Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മണ്‍സൂണ്‍ കുറവുനികത്തി രണ്ടാംഘട്ട മഴ : കാലാവസ്‌ഥാ വ്യതിയാനത്തില്‍ ആശങ്കയോടെ കര്‍ഷകര്‍

ഷിന്റോ തോമസ്‌

മണ്‍സൂണില്‍ പെയ്യാതെ പോയ പിന്നീടു തിമിര്‍ത്തു പെയ്‌തതോടെ പാലക്കാട്‌ ഒഴികെയുള്ള ജില്ലകളില്‍ രണ്ടാം ഘട്ട മഴയില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന.
പതിവിന്‌ വിപരീതമായി രണ്ടാംഘട്ട മഴ കനത്തതു തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ്‌ കര്‍ഷകര്‍. 20 ശതമാനം വര്‍ധന സംസ്‌ഥാനത്തു രണ്ടാംഘട്ട മഴയിലുണ്ടായതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. സംസ്‌ഥാനത്ത്‌ ഇത്തവണ കാലവര്‍ഷത്തിന്റെ അളവില്‍ 26 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. മണ്‍സൂണിലെ കുറവു വരള്‍ച്ചയ്‌ക്കും വൈദ്യുതി പ്രതിസന്ധിക്കും കാരണമാകുമെന്നു കാലാവസ്‌ഥാ നിരീക്ഷകര്‍ കരുതിയെങ്കിലും കാലം തെറ്റി പെയ്‌ത മഴ രണ്ടാം ഘട്ടത്തില്‍ തിമിര്‍ത്തു.
രണ്ടാംഘട്ടത്തില്‍ സംസ്‌ഥാനത്തു 44 സെന്റീമീറ്റര്‍ മഴയാണു ലഭിക്കേണ്ടതെങ്കില്‍ 53 ശതമാനം ഇതുവരെ ലഭിച്ചു കഴിഞ്ഞു. മറ്റു മുഴുവന്‍ ജില്ലകളിലും രണ്ടാംഘട്ടത്തില്‍ മഴ കൂടിയപ്പോള്‍ പാലക്കാടുമാത്രം 20 ശതമാനത്തിന്റെ കുറവുണ്ടായി. രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതു കണ്ണൂരാണ്‌; 55 ശതമാനം അധിക മഴ ലഭിച്ചു. കോട്ടയത്തു പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 24 ശതമാനവും പത്തനംതിട്ടയില്‍ 53 ശതമാനവും മഴ അധികമായി ലഭിച്ചുവെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു. കാലവര്‍ഷത്തിലും പാലക്കാട്‌ മഴ കുറവായിരുന്നു, 35 ശതമാനത്തിന്റെ കുറവാണു കാലവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്‌. പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരം മൊത്തം മഴയില്‍ വന്‍ കുറവുണ്ടാകാനുള്ള സാധ്യതകളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. റബര്‍ ഗവേഷണകേന്ദ്രത്തിലെ കണക്കനുസരിച്ചു കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടുവരെ 318 സെന്റിമീറ്റര്‍ മഴ പെയ്‌തിരുന്നുവെങ്കില്‍ ഇത്തവണ ഇന്നലെവരെ പെയ്‌തതു 260 സെന്റീമീറ്റര്‍ മാത്രമാണ്‌. സമീപകാലത്ത്‌ ഏറ്റവും കൂടുതല്‍ മഴക്കുറവുണ്ടായ 2012നേക്കാള്‍ കൂടുതല്‍ മഴ പെയ്‌തു എന്നതു മാത്രമാണ്‌ ഏക ആശ്വാസം. 2010 ല്‍ 358 സെന്റീമീറ്ററും 2011ല്‍ 390 സെന്റീമീറ്ററും 2012ല്‍ 206 സെന്റീമീറ്ററും 2013ല്‍ 323 സെന്റീമീറ്ററും മഴ പെയ്‌തിരുന്നു.
മഴയുടെ അളവില്‍ വന്‍ കുറവുണ്ടാകില്ലെങ്കിലും യഥാസമയം പെയ്യാതിരുന്നതു കാര്‍ഷിക മേഖലയെ തകിടം മറിക്കുമെന്നു കാര്‍ഷിക ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. സാധാരണ നവംബര്‍ പകുതിയോടെ അവസാനിക്കുന്ന തുലാമഴ ഇപ്പോഴും പെയ്യുന്നതു നെല്‍, പച്ചക്കറി ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നു കാര്‍ഷിക ശാസ്‌ത്രജ്‌ഞര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top