Last Updated 1 year 6 weeks ago
Ads by Google
22
Saturday
July 2017

എം.എല്‍.എയും മുന്‍ മന്ത്രിമാരും ; നേമത്ത്‌ പോരാട്ടം കൊഴുക്കുന്നു

ദേശീയതലത്തില്‍ ശ്രദ്ധനേടിയ മണ്ഡലമാണ്‌ നേമം. കേരളത്തില്‍ താമരവിരിയിക്കുകയെന്ന ബി.ജെ.പി. സ്വപ്‌നം പൂവണിയുമെങ്കില്‍ അതിവിടെ നിന്നാകുമെന്നാണു വിലയിരുത്തല്‍. പലതവണ വിജയം കപ്പിനും ചുണ്ടിനുമിടയില്‍ വഴുതിപ്പോയ ഒ. രാജഗോപാല്‍ തന്റെ അവസാന ഊഴമെന്ന്‌ പ്രഖ്യാപിച്ച്‌ ജനവിധി തേടുകയാണ്‌.
സിറ്റിങ്‌ എം.എല്‍.എ. ശിവന്‍കുട്ടിയാണ്‌ ഇക്കുറിയും പ്രതിയോഗി. അവസാനനിമിഷം സീറ്റിന്റെ പേരില്‍ കൂടാരം മാറി യു.ഡി.എഫിലെത്തിയ മുന്‍ മന്ത്രി കൂടിയായ വി. സുരേന്ദ്രന്‍പിള്ള അപ്രതീക്ഷിതമായി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി കൂടിയായതോടെ മണ്ഡലം വി.വി.ഐ.പി. തലത്തിലേക്കുയര്‍ന്നു. മുന്‍ കേന്ദ്രസഹമന്ത്രി, മുന്‍ മന്ത്രി, സിറ്റിങ്‌ എം.എല്‍.എ. എന്നിവരാണ്‌ ഇവിടെ മാറ്റുരയ്‌ക്കുന്നത്‌. നേമത്ത്‌ ഇക്കുറിയുണ്ടാകുന്ന ഫലം കേരള രാഷ്‌ട്രീയത്തിന്റെ മുഖചിത്രം തന്നെ മാറ്റിമറിക്കുന്നതായിരിക്കും.
പ്രവര്‍ത്തിച്ച മണ്ഡലങ്ങളിലെല്ലാം ഊര്‍ജസ്വലത എന്നതുതന്നെയാണ്‌ വി. ശിവന്‍കുട്ടിയുടെ പ്രത്യേകത. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ രംഗത്തുവന്ന ശിവന്‍കുട്ടി നിയമസഭയ്‌ക്കുള്ളിലെ പോരാട്ടങ്ങള്‍ കൊണ്ടുതന്നെ സംസ്‌ഥാനത്തിന്റെ ആകെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ്‌. കാലിനുണ്ടായ പരുക്കുപോലും പ്രചാരണായുധമാക്കുകയാണ്‌ ശിവന്‍കുട്ടി. വീല്‍ചെയറിലാണ്‌ വോട്ട്‌ പിടിത്തം. പഴയ തിരുവനന്തപുരം ഈസ്‌റ്റ്‌ മണ്ഡലത്തില്‍ ബി. വിജയകുമാറിനെ പരാജയപ്പെടുത്തിയാണ്‌ ആദ്യമായി ശിവന്‍കുട്ടി സഭയില്‍ എത്തിയത്‌. കഴിഞ്ഞ തവണ നേമത്ത്‌ രാജഗോപാലിനെയും പരാജയപ്പെടുത്തി.
70 കള്‍ മുതല്‍ ലോക്‌സഭയിലും നിയമസഭയിലുമായി മത്സരരംഗത്തുള്ള രാജഗോപാലിനു പലപ്പോഴും വിജയം തൊട്ടു തൊട്ടില്ല എന്നമട്ടില്‍ അകന്നുപോയി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെക്കാള്‍ 18,000 ല്‍പ്പരം വോട്ട്‌ അധികം നേടി നേമത്ത്‌ ഒന്നാമനായത്‌ ആത്മവിശ്വാസം നല്‍കുന്നു. തുടര്‍ന്നു നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ നഗരസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന കോര്‍പറേഷന്റെ 22 ല്‍ 9 വാര്‍ഡുകള്‍ വിജയിച്ച്‌ ബി.ജെ.പി. ഇടതുമുന്നണിക്ക്‌ ഒപ്പം എത്തുകയും ചെയ്‌തു.
കേരളീയര്‍ വിജയം നല്‍കിയില്ലെങ്കിലും വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത്‌ മധ്യപ്രദേശത്തുനിന്ന്‌ രാജ്യസഭാംഗമാക്കി അദ്ദേഹത്തെ കേന്ദ്രസഹമന്ത്രിയുമാക്കിയിരുന്നു. 1956 ല്‍ ജനസംഘത്തിലൂടെ രാഷ്‌ട്രീയ രംഗത്ത്‌ എത്തിയ രാജഗോപാല്‍ 1980 ല്‍ ബി.ജെ.പി. രൂപവത്‌കരിച്ചപ്പോള്‍ അതിലെത്തുകയായിരുന്നു. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌, ദേശീയ ഉപാധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌.
കൂടുവിട്ട്‌ കൂടുമാറ്റങ്ങള്‍ ഏറെ കണ്ട ഈ തെരഞ്ഞെടുപ്പില്‍ അത്തരത്തിലൊരു വ്യക്‌തിയാണ്‌ യു.ഡി.എഫിന്റെ പതാക പിടിക്കുന്നത്‌. തന്റെ മണ്ഡലമായ തിരുവനന്തപുരം സെന്‍ട്രലില്‍ കളം മാറി വന്ന ആന്റണി രാജു സ്‌ഥാനാര്‍ഥിയായപ്പോഴാണ്‌ ഇടതുപാളയത്തില്‍ നിന്നും സുരേന്ദ്രന്‍പിള്ള യു.ഡി.എഫിലെത്തുന്നത്‌. നേമത്ത്‌ ശക്‌തനായ ഒരു സ്‌ഥാനാര്‍ഥിയെ കാത്തിരുന്ന ജെ.ഡി.യുവിന്‌ അത്‌ ആശ്വാസവുമായി. അങ്ങനെ സുരേന്ദ്രന്‍പിള്ള അവിടെ സ്‌ഥാനാര്‍ഥിയുമായി.
കേരളത്തില്‍ 18 ലക്ഷത്തോളം അംഗങ്ങളുണ്ട്‌ എന്ന്‌ അവകാശപ്പെടുന്ന വെള്ളാള മഹാസഭയുടെ മുന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കൂടിയാണ്‌ സുരേന്ദ്രന്‍പിള്ള. സ്വാഭാവികനീതി നിഷേധിച്ചതുമൂലമാണ്‌ മുന്നണി വിട്ട്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായത്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്‌. കഴിഞ്ഞ വി.എസ്‌. സര്‍ക്കാരിന്റെ അവസാനകാലത്ത്‌ തുറമുഖവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു സുരേന്ദ്രന്‍പിള്ള. പി.ജെ. ജോസഫും കൂട്ടരും മുന്നണിവിട്ടപ്പോള്‍ ഉറച്ചുനിന്നതിന്‌ ഇടതുമുന്നണി നല്‍കിയ പാരിതോഷികം.
എന്നാല്‍ കഴിഞ്ഞ തവണ വിട്ടവരില്‍ ഒരുവിഭാഗം ഇക്കുറി മടങ്ങിയെത്തിയപ്പോള്‍ സരേന്ദ്രന്‍പിള്ള കറിവേപ്പിലയായി. 1984 ല്‍ പുനലൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ്‌ ആദ്യം വിജയിച്ചത്‌. 2006 ല്‍ അപ്രതീക്ഷിതമായാണു സുരേന്ദ്രന്‍പിള്ളയ്‌ക്ക്‌ ഇപ്പോഴത്തെ തിരുവനന്തപുരം സെന്‍ട്രലായ പഴയ തിരുവനന്തപുരം വെസ്‌റ്റില്‍ സ്‌ഥാനാര്‍ഥിത്വത്തിന്‌ നറുക്കു വീണത്‌. ആന്റണി രാജുവിനെതിരേ ആരോപണമുണ്ടായപ്പോള്‍ പകരം സ്‌ഥാനാര്‍ഥിയായിരുന്നു സുരേന്ദ്രന്‍പിള്ള. പക്ഷേ 2011 ല്‍ പരാജയപ്പെട്ടു.
പുനഃസംഘടന കഴിഞ്ഞ മണ്ഡലം പൊതുവേ ഇടതുപക്ഷത്തിന്‌ അനുകൂലമായാണ്‌ കണക്കുകൂട്ടുന്നത്‌. എന്നാല്‍ മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന നായര്‍വോട്ടുകളാണ്‌ ഇവിടെ നിര്‍ണായകമാകുന്നത്‌. കഴിഞ്ഞകാലങ്ങളില്‍ അതിലേറെയും ലഭിച്ചിരുന്നതു രാജഗോപാലിനാണ്‌. എന്നാല്‍, ഇക്കുറി വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയുമായി ബി.ജെ.പിയുണ്ടാക്കിയ ബന്ധത്തില്‍ നായര്‍വിഭാഗത്തിനു കുറച്ച്‌ അമര്‍ഷമുണ്ട്‌. അത്‌ എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്ക പൊതുവേയുണ്ട്‌.
അതുപോലെ സിറ്റിങ്‌ എം.എല്‍.എ. എന്ന നിലയില്‍ ശിവന്‍കുട്ടിക്കും കുറേ എതിര്‍പ്പുകള്‍ മണ്ഡലത്തിലുണ്ട്‌. മണ്ഡലത്തിലെ പ്രധാന വിഷയങ്ങള്‍ കുടിവെള്ള പ്രശ്‌നങ്ങളും ഡ്രെയ്‌നേജ്‌ സംവിധാനവുമാണ്‌. ശുദ്ധീകരണ പ്ലാന്റ്‌ നിലവിലില്ലാത്തതിനാല്‍ കരമന ആറില്‍ നിന്നുമുള്ള വെള്ളം അതേപടിയായി കുടിവെള്ളമായി വിതരണംചെയ്യുകയാണ്‌. ജപ്പാന്‍ കുടിവെള്ള പദ്ധതിയാണെങ്കില്‍ പലേടത്തും പോലെ ഇവിടെയും പൂര്‍ത്തിയായിട്ടില്ല. ജനങ്ങളുടെ നിരന്തര ആവശ്യമുണ്ടെങ്കിലും നഗരസഭയില്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളില്‍ ഡ്രെയ്‌നേജ്‌ സംവിധാനം ഇതുവരെ ഉണ്ടായിട്ടുമില്ല. കരമന കളിയിക്കാവിള റോഡില്‍ പണി പൂര്‍ത്തിയായ ഇടങ്ങളില്‍ ട്രാഫിക്‌ സിഗ്നലുകള്‍ സ്‌ഥാപിക്കുന്നത്‌ വൈകുന്നത്‌ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നതുള്‍പ്പെടെയുള്ള പ്രാദേശിക പ്രശ്‌നങ്ങളാണ്‌ പൊതുവിഷയങ്ങള്‍ക്കൊപ്പം മണ്ഡലത്തില്‍ ഉയരുന്നത്‌.

വോട്ടിങ്‌ നില

നിയമസഭ-2011

വി. ശിവന്‍കുട്ടി-
(എല്‍.ഡി.എഫ്‌.) - 50076
ഒ.രാജഗോപാല്‍-
(ബി.ജെ.പി.) - 43661
ചാരുപാറ രവി-
(യു.ഡി.എഫ്‌.) - 20248
വിജയി -വി. ശിവന്‍കുട്ടി(
എല്‍.ഡി.എഫ്‌.)
ഭൂരിപക്ഷം- 6415
ലോക്‌സഭ-2014

ശശി തരൂര്‍-
(യു.ഡി.എഫ്‌) -32,639
ഒ. രാജഗോപാല്‍-
(ബി.ജെ.പി) - 50,685
ബെനറ്റ്‌ ഏബ്രഹാം-
(എല്‍.ഡി.എഫ്‌) -31,643
രാജഗോപാല്‍ ഭൂരിപക്ഷം -18,046
തദ്ദേശതെരഞ്ഞെടുപ്പ്‌ -2015

നഗരസഭ മൊത്തം വാര്‍ഡുകള്‍-22
എല്‍.ഡി.എഫ്‌.-9
ബി.ജെ.പി. - 9
യു.ഡി.എഫ്‌. - 4

ആര്‍. സുരേഷ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top