Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഒരിക്കലും മടുക്കില്ല, അഭിനയം

-രമേഷ് പുതിയമഠം

  1. Kaladi Omana
mangalam malayalam online newspaper

അച്ഛന്റെ പെട്ടിക്കടയ്ക്കു മുമ്പിലിരുന്നാല്‍ ഓമനയ്ക്ക് കാണാമായിരുന്നു, മലയാള സിനിമയിലെ താരങ്ങളെ. പ്രേംനസീറും ഷീലയും സത്യനും ശാരദയും കാറിലൂടെ കടന്നുപോകുമ്പോള്‍ അഞ്ചുവയസ്സുകാരി കൗതുകത്തോടെ കൈവീശിക്കാണിക്കും. തിരുവനന്തപുരത്തെ ന്യൂ തിയറ്ററിന്റെ മുമ്പിലാണ് ശിവരാമന്‍പിള്ളയുടെ കട. തിയറ്റര്‍ കോമ്പൗണ്ടിലെ ലോഡ്ജ് മുറികളിലായിരുന്നു അന്ന് സിനിമാക്കാരെല്ലാവരും താമസിക്കുന്നത്. രാവിലെ കാറില്‍ താരങ്ങള്‍ മെരിലാന്‍ഡ് സ്റ്റുഡിയോയിലേക്ക് പോകും. വൈകിട്ട് തിരിച്ചെത്തും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ വണ്ടിയില്‍ കയറ്റുമ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ഒരിക്കല്‍ ഓമന ചോദിച്ചു-മാമാ ഞാനും വന്നോട്ടെ അഭിനയിക്കാന്‍?

''നല്ല ഉടുപ്പൊക്കെയിട്ട് നാളെ വാ. മോളെ കൊണ്ടുപോകാം.''

പിറ്റേ ദിവസം അവള്‍ ഒരുങ്ങിവന്നു. കണ്‍ട്രോളര്‍ അവളെ ലൊക്കേഷനിലേക്ക് കൊണ്ടുപോയി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നല്ല ഭക്ഷണമായിരുന്നു. പോരാന്‍ നേരം അഞ്ചുരൂപയും കൊടുത്തു. അവളത് അച്ഛന് കൊടുത്തു. അച്ഛന്‍ അവളെ സന്തോഷം കൊണ്ട് ചേര്‍ത്തുപിടിച്ചു.

''മിടുക്കിയാ നീ. കാശ് കിട്ടുമെങ്കില്‍ നാളെയും പൊയ്‌ക്കോളൂ.''

അധ്വാനിക്കാതെ കിട്ടിയ അഞ്ചുരൂപയ്ക്ക് അച്ഛന്‍ വയറുനിറയെ കള്ളുകുടിച്ചു. രാത്രി വീട്ടുമുറ്റത്തെത്തി നീട്ടി വിളിച്ചു-എടീ ഓമനേ ഇങ്ങോട്ടിറങ്ങി വാ. ആരോടു ചോദിച്ചിട്ടാടീ നീ അഭിനയിക്കാന്‍ പോയത്?

ഓമനയെ മുറ്റത്തേക്ക് പിടിച്ചിറക്കി അയാള്‍ പൊതിരെ തല്ലി. കാലും കൈയും വേദനിച്ച അവള്‍ അന്ന് ഉറങ്ങിയതേയില്ല. പിറ്റേ ദിവസം കടയിലിരിക്കുമ്പോള്‍ കണ്‍ട്രോളര്‍ വന്നുചോദിച്ചു-മോള്‍ അഭിനയിക്കാന്‍ വരുന്നില്ലേ?

ഓമന അച്ഛന്റെ മുഖത്തേക്ക് നോക്കി.

''കാശു കിട്ടുന്നതല്ലേ. പൊയ്‌ക്കോ''

തലേദിവസം തല്ലിയതൊന്നും അച്ഛന് ഓര്‍മ്മയില്ല. അച്ഛന് കാശാണെങ്കില്‍ ഓമനയ്ക്കിഷ്ടം ലൊക്കേഷനിലെ ഭക്ഷണമായിരുന്നു. അന്നും അവള്‍ അഭിനയിക്കാന്‍ പോയി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയായും വിവാഹത്തിന് പങ്കെടുക്കുന്ന മകളായുമൊക്കെയാണ് അഭിനയം. വൈകിട്ട് അഞ്ചുരൂപ അച്ഛന് കൊടുത്തു. അന്നും അച്ഛന്‍ മദ്യപിച്ചുവന്ന് തല്ലി. പക്ഷേ അതൊന്നും ഓമന കാര്യമാക്കിയതേയില്ല. അവധി ദിവസം തീരുന്നതുവരെ അഭിനയിച്ചുകൊണ്ടേയിരുന്നു. അഞ്ചാം വയസ്സില്‍ തുടങ്ങിയ അഭിനയം ഇപ്പോഴും തുടരുകയാണ് കാലടി ഓമന. ഇരുന്നൂറിലധികം സീരിയലുകള്‍, നൂറോളം ടെലിഫിലിമുകള്‍, തൊണ്ണൂറോളം സിനിമകള്‍. വീട്ടിലെ ദാരിദ്ര്യം മാറ്റിയതും പുതിയ വീടുണ്ടാക്കിയതും സഹോദരിയെ കെട്ടിച്ചയച്ചതും സ്വന്തം വിവാഹം നടത്തിയതുമെല്ലാം അഭിനയത്തില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്. കഷ്ടപ്പാടിന്റെ പഴയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കാലടി ഓമന.

വേദനയ്ക്കിടയില്‍ നാടകക്കാലം

അച്ഛന്റെ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് പന്ത്രണ്ടാം വയസ്സില്‍ ഞാന്‍ മുഖത്ത് ചായമിട്ടത്. വീട്ടുവാടക കൊടുക്കണം. അനിയത്തിയെ പഠിപ്പിക്കണം. അച്ഛന്റേയും അമ്മയുടെ ചികിത്സ. ബാധ്യതകളേറെയുണ്ടായിരുന്നു ഓമനയ്ക്ക്. തിരുവനന്തപുരത്തെ ആര്‍ട്‌സ് ക്ലബുകളുടെ അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചാല്‍ പത്തുരൂപ കിട്ടും. അതുകൊണ്ട് കുറച്ചുനാള്‍ കഴിയാം. ക്ലാസില്‍ മിടുക്കിയായിരുന്നു. എന്നാല്‍ പഠിക്കാന്‍ സമയം കിട്ടിയിരുന്നില്ല. രാത്രി മിക്കപ്പോഴും നാടകമുണ്ടാകും. അതിരാവിലെയാണ് വീട്ടിലെത്തുക. പത്താംക്ലാസില്‍ പഠിക്കുന്ന കാലത്താണ് ആകാശവാണിയിലെ 'ബാലലോകം' എന്ന പ്രോഗ്രാമിന് ശബ്ദം കൊടുക്കാന്‍ പോയത്. അവിടെവച്ച് ജഗതി.എന്‍.കെ.ആചാരിയുമായി പരിചയപ്പെട്ടു. എന്റെ കഷ്ടപ്പാടുകള്‍ അറിഞ്ഞ അദ്ദേഹം പറഞ്ഞു.
''പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാല്‍, ഓമനയ്ക്ക് ചങ്ങനാശ്ശേരി ഗീഥയുടെ നാടകത്തില്‍ അവസരം വാങ്ങിച്ചുതരാം.''
അദ്ദേഹം വാക്കുപാലിച്ചു. പരീക്ഷ കഴിഞ്ഞതിന്റെ രണ്ടാംദിവസം ഗീഥ തിയറ്റേഴ്‌സില്‍നിന്ന് കുറച്ചുപേര്‍ എന്നെ കാണാന്‍ വന്നു. അവര്‍ക്കിഷ്ടപ്പെട്ടു. അങ്ങനെയാണ് ഗീഥയുടെ 'മുല്ലപ്പന്തല്‍' എന്ന നാടകത്തില്‍ നായികയായി എത്തിയത്. ഒരു നാടകത്തിന് 25 രൂപയാണ് പ്രതിഫലം. ഒരു ദിവസം മൂന്നു സ്‌റ്റേജുകളില്‍ വരെ അഭിനയിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്ക് പ്രൈവറ്റായി ചേര്‍ന്നെങ്കിലും നാടകത്തിന്റെ തിരക്കിനിടയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നാടകത്തില്‍നിന്നു കിട്ടിയ പണം കൊണ്ടാണ് പുതിയ വീടു വാങ്ങിച്ചത്. സഹോദരിയെ കെട്ടിച്ചയച്ചു. വീട്ടിലെ ദാരിദ്ര്യം മാറിയതും നാടകത്തില്‍നിന്നുള്ള വരുമാനം കൊണ്ടായിരുന്നു.
ഹൃദ്രോഗം വന്ന് അച്ഛനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റാക്കിയ സമയത്തുപോലും കൂടെ നില്‍ക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ആ സമയത്ത് എല്ലാ ദിവസവും നാടകമുണ്ട്. അതിനാല്‍ പകല്‍സമയത്തേ ആശുപത്രിയിലെത്താന്‍ കഴിയൂ. പെട്ടെന്നൊരു ദിവസം അച്ഛന് അസുഖം മൂര്‍ച്ഛിച്ചു. അന്നെനിക്ക് തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ ടിക്കറ്റ്‌വച്ചുള്ള നാടകമാണ്. അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് ഞാന്‍ അച്ഛന്റെയരികിലെത്തി കാര്യം പറഞ്ഞു. വിറയാര്‍ന്ന കൈകൊണ്ട് അച്ഛന്‍ എന്റെ കൈക്ക് പിടിച്ചു.

''കുടുംബത്തെ കരകയറ്റിയിട്ടും മോള്‍ക്കൊരു നല്ല ജീവിതം കിട്ടിയിട്ടില്ല. അടുത്തുതന്നെ അതുണ്ടാവും.''

ശേഷം അടുത്തപേജില്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top