Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പുസ്തകങ്ങള്‍ക്കൊപ്പം ഉറങ്ങുന്ന ഒന്നാം റാങ്കുകാരി; ഹിബയുടെ വിശേഷങ്ങള്‍ സഹോദരി പറയുന്നു

വി.പി. നിസാര്‍

  1. hiba and adila
mangalam malayalam online newspaper

മലപ്പുറം: ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ മഞ്ചേരി തുറക്കല്‍ സ്വദേശി ഹിബയുടെ പഠന രീതികളും കുടുംബ വിശേഷങ്ങളും റാങ്ക് നല്‍കിയ സന്തോഷവും ഹിബയുടെ ഏക സഹോദരി ആദില മംഗളത്തോടു പറയുന്നു.

എനിക്കും ഉമ്മയ്ക്കും അനിയനും ചിക്കന്‍പോക്‌സ് പിടിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റിസള്‍ട്ട് അറിയുന്നതിന്റെ തലേദിവസമാണു ഞാന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത്. മൂന്നുവര്‍ഷം മുമ്പു കാന്‍സര്‍രോഗംവന്ന് ഞങ്ങളുടെ ഉപ്പ അബ്ദുറഹിമാന്‍കുട്ടി മരണപ്പെട്ടു. ഉപ്പാന്റെ ആഗ്രഹമായിരുന്നു മക്കളില്‍ ഒരാളെ ഡോക്ടറാക്കണമെന്നത്. ആദ്യം എന്നോട് ഉപ്പ ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ എനിക്ക് ബിസിനസ്സ് മേഖലയാണു എനിക്ക് താല്‍പര്യമെന്നു പറഞ്ഞതിനാല്‍ പിന്നീട് ഉപ്പ ഹിബയോട് ഇക്കാര്യം പറഞ്ഞു. ഞാനിപ്പോള്‍ ബി.ബി.എ കഴിഞ്ഞ എം.ബി.എ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

ഉപ്പാന്റെ മരണശേഷം ഞങ്ങളുടെ കാര്യത്തില്‍ ഉമ്മ സൈനബ ഏറെ ശ്രദ്ധാലുവാണ്. ബന്ധുക്കളുടെ പൂര്‍ണ സഹകരണവും ഞങ്ങള്‍ക്കുണ്ട്. ഉപ്പ ഷിപ്പില്‍ ഗ്യാസ് എന്‍ജിനിയറായിരുന്നു. ഉമ്മയ്ക്ക് എന്റെ ചെറുപ്പത്തില്‍ ജോലിയുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ നോക്കുന്നതിനുവേണ്ടിയാണു ജോലി ഉപേക്ഷിച്ചത്. ഉപ്പാന്റെ മരണത്തോടെ മാഞ്ഞ ചിരി എന്റെ ഉമ്മയുടെ മുഖത്തു നിറഞ്ഞുകണ്ടത് ഹിബക്ക് റാങ്ക് കിട്ടിയപ്പോഴാണ്. ഞാന്‍ പ്ലസ്ടു കഴിഞ്ഞ സമയത്താണ് ഉപ്പ മരിച്ചത്. അന്ന് ഹിബ 10 പത്താം ക്ലാസ് കഴിഞ്ഞും അനിയന്‍ നാലാം ക്ലാസിലും. ഉമ്മ പാവമാണ്. സങ്കടം വന്നാല്‍ ആരോടും പറയുകയുമില്ല. എല്ലാം ഉള്ളിലിട്ടു വിഷമിക്കും.

രാഷ്ട്രീയ, സിനിമാ പ്രവര്‍ത്തകരുടേയും സമൂഹത്തിലെ മറ്റു മേഖലയിലുള്ളവരുടേയും അഭിനന്ദന പ്രവാഹവുമാണിപ്പോള്‍. എന്റെ കുടുംബത്തില്‍ ഒരിക്കലും മറക്കാനകാത്ത ഞങ്ങള്‍ ഇത്രത്തോളം ആഹ്‌ളാദിച്ച ഒരു സമയമുണ്ടായിട്ടില്ല. ഞങ്ങളൂടെ നൈനാസ് വീട് ഉണര്‍ന്നത് ഇപ്പോഴാണ്.

റാങ്ക് ലഭിച്ചതു മുതല്‍ പത്രങ്ങളിലും ചാനലുകളിലും ഞങ്ങളുടെ വീടും ഞങ്ങളും നിറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ഞങ്ങളെ അറിയും.
ഹിബക്കു റാങ്ക് കിട്ടാന്‍ കാരണം അവളുടെ കഠിനപ്രയത്‌നം തന്നെയാണ്. അവളോട് ഒരിക്കലും പഠിക്കാന്‍വേണ്ടി ഉമ്മ ആവശ്യപ്പെട്ടിട്ടില്ല. കാരണം അവളുടെ ലോകം എപ്പോഴും പുസ്തകങ്ങള്‍ക്കൊപ്പമാണ്. അവള്‍ കിടക്കുന്നതുപോലും പുസ്തകങ്ങള്‍ക്കൊപ്പമാണ്. റൂമിലെ അലമാരകളിലെല്ലാം പുസ്തങ്ങള്‍ നിറഞ്ഞതോടെ അവള്‍ കിടക്കുന്ന ബെഡിന്റെ ഒരു ഭാഗത്ത് പുസ്തകങ്ങള്‍ എപ്പോഴും കൂട്ടിയിട്ടിരിക്കും. പല ദിവസങ്ങളിലും രാത്രി ഏറെ വൈകിയും അവള്‍ പഠിക്കാറുണ്ട്. ചില ദിവസങ്ങളില്‍ ഇതു പുലര്‍ച്ചെ രണ്ടുവരെ നീണ്ടുപോകും. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഹിബ എ പ്ലസ് നേടുന്നതു കാണാന്‍ ഞങ്ങളുടെ ഉപ്പ ഉണ്ടായിരുന്നു. അന്നു ഉപ്പാന്റെ കണ്ണ് നിറയുന്നതു ഞാന്‍ കണ്ടു. ഇപ്പോള്‍ അവള്‍ക്കു ലഭിച്ച റാങ്ക് കാണാന്‍ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും ഉപ്പയായിരിക്കും.

പരീക്ഷ കഴിഞ്ഞു വരുമ്പോള്‍ പോലും അവളോട് എങ്ങിനെയുണ്ടായിരുന്നുവെന്ന് ഇപ്രാവശ്യം ഞങ്ങളാരും ചോദിച്ചിട്ടില്ല. കാരണം അവള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതിയാണു ഇത്തരം ചോദ്യങ്ങള്‍ ഉമ്മപോലും ചോദിക്കാത്തത്. രാത്രിയിലാണു അവള്‍ കൂടുതലായി പഠിക്കുക. അതുപോലെ കുടുംബ വീടുകള്‍ സന്ദര്‍ശിക്കാനും ആഘോഷ പരിപാടികള്‍ക്കും വിരുന്നുകള്‍ക്കുമൊന്നും അവള്‍ കാര്യമായി പങ്കെടുക്കാറില്ല. അവള്‍ക്ക് ക്ലാസും പഠനവും അതാണ് മെയിന്‍.

എനിക്ക് ഒരിക്കലും അവളെ പോലെ ആകാന്‍ കഴിയില്ല. എനിക്ക് പഠിക്കാന്‍ മടിയാണ്. എന്തായാലും ശരാശരിക്കു മുകളില്‍ മാര്‍ക്ക് ലഭിക്കാറുണ്ട്. ഞങ്ങളുടെ ഏക സഹോദരന്‍ ആദില്‍ റഹ്മാന്‍ അത്യാവശ്യം പഠിക്കും. അവന്‍ പരീക്ഷ അടുക്കുമ്പോഴാണ് പഠിക്കാറുള്ളത്. ഹിബക്കിപ്പോള്‍ പഠിക്കാനൊന്നും സമയം കിട്ടുന്നില്ല. എന്നും സ്വീകരണങ്ങളും അനുമോദനങ്ങളുമാണ്. അടുത്ത മാസം ഒന്നിനാണു എയിംസിന്റെ പരീക്ഷ. എയിംസില്‍ കിട്ടുകയാണെങ്കില്‍ അവിടെ ചേരാനാണു താല്‍പര്യം. പക്ഷെ ഇപ്പോള്‍ പഠിക്കാന്‍ കഴിയാത്തതുകൊണ്ടു പരീക്ഷയിലുള്ള അവളുടെ ആത്മവിശ്വാസം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വീകരണ ചടങ്ങുകള്‍ ഒഴിവാക്കിയാള്‍ ആളുകള്‍ ജാഡയാണെന്നു കരുതുമെന്നതിനാല്‍ അതും ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top