Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

'മഹാന'ല്ലാത്ത ഒ.എന്‍.വി!

  1. Darsanam
mangalam malayalam online newspaper

ഒ.എന്‍.വി കുറുപ്പ് ആരായിരുന്നു?കവി,ഗാനരചയിതാവ്,പ്രഭാഷകന്‍, ഗദ്യകാരന്‍, അദ്ധ്യാപകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയത് കവി,ഗാനരചയിതാവ് എന്നീ നിലകളിലുള്ള സംഭാവനകളായിരുന്നു.പക്ഷെ, നമ്മുടെ സര്‍ക്കാരിന് ചില ചിട്ടവട്ടങ്ങളുണ്ട്.പത്മഭൂഷണും പത്മശ്രീയും ജ്ഞാനപീഠവും എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ച ഒ.എന്‍.വിക്ക് കിട്ടാത്ത അംഗീകാരമെന്തുണ്ട് എന്നന്വേഷിക്കുകയാവും ഭേദം. ഈ അംഗീകാരങ്ങളൊക്കെയും ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ തേടിയെത്തിയത്.

എന്നാല്‍, സര്‍ക്കാര്‍ അത് സമ്മതിച്ചുതരുമെന്നു തോന്നുന്നില്ല. സര്‍ക്കാരിന്റെ ദൃഷ്ടിയില്‍ ഒ.എന്‍.വി സര്‍ക്കാര്‍ കോളേജിലെ മലയാളം വാദ്ധ്യാരായിരുന്നു. അതെ, അടുത്തൂണ്‍ പറ്റിയ കോളേജ് വാദ്ധ്യര്!

ഒ.എന്‍.വിയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് സംസ്‌കാര ചടങ്ങ് നടക്കുന്ന ദിവസം തിരുവനന്തപുരം നഗരത്തിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള കോളേജുകള്‍ക്ക് അവധി നല്‍കി. അവധി ഉണ്ടോ എന്നതാണല്ലോ ഇന്നത്തെ കാലത്ത് മഹാനാണോ എന്നറിയാനുള്ള മാനദണ്ഡം. രാഷ്ട്രീയനേതാക്കളോ മറ്റേതെങ്കിലും പ്രമുഖരോ മരിച്ചു കഴിഞ്ഞാല്‍ ഉടന്‍ മാദ്ധ്യമസ്ഥാപനങ്ങളിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹമാണ്. സംസ്‌കാരം എപ്പോഴാണെന്നറിയാനേ അല്ല. അവധിയുണ്ടോ എന്നറിയണം. ഉണ്ടെങ്കില്‍ അടുത്ത ഓട്ടം ബിവറേജസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന കുപ്പികളിലൊന്ന് സംഘടിപ്പിക്കുന്നതിനാണ്.ചിക്കന്‍, സിനിമകളുടെ സിഡി എന്നിവയാണ് 'മരണ'ത്തില്‍ സന്താപം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അവധി 'ആഘോഷി'ക്കാന്‍ വേണ്ട മറ്റ് അടിയന്തര 'സാമഗ്രി'കള്‍. ഹര്‍ത്താലിന്റെയും മരണത്തിന്റെയും പേരിലുള്ള അവധികളാണ് ഇന്നിപ്പോള്‍ കുടുംബങ്ങളോ സുഹൃത്തുക്കളോ 'കൂടി'ച്ചേരുന്നതിനുള്ള അവസരമായി പലപ്പോഴും മാറുന്നത്.

ഒ.എന്‍.വിയുടെ മരണത്തിന് സര്‍ക്കാര്‍ - എയ്ഡഡ് കോളേജുകളിലായി അവധി ചുരുങ്ങി. അതും തലസ്ഥാന നഗരത്തില്‍ മാത്രം. അതുകൊണ്ട് സംസ്ഥാന വ്യാപകമായി മദ്യ,ചിക്കന്‍,സിഡി വ്യാപാരത്തില്‍ അന്ന് വലിയ വ്യത്യാസമുണ്ടായില്ല. ഒ.എന്‍.വിയുടെ മരണത്തെ തുടര്‍ന്ന് അവധി വേണമെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധം? എങ്കില്‍തന്നെ തലസ്ഥാനനഗരത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് എയ്ഡഡ് കോളേജുകള്‍ക്ക് മാത്രമായി ചുരുക്കേണ്ടതുണ്ടായിരുന്നോ?അവധി കൊടുക്കുന്നു എങ്കില്‍ എല്ലാവര്‍ക്കും അവധി നല്‍കണം. ഇതിനര്‍ത്ഥം ഈ എഴുതുന്ന ആള്‍ അവധി കാംക്ഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നേ അല്ല. ഒരാളിന്റെ മഹത്ത്വം അവധി കൊണ്ടളക്കുന്ന ഇക്കാലയളവില്‍ ഒ.എന്‍.വി ഒരു സംസ്ഥാന അവധിക്ക് എന്തുകൊണ്ടും അര്‍ഹനാണ്. അല്ലാതെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ഗവ.വിമന്‍സ് കോളേജിലും അദ്ധ്യാപകനായിരുന്നതിന്റെ പേരില്‍ നഗരത്തിലെ സര്‍ക്കാര്‍ - എയ്ഡഡ് കോളേജുകള്‍ക്ക് അവധി നല്‍കിയ അധികൃതര്‍ തലശ്ശേരി ബ്രണ്ണന്‍, കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ്, എറണാകുളം മഹാരാജാസ് എന്നീ കോളേജുകളില്‍ ഒ.എന്‍.വി അദ്ധ്യാപകനായിരുന്നുവെന്നത് അംഗീകരിക്കുന്നില്ലേ?

യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണം. അവധിയാണോ അംഗീകാരത്തിന്റെ മാനദണ്ഡമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അഞ്ചാം മന്ത്രിയുടെ പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ന്യനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഉടന്‍ തീരുമാനം വന്നു - മന്നത്ത് പത്മനാഭന്റെ ജയന്തി അവധി. അവിടെ, വീണ്ടും മുസ്ലിംലീഗ് ഇടപെട്ടു - അങ്ങനെ മുഹ്‌റത്തിനും അവധിയായി ! കേരളത്തിലെ അഭ്യസ്ത വിദ്യരിലും തൊഴിലാളികളിലും പകുതിയോളംപേര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ മുഹ്‌റവും നബിദിനവുമൊന്നും പൊതു അവധിയല്ല. ഇസ്ലാമിക രാജ്യങ്ങളില്‍പോലും അവധിയല്ലാത്ത വിശേഷദിനങ്ങള്‍ കേരളത്തില്‍ നല്‍കേണ്ടതുണ്ടോ എന്ന് ഗൗരവമായി ആലോചിക്കണം. കേരളത്തിലെ ഒട്ടേറെ സ്‌കൂളുകളില്‍ സെന്റ് തോമസ് ദിനം അവധിയാണ്.ക്രൈസ്തവഭൂരിപക്ഷ രാജ്യങ്ങളില്‍പോലും അങ്ങനെയൊരു അവധി ഇല്ല.

മന്നത്ത് പത്മനാഭന്‍ ഹൈന്ദവവിഭാഗത്തിലെ നായര്‍ സമുദായത്തിന്റെ നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിന് അവധി നല്‍കിയ സാഹചര്യത്തില്‍ അതിനെക്കാള്‍ വലിയ സമുദായമായ ഈഴവ സമുദായത്തിന്റെ 'പോപ്പ്' എന്നറിയപ്പെടുന്ന, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ജന്മദിനത്തിന് അവധി നല്‍കിക്കൂടേ? ജീവിച്ചിരിക്കുമ്പോള്‍തന്നെ സപ്തതിയും മറ്റും ആഘോഷിക്കുന്നതിന്റെ പേരില്‍ വെള്ളാപ്പള്ളി കോളേജുകള്‍ ഉയര്‍ത്തി ആഹഌദിക്കുന്ന കൂട്ടത്തിലായതിനാല്‍ ജന്മദിന അവധി ജീവിച്ചിരിക്കുമ്പോള്‍തന്നെ നല്‍കുന്നത് സ്വാഗതം ചെയ്യുകയേയുള്ളൂ.

ഇത്തരത്തില്‍ കൊടുത്ത അനാവശ്യ അവധികളൊക്കെ തിരിച്ചെടുക്കാന്‍ ചങ്കൂറ്റമുള്ള ഒരു കക്ഷിയും ഈ അടുത്തകാലത്തൊന്നും കേരളം ഭരിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് കാലുമാറിക്കാലുമാറി മന്ത്രിക്കസേരയില്‍ ഒരുമാസം ഇരുന്ന കോഴക്കേസരി മരിച്ചാല്‍ കേരളത്തില്‍ ഒരു ദിവസമെങ്കിലും അവധി നല്‍കും. അവധി കൊടുക്കുന്നവര്‍ക്കും അതില്‍ അഭിരമിക്കുന്നവര്‍ക്കുമറിയാം ആ മാന്യനേതാവ് അന്നുപോലും ഓര്‍മിക്കപ്പെടുകില്ലെന്ന്്്. എന്നാല്‍,മരണത്തിനുശേഷം പതിറ്റാണ്ടുകള്‍ കൃതികളിലൂടെ ജീവിക്കുമെന്നുറപ്പുള്ള ഒ.എന്‍.വിയെപ്പോലുള്ളവര്‍ക്ക് പ്രാദേശിക അവധി നല്‍കി 'കൊച്ചാക്കി' അധികാരവിഡ്യാസുരന്‍മാര്‍ ഗൂഡമായി ആനന്ദിക്കും. അത്തരം കൊച്ചാക്കലുകളില്‍ കൊച്ചാകുന്നതല്ല ഒ.എന്‍.വിയെപ്പോലുള്ള മഹാമേരുക്കളുടെ വലിപ്പം എന്ന് ഇവര്‍ എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍...!

Ads by Google

* പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പത്രത്തിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top