കനത്ത മഴയ്‌ക്കു സാധ്യതയെന്നു റിപ്പോര്‍ട്ട്‌; ജാഗ്രത പാലിക്കണമെന്ന്‌ അധികൃതര്‍

ഇടുക്കി: ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 12 വരെ ജില്ലയില്‍ കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.
ഇന്ന്‌ 75 മില്ലീമീറ്ററും നാളെ 60 മില്ലീമീറ്ററും, 11 ന്‌ 25 മില്ലീമീറ്ററും 12 ന്‌ 20 മില്ലീമീറ്ററും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചു.
കെടുതികള്‍ നേരിടാന്‍ വിപുലമായ സജ്‌ജീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ്‌ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഫോണ്‍ 04862 233111. താലൂക്ക്‌തല കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്‌. ഫോണ്‍ - തൊടുപുഴ 04862 222503, ഇടുക്കി 04862 235361, ദേവികുളം 04865 264231, ഉടുമ്പന്‍ചോല 04868 232050, പീരുമേട്‌ 04869 232077. കൃഷി, ആരോഗ്യം, ഇറിഗേഷന്‍, കെ.എസ്‌.ഇ.ബി ( ഡാം സേഫ്‌റ്റി) എന്നീ വകുപ്പുകളില്‍നിന്നും ഓരോ ഉദ്യോഗസ്‌ഥന്‍മാരെ ഏത്‌ സമയത്ത്‌ ആവശ്യപ്പെട്ടാലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ്‌ സെന്ററില്‍ ഹാജരാകുന്ന വിധത്തില്‍ നിയോഗിച്ചിട്ടുണ്ട്‌. കൂടാതെ റവന്യൂ വകുപ്പില്‍ നിന്നും ഒരു ക്ലര്‍ക്കിനെ രാത്രികാലങ്ങളില്‍ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുണ്ട്‌. പ്രകൃതിക്ഷോഭ സാധ്യതകള്‍ ഉള്ള വില്ലേജുകളെക്കുറിച്ച്‌ പരിശോധിച്ച്‌ ഈ വില്ലേജുകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ കണ്ടുവച്ചിട്ടുമുണ്ട്‌.റോഡരികില്‍ വീഴാറായി അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/ ശിഖരങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ ഉടനടി നീക്കം ചെയ്യും. വ്യക്‌തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളോ, ശിഖരങ്ങളോ മൂലം നാശനഷ്‌ടങ്ങളുണ്ടായാല്‍ നഷ്‌ടപരിഹാരം അതത്‌ വ്യക്‌തികള്‍ വഹിക്കണം.
ആരോഗ്യ വകുപ്പ്‌ അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്‌.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേര്‍ന്ന്‌ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ മരുന്നുകള്‍ ശേഖരിച്ചിട്ടുണ്ട്‌. മലവെള്ളം, കുത്തൊഴുക്ക്‌ ഉണ്ടായേക്കാവുന്ന നദീതീരങ്ങളിലും, കുളിക്കടവുകളും മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകളിലും മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ ഡി.ടി.പി.സി സ്‌ഥാപിച്ചിട്ടുണ്ട്‌.
രണ്ടു ദിവസമായി ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയിലെ ക്വാറികള്‍ നിര്‍ത്തിവയ്‌ക്കാന്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ നിര്‍ദേശം നല്‍കും.
ജില്ലയില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഈ വിവരം ഇറിഗേഷന്‍ കെ.എസ്‌.ഇ.ബി ( ഡാം സേഫ്‌റ്റി) വകുപ്പുകള്‍ മുന്‍കൂട്ടി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ അറിയിക്കും. കാലവര്‍ഷം സംബന്ധിച്ച റിപ്പോര്‍ട്ട്‌ എല്ലാ ദിവസവും രണ്ട്‌ തവണ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നും നിര്‍ദിഷ്‌ട മാതൃകയില്‍ ഉള്ള ഫോറത്തില്‍ സര്‍ക്കാരിലേക്കു നല്‍കുന്നുണ്ട്‌.

ശക്‌തമായ മഴക്കുള്ള മുന്നറിയിപ്പ്‌ ലഭിക്കുന്ന പക്ഷം റവന്യൂ, പോലീസ്‌, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ വകുപ്പുകള്‍ ജനങ്ങള്‍ക്ക്‌ അടിയന്തരമായി ജാഗ്രത നിര്‍ദേശം നല്‍കും. കൂടാതെ ഒരു താലൂക്കിന്‌ കുറഞ്ഞത്‌ ഒരു അസ്‌കാ ലൈറ്റ്‌ വീതം കരുതി വച്ചിട്ടുമുണ്ട്‌.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടുകൂടി ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപ വരെയും മുന്‍സിപ്പാലിറ്റികള്‍ക്ക്‌ 10 ലക്ഷം രൂപ വരെയും തനത്‌ ഫണ്ട്‌ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കയി അടിയന്തര സാഹചര്യത്തില്‍ വിനിയോഗിക്കാം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top