Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

നിരോധനംകൊണ്ടല്ല ഇന്ത്യ തലയുയര്‍ത്തി നില്‍ക്കേണ്ടത്‌

കെ.കെ. രമ

mangalam malayalam online newspaper

ഇന്ത്യയുടെ പുത്രി (Inidas adughter) ഉയര്‍ത്തിയ അലയൊലികള്‍ക്കിടയിലാണ്‌ ഇത്തവണത്തെ സാര്‍വദേശീയ വനിതാദിനം ആചരിക്കപ്പെട്ടത്‌. ഒരു വിദേശ ചലച്ചിത്രകാരി നിര്‍ഭയയുടെ ജീവിതം പറയാന്‍ ശ്രമിക്കുന്നതിനെ ഒരു രാജ്യം ഇത്രമേല്‍ ഭയക്കുന്നതെന്തിനാണെന്ന വലിയ ചോദ്യമാണ്‌ ഈ വനിതാദിനത്തിന്‌ അഭിമുഖീകരിക്കാനുണ്ടായിരുന്നത്‌. ലെസ്ലീ ഉഡ്‌വിന്‍ എന്ന ആ ചലച്ചിത്രപ്രവര്‍ത്തക ഒന്നരവര്‍ഷമെടുത്ത്‌ തയാറാക്കിയ ആ ഡോക്യുമെന്ററിതന്നെയാണ്‌ ആ ചോദ്യത്തിനുള്ള ഏറ്റവും കൃത്യമായ ഉത്തരവും.

2012 ഡിസംബര്‍ 16 നാണ്‌ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ആറുപേര്‍ ചേര്‍ന്ന്‌ ആ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുന്നത്‌. കൂടെയുണ്ടായിരുന്ന കൂട്ടുകാരനെ മര്‍ദിച്ച്‌ മൃതപ്രായനാക്കി റോഡിലേക്കു വലിച്ചെറിഞ്ഞശേഷമാണ്‌ അവര്‍ പെണ്‍കുട്ടിയ അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചീന്തിയത്‌. മരണാസന്നയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടിക്ക്‌ പിന്നെ ജീവിതത്തിലേക്കു മടക്കമുണ്ടായില്ല. ആ കൊടുംക്രൂരതയ്‌ക്കെതിരേ ഉണ്ടായ വമ്പിച്ച പ്രക്ഷോഭക്കൊടുങ്കാറ്റ്‌ രാജ്യതലസ്‌ഥാനത്തെ പിടിച്ചുലച്ചു. രാഷ്‌ട്രീയകക്ഷികളുടെ പിന്‍ബലവും ആസൂത്രണവുമില്ലാതെ തെരുവിലേക്ക്‌ അണപൊട്ടിയൊഴുകിയെത്തിയ യുവജനങ്ങളുടെ രോഷപ്രവാഹം അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചു. അത്‌ ചില താല്‍കാലിക നടപടികള്‍ െകെക്കൊള്ളാന്‍ ഭരിക്കുന്നവരെ നിര്‍ബന്ധിതരാക്കി. ആ ക്രൂരകൃത്യം നിര്‍വഹിച്ചവര്‍ക്ക്‌ അതിവേഗ വിചാരണയിലൂടെ ശിക്ഷ വിധിക്കപ്പെട്ടു. അന്ത്യശ്വാസംവരെ പൊരുതിയ ആ പെണ്‍ധീരതയെ രാജ്യം നിര്‍ഭയ എന്നു പേര്‍ ചൊല്ലി ആദരിച്ചു.
ആ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യയുടെ പുത്രി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും ഉറ്റവര്‍ക്കും മാത്രമല്ല, ക്രൂരപീഢനത്തിലെ കുറ്റവാളികള്‍ക്കും അവര്‍ക്കുവേണ്ടി കോടതിയിലെത്തിയ പ്രഗത്ഭ അഭിഭാഷകര്‍ക്കുംവരെ തങ്ങളുടെ വാദമുഖങ്ങളവതരിപ്പിക്കാന്‍ അവസരം നല്‍കിയാണ്‌ ഇന്ത്യയുടെ പുത്രി തയാറാക്കിയത്‌. ആ പ്രതിഭാഗവാദമുഖങ്ങള്‍തന്നെയാണ്‌ ഈ ഡോക്യുമെന്ററിയിലെ ഏറ്റവും സത്യസന്ധമായ ആത്മാവിഷ്‌കാരമെന്ന്‌ നിസംശയം പറയാനാകും. തീര്‍ച്ചയായും പെണ്ണിനെ ആക്രമിക്കാനും അപമാനിക്കാനും പീഡിപ്പിക്കാനും കൊന്നുകളയാനും െകെയറപ്പും മനസലിവുമില്ലാത്ത നിഷ്‌ഠൂരരായ കുറ്റവാളികള്‍ എങ്ങനെയാണു രൂപപ്പെടുന്നതെന്നതിന്റെ നേര്‍ക്കാഴ്‌ചയാണു കുറ്റവാളികളുടെയും അവരുടെ അഭിഭാഷകരുടെയും ആ അഭിമുഖങ്ങള്‍.

കുറ്റവാളികള്‍ തുറുങ്കിലായെന്നും കാര്യങ്ങളെല്ലാം ഭദ്രമാണെന്നുമുള്ള ഭരണാധികാരികളുടെ അവകാശവാദങ്ങളാണ്‌ ഈ അഭിമുഖങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നുവീണത്‌. നിഷ്‌ഠൂരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടതിന്‌ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട്‌ തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ്‌സിങ്‌ കുറ്റബോധത്തിന്റെ നേരിയ ലാഞ്ചനപോലുമില്ലാതെയാണ്‌ ഈ ചിത്രത്തില്‍ സംസാരിക്കുന്നത്‌. പെണ്‍കുട്ടികളാണ്‌ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികളെന്നാണ്‌ മുകേഷ്‌ സിങ്‌ പറയുന്നത്‌. കുലീനകളായ പെണ്‍കുട്ടികള്‍ രാത്രിസമയത്ത്‌ യാത്ര ചെയ്യരുതെന്നും ഇയാള്‍ ഡോക്യുമെന്ററിയില്‍ ഉപദേശിക്കുന്നുണ്ട്‌. മുകേഷ്‌സിങ്ങിനെ പോലൊരു കൊടുംകുറ്റവാളി ഇതു പറയുന്നതിനുമുമ്പ്‌ നമ്മുടെ നാട്ടിലെ ഓരോ പെണ്‍കുട്ടിയും തന്റെ ചുറ്റുവട്ടത്തെ ഓരോ ആണധികാരിയില്‍നിന്നും ഈ ഉപദേശപ്രസംഗം എത്രയായിരം തവണ കേട്ടുകഴിഞ്ഞിരിക്കുന്നു!

കുറ്റവാളികളും നമ്മുടെ ആണ്‍നിര്‍മ്മിത പൊതുബോധവും തമ്മിലുള്ള അമ്പരപ്പിക്കുന്ന ഈ ആശയസാമ്യം അതിനിശിതമായ വിചാരണയ്‌ക്ക്‌ വിധേയമാകേണ്ടതല്ലേ? ഈ ആണധികാര പൊതുബോധമാണ്‌ മുകേഷ്‌സിങ്ങെന്ന കുറ്റവാളിയെ രൂപപ്പെടുത്തുന്നതെന്ന വാസ്‌തവം ഈ ഡോക്യുമെന്ററി തുറന്നുപറയുന്നു. അതുകൊണ്ടുതന്നെയാണ്‌ അധികാരകേന്ദ്രങ്ങള്‍ ഇത്രമേല്‍ പ്രകോപിതരായതെന്ന്‌ മനസിലാക്കാന്‍ ആര്‍ക്കുണ്ടു പ്രയാസം.

ഡല്‍ഹി ക്രൂരബലാത്സംഗത്തില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകരുടെ വാദമുഖങ്ങള്‍ ലജ്‌ജാകരമായ ഈ ആണ്‍ന്യായങ്ങള്‍ക്ക്‌ അടിവരയിടുകയാണ്‌. പ്രഫഷണല്‍ താല്‍പര്യമെന്നതിനപ്പുറം അഭിഭാഷകരും കുറ്റവാളികളും തമ്മിലുള്ള ക്രൂരമായ ഈ ആശയപ്പൊരുത്തം മാനഭംഗം അടക്കമുള്ള െലെംഗിക കുറ്റകൃത്യങ്ങള്‍ ആണ്‍വ്യവസ്‌ഥയുടെ അംഗീകൃതായുധങ്ങള്‍ തന്നെയാണെന്ന്‌ നിസംശയം തെളിയിക്കുകയാണ്‌. പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകരായ എം.എല്‍.ശര്‍മ്മയും എ.കെ.സിങ്ങുമാണ്‌ ഈ അഭിമുഖത്തില്‍ ഒരു മറയുമില്ലാതെ മനംതുറന്നിരിക്കുന്നത്‌.

ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ക്ക്‌ ഇവിടെ സ്‌ഥാനമില്ലെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്‌ത്രീക്കു സ്വതന്ത്രമായ ഇടമില്ലെന്നും സ്‌ത്രീ വജ്രമാണെന്നും പുറത്തുകാട്ടിയാല്‍ അപഹരിക്കപ്പെടുമെന്നുമെല്ലാമുള്ള ചാതുര്‍വര്‍ണ്യകാലത്തെ കാട്ടുന്യായം വിളമ്പുന്നതു തിഹാറില്‍ ഇരുമ്പഴിക്കുള്ളില്‍ കിടക്കുന്ന, വിദ്യാഭ്യാസവും സാമൂഹികബോധവുമില്ലാത്ത മുകേഷ്‌സിങ്‌ എന്ന ക്രിമിനലല്ല, മറിച്ച്‌ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിനു മുന്നില്‍ നീതിയുടെ സംരക്ഷണത്തിനായി കോട്ടണിഞ്ഞിരിക്കുന്ന പ്രമുഖ അഭിഭാഷകരാണ്‌ എന്ന വസ്‌തുതയാണു സവിശേഷവിശകലനത്തിനു വിധേയമാക്കേണ്ടത്‌.

പരിഷ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ജനാധിപത്യത്തിന്റെയുമെല്ലാം പുറംമോടിക്കുള്ളില്‍ പോറലേല്‍ക്കാതെ നമ്മുടെ സമൂഹം കാത്തുവയ്‌ക്കുന്ന ലിംഗവിവേചനമെന്ന ഭീമാകാരമായ കുറ്റവ്യവസ്‌ഥയുടെ ഒരു തുമ്പ്‌ മാത്രമാണ്‌ ഈ ഡോക്യുമെന്ററി വെളിപ്പെടുത്തിയതെന്ന്‌ ആ വിശകലനം നിസംശയം തെളിയിക്കുന്നു. അവിടെയാണ്‌ ഏതാനും ചില ക്രമിനലുകള്‍ യാദൃശ്‌ച്യാ തടവറയിലായതുകൊണ്ടുമാത്രം കാര്യമില്ലെന്നും ഒരു തടസവുമില്ലാതെ സര്‍വാധികാരങ്ങളോടെ നാടുവാഴുന്ന ഹിംസാത്മകമായ ക്രിമിനല്‍ ആണധികാരവ്യവസ്‌ഥയെ ജനാധിപത്യ കാഴ്‌ചപ്പാടുകളെ മുന്‍നിര്‍ത്തി നിര്‍ദാക്ഷിണ്യം വിചാരണ ചെയ്യാതെ മുന്നോട്ടു പോകാനാകില്ലെന്നും തിരിച്ചറിയേണ്ടിവരുന്നത്‌.

അത്തരമൊരു തിരിച്ചറിവു പകരുന്ന ഏതു നീക്കത്തോടും അധികാരവ്യവസ്‌ഥ പുലര്‍ത്തുന്ന അസഹിഷ്‌ണുതയാണ്‌ ഈ ഡോക്യുമെന്ററി വിഷയത്തിലും പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നത്‌. വിചിത്രമായ വാദമുഖങ്ങളാണ്‌ ഇതു സംബന്ധിച്ചു സര്‍ക്കാരും പ്രധാന രാഷ്‌ട്രീയ നേതൃത്വങ്ങളും ഉന്നയിച്ചുകേള്‍ക്കുന്നത്‌. ലോകത്തിനു മുന്നില്‍ ഇന്ത്യയെ അപമാനിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണു ബി.ബി.സി. ഈ ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നതെന്നാണു വിമര്‍ശകരുടെ വാദം. 250-ലേറെ പാര്‍ലമെന്റ്‌ അംഗങ്ങള്‍ മാനഭംഗവും കൊള്ളയും കൊലയുമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണെന്ന ഔദ്യേഗികകണക്കുകള്‍ പരസ്യമായിരിക്കുന്ന ഒരു രാജ്യത്തെ ഇങ്ങനെ അപമാനിക്കേണ്ട കാര്യമെന്തുണ്ട്‌! കുറ്റവാളികളുടെ അഭിമുഖങ്ങള്‍ സ്‌ത്രീകളില്‍ ഭീതിപരത്തുമെന്ന വാദവും സമാനം തന്നെ. ഓരോ 20 മിനിറ്റിലും ഒരു സ്‌ത്രീ വീതം മാനഭംഗത്തിനിരയാകുന്ന ഭയാനകമായ സാമൂഹികാവസ്‌ഥയില്‍ അങ്ങേയറ്റം അരക്ഷിതമായി ജീവിച്ചുകൊണ്ടിരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ഒരു പ്രതിയുടെ അഭിമുഖം കണ്ടാല്‍ ഭീതിയുണ്ടാകുമെന്ന വാദം എത്രമാത്രം പരിഹാസ്യമാണ്‌!

ആണധികാര വ്യവസ്‌ഥയ്‌ക്ക്‌ പരുക്കേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയാണ്‌ ഭരണകൂടത്തിന്റെ ഇടപെടലുകളിലെല്ലാം അടങ്ങിയിരിക്കുന്നതെന്നത്‌ സുവ്യക്‌തമാണ്‌. സര്‍ക്കാരിന്റെ അനുമതി വാങ്ങി ഒരു അന്തര്‍ദേശീയമാധ്യമം 2013 ജൂെലെ മുതല്‍ രണ്ടു വര്‍ഷം തിഹാര്‍ ജയിലിലും പുറത്തുമെല്ലാം ചിത്രീകരണം നടത്തുമ്പോഴൊന്നും കണ്ടെത്താത്ത ചട്ടലംഘനാരോപണങ്ങളുമായി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവരുന്നതിന്റെ ഉദ്ദേശങ്ങള്‍ ആര്‍ക്കാണ്‌ മനസിലാകാത്തത്‌? ഡോക്യുമെന്ററിക്കെതിരേ ഡല്‍ഹി പോലീസ്‌ കേസും രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞിരിക്കുന്നു.

പാര്‍ലമെന്റിനകത്ത്‌ ഈ സ്‌ത്രീപക്ഷ ഡോക്യുമെന്ററിക്കെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കമുള്ള വനിതാ നേതാക്കളാണെന്നതാണ്‌ വിചിത്രവും അപമാനകരവുമായ വസ്‌തുത. പാര്‍ലമെന്റിന്റെ ശൂന്യവേളയില്‍ നടുത്തളത്തിലിറങ്ങിയ പി.കെ. ശ്രീമതി അടക്കമുള്ള അംഗങ്ങളാണ്‌ പുരുഷഹിംസാധികാര വ്യവസ്‌ഥയുടെ തൊലിയുരിച്ചുകാട്ടിയ ആ ഡോക്യുമെന്ററി നിരോധിക്കണമെന്ന്‌ ആദ്യം ആവശ്യമുന്നയിച്ചത്‌ എന്ന്‌ പാര്‍ട്ടി മുഖപത്രം തന്നെയാണ്‌ തെല്ലഭിമാനത്തോടെ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതും കഴിഞ്ഞ്‌ പിറ്റേന്നാള്‍ സി.പി.എമ്മിന്റെ മഹിളാ സംഘടനയുടെ അഖിലേന്ത്യാ നേതൃത്വം തന്നെ ഇതേ ആവശ്യവുമായി രംഗത്തുവരികയും ചെയ്‌തു.

അധികാരപ്രയോഗത്തിന്‌ അവസരം കാത്തിരുന്ന കേന്ദ്രസര്‍ക്കാര്‍ താമസംവിനാ ഡോക്യുമെന്ററിയുടെ സംപ്രേഷണം രാജ്യത്തു നിരോധിക്കുകയും ചെയ്‌തു. ആദ്യം ചാനല്‍ സംപ്രേഷണമാണ്‌ തടയാന്‍ ഉദ്ദേശിച്ചതെങ്കിലും പ്രതിപക്ഷ പിന്തുണയുടെ ആവേശത്തില്‍ യുട്യൂബ്‌ അടക്കമുള്ള ഓണ്‍െലെന്‍ മേഖലയില്‍ കൂടി നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാരിന്‌ തെല്ലും ആലോചിക്കേണ്ടി വന്നില്ല. നിരോധനത്തിന്‌ അവസരം കാത്തിരുന്ന മോഡി സര്‍ക്കാരിനു സി.പി.എം. അടക്കമുള്ളവരുടെ പിന്തുണ ചില്ലറ സൗകര്യമല്ല ചെയ്‌തു കൊടുത്തതെന്ന്‌ വിവാദത്തിന്റെ അഞ്ചാം നാള്‍ പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്‌ ഏറ്റുപറയേണ്ടി വന്നെങ്കില്‍ ആ ചെയ്‌ത കുറ്റകൃത്യത്തിന്റെ അളവും ആഴവും പരപ്പും എത്ര വലുതെന്ന്‌ വ്യക്‌തമാക്കാന്‍ മറ്റൊരു വിശദീകരണം വേണ്ടതുണ്ടോ?!

തീര്‍ച്ചയായും ആണധികാര പൊതുബോധം ഇടതുപാര്‍ട്ടികളെന്ന്‌ അവകാശപ്പെടുന്നവരുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്ന വനിതകളെ പോലും ബാധിച്ച ആശങ്കാജനകമായ ഒരു സാമൂഹികാവസ്‌ഥയില്‍ ഈ ഡോക്യുമെന്ററി കൂടുതല്‍ പേര്‍ കാണുകതന്നെയാണ്‌ വേണ്ടത്‌. രാജ്യത്തിന്റെ നീതിവ്യവസ്‌ഥയെ അപമാനിച്ച അഭിഭാഷകര്‍ക്ക്‌ മേല്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. രാജ്യത്തെ സ്‌ത്രീകളുടെ സാമൂഹികജീവിതപദവി ഉയര്‍ത്താനുള്ള വിവിധ കമ്മിഷനുകളുടെ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്‌. തീര്‍ച്ചയായും ഇതല്ല ഇന്ത്യന്‍ സംസ്‌കാരമെന്ന്‌ തെളിയിക്കാനുള്ള വലിയൊരു നവോത്ഥാനമുന്നേറ്റത്തിനാണ്‌ ആ ഡോക്യൂമെന്ററി പ്രചോദനമാവേണ്ടത്‌.

നിരോധനങ്ങള്‍കൊണ്ടു മൂടിവച്ചല്ല, ദയനീയമായ സാമൂഹികാവസ്‌ഥകളെയും ജനാധിപത്യവിരുദ്ധമായ മൂല്യസങ്കല്‍പ്പങ്ങളേയും അടിമുടി പൊളിച്ചുപണിതു കൊണ്ടാണ്‌ രാജ്യം ലോകത്തിന്‌ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കേണ്ടത്‌. അന്ത്യശ്വാസംവരെ നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ച നട്ടെല്ലുള്ള പെണ്ണിന്റെ മറുപേരാണ്‌ നിര്‍ഭയ. ആണത്തകുറ്റവ്യവസ്‌ഥയെ പ്രാണന്‍ കൊടുത്തു ചെറുത്ത പെണ്ണത്തത്തിന്റെ പോര്‍വീര്യമാണത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top