Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

വിലപേശി വിജയസാധ്യത ഉറപ്പിക്കാന്‍ ചെറുപാര്‍ട്ടികള്‍

വി.പി. നിസാര്‍

mangalam malayalam online newspaper

മലപ്പുറം : തതദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റുലഭിക്കാന്‍ പ്രദേശിക അടവുനയങ്ങള്‍ പറഞ്ഞ്‌ ചെറുകക്ഷികളുടെ വിലപേശല്‍.സി.പി.എം., കോണ്‍ഗ്രസ്‌, ലീഗ്‌ എന്നീ പാര്‍ട്ടികളോട്‌ വിലപേശിയാണു ചെറുകക്ഷികള്‍ തെരഞ്ഞെടുപ്പ്‌ ഗോദ തങ്ങള്‍ക്ക്‌ അനുകൂലമാക്കുന്നത്‌. ചെറുപാര്‍ട്ടികള്‍ക്ക്‌ സ്വാധീനമുള്ള പഞ്ചായത്തുകളില്‍ വിജയസാധ്യതയുള്ള ഒരുസീറ്റെങ്കിലും തങ്ങള്‍ക്കു നല്‍കിയാല്‍ മറ്റു വാര്‍ഡുകളില്‍ പ്രമുഖരാഷ്‌ട്രീയ കക്ഷിയെ പിന്തുണക്കാമെന്നതടക്കമുള്ള കാര്യങ്ങളാണു ചര്‍ച്ച.
എസ്‌.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി, പി.ഡി.പി, ഐ.എന്‍.എല്‍. തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇതിനോടകം പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തിക്കഴിഞ്ഞു. പ്രമുഖ നേതാക്കളുടെ ഇടപെടലുകള്‍ക്കപ്പുറം പ്രദേശികമായ അടവുനയങ്ങളാണു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവന്‍രാഷ്‌ട്രീയ പാര്‍ട്ടികളും പയറ്റുന്നത്‌. ഇത്തരം ചര്‍ച്ചകളില്‍ വിവിധ പഞ്ചായത്തുകളില്‍ പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികള്‍ ചെറുപാര്‍ട്ടികള്‍ക്ക്‌ പച്ചക്കൊടി നല്‍കിക്കഴിഞ്ഞു. ഇതില്‍ വെല്‍ഫെയര്‍പാര്‍ട്ടിയും എസ്‌.ഡി.പി.ഐയും പി.ഡി.പിയും ബി.ജെ.പി. ഒഴികെയുള്ള മുഴുവന്‍ രാഷ്‌ട്രീയപാര്‍ട്ടികളുമായ അടവുനയത്തിനു തയാറാണ്‌.
വിവിധ പഞ്ചായത്തുകളില്‍ പ്രാദേശിക നേതാക്കളുമായി ഇത്തരംചെറുപാര്‍ട്ടികള്‍ ധാരണയിലായി. ഇതില്‍ പി.ഡി.പി., സി.പി.എമ്മുമായും യു.ഡി.എഫുമായും വിവിധ പഞ്ചായത്തുകളില്‍ ഏകദേശ ധാരണയിലെത്തി.
എല്‍.ഡി.എഫ്‌. ഭരിക്കുന്ന വളാഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിലവിലെ വൈസ്‌ പ്രസിഡന്റ്‌ പി.ഡി.പി. അംഗമാണ്‌. പി.ഡി.പിയുടെ വോട്ടുലഭിച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത്‌ തങ്ങള്‍ക്ക്‌ അനുകൂലമാക്കാനാകുമെന്ന ധാരണയില്‍ മുസ്ലിംലീഗ്‌ നേതാക്കള്‍ ഇപ്രാവശ്യം നേരത്തെ തന്നെ പി.ഡി.പി. നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ ഐ.എന്‍.എല്‍. എല്‍.ഡി.എഫ്‌. നേതൃത്വവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഐ.എന്‍.എല്ലില്‍ പ്രവര്‍ത്തിക്കുന്ന എ.പി. വിഭാഗം പ്രവര്‍ത്തകരെ ഇപ്രാവശ്യം മത്സര രംഗത്ത്‌ എത്തിക്കാനും ഏകദേശ ധാരണയായതായി ഐ.എന്‍.എല്‍. സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.പി. അബുല്‍ വഹാബ്‌ പറഞ്ഞു. എല്‍.ഡി.എഫുമായി പലജില്ലകളിലും ചര്‍ച്ചനടത്തി. ഈരാറ്റുപേട്ടയിലും ഏകദേശധാരണയായതോടൊപ്പം കൊല്ലത്തും പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
എന്നാല്‍ നിലവിലെ മുഴുവന്‍ നഗരസഭകളിലും ഐ.എന്‍.എല്ലിനു സ്‌ഥാനാര്‍ഥിയുണ്ടാകുമെന്നും ഐ.എന്‍.എല്‍ നേതൃത്വം വ്യക്‌തമാക്കി. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഐ.എന്‍.എല്‍. സംസ്‌ഥാന വ്യാപകമായ തെരഞ്ഞെടുപ്പ്‌ പ്രചരണ കണ്‍വെന്‍ഷനുകള്‍ നടത്തിവരികയാണ്‌. എസ്‌.ഡി.പി.ഐയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും സ്‌ഥാനാര്‍ഥികളെ നിര്‍ത്തും. എല്ലാ പഞ്ചായത്തിലും എസ്‌.ഡി.പി.ഐയുടെ പ്രാതിനിധ്യം അറിയിക്കുകയാണ്‌ ലക്ഷ്യമെങ്കിലും പഞ്ചായത്തുകളില്‍ വിജയ സാധ്യതയുള്ള സീറ്റില്‍ പിന്തുണയ്‌ക്കുന്ന പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളെ മറ്റുവാര്‍ഡുകളില്‍ പിന്തുണയ്‌ക്കുകയും ചെയ്ും. ഇടതു-യവലതു ചെറുരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു ഐക്യമുണ്ടാക്കാനും എസ്‌.ഡി.പി.ഐ. ലക്ഷ്യംവെക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായ തെരഞ്ഞെടുപ്പ്‌ രംഗത്തേക്കു കടന്നുവന്ന ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്കു തെരഞ്ഞെടുപ്പില്‍ ആദ്യ അക്കൗണ്ട്‌ തുറക്കാനുള്ള അവസരമാണിത്‌. ഇതിനാല്‍ എസ്‌.ഡി.പി.ഐ അടക്കമുള്ള സംഘടനകളുമായി കൂട്ടുകൂടാനും പാര്‍ട്ടി തയാറാകും. വിജയത്തിനു പ്രധാന്യംനല്‍കിലുള്ള പ്രവര്‍ത്തനമാണു വെല്‍ഫെയര്‍പാര്‍ട്ടി ലക്ഷ്യംവെക്കുന്നതെന്നു സംസ്‌ഥാന സെക്രട്ടറി കെ.എ. ശഫീഖ്‌ വ്യക്‌തമാക്കി. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ വയനാട്‌, പൊന്നാനി, മലപ്പുറം, ചാലക്കുടി, പാലക്കാട്‌, ആറ്റിങ്ങല്‍ പഞ്ചായത്തുകളില്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയാണു വെല്‍ഫെയര്‍പാര്‍ട്ടി ആദ്യമായി തെരഞ്ഞെടുപ്പ്‌ ഗോദയിലെത്തിയത്‌. തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിന്നുമാത്രമായി അമ്പതിനായിരംവോട്ട്‌ പാര്‍ട്ടിക്ക്‌ ശേഖരിക്കാന്‍ കഴിഞ്ഞതായി പാര്‍ട്ടി അവകാശപ്പെടുന്നു. ഇതിനാല്‍തന്നെ ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ പാര്‍ട്ടികളുമായി സഹകരണ മനോഭാവത്തില്‍ തെരഞ്ഞെടുപ്പിനിറങ്ങാനുള്ള നീക്കത്തിലാണു വെല്‍ഫെയര്‍പാര്‍ട്ടി.
ഫാസിസ്‌റ്റുകളൊഴികെയുളളവര്‍ക്കെതിരേ കട്ടുകൂടാമെന്നാണു പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനി പാര്‍ട്ടി അണികളോട്‌ പറഞ്ഞത്‌. ഇതിനാല്‍ ഇടതിനും വലതിനും പുറമേ ചെറുപാര്‍ട്ടികളുമായും സഹകരണത്തില്‍ ഗോദയിലിറങ്ങുമെന്നും തങ്ങളെ പിന്തുണയ്‌ക്കുന്നവരെ മറിച്ചും പിന്തുണയ്‌ക്കുമെന്നും പി.ഡി.പി വ്യക്‌തമാക്കി. മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണു പി.ഡി.പിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിനെ നേരിടുന്നതുമായി ബന്ധപ്പെട്ടു പാര്‍ട്ടി സംസ്‌ഥന തലത്തില്‍ കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു.
ഒരു ജില്ലയില്‍തന്നെ പി.ഡി.പി. എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും പിന്തുണയ്‌ക്കുന്ന അവസരമുണ്ടാകാനും സാധ്യതയുണ്ട്‌. ഓരോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണു പി.ഡി.പി രാഷ്‌ട്രീയ അടവുനയത്തിനൊരുങ്ങുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top