Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ചവറ : കരിമണലില്‍ കാലിടറാതെ ആര്‍.എസ്‌.പി. , തീ പാറിക്കാന്‍ സി.പി.എം.

ഇത്തവണ കരിമണലിന്റെ നാട്ടില്‍ മത്സരം തീപാറുമെന്നുറപ്പ്‌. ആര്‍.എസ്‌.പിയുടെ തട്ടകമായ ചവറയില്‍ ഇക്കുറിയും മന്ത്രി ഷിബു ബേബിജോണ്‍തന്നെ സ്‌നാര്‍ഥിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ ആര്‍.എസ്‌.പി. വിട്ടതോടെ കടുത്ത ഇടതുപക്ഷ മനസുള്ള ആര്‍.എസ്‌.പിക്കാര്‍ ചാഞ്ചാട്ടത്തിലാണ്‌. അവര്‍ തെരഞ്ഞെടുപ്പില്‍ ഷിബുവിനെ കാലുവാരിയാലും അത്ഭുതമില്ല. യു.ഡി.എഫിലെ അസംതൃപ്‌തര്‍കൂടി പാലം വലിച്ചാല്‍ ഷിബു ബേബിജോണിന്റെ ഷുവര്‍റ്റിയില്‍ മണ്ണുവീഴും.
ചവറ നിയമസഭാമണ്ഡലം രൂപീകൃതമായ 1977-ലെ തെരഞ്ഞെടുപ്പിലും 1980,1982 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു പടയോട്ടം ആരംഭിച്ച ബേബി ജോണ്‍ ചവറ സ്വന്തം മണ്ഡലമാക്കിമാറ്റി. 1987-ല്‍ കോണ്‍ഗ്രസിലെ കെ. സുരേഷ്‌ബാബുവിനെ 9507 വോട്ടിന്‌ അദ്ദേഹം തോല്‍പിച്ചു. 1991-ല്‍ കോണ്‍ഗ്രസിലെ ജി. പ്രതാപ വര്‍മ തമ്പാനെ 4324 വോട്ടിനും 1996-ല്‍ കോണ്‍ഗ്രസിലെ കെ. കരുണാകരന്‍പിള്ളയെ 8075 വോട്ടിനും തോല്‍പ്പിച്ചു. 2001-ലാണ്‌ ബേബി ജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍ കളത്തിലിറങ്ങിയത്‌.
2001-ല്‍ ആര്‍.എസ്‌.പി മൂന്നായി പിരിഞ്ഞു. ആര്‍.എസ്‌.പി (ബി)യു.ഡി.എഫിലും മറുഭാഗം എല്‍.ഡി.എഫിലും ചേര്‍ന്നു.ഇതിനിടെ ആര്‍.എസ്‌.പി(ബി)യില്‍ നിന്നും ആര്‍.എസ്‌.പി(എം) രൂപീകരിച്ചു ബാബു ദിവാകരന്‍ പുറത്തുചാടി. 2001-ലെ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്‌.പി (ബി)യിലെ ഷിബു ബേബിജോണ്‍ 12483 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്‌. ഔദ്യോഗിക ആര്‍.എസ്‌.പിയിലെ വി.പി. രാമകൃഷ്‌ണപിള്ളയെയാണു കന്നിയങ്കത്തില്‍ ഷിബു തോല്‍പ്പിച്ചത്‌. 2006-ല്‍ ചിത്രം മാറി. ഔദ്യോഗിക ആര്‍.എസ്‌.പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ 1786 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറിയിലൂടെ ഷിബുവിനെ തറപറ്റിച്ചു. 2011-ല്‍ 6061 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍.കെ. പ്രേമചന്ദ്രനെ തോല്‍പ്പിച്ചു ഷിബു പകരംവീട്ടി. മൂന്നു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞശേഷം ഏറ്റുമുട്ടിയ ആര്‍.എസ്‌.പിക്കാര്‍ ഒന്നായെങ്കിലും അടുത്തകാലംവരെ ഒപ്പം നിന്ന കോവൂര്‍ കുഞ്ഞുമോന്‍ മറുകണ്ടം ചാടിയതില്‍ അസ്വസ്‌ഥരാണു ഷിബുവും കൂട്ടരും.
എന്തു വിലകൊടുത്തും ചവറ പിടിച്ചെടുക്കാനുള്ള കഠിനശ്രമത്തിലാണ്‌ ഇടതുപക്ഷം; പ്രത്യേകിച്ച്‌ സി.പി.എം. അതിനായി ശക്‌തനായ സ്‌ഥാനാര്‍ഥിയെ ഇറക്കാനുള്ള പരിശ്രമത്തിലാണവര്‍. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ന്നുമാറി വന്ന ചവറ വിജയന്‍പിള്ളയെ രംഗത്തിറക്കാന്‍ നീക്കമുണ്ട്‌. കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്‌.പി.(ലെനിനിസ്‌റ്റ്‌) പാര്‍ട്ടിയില്‍നിന്നും ഒരാളെ ഷിബുവിനെതിരേ രംഗത്തിറക്കാനും സാധ്യതയുണ്ട്‌. ചവറകൂടി പിടിച്ചെടുത്താല്‍ ജില്ല മൊത്തം കീഴടക്കാമെന്ന കണക്കുകൂട്ടലിലാണ്‌ ഇടതുപക്ഷം.
കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആര്‍.എസ്‌.പി. സ്‌ഥാനാര്‍ഥിയായ എന്‍.കെ. പ്രേമചന്ദ്രനെ ചവറ മണ്ഡലം കാത്തെങ്കിലും തദ്ദേശതെരഞ്ഞെടുപ്പില്‍ ചവറ ബ്ലോക്ക്‌ പഞ്ചായത്തും ഒരെണ്ണമൊഴികെയുള്ള ഗ്രാമപഞ്ചായത്തുകളും ഇടതുമുന്നണി നേടി. ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര ഗ്രാമപഞ്ചായത്തുകളില്‍ തേവലക്കര പഞ്ചായത്ത്‌ മാത്രമാണ്‌ യു.ഡി.എഫിനോടൊപ്പമുള്ളത്‌. ബാക്കി നാലിടത്തും എല്‍.ഡി.എഫിനാണു ഭരണം.
രണ്ടു ജില്ലാപഞ്ചായത്ത്‌ ഡിവിഷനുകളും യു.ഡി.എഫിന്‌ കിട്ടി. പതിവിനു വിപരീതമായി ജില്ലാപഞ്ചായത്ത്‌ ഡിവിഷനുകളില്‍ ബി.ജെ.പി. പതിനായിരത്തിനുമേല്‍ വോട്ട്‌ നേടി. 1987 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്‌. 2011 വരെ ബി.ജെ.പി.ക്കു കിട്ടിയ വോട്ട്‌ യഥാക്രമം 3145, 1944, 3384, 2831,1889, 2026 എന്നിങ്ങനെയാണ്‌. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ ലത്തീന്‍ കത്തോലിക്കരും നായര്‍, ഈഴവ വോട്ടുകളും നിര്‍ണായകശക്‌തിയാണ്‌.
പുനര്‍നിര്‍ണയത്തിനു മുമ്പു ചവറ,പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, കൊല്ലം കോര്‍പറേഷന്റെ ആറ്‌ വാര്‍ഡുകളും ചേര്‍ന്നതായിരുന്നു ചവറ നിയോജകമണ്ഡലം.
തുടര്‍ന്നു നീണ്ടകര, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും കൊല്ലം കോര്‍പറേഷന്റെ മരുത്തടി, ശക്‌തികുളങ്ങര, മീനത്തുചേരി, കാവനാട്‌, രാമന്‍കുളങ്ങര, വട്ടക്കായല്‍, കന്നിമേല്‍ എന്നീ വാര്‍ഡുകളും വള്ളിക്കീഴിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയം ചെയ്‌തു. ചവറ മണ്ഡലത്തില്‍ 171900 വോട്ടര്‍മാരാണുള്ളത്‌. ഇതില്‍ 83433 പുരുഷന്മാരും 88467 സത്രീകളും ഉള്‍പ്പെടുന്നു.
മണ്ഡലത്തിലെ രണ്ടു പ്രധാന പൊതുമേഖലാ സ്‌ഥാപനങ്ങളായ കെ.എം.എം.എല്‍., ഐ.ആര്‍.ഇ. എന്നിവയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി ഇടതുപക്ഷം പോര്‍മുഖം തുറക്കും. ഷിബു ബേബിജോണ്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാകും യു.ഡി.എഫ്‌. ഉയര്‍ത്തിക്കാട്ടുക. കണ്‍സ്‌ട്രക്ഷന്‍ അക്കാദമി, കുടിവെള്ളപദ്ധതി, കൗശല്‍ കേന്ദ്രം, മിനി സിവില്‍ സ്‌റ്റേഷന്‍, കോടതികള്‍, മാരിടൈം ഇന്‍സ്‌റ്റിട്ട്യൂട്ട്‌, കോവില്‍ത്തോട്ടം പാക്കേജ,്‌ ഫൈബര്‍ പാര്‍ക്ക്‌, ഫയര്‍ സ്‌റ്റേഷന്‍, ഷോപ്പിങ്‌ കോംപ്ലക്‌സ്‌ തുടങ്ങിയവയാണ്‌ ഷിബുവിന്റെ നേട്ടപട്ടികയിലുള്ളത്‌.

ഉണ്ണി വി.ജെ.നായര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top