Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഉമ്മന്‍ചാണ്ടിയും ശിവകുമാറും മറുപടി പറയണം

mangalam malayalam online newspaper

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അതി ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം വേണ്ടവിധം വിനിയോഗിച്ചില്ല എന്നതാണ് അതില്‍ പ്രധാനം. കേന്ദ്രധനസഹായത്തിന് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ലെന്നും കേന്ദ്രമന്ത്രി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രഫണ്ട് നേടിയെടുക്കുന്നതില്‍ കേരളം വേണ്ടവിധം പ്രയത്‌നിച്ചു എന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരോ അവകാശപ്പെടാനിടയില്ല. അത്രമാത്രം പരിതാപകരമായിരുന്നു ഈ രംഗത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടല്‍.

തുടക്കത്തില്‍ പ്രതീക്ഷ പകരുന്ന വിധത്തിലായിരുന്നു മുന്നോട്ടുപോയത്. ഡല്‍ഹിയില്‍ കേരളകേഡറിലുള്ള, കേന്ദ്രസര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസുകാരുടെ യോഗം മുഖ്യമന്ത്രി നേരിട്ടെത്തി വിളിച്ചുകൂട്ടിയതൊക്കെ ഗംഭീരമായിരുന്നു. അതോടെ വികസനവും കരുതലും എന്നത് വെറും മുദ്രാവാക്യമല്ലെന്നും എന്തൊക്കെയോ സംഭവിക്കുമെന്നുമൊക്കെ സാധാരണക്കാരും കരുതി. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍. കേന്ദ്രത്തില്‍ ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. അതില്‍ തന്നെ എ.കെ.ആന്റണി പ്രതിരോധമന്ത്രി എന്നുമാത്രമല്ല പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും നിര്‍ണായകറോളില്‍. വയലാര്‍രവിക്ക് കാര്യമായ വകുപ്പൊന്നും കിട്ടിയില്ലെങ്കിലും കാബിനറ്റ് മന്ത്രി പദം. എട്ടുമന്ത്രിമാര്‍ കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രിസഭയിലെത്തിയപ്പോള്‍ കേരളമൊട്ടാകെ വികസനത്തിന്റെ മന്ദമാരുതനല്ല, കൊടുങ്കാറ്റുതന്നെ വീശിയേക്കുമെന്ന് പ്രതീക്ഷിച്ചവരാണേറെയും.

കേന്ദ്രത്തിലും കേരളത്തിലും ഒരേ കക്ഷിയും മുന്നണിയും അധികാരത്തിലെത്തുന്നതാണ് വികസനത്തിന് ഗുണകരം എന്നായിരുന്നല്ലോ അക്കാലത്ത് യു.ഡി.എഫ് വാദിച്ചുപോന്നത്. അതിനുമുമ്പത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണവും സമരവും എന്ന സമീപനം കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിച്ചു എന്ന യു.ഡി.എഫിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ അംഗീകരിക്കപ്പെട്ടു എന്നാണ് വിലയിരുത്തപ്പെട്ടത്. ഇതിനിടയില്‍, വ്യോമയാനമന്ത്രാലയത്തിന്റെ ചുമതലകൂടി പ്രവാസി വകുപ്പിലൊതുങ്ങിക്കഴിഞ്ഞിരുന്ന വയലാര്‍ രവിക്ക് കിട്ടി. അതോടെ ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കന്‍ മലയാളികള്‍പോലും ആനന്ദനര്‍ത്തനമാടി. കോണ്‍ഗ്രസിന്റെ ഈ പഴയയുവതുര്‍ക്കി എന്തൊക്കെയോ ചെയ്യും എന്നായിരുന്നു വിശ്വാസം. വിദേശരാജ്യങ്ങളില്‍ എഴുന്നള്ളി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സമ്മാനങ്ങളും കൈപ്പറ്റി മടങ്ങിയ ഇദ്ദേഹം പിന്നീട് എയര്‍ഇന്ത്യയുടെ നിരക്കുവര്‍ദ്ധന ഉള്‍പ്പെടെ പ്രവാസിമലയാളികളെ മാത്രമല്ല എന്‍.ആര്‍.ഐക്കാരെ മൊത്തത്തില്‍ ദ്രോഹിക്കുന്ന തീരുമാനങ്ങളിലൂടെ ആ സമൂഹത്തിന്റെ ശത്രുവായി പരിവര്‍ത്തനപ്പെട്ടു.രാജ്യസഭാംഗം ആയതിനാല്‍ മണ്ഡലം നോക്കേതില്ല എന്നതും അദ്ദേഹത്തിന് ഗുണകരമായി!

കേന്ദ്രത്തിലെ ഉജ്ജ്വല ഭരണത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയ പതനത്തിലേക്കും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നിയമപ്രകാരം വേണ്ട 55 അംഗമെന്ന വ്യവസ്ഥയിലേക്കും എത്താന്‍ കഴിയാത്ത ദുസ്ഥിതിയിലേക്കും കൂപ്പുകുത്തി. വി.എസ് വധം ആട്ടക്കഥയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതിരുന്ന കേരളത്തിലെ പ്രതിപക്ഷം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടപ്പോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് പിന്നെയും വോട്ടുനല്‍കേണ്ട അവസ്ഥയായി ജനങ്ങള്‍ക്ക്. അതോടെ എന്തും ചെയ്യാനുള്ള ലൈസന്‍സ് എന്ന മനോഭാവത്തിലേക്ക് കേരളത്തിലെ യു.ഡി.എഫ് ചെന്നെത്തി.

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ഗന്ധം പരത്തുന്ന അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരികയും ചെയ്യുന്നതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പുവന്നു. വി.എസ്സിനെ നേതാവാക്കി എതിരഭിപ്രായങ്ങളില്ലാതെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടു. വിജയം അവര്‍ക്കൊപ്പമായിരുന്നു. പിന്നീട്, യു.ഡി.എഫ് മന്ത്രിസഭയില്‍ കടുംവെട്ടിന്റെ കാലമായിരുന്നു. മലയാളികളെ മുഴുവന്‍ നാണം കെടുത്തിയ ലൈംഗികാപവാദക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിതന്നെ പ്രതിക്കൂട്ടിലായി.കായലും മലയും എന്നുവേണ്ട എല്ലാം വില്പനയ്ക്കുവച്ചതിന്റെ കണക്കുപുറത്തായിട്ടും സര്‍ക്കാര്‍ കുലുങ്ങിയില്ല.

ഈ തിരക്കിനിടയില്‍ കേന്ദ്രഫണ്ട് നേടിയെടുക്കാന്‍ ആര്‍ക്ക് നേരം? പുറ്റിങ്ങല്‍ ദുരന്തത്തിനിരയായവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കാത്തത് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറാത്തതുകൊണ്ടാണെന്നാണ് കേന്ദ്രമന്ത്രി നഡ്ഡ വ്യക്തമാക്കിയിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് അര്‍ഹമായതിനെക്കാള്‍ ആരോഗ്യമേഖലയ്ക്കടക്കം 10 ശതമാനം അധികത്തുക അനുവദിച്ചെങ്കിലും അതുവിനിയോഗിക്കുന്നതിലും കഴിഞ്ഞ സര്‍ക്കാര്‍ വീഴ്ച വരുത്തി എന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കൂട്ടിക്കെട്ടി പുതിയ മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ച ഭാവനാസമ്പന്നനാണ് ആരോഗ്യമന്ത്രിയായിരുന്ന വി.എസ്.ശിവകുമാര്‍.കെട്ടിടം പണി ഒന്നുമൊന്നുമായില്ലെങ്കിലും ഉദ്ഘാടനവും നടത്തി.സിനിമാസെറ്റിടുന്നതുപോലെയാണ് ഉദ്ഘാടനം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് സ്ഥലം സന്ദര്‍ശിച്ചശേഷം പരിഹസിക്കുകയും ചെയ്തു.ഒരു ആശുപത്രി മെഡിക്കല്‍ കോളേജ് ആവുമ്പോള്‍ രോഗികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സൗകര്യങ്ങളില്‍ വര്‍ദ്ധനയാണുണ്ടാവുന്നത്. എന്നാല്‍, ഇവിടെ പലതും ഇല്ലാതാവുകയായിരുന്നു. ഹരിപ്പാട് ഉള്‍പ്പെടെ പല മെഡിക്കല്‍ കോളേജുകളിലും കണ്‍സള്‍ട്ടന്‍സി കരാറുകള്‍ നല്‍കിയതില്‍ വന്‍ ക്രമക്കേടും കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഉായതായുള്ള വെളിപ്പെടുത്തലുകളും ഇതൊടൊപ്പം ചേര്‍ത്ത് വായിക്കണം.

യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനം വേന്നൊണല്ലോ ജനം വിധി എഴുതിയത്. അപ്പോഴും വന്‍ വികസനം നടത്തി എന്ന് വീമ്പുപറയുന്നവര്‍ കേന്ദ്രമന്ത്രി നഡ്ഡ പറയുന്നതിന് മറുപടി പറയേതുണ്ട്. അര്‍ഹമായത് നേടിയെടുക്കുന്നതിലും അത് യഥാവിധി ചെലവഴിക്കുന്നതിലും വീഴ്ച വരുത്തിയതായി കേന്ദ്രമന്ത്രി പരസ്യമായി കുറ്റപ്പെടുത്തുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രിയായിരുന്ന വി.എസ്.ശിവകുമാറും മറുപടി പറയാന്‍ തയ്യാറാവുകതന്നെ വേണം.

Ads by Google

* പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പത്രത്തിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top