Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മലയാളി നഴ്‌സുമാര്‍ക്ക്‌ വീണ്ടും ദുരിതകാലം

1360059388_1360059388_guru-njanathapasi.jpg

ആനുകാലികം

സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

മതാതീത ആത്മീയതയുടെയും മതേതരത്വത്തിന്റെയും വക്താവായി അറിയപ്പെടുന്ന സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമത്തിന്റെ ആഗോളവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തിത്വമാണ്‌ ആത്മീയനേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, മികച്ച സംഘാടകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന സ്വാമി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
View Comments
mangalam malayalam online newspaper

കാരുണ്യത്തിന്റെ കൈവഴികള്‍ക്ക്‌ ഉറവ വറ്റുന്നില്ലെന്ന യാഥാര്‍ഥ്യം നമ്മളെ ഓര്‍മപ്പെടുത്തുന്നതാണു നഴ്‌സുമാരുടെ സേവനം. ആതുരസേവനരംഗത്തു സ്‌തുത്യര്‍ഹവും അനിഷേധ്യവുമായ സ്‌ഥാനമാണിവര്‍ക്ക്‌. അവരുടെ കരസ്‌പര്‍ശമേല്‍ക്കാത്ത ഒരു മനുഷ്യജീവിയും ഭൂമുഖത്തുണ്ടാകില്ല. ജീവിതത്തിന്റെ വൈതരണി ഘട്ടങ്ങളെയെല്ലാം ഒരു തോണിക്കാരന്റെ ജാഗ്രതയോടെ നമ്മളെ മറുകരയെത്തിക്കുന്ന നഴ്‌സുമാരെക്കുറിച്ചു നാം ചിന്തിക്കാറുണ്ടോ? വൈദ്യന്‍ വിദ്വാനായാല്‍ മതി, പരികര്‍മ്മി ബുദ്ധിമാനായിരിക്കണമെന്നു പഴമക്കാര്‍ പറഞ്ഞതിന്റെ അര്‍ഥവും നാം മനസിലാക്കുന്നില്ല. തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം അവഗണനയും ചൂഷണവും നേരിടുന്നതു നഴ്‌സിങ്‌ വിഭാഗമാണ്‌. ഇന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം പുതിയ വെല്ലുവിളികള്‍ നേരിടുകയാണ്‌.

വിദേശികളായ ജി.എന്‍.എം. നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചുവിടുമെന്ന സൂചനകള്‍ വന്നതോടെ ആയിരക്കണക്കിനു മലയാളി നഴ്‌സുമാരുടെ ജീവിതത്തിനു നേരെ ചോദ്യചിഹ്‌നം ഉയരുകയാണ്‌. ബി.എസ്‌സി നഴ്‌സുമാരെ മാത്രം നിയമിക്കാനാണു സൗദിയുടെ നീക്കം. ഡിപ്‌ളോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കിനല്‍കി സൗദി ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. സൗദി മാതൃക മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ഗള്‍ഫിലെ മലയാളി നഴ്‌സുമാര്‍ പ്രതിസന്ധിയിലാകും. ഇറാഖ്‌, ലിബിയ എന്നിവിടങ്ങളില്‍നിന്നു ജോലിയുപേക്ഷിച്ചെത്തിയവരുടെ പുനരധിവാസം പോലും കാര്യക്ഷമമാകാത്ത സാഹചര്യത്തിലാണു സൗദിയുടെ നീക്കങ്ങള്‍ ഞെട്ടിക്കുന്നത്‌.

ലോകമെങ്ങും മലയാളി നഴ്‌സുമാര്‍ ആദരിക്കപ്പെടുമ്പോഴും സ്വന്തം നാട്ടില്‍ അവര്‍ക്ക്‌ അവഗണനയാണ്‌. ഏതാനും വര്‍ഷമായി നഴ്‌സുമാര്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്‌. പലരും അയ്യായിരമോ ആറായിരമോ രൂപയ്‌ക്കാണ്‌ ജോലി ചെയ്യുന്നത്‌. പലര്‍ക്കും പന്ത്രണ്ടു മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്നു. കൂടാതെ നൈറ്റ്‌ ഡ്യൂട്ടിയും. ആതുരസേവനരംഗത്തെ മാലാഖമാരെന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും ലക്ഷക്കണക്കിനു മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്കു സമരരംഗത്തിറങ്ങേണ്ടിവന്നു.
സമരത്തിനുശേഷവും നഴ്‌സുമാരോടുള്ള ചൂഷണം അവസാനിച്ചിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആകര്‍ഷക ജോലിയായിരുന്നു നഴ്‌സിങ്‌.

മധ്യകേരളത്തില്‍നിന്നും നഴ്‌സിങ്‌ പഠനത്തിനായി പെണ്‍കുട്ടികളുടെ ഒഴുക്കായിരുന്നു. എന്നാല്‍, വിദേശ തൊഴിലവസരങ്ങള്‍ കുറഞ്ഞതോടെ ചെറുപ്പക്കാര്‍ക്കു താല്‍പര്യം കുറഞ്ഞു. നാട്ടിലെ ശമ്പളം വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്‌ക്കാന്‍ പോലും തികയില്ല. പ്രതീക്ഷ പുലര്‍ത്തിയ മാതാപിതാക്കളും കടക്കെണിയിലായി. ഇതിനിടെയാണു വിദേശത്തേക്കുള്ള നഴ്‌സിങ്‌ പ്രതിസന്ധി. റിക്രൂട്ട്‌മെന്റ്‌ സര്‍ക്കാര്‍ ഏജന്‍സിവഴി പരിമിതപ്പെടുത്തി മാര്‍ച്ച്‌ പന്ത്രണ്ടിനാണു കേന്ദ്രം ഉത്തരവിറക്കിയത്‌. ഇതോടെ, സ്വകാര്യ ഏജന്‍സിവഴി നടപടികള്‍ പൂര്‍ത്തിയാക്കിയവരും അനിശ്‌ചിതത്വത്തിലായി.

ഈ വിഷയത്തില്‍ കേരള, ഡല്‍ഹി ഹൈക്കോടതികളില്‍ നടനിയമ നടപടികളെ തുടര്‍ന്നു ചില സ്വകാര്യ ഏജന്‍സികള്‍ക്ക്‌ മാര്‍ച്ച്‌ 12നു മുമ്പു നടപടികള്‍ പൂര്‍ത്തിയാക്കിയവരെ വിദേശത്തെത്തിക്കാന്‍ താല്‍ക്കാലിക അനുവാദം നല്‍കിയിട്ടുണ്ട്‌.

റിക്രൂട്ട്‌മെന്റിനു സൗദി അറേബ്യ അപേക്ഷ ക്ഷണിച്ചെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയ്‌ക്കു സൗദി സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സികളുടെ പട്ടികയിലിടം നേടാനായിട്ടില്ല. മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിയായ ഓഡാപെക്‌ പട്ടികയിലുണ്ടെങ്കിലും റിക്രൂട്ട്‌മെന്റിനു കേരളത്തില്‍ വേദി ലഭിച്ചിട്ടില്ല. നഴ്‌സിങ്‌ മേഖലയുടെ രക്ഷയ്‌ക്കു കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌.

മലയാളി നഴ്‌സുമാരുടെ ആതുരസേവനരംഗത്തെ സല്‍പ്പേര്‌ യഥാവിധം ഉപയോഗപ്പെടുത്താന്‍ നാമിനിയും വൈകിക്കൂടാ. അതുവഴി ലോകമെങ്ങും ആതുരസേവനരംഗത്ത്‌ ഇന്ത്യയുടെ സവിശേഷ സാന്നിധ്യവും പ്രസക്‌തിയും വര്‍ധിക്കും. ഭാരതീയ സംസ്‌കൃതിക്ക്‌ അന്തസത്തപകര്‍ന്നു നല്‍കിയ ശ്രേഷ്‌ഠമായ മാതൃത്ത്വത്തിന്റെയും, സാഹോദര്യത്തിന്റെയും മഹനീയ സന്ദേശങ്ങള്‍ ലോകജനതയ്‌ക്ക്‌ പകര്‍ന്നുനല്‍കുന്ന നഴ്‌സിങ്‌ ജീവനക്കാരെ നമ്മള്‍ തിരസ്‌കരിക്കരുത്‌.

കോടിക്കണക്കിന്‌ രൂപയുടെ വിദേശനാണ്യം ഇന്ത്യയില്‍ എത്തിക്കുന്നതിന്‌ നല്ലൊരു പങ്ക്‌ ഇവര്‍ക്കുണ്ട്‌. അനേകായിരങ്ങളുടെ വേദനകള്‍ക്ക്‌ സാന്ത്വന സ്‌പര്‍ശമേകുന്ന ഇവരുടെ കണ്ണൂകള്‍ നനയാതിരിക്കാന്‍ സര്‍ക്കാര്‍ മിഴിതുറക്കണം.

സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി
( ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)

Ads by Google

* പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പത്രത്തിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top