Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ബി.ജെ.പിയും കെ.എം. മാണിയും

കേവീയെസ്‌ ഹരിദാസ്‌

mangalam malayalam online newspaper

കെ.എം. മാണിയും കേരളാ കോണ്‍ഗ്രസും വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. ബി.ജെ.പിയുടെ പുതിയ രാഷ്ര്‌ടീയനീക്കമാണ്‌ അതിനു കാരണമായിരിക്കുന്നത്‌. രാഷ്‌ട്രീയ സഹകാരികളുടെ പട്ടികയില്‍ കേരളാ കോണ്‍ഗ്രസ്‌ -എമ്മിനെക്കൂടി ഉള്‍പ്പെടുത്താന്‍ ബി.ജെ.പി. തീരുമാനിക്കുകയായിരുന്നു. ഒന്നുകൂടി പറയട്ടെ, മാണി കേരളാ കോണ്‍ഗ്രസുകാര്‍ മാത്രമല്ല, ഇടതുകക്ഷിയായ ആര്‍.എസ്‌.പിയും മറ്റും ആ പട്ടികയിലുണ്ട്‌. കേരളത്തില്‍ ബി.ജെ.പി. പ്രത്യാശിക്കുന്ന രാഷ്ര്‌ടീയനീക്കങ്ങളില്‍ കെ.എം. മാണിക്കും കേരളാ കോണ്‍ഗ്രസിനും ഒരു പങ്കുണ്ട്‌ എന്നു കരുതിയാല്‍ രാഷ്ര്‌ടീയമായി ചിന്തിക്കുന്നവര്‍ക്കു തെറ്റായി കാണാനാകില്ലല്ലോ.
പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മുന്‍പും ബി.ജെ.പിയും കേരളാ കോണ്‍ഗ്രസും ഒന്നിച്ച ചരിത്രമുണ്ട്‌. ഒരു ദശാബ്‌ദം മുന്‍പ്‌ കോട്ടയം ജില്ലയില്‍ എഴുതി തയാറാക്കിയ ധാരണയില്‍ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തിട്ടുണ്ട്‌. പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നിച്ചുനീങ്ങാന്‍ തയാറായാല്‍ അതു രണ്ടു കക്ഷികള്‍ക്കും ഗുണകരമാണുതാനും. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നൂറുകണക്കിനു വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചു. ഒട്ടേറെ പഞ്ചായത്തുകളിലും നഗരസഭകളിലും തിരുവനന്തപുരം പോലുള്ള മഹാനഗരങ്ങളിലും ആരു ഭരിക്കണമെന്നു തീരുമാനിക്കാന്‍ കഴിയുന്ന അവസ്‌ഥയിലേക്കു ബി.ജെ.പിയുടെ അംഗബലം വര്‍ധിച്ചു. അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തേണ്ടുന്ന രാഷ്‌ട്രീയകക്ഷിയല്ല ബി.ജെ.പി എന്ന തിരിച്ചറിവ്‌ എല്ലാവരിലും ഉണ്ടാക്കാനും കഴിഞ്ഞു.
ഇന്ന്‌ ഒരു വിളി ബി.ജെ.പിയില്‍നിന്നുമുണ്ടായിരിക്കുന്നു. തീരുമാനമെടുക്കേണ്ടത്‌ മാണിയും സഹപ്രവര്‍ത്തകരുമാണ്‌. തല്‍ക്കാലം പഞ്ചായത്ത്‌ നഗരസഭാതല ധാരണയാണ്‌ ബി.ജെ.പി ആഗ്രഹിക്കുന്നത്‌. എന്നാലതിന്‌ അതിലും വലിയ ലക്ഷ്യങ്ങളുണ്ട്‌ എന്നത്‌ എല്ലാവരും മനസിലാക്കുന്നുണ്ട്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്‌ തന്നെയാണ്‌ ബി.ജെ.പി. ലക്ഷ്യമിടുന്നത്‌. മാണി എന്ന അഴിമതിക്കാരനെ എന്തിനാണ്‌ ജി.എസ്‌.ടി. സംബന്ധിച്ച സംസ്‌ഥാന ധനകാര്യ മന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനാക്കിയത്‌ എന്നു ചോദിച്ചവരുണ്ട്‌. കെ.എം. മാണി എന്ന പരിചയസമ്പന്നനായ ധനകാര്യ മന്ത്രിക്കു നീട്ടിയ ഉപഹാരം മാത്രമായിരുന്നില്ല അതെന്ന്‌ പലരും സംശയിക്കുകയും ചെയ്‌തു. കേരളത്തിലെ ബി.ജെ.പിയും മറ്റും മാണിക്കെതിരേ പരസ്യമായി സമരം ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ വീരഗാഥകള്‍ അടങ്ങുന്ന ജീവചരിത്രം പ്രകാശനം ചെയ്യാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ഇവിടെ വന്നത്‌ നാം കണ്ടതാണ്‌. അതിലും വ്യക്‌തമായ ഒരു രാഷ്ര്‌ടീയമുണ്ട്‌ എന്നു കരുതിയയാളാണ്‌ ഞാന്‍. അതും ഇപ്പോള്‍ ശരിവെക്കപ്പെടുന്നു.
ബി.ജെ.പി. കേന്ദ്രനേതൃത്വം ദീര്‍ഘദൃഷ്‌ടിയോടെ കരുക്കള്‍ നീക്കിയിരുന്നുവെന്നും മനസിലാക്കേണ്ടിയിരിക്കുന്നു. ഇന്നിപ്പോള്‍ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ പരസ്യമായി ക്ഷണിക്കുമ്പോള്‍ അതിനു ആര്‍.എസ്‌.എസ്‌. നേതൃത്വത്തിന്റെ അംഗീകാരമുണ്ടോയെന്നു വ്യക്‌തമല്ല. ബി.ജെ.പി. കേന്ദ്ര നേതൃത്വം മുന്‍പൊരിക്കലും തങ്ങള്‍ക്കു ജയിക്കാന്‍ കഴിയാത്ത കേരളത്തെ എത്ര ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും മനസിലാക്കാന്‍ കഴിയും. വെള്ളാപ്പള്ളിയും എസ്‌.എന്‍.ഡി.പിയും മാത്രമല്ല കത്തോലിക്കരും ബി.ജെ.പിയുടെ പട്ടികയിലുണ്ടെന്നും വ്യക്‌തമാകുന്നു.
ശ്രീനാരായണപ്രസ്‌ഥാനം മുന്നോട്ടുവയ്‌ക്കുന്ന വലിയ ലക്ഷ്യങ്ങള്‍ക്കു കരുത്തുപകരാന്‍ സംഘ പ്രസ്‌ഥാനങ്ങള്‍ക്കു കഴിയുമെന്ന ബോധം താഴേത്തട്ടില്‍വരെ എത്തിക്കാന്‍ തെരഞ്ഞെടുപ്പിലെ കൈകോര്‍ക്കല്‍ കൊണ്ടു ബി.ജെ.പിക്കു സാധിച്ചു. എസ്‌.എന്‍.ഡി.പി. പുതിയ രാഷ്ര്‌ടീയ കക്ഷി രൂപീകരിക്കുന്നതോടെ ആ ബന്ധം ശക്‌തമാകും എന്നതില്‍ സംശയമില്ല. വെറുമൊരു അക്കൌണ്ട്‌ തുറക്കലല്ല, കേരളം ഭരിക്കാന്‍ കഴിയുന്ന നിലയിലേക്കു വളരലാണ്‌ ബി.ജെ.പി. ഉദ്ദേശിക്കുന്നത്‌. 1980-ല്‍ ബി.ജെ.പി രൂപീകരിക്കുന്നതു മുതല്‍ കേരളത്തിലെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അവസരം ലഭിച്ചയാളാണ്‌ ഞാന്‍. പലപ്പോഴും തെരഞ്ഞെടുപ്പുവേളയില്‍ ജയിക്കാനായി പല ഉദ്യമങ്ങളും അവര്‍ക്കിവിടെ നടത്തെണ്ടിവന്നിട്ടുണ്ട്‌. അതൊക്കെ ബി.ജെ.പിയുടെ മാത്രം തീരുമാനങ്ങളായിരുന്നില്ല, മറിച്ച്‌ സംഘപരിവാറിന്റെ യോജിച്ച നീക്കങ്ങളായിരുന്നു.

കേരളാ കോണ്‍ഗ്രസ്‌ എന്നും ബി.ജെ.പിക്കു പ്രതീക്ഷിക്കാവുന്ന ഒരു കൂട്ടാളിയാണ്‌ എന്നു വളരെമുന്‍പെ കരുതിയിരുന്ന ഒരാളാണ്‌ ഞാന്‍. ഹിന്ദുക്കളാണ്‌ ബി.ജെ.പിയുടെ അടിത്തറയെങ്കില്‍ ്രെകെസ്‌തവസഭയാണ്‌ കേരളാ കോണ്‍ഗ്രസിന്റെ ശക്‌തി. ഇരുകൂട്ടര്‍ക്കും ഭിന്ന വോട്ടുബാങ്കാണുള്ളത്‌. യോജിക്കാനാകാത്ത മേഖലകള്‍ അനവധിയുണ്ടാകാം. എന്നാലും സഹകരിക്കാവുന്ന മേഖലകളുണ്ട്‌ എന്നതു രണ്ടുകൂട്ടരും തിരിച്ചറിയുന്നുമുണ്ട്‌. കെ.എസ്‌. സുദര്‍ശന്‍ ആര്‍.എസ്‌.എസ്‌ സര്‍സംഘചാലക്‌ ആയിരുന്ന കാലത്ത്‌ ്രെകെസ്‌തവ- മുസ്ലീം മത നേതാക്കളും മതാധ്യക്ഷന്മാരുമായി ചര്‍ച്ചകള്‍ നടന്നിരുന്നതോര്‍ക്കുക. ആശയവിനിമയമാണ്‌ തെറ്റിദ്ധാരണ നീക്കുന്നതിനുള്ള നല്ല മാര്‍ഗമെന്നാണ്‌ അന്നു സംഘപരിവാര്‍ ചിന്തിച്ചത്‌. അത്‌ വലിയ ഫലമുണ്ടാക്കുകയും ചെയ്‌തു.
കേരളത്തില്‍ ഇന്ന്‌ പുതിയൊരു രാഷ്ര്‌ടീയസഖ്യമാണു രൂപംകൊള്ളുന്നത്‌. അതില്‍ ബി.ജെ.പിയും എസ്‌.എന്‍.ഡി.പിയുടെ രാഷ്‌ട്രീയകക്ഷിയുമടക്കം പലരുമുണ്ടാകും. ചില പ്രമുഖ സമുദായങ്ങളുടെ പിന്തുണയും അതിനു ലഭിച്ചുകൂടായ്‌കയില്ല. ഉദാഹരണത്തിനു നായര്‍ സമുദായം തന്നെ.
അവിടെയാണു കെ.എം. മാണിയെപ്പോലുള്ള ഒരു അനുഭവസമ്പത്തുള്ള നേതാവിന്റെ പ്രസക്‌തിയും പ്രാധാന്യവും. നാലര പതിറ്റാണ്ടിലേറെ കോണ്‍ഗ്രസിന്റെ കൂടെ കഴിഞ്ഞിട്ടും ഒരിക്കലും മുഖ്യമന്ത്രിക്കസേര നല്‍കാതെ അവസാനം കോഴക്കേസില്‍ കുടുക്കുകയായിരുന്നു എന്ന തോന്നലുമുണ്ടായി. അതിനൊരു മധുര പ്രതികാരം ചെയ്യാനുള്ള അവസരം വരുന്നുവെന്ന്‌ എന്തുകൊണ്ട്‌ കരുതിക്കൂടാ.
ബി.ജെ.പിയോടൊപ്പം ചേര്‍ന്നാല്‍ ജയിക്കാന്‍ കഴിയില്ല എന്നൊക്കെ കരുതിയ നാളുകള്‍ കഴിഞ്ഞുവെന്നതും തദ്ദേശ തെരഞ്ഞെടുപ്പിലൂടെ വ്യക്‌തമായല്ലോ. 2004-ല്‍ പി.സി. തോമസ്‌ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പിയുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ചതും അതിനൊപ്പം ചേര്‍ത്തുവായിച്ചാല്‍ ആശയക്കുഴപ്പം അവസാനിക്കേണ്ടതാണ്‌. പിന്നെ അഴിമതിയും കോഴയും. അങ്ങിനെയൊന്നില്ല എന്നാണല്ലോ കോണ്‍ഗ്രസുകാരും പറയുന്നത്‌. അഗ്‌നിശുദ്ധി വരുത്തി പുറത്തിറങ്ങാന്‍ ആവശ്യമായ സമയം ഇപ്പോഴും കെ.എം. മാണിക്കു മുന്നിലുണ്ട്‌ എന്നതും അനുകൂല ഘടകമാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top