Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മഥുര സംഘര്‍ഷത്തിനു പിന്നില്‍ നേതാജിയുടെ സ്വയംപ്രഖ്യാപിത അനുയായികള്‍

mangalam malayalam online newspaper

ലഖ്‌നൗ: മഥുര സംഘര്‍ഷത്തിനു പിന്നില്‍ നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ യഥാര്‍ഥ അനുയായികളെന്നു സ്വയം അവകാശപ്പെട്ടുന്ന സംഘടനയെന്നു പോലീസ്‌.
പ്രസിഡന്റ്‌, പ്രധാനമന്ത്രി പദവികള്‍ അവസാനിപ്പിക്കുക, ഇന്ത്യന്‍ കറന്‍സി പിന്‍വലിച്ച്‌ ആസാദ്‌ ഹിന്ദ്‌ ഫൗജി കറന്‍സി എന്ന കറന്‍സി ഏര്‍പ്പെടുത്തുക, ഒരു രൂപ നിരക്കില്‍ 40 ലിറ്റര്‍ പെട്രോളും 60 ലിറ്റര്‍ ഡീസലും വിതരണം ചെയ്യുക തുടങ്ങിയ വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ആസാദ്‌ ഭാരത്‌ വിധിക്‌ വൈചാരിക്‌ ക്രാന്തി സത്യാഗ്രഹിയും സ്വാധീന്‍ ഭാരത്‌ സുഭാഷ്‌ സേനയുമാണു നാളുകളായി പ്രക്ഷോഭം നടത്തുന്നത്‌. നേതാജി സുഭാഷ്‌ ചന്ദ്രബോസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യമാക്കണമെന്നാണ്‌ ഈ സംഘടനകളുടെ പ്രധാന ആവശ്യം. പ്രസിഡന്റ്‌, പ്രധാനമന്ത്രി പദങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും റദ്ദാക്കണമെന്ന്‌ ഇവരുടെ ആവശ്യങ്ങളിലൊന്നാണ്‌.
ഇവര്‍ അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന ജവാഹര്‍ ബാഗിലെ 280 ഏക്കര്‍ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ ഒഴിപ്പിക്കാന്‍ നടന്ന ശ്രമമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്‌. മഥുര നഗരസഭാ അധികൃതര്‍ ഏപ്രില്‍ 15 ന്‌ ഇവര്‍ക്ക്‌ അന്ത്യശാസനം നല്‍കിയിരുന്നു. മേയ്‌ 25 ന്‌ ഇവരെ കുടിയൊഴിപ്പിക്കാന്‍ അധികൃതര്‍ ഒരു വിഫല ശ്രമം നടത്തി. നേതാജിയെ സംബന്ധിക്കുന്ന രഹസ്യരേഖകള്‍ മുഴുവന്‍ പുറത്തു വിടണമെന്നും സംഘടന ആവശ്യപ്പെട്ടുന്നുണ്ട്‌. സത്യാഗ്രഹി നേതാക്കളില്‍ രാംവൃക്ഷ്‌ യാദവ്‌ എന്നയാളെക്കുറിച്ചു മാത്രമാണ്‌ എന്തെങ്കിലും വിവരം പോലീസിന്റെ പക്കലുള്ളതെന്നും സൂചനയുണ്ട്‌. മറ്റു നേതാക്കളായ ചന്ദന്‍ ബോസ്‌, ഗിരീഷ്‌ യാദവ്‌, രാകേഷ്‌ ഗുപ്‌ത എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ്‌ അറിയിച്ചു. നാലുവര്‍ഷം മുമ്പ്‌ അന്തരിച്ച ആത്മീയാചാര്യന്‍ ബാബാ ജയ്‌ ഗുരുദേവിന്റെ അനുയായികളാണ്‌ സ്വാധീന്‍ ഭാരത്‌ വിധിക്‌ സത്യഗ്രഹികള്‍. പ്രക്ഷോഭകാരികളുടെ പക്കല്‍ നിന്നു പിടിച്ചെടുത്ത വാഹനങ്ങളില്‍ ചിലതു മധ്യപ്രദേശ്‌ രജസ്‌ട്രേഷനുള്ളവയാണ്‌. സംഘടനയുടെ നക്‌സല്‍ ബന്ധമടക്കമുള്ള സാധ്യതകള്‍ പരിശോധിച്ചു വരുകയാണെന്നും പോലീസ്‌ അറിയിച്ചു. 2014 മുതലാണ്‌ ജവാഹര്‍ ബാഗിലെ 250 ഏക്കര്‍ സ്‌ഥലം കൈയേറിയത്‌. 2013 ലാണ്‌ സ്വാധീന്‍ ഭാരത്‌ സുഭാഷ്‌ സേന രാഷ്‌ട്രീയ പാര്‍ട്ടിയായി രജിസ്‌റ്റര്‍ ചെയ്‌തത്‌. നേതാജിയുടെ യഥാര്‍ഥ അനുയായികളെന്നാണ്‌ ഇവരുടെ അവകാശ വാദം. 2014 ഡിസംബറില്‍ സ്വാധീന്‍ ഭാരത്‌ സുഭാഷ്‌ സേന അംഗമായ വനിത നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേതാജി മരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ മതിയായ സംരക്ഷണം നല്‍കിയാല്‍ കോടതിയില്‍ ഹാജരാക്കാമെന്ന്‌ അവര്‍ അവകാശപ്പെട്ടിരുന്നു.
നേതാജിയെ യുദ്ധക്കുറ്റവാളിയായി പരിഗണിക്കരുതെന്നും അവര്‍ വ്യവസ്‌ഥ വച്ചിരുന്നു. സ്വാധീന്‍ ഭാരത്‌ സഹോദര സംഘടനയെക്കാള്‍ വ്യാപകമാണ്‌. സ്വന്തമായി ഫെയ്‌സ്‌ബുക്ക്‌ പേജും സംഘടനയ്‌ക്കുണ്ട്‌. സ്വാധീന്‍ ഭാരത്‌ സുഭാഷ്‌ സേനയുടെയും ആസാദ്‌ ഭാരത്‌ വിവിധ്‌ വൈചാരിക്‌ ക്രാന്തി ജന്‍ ജാഗരണിന്റെയും തലപ്പത്ത്‌ ഒരേ മുഖങ്ങള്‍ തന്നെയാണോ എന്നു വ്യക്‌തമല്ല. സ്വാധീന്‍ ഭാരത്‌ സുഭാഷ്‌ സേനയുടെ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ പ്രകാരം അവര്‍ക്കു കേന്ദ്രീകൃത നേതൃത്വമില്ല. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ്‌ ഈ സംഘടനയുടെ കൂടുതല്‍ അവകാശ വാദങ്ങള്‍. 2006 ല്‍ സുഭാഷ്‌ സേനയിലെ ഒരംഗം നേതാജി ജീവിച്ചിരിക്കുന്നെന്നും ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയിലെ മുജൈഹ്ന കാടുകളില്‍ വച്ചു കണ്ടതായും അദ്ദേഹം അവകാശപ്പെട്ടു. താന്‍ നേരില്‍ കാണുമ്പോള്‍ നേതാജിക്ക്‌ 109 വയസുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രൂപയ്‌ക്കാണു ലോകത്തെ ഏറ്റവും കരുത്തുള്ളത്‌. ഒരു രൂപ 972 മില്ലി ഗ്രാം സ്വര്‍ണത്തിനു തുല്യമാണെന്നു സുഭാഷ്‌ സേന അവകാശപ്പെട്ടു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top