Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പരിസ്‌ഥിതി ദിനത്തിന്റെ പ്രസക്‌തി

പിണറായി വിജയന്‍ മുഖ്യമന്ത്രി

mangalam malayalam online newspaper

ആധുനിക കാലഘട്ടത്തില്‍ ഗൗരവ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണു പരിസ്‌ഥിതി. നാടിന്റെ വികസനവും പരിസ്‌ഥിതി സംരക്ഷണവും ഒരുമിച്ച്‌ കൊണ്ടുപോകണം എന്നാണു സര്‍ക്കാര്‍ നിലപാട്‌.

ജീവിതരീതികളില്‍ വലിയ മാറ്റമുണ്ടായത്‌ വ്യാവസായിക വിപ്ലവത്തിനുശേഷമായിരുന്നു. അതോടെ വ്യാപാര - വ്യാവസായിക തലങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിസ്‌ഥിതിയെ ബാധിച്ചു എന്നതില്‍ സംശയമില്ല. പരിസ്‌ഥിതി എന്നാല്‍ ഞാന്‍ ഒഴികെ എന്തും എന്നാണ്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍ പറഞ്ഞത്‌. പ്രകൃതിയുടെ ഭംഗി അതിന്റെ വൈരുദ്ധ്യാത്മകതയാണെന്നു പറഞ്ഞത്‌ കാറല്‍ മാര്‍ക്‌സാണ്‌. പ്രകൃതിയെ അറിയാന്‍ ശാസ്‌ത്രം ഫലപ്രദമാകണമെന്നു നിരവധി ശാസ്‌ത്രജ്‌ഞര്‍ വ്യക്‌തമാക്കിയിട്ടുള്ളതാണ്‌.

1972 ജൂണ്‍ 5ന്‌ ലോക രാഷ്‌ട്രത്തലവന്‍മാര്‍ സ്‌റ്റോക്ക്‌ഹോമില്‍ ഒത്തുചേര്‍ന്നു. പരിസ്‌ഥിതി സംരക്ഷണത്തിന്റെ ഗൗരവ ചര്‍ച്ചയ്‌ക്കൊപ്പം ഒരു നിയമാവലികൂടി അവര്‍ ഉണ്ടാക്കി. ഇതിന്റെ വാര്‍ഷിക ദിനാചരണമാണു ലോക പരിസ്‌ഥിതി ദിനം. പരിസ്‌ഥിതിയെ ബാധിക്കുന്ന ഓരോ വിഷയത്തെ അടിസ്‌ഥാനമാക്കിയാണ്‌ ഈ ദിനം ആചരിക്കുന്നത്‌. 700 കോടി സ്വപ്‌നങ്ങള്‍, ഒരേ ഒരു ഭൂമി, ഉപയോഗം കരുതലോടെ എന്ന വിഷയത്തിലായിരുന്നു 2015 ലെ പരിസ്‌ഥിതി ദിനാചരണം. വന്യജീവികളുടെ നിയമവിരുദ്ധമായ വ്യാപാരവ്യവസ്‌ഥയ്‌ക്ക് എതിരായ പോരാട്ടം എന്നതാണ്‌ 2016 ലെ മുദ്രാവാക്യം.

കൃഷി അടിസ്‌ഥാനമാക്കിയായിരുന്നു കേരളത്തിന്റെ വികസനം പണ്ട്‌ വിഭാവനം ചെയ്‌തത്‌. ആളോഹരി കൃഷിഭൂമി 0.08 ഹെക്‌ടറാണ്‌. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണത്തില്‍ ശരാശരി 110 പേര്‍ വസിക്കുന്നു എന്നു പൊതുവില്‍ കണക്കാക്കാം. അങ്ങനെ വരുമ്പോള്‍ ഒരു യൂണിറ്റ്‌ പ്രദേശം ഉള്‍ക്കൊള്ളുന്നത്‌ വിഭാവനം ചെയ്‌തതിനെക്കാള്‍ 3.6 ഇരട്ടി ആളുകളെയാണ്‌. 3.6 മടങ്ങ്‌ അധിക ഉത്‌പാദനം ആവശ്യമാണെന്നാണ്‌ ഈ കണക്ക്‌ വ്യക്‌തമാക്കുന്നത്‌. നമുക്ക്‌ നമ്മുടേതായ വികസന മാതൃകകളുണ്ട്‌. അതിനെ കാലാനുസൃതമായി പരിഷ്‌ക്കരിച്ചു പ്രാബല്യത്തില്‍ കൊണ്ടുവരാനാണ്‌ ശ്രമിക്കേണ്ടത്‌. അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്‌ഥാനത്തിലുള്ള പരിസ്‌ഥിതി സൗഹൃദ വികസന പ്രക്രിയകളാണ്‌ ആവശ്യം.

ഓരോ സ്‌ഥലത്തെയും വിഭവശേഷി കണ്ടെത്തണം. അവ പരിപോഷിപ്പിക്കപ്പെടണം. നിയന്ത്രിതമായ ഉപഭോഗം ആവിഷ്‌ക്കരിക്കണം - അങ്ങനെ സമഗ്രവികസനം എന്ന സങ്കല്‍പ്പത്തിന്‌ അടിസ്‌ഥാനമൊരുക്കാനാകും. അനുവര്‍ത്തിക്കുന്ന സമ്പ്രദായത്തില്‍ തെറ്റുണ്ടായാല്‍ തിരുത്തി വീണ്ടും ആവിഷ്‌ക്കരിക്കണം. എങ്കിലേ സുസ്‌ഥിരവികസനം സാധ്യമാകൂ. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്‌ത് ഭാവിതലമുറയ്‌ക്കു നീക്കിവയ്‌ക്കാത്ത അവസ്‌ഥയിലാണു സുസ്‌ഥിര വികസനം എന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞ്‌ വന്നത്‌. ഭാവിയെക്കുറിച്ച്‌ കരുതലുള്ള സങ്കല്‍പ്പമാണത്‌.പരിസ്‌ഥിതി ഒരു വൈകാരിക വിഷയമായി മാത്രം കാണേണ്ട കാര്യമല്ല. വിവേകപൂര്‍വം കൈകാര്യം ചെയ്യേണ്ട വിജ്‌ഞാന ശാഖയാണത്‌. വ്യവസായ സ്‌ഥാപനങ്ങള്‍ മലിനീകരണമുണ്ടാക്കിയാല്‍ നിര്‍ത്തലാക്കുകയല്ല പരിഹാരം. ശാസ്‌ത്രീയമായ മലിനീകരണ നിയന്ത്രണ സംവിധാനം ഉപയോഗിച്ച്‌ കര്‍ശന നിയന്ത്രണത്തോടെ അവയെ പരിസ്‌ഥിതി സൗഹൃദ സംവിധാനമാക്കി നിലനിര്‍ത്തിക്കൊണ്ട്‌ പോകാനാണു ശ്രദ്ധിക്കേണ്ടത്‌.പരിസ്‌ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനം ആവശ്യമുണ്ട്‌. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ്‌ ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്‌. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ചു വിവേകപൂര്‍വം ഇടപെടണം.

മാലിന്യ സംസ്‌ക്കരണം, വിഭവശോഷണം, ഊര്‍ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്‌ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്‌മമായി പഠിച്ച്‌ ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയായാലും പരിഹരിക്കണം. കാലാനുസൃത മാറ്റങ്ങള്‍ ഇവിടെ ആവശ്യമാണ്‌. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമങ്ങളുടെ നടപ്പാക്കല്‍ കര്‍ശനമാക്കണം. അതിനൊപ്പം പരിസ്‌ഥിതി പ്രശ്‌നത്തിന്റെ ദുരുപയോഗം തടയുകയും വേണം. അന്ധമായി നടത്തുന്ന അശാസ്‌ത്രീയമായ പരിസ്‌ഥിതി പ്രകടനങ്ങളില്‍ നിയന്ത്രണം വേണം. വികസനം മുരടിപ്പിക്കാത്ത പരിസ്‌ഥിതി സംരക്ഷണമാണു സര്‍ക്കാര്‍ ലക്ഷ്യം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top