ്ധിക്കുകയും നല്ല വ്യായാമം ശീലിക്കുകയും ചെയ്താല്‍ മതി.

ടെന്നീസ് കളിയില്‍ ശരീരസൗന്ദര്യത്തിന് പ്രാധാന്യമുണ്ടോ എന്നു ചോദിച്ചാല്‍ അറിയില്ല. ഒരുപക്ഷേ, ടെന്നീസ് വേഷമായിരിക്കും അതിനു കാരണം. മറ്റൊരു വേഷമിട്ട് ടെന്നീസ് കളിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല.

ചടുലവേഗം വേണ്ടിവരുന്ന കളി ആയതിനാല്‍ മറ്റ് വസ്ത്രങ്ങള്‍ ശരീരം ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. ടെന്നീട് വേഷം മോശമാണെന്ന് കേള്‍ക്കുമ്പോഴാണ് സങ്കടം. ശരീര പ്രദര്‍ശനമല്ല അവിടെ നടക്കുന്നത്.

നല്ല കളി പുറത്തെടുക്കുക എന്നതുമാത്രമാണ് ഒരു കളിക്കാരിയുടെ മനസില്‍. മറ്റ് ആരോപണങ്ങള്‍ക്കെല്ലാം പിന്നില്‍ കാമറ കണ്ണുകളാണ്. അവരുടെ കച്ചവട മനസുമാണ്.

പോസിറ്റീവ് ചിന്ത

ജീവിതത്തെക്കുറിച്ച് വളരെ പോസിറ്റീവായ ചിന്തകളാണ് എനിക്കുള്ളത്. കഠിനാധ്വാനത്തിന് ഞാന്‍ പ്രാധാന്യം നല്‍കുന്നു. കഠനാധ്വാനവും ആത്മവിശ്വാസവുമുള്ളവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും. ഉയരങ്ങള്‍ സ്വപ്നം കാണണം. അതിനെ പിന്തുടരണം. മറ്റൊന്ന് കുടുംബത്തിന്റെ പിന്തുണയാണ്.

എന്റെ മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാനവും ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ എവിടെയും എത്തുമായിരുന്നില്ല. ചിലപ്പോള്‍ ഒരു വീമ്മയായി കഴിയുമായിരുന്നു.

എന്റെ ജീവിതത്തില്‍ പല പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും മാതാപിതാക്കള്‍ ഉറച്ചു നിന്നു. എന്റെ എല്ലാ വിജയവും അവര്‍ക്കും അവകാശപ്പെട്ടതാണ്.

മെഹക് ചൗള

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top