Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഹിരോഷിമയും നാഗസാക്കിയും പിന്നെ ഒബാമയും

അഡ്വ. ജി.സുഗുണന്‍

എല്ലാ യുദ്ധങ്ങളേയും ലോകം ഇന്ന്‌ വെറുക്കുകയാണ്‌; പ്രത്യേകിച്ച്‌ ആണവ യുദ്ധങ്ങള്‍ തടയാന്‍ ലോക മനഃസാക്ഷിതന്നെ ഉണര്‍ന്നെഴുന്നേറ്റിരിക്കുകയുമാണ്‌. ഹിരോഷിമയുടേയും നാഗസാക്കിയുടേയും നടുക്കുന്ന ഓര്‍മ്മകള്‍ ഈ യുദ്ധവിരുദ്ധരായ ജനകോടികളുടെ മനസില്‍ വലിയ നൊമ്പരം വിതച്ചുകൊണ്ട്‌ നിലകൊള്ളുന്നു.
1939 മുതല്‍ 1945 വരെ നീണ്ട രണ്ടാംലോകമഹായുദ്ധം സമ്മാനിച്ച കൂട്ടക്കുരുതിയായിരുന്നു ജപ്പാനിലെ ഹിരോഷിമയിലേയും നാഗസാക്കിയിലേയും അമേരിക്കയുടെ നീചമായ ബോംബുവര്‍ഷങ്ങള്‍. ബ്രിട്ടന്‍, ഫ്രാന്‍സ്‌, സോവിയറ്റ്‌ റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അലൈഡ്‌ ശക്‌തികള്‍ ഒരു ഭാഗത്തും, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന ആക്‌സിസ്‌ ശക്‌തികള്‍ മറുഭാഗത്തുമായി നിന്ന ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു അത്‌. ആ യുദ്ധത്തിന്റെ പരിസമാപ്‌തി ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയുടെ ബോംബുവര്‍ഷത്തോടെ സംഭവിക്കുകയും ചെയ്‌തു. ഹിറ്റ്‌ലറുടേയും, മുസോളിനിയുടേയും നേതൃത്വത്തിലുള്ള ഫാസിസ്‌റ്റ്-സ്വേച്‌ഛാധിപതികളെ ചെറുക്കാന്‍ ബ്രിട്ടന്‍, അമേരിക്ക, റഷ്യ അടക്കമുള്ള ഫാസിസ്‌റ്റ് വിരുദ്ധ ശക്‌തികള്‍ക്ക്‌ ഈ യുദ്ധത്തില്‍ നേരിട്ട്‌ ഇടപഴകേണ്ടി വന്നു എന്നുള്ളതാണ്‌ ചരിത്രത്തിന്റെ രേഖപ്പെടുത്തല്‍. ജപ്പാന്‍ എന്ന ഫാസിസ്‌റ്റ് ശക്‌തിയെ പരാജയപ്പെടുത്താനും കീഴടക്കാനും ഹിരോഷിമയിലും നാഗസാക്കിയിലും ലിറ്റില്‍ ബോയ്‌ എന്ന അണുബോംബ്‌ പ്രയോഗിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായി തീര്‍ന്നതായാണ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. ലോകത്താദ്യമായി നടത്തുന്ന അണുബോംബുവര്‍ഷിക്കലുമായിരുന്നു അത്‌. മറ്റെല്ലാ രാജ്യങ്ങളും ഈ യുദ്ധത്തില്‍ കീഴടങ്ങിയിട്ടും അതിന്‌ തയാറാകാതെ ശക്‌തമായി മുന്നോട്ടു പോയ ജപ്പാനെ തളയ്‌ക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു എന്നാണ്‌ അമേരിക്ക ഇപ്പോഴും വ്യക്‌തമാക്കുന്നത്‌. പട്ടാളക്കാരും സിവിലിയന്‍മാരുമായി രണ്ടാംലോക മഹായുദ്ധത്തില്‍ ഏതാണ്ട്‌ ആറുകോടി ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. അംഗഭംഗം സംഭവിച്ചവരും പരുക്കേറ്റവരുമായി വേറെയുമുണ്ട്‌ ലക്ഷങ്ങള്‍. അത്രയും ഭീകരമായിരുന്നു ആ യുദ്ധം.
ഹിരോഷിമയില്‍ അമേരിക്ക ബോംബുവര്‍ഷിച്ചിട്ട്‌ 71 വര്‍ഷം തികഞ്ഞ ഈ അവസരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ യുദ്ധസ്‌മാരകത്തില്‍ എത്തിയത്‌ വളരെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒരു സംഭവമാണെന്നുള്ളതില്‍ സംശയമില്ല.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ജപ്പാനിലെ ഹിരോഷിമാ നഗരം ചരിത്രനിമിഷങ്ങള്‍ക്ക്‌ സാക്ഷ്യംവഹിച്ചത്‌. ആണവ ദുരന്തത്തിന്റെ മൂകസാക്ഷിയായി നിലകൊള്ളുന്ന ഹിരോഷിമയിലെ യുദ്ധ സ്‌മാരകത്തില്‍ യു.എസ്‌. പ്രസിഡന്റ്‌ ഒബാമ പുഷ്‌പചക്രം അര്‍പ്പിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബയോടൊപ്പമാണ്‌ ഒബാമ യുദ്ധസ്‌മാരകത്തില്‍ എത്തിയത്‌. 1945 ല്‍ നടന്ന ഈ ആണവ ബോംബ്‌ വര്‍ഷനത്തിനു ശേഷം ആദ്യമായാണ്‌ ഒരു അമേരിക്കന്‍ പ്രസിഡന്റ്‌ ഹിരോഷിമയിലെത്തുന്നത്‌.
അധികം വിദൂരമല്ലാത്ത ഭൂതകാലത്തില്‍ നടന്ന ദാരുണമായ ദുഷ്‌ചെയ്‌തികളെക്കുറിച്ചുള്ള പുനര്‍ചിന്തനത്തിനാണ്‌ ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്‌. 71 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസന്നമായ ഒരു പ്രഭാതത്തില്‍ ആകാശത്തുനിന്നും മരണം ഹിരോഷിമയിലേക്ക്‌ പറന്നിറങ്ങി. ഈയൊരു സംഭവത്തിന്‌ ശേഷം ലോകം വന്‍മാറ്റത്തിന്‌ വിധേയമാകുകയും ചെയ്‌തു. സ്‌മാരകത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ച ശേഷം ഒബാമ പറഞ്ഞു. അത്യന്തം വികാര നിര്‍ഭരമായിട്ടാണ്‌ ഒബാമ ഇക്കാര്യം പറഞ്ഞത്‌.
തുടര്‍ന്നദേഹം ആണവദുരന്തത്തെ അതിജീവിച്ച രണ്ട്‌ ഇരകളുമായി ഹസ്‌തദാനം ചെയ്‌തു. 91 വയസുള്ള സുവാനോ സുഭോയി, 79 വയസുള്ള ഷിഗെകി മോറി എന്നിവരുമായിട്ടാണ്‌ ഹസ്‌തദാനം ചെയ്‌തത്‌. ഇവരില്‍ 79 കാരന്‍ മോറി കരഞ്ഞുകൊണ്ട്‌ ഒബാമയെ കെട്ടിപ്പിടിക്കുകയും ചെയ്‌തു.പുഷ്‌പ ചക്രം അര്‍പ്പിക്കുന്നതിനു മുമ്പ്‌ ഒബാമ ആണവ ദുരന്തത്തിന്റെ ഇരകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മ്യൂസിയം സന്ദര്‍ശിച്ചു. പാതി കരിഞ്ഞ ശരീരമുള്ളവരുടേയും വെന്തു മരിച്ച മൃതശരീരങ്ങളുടേയും ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്‌. ചിത്രങ്ങള്‍ വീക്ഷിച്ചതിനു ശേഷം അദ്ദഹം സന്ദര്‍ശക പുസ്‌തകത്തില്‍ കുറിപ്പെഴുതാനും മറന്നില്ല.
യുദ്ധത്തിന്റെ കാഠിന്യം നമ്മള്‍ അറിഞ്ഞു. ആണവമുക്‌തമായ ഒരു ലോകത്തിനായും സമാധാനം പ്രചരിപ്പിക്കുന്നതിനുമായും നമുക്ക്‌ ഒന്നിക്കാം. നമ്മള്‍ക്ക്‌ അതിനുള്ള ധൈര്യം കണ്ടെത്താം എന്നുമാണ്‌ ഒബാമ കുറിപ്പെഴുതിയത്‌.
എന്നാല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അണുവായുധം പ്രയോഗിച്ച്‌ കൂട്ടക്കുരുതി നടത്തിയതില്‍ ക്ഷമാപണം നടത്താന്‍ ഒബാമ തയാറായില്ല. ഹിരോഷിമയിലും, നാഗസാക്കിയിലും അന്ന്‌ ബോംബുവര്‍ഷിച്ചതില്‍ മാപ്പ്‌ പറയുകയില്ലെന്നും നേരത്തേ തന്നെ അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഒരു ജപ്പാന്‍ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു ഒബാമ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്‌. യുദ്ധത്തിന്‌ നേതൃത്വം നല്‍കുന്ന സമയത്ത്‌ പല തീരുമാനങ്ങളും കൈക്കൊള്ളേണ്ടി വരും. അതില്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമില്ല. തന്റെ പദവിയും വച്ചാണ്‌ താന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതെന്നുമായിരുന്നു ഒബാമ പറഞ്ഞത്‌.
1945 ആഗസ്‌റ്റ് 6നാണ്‌ യു.എസ്‌.പോര്‍വിമാനങ്ങള്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ബോയി ബോംബ്‌ വര്‍ഷിച്ചത്‌. ലോകത്ത്‌ ആദ്യമായി പതിച്ച അണുബോംബായിരുന്നു ഇത്‌. 1.4 ലക്ഷം പേര്‍ ഹിരോഷിമയില്‍ കൊല്ലപ്പെട്ടതായാണ്‌ ഔദ്യോഗിക കണക്ക്‌. പതിമൂന്ന്‌ ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയില്‍ ഹിരോഷിമ നഗരമാകെ തകര്‍ന്നടിഞ്ഞു. മൂന്ന്‌ ദിവസങ്ങള്‍ക്ക്‌ ശേഷം നാഗസാക്കിയില്‍ അമേരിക്ക രണ്ടാമത്തെ ആണവാക്രമണം നടത്തി. എഴുപത്തിനാലായിരം പേര്‍ അവിടെ കൊല്ലപ്പെട്ടു.
ഇരു ആക്രമണങ്ങളിലും ഇരകളില്‍ പകുതിയോളം പേരും തല്‍ക്ഷണം മരിച്ചവരാണ്‌. പൊള്ളിയും മുറിവുകളേറ്റും വന്‍ ആണവ വികരണം സൃഷ്‌ടിച്ച രോഗപീഡനങ്ങളാലും ശേഷിച്ചവര്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും, ആഴ്‌ചകളിലും, മാസങ്ങളിലായും ഇഞ്ചിഞ്ചായി മരിച്ചു. ഹിബാകുഷകള്‍ എന്ന പേരില്‍ മരിച്ച്‌ ജീവിക്കുന്ന പതിനായിരങ്ങള്‍ ഇന്നുമുണ്ടവിടെ. അംഗഭംഗത്തോടെ ജീവിക്കുന്ന കുരുന്നുകള്‍, ഗര്‍ഭപാത്രത്തില്‍തന്നെ പിറന്നൊടുങ്ങുന്നവര്‍. ഇന്ന്‌ ലോകത്ത്‌ സമാധാനം പഠിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അമേരിക്ക എഴുപതാണ്ടുകള്‍ക്കപ്പുറം നടത്തിയ കൊടുംക്രൂരതയുടെ നടുക്കുന്ന ശേഷിപ്പാകുന്നു ഈ ജനത; ഒരു യുദ്ധവും ആരും ജയിക്കുന്നില്ലെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍.
ലോകരാജ്യങ്ങളെ സമാധാനം പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന അമേരിക്കയുടെ ആയുധപ്പുരയിലാണ്‌ ഏറ്റവും അധികം അണുബോംബുകളുള്ളത്‌. ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ 4804 അണുആധുധങ്ങള്‍. ഇതില്‍ 2104 എണ്ണം ഏത്‌ നിമിഷവും പ്രയോഗിക്കാന്‍ സാധിക്കും വിധം സജീവമാണ്‌. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിട്ട ബ്രിട്ടന്‍, ഫ്രാന്‍സ്‌, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെയെല്ലാം സജീവ ആണവായുധങ്ങള്‍ കൂട്ടിയാലും അമേരിക്കയുടേതിന്‌ അടുത്തെങ്ങും എത്തുകയില്ല.
ഹിരോഷിമയില്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്‌ത ഒബാമ തന്നെയാണ്‌ അമേരിക്കയുടെ ആണവശേഖരം ആധുനികവല്‍കരിക്കാന്‍ ശതകോടികണക്കിന്‌ ഡോളര്‍ അനുവദിച്ചത്‌ എന്നുള്ളതും വിസ്‌മരിക്കാന്‍ കഴിയുന്നതല്ല. യു.എസ്‌.പ്രസിഡന്റ്‌ ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തെ പരിഹസിച്ചുകൊണ്ട്‌ ഉത്തരകൊറിയ രംഗത്ത്‌ വന്നു. അണുവായുധ ഭ്രാന്തിന്റെ ഭാഗമായ നയതന്ത്രപര്യടനം ഒബാമയുടെ കുട്ടിക്കളിയാണെന്നും കാപട്യമാണെന്നും ഉത്തരകൊറിയ പറഞ്ഞു. നശിപ്പിക്കപ്പെട്ട ഹിരോഷിമ നഗരം സന്ദര്‍ശിക്കുന്നതുകൊണ്ട്‌ ആണവ യുദ്ധഭ്രാന്തിലും, ആണവായുധങ്ങളുടെ നിര്‍വ്യാപകന്‍ എന്ന നിലയിലുമുള്ള തന്റെ ഐഡന്റിറ്റി മറച്ചുവയ്‌ക്കുവാന്‍ ആകില്ല എന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക ഏജന്‍സിയായ കെ.സി.എന്‍.എ പുറത്തുവിട്ട പ്രസ്‌താവനയില്‍ പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഹവായിലെ പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ മിലിട്ടറി ആക്രമിച്ച്‌ തകര്‍ത്തതിലുളള തിരിച്ചടിയാണ്‌ ഹിരോഷിമയിലേയും നാഗസാക്കിലേയും ബോംബുവര്‍ഷമെന്നും, അതിന്‌ ന്യായീകരണമുണ്ടെന്ന അഭിപ്രായവും ഇന്ന്‌ ശക്‌തമായുണ്ട്‌. 2400 അമേരിക്കക്കാരാണ്‌ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്‌.
ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ജപ്പാനെ ശക്‌തമായി വിമര്‍ശിച്ചുകൊണ്ട്‌ ചൈന രംഗത്ത്‌ വന്നത്‌ രാഷ്‌ട്രീയ പ്രാധാന്യമുള്ള സംഭവമാണ്‌. ഹിരോഷിമ അണുബോംബാക്രമണം ജപ്പാന്‍ സ്വയം വരുത്തിവച്ചതാണെന്ന്‌ ചൈനീസ ഔദ്യോഗിക ദിനപത്രം വ്യക്‌തമാക്കി. നിലവിലെ ജാപ്പാനീസ്‌ അധികൃതര്‍ ജപ്പാനെ രണ്ടാംലോകമഹായുദ്ധത്തിന്റെ കാരണക്കാരായി കാണുന്നതിന്‌ പകരം ഇരകളായാണ്‌ ചിത്രീകരിക്കുന്നത്‌ എന്നും ചൈനീസ്‌ ദിനപത്രം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ജപ്പാനിലെ സൈനിക സര്‍ക്കാര്‍ ചൈനക്കെതിരായി 1937 ല്‍ നടത്തിയ മൂന്ന്‌ ലക്ഷം പേര്‍ മരിച്ച നാംജിംഗ്‌ യുദ്ധവും അതുപോലുള്ള കടന്നാക്രമണങ്ങളുമാണ്‌ രണ്ടാംലോകമഹായുദ്ധത്തിന്‌ തന്നെ വിത്തുവിതച്ചത്‌. പരാജയം സമ്മതിക്കാന്‍ ജപ്പാന്‍ തയാറാകാത്തതാണ്‌ യു.എസിനെ അണുവായുധം പ്രയോഗിക്കാന്‍ പ്രേരിപ്പിച്ചത്‌ എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ആണവായുധങ്ങള്‍ ഇല്ലാതാക്കണമെന്നും യുദ്ധത്തിനെതിരായ മാനസിക പരിവര്‍ത്തനത്തിന്‌ ഏവരും തയാറാകണമെന്നും ഹിരോഷിമയില്‍ ആഹ്വാനം ചെയ്‌ത പ്രസിഡന്റ്‌ ഒബാമ അദ്ദേഹത്തിന്റെ രാജ്യമായ അമേരിക്കയിലാണ്‌ യഥാര്‍ത്ഥത്തില്‍ ഇത്‌ തുടങ്ങിവയ്‌ക്കേണ്ടത്‌. ലോകത്തെ ഒന്നാമത്തെ അണുവായുധ ശക്‌തി ഇപ്പോള്‍ അമേരിക്ക തന്നെയാണ്‌. സാങ്കേതിക രംഗത്തെ അമേരിക്കയുടെ വന്‍ ഉയര്‍ച്ച ആണവായുധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനല്ല; മറിച്ച്‌ ലോകപുരോഗതിക്കാണ്‌ പ്രയോജനപ്പെടുത്തേണ്ടത്‌.
വന്‍ സായുധ ശക്‌തിയായി ഉയര്‍ന്നുവന്ന ജപ്പാനെ എളുപ്പം യുദ്ധത്തില്‍ അടിയറ പറയിക്കുന്നതിന്‌ ബോംബുവര്‍ഷിക്കലല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നെന്ന അഭിപ്രായത്തില്‍ അമേരിക്ക ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്‌. അമേരിക്ക ആണവായുധം അവിടെ പ്രയോഗിക്കാതിരുന്നെങ്കില്‍ ഒരു പക്ഷേ ജപ്പാനെ സോവിയറ്റ്‌ സൈന്യം ആക്രമിച്ചു കീഴടക്കുമായിരുന്നു എന്ന സംശയവും അന്ന്‌ അമേരിക്കയ്‌ക്കുണ്ടായിരുന്നു. അണുവായുധം പരീക്ഷിക്കുന്നതിനുള്ള അവസരമായും ഹിരോഷിമയിലെ ബോംബുവര്‍ഷം അവര്‍ പ്രയോജനപ്പെടുത്തി എന്നുള്ളതും ഒരു വസ്‌തുതയാണ്‌.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇന്ന്‌ ആണവായുധങ്ങള്‍ കുന്നുകൂടുകയാണ്‌. പാകിസ്‌താനിലും, നോര്‍ത്ത്‌ കൊറിയയിലും അടക്കം വികസിതവും അവികസിതവുമായ രാജ്യങ്ങളില്‍പോലും ആണവായുധങ്ങള്‍ സംഭരിച്ചുവച്ചിട്ടുള്ള ചിത്രമാണുള്ളത്‌. അഞ്ചു മിനിട്ടുകൊണ്ട്‌ ഡല്‍ഹിയെ കീഴ്‌പ്പെടുത്താന്‍ കഴിയുന്ന അണുവായുധ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന്‌ ഒരു പാകിസ്‌താന്‍ അണുവായുധ ശാസ്‌ത്രഞ്‌ജന്‍ ഇക്കഴിഞ്ഞ ദിവസമാണ്‌ പ്രസ്‌താവിച്ച്‌ കണ്ടത്‌.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ്‌ സ്‌ഥാനാര്‍ത്ഥിയായ ഡൊണോള്‍ ഡ്രംബ്‌ പേള്‍ ഹാര്‍ബര്‍ ആക്രമിച്ച്‌ ആയിരക്കണക്കിന്‌ അമേരിക്കക്കാരെ കൊന്നൊടുക്കിയ ജപ്പാന്റെ നടപടിയെപ്പറ്റി ഒബാമ ഹിരോഷിമയില്‍ സൂചിപ്പിക്കാതിരുന്നത്‌ ശരിയായില്ല എന്ന്‌ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ തന്നെ അദ്ദേഹത്തിന്റെ ഹിരോഷിമ സന്ദര്‍ശനത്തിന്‌ എതിര്‍പ്പുണ്ടെന്നാണ്‌ ഈ പ്രസ്‌താവന സൂചിപ്പിക്കുന്നത്‌.
ഇക്കാരണങ്ങള്‍ കൊണ്ട്‌ ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം ലോകത്തെ ആണവായുധ വിരുദ്ധ ജനകോടികളെ സംബന്ധിച്ചിടത്തോളം വളരെ സ്വാഗതാര്‍ഹമായ ഒരു നടപടി തന്നെയാണ്‌. സര്‍വനാശിനിയായ ആണവായുധങ്ങളുടെ പ്രയോഗത്തിനെതിരായി ലോകത്തൊട്ടാകെ വിപുലമായ ഒരു ചര്‍ച്ചയ്‌ക്ക് തുടക്കം കുറിക്കാന്‍ ഒബാമയുടെ ഈ ഹിരോഷിമ സന്ദര്‍ശനം സഹായകരമായിട്ടുണ്ടെന്നുള്ള കാര്യത്തിലും യാതൊരു സംശയവുമില്ല.

(ലേഖകന്‍ സി.എം.പി.പോളിറ്റ്‌ ബ്യൂറോ അംഗമാണ്‌. ഫോണ്‍: 9847132428)

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top