Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ചിന്തിക്കാന്‍ : നിനക്കു വല്ല രോഗവും ഉണ്ടോടീ...?

ഡോ.കെ.പി.യോഹന്നാന്‍

mangalam malayalam online newspaper

എനിക്കറിയാവുന്ന ഒരു ഡോക്‌ടറുണ്ട്‌. ഏതു രോഗി കാണാന്‍ ചെന്നാലും അവിടെയും ഇവിടെയും കുത്തി നോക്കിയിട്ട്‌ പറയും: യ്യോ! സംഗതി ഗൗരവമാണ്‌.
കുറെനാള്‍ മുമ്പ്‌ എനിക്കറിയാവുന്ന ഒരു വയോധികന്‍ ഈ ഡോക്‌ടറെ കാണാന്‍ പോയി. വയറ്റിലെല്ലാം കൊട്ടി നോക്കിയിട്ട്‌ ഡോക്‌ടര്‍ പറഞ്ഞു: 'അപ്പച്ചോ, സംഗതി കുഴപ്പമാണ്‌. ഇപ്പോള്‍ തന്നെ ഓപ്പറേഷന്‍ വേണം.'
ഈ രോഗിക്ക്‌ ഒരു മകനും ഒരു മകളും ഉണ്ട്‌. അവരാകട്ടെ മുംബൈയിലും.
ഡോക്‌ടര്‍ പറഞ്ഞു: 'മുംബൈയില്‍ നിന്നു മകനെ പെട്ടന്നു വരുത്തിക്കോ, സംഗതി ഗൗരവമാണ്‌.'
അപ്പച്ചന്‍ മകനെ വിളിച്ച്‌ കാര്യം പറഞ്ഞു. മകന്‍ അടുത്ത ഫ്‌ളൈറ്റില്‍ നാട്ടിലെത്തി.
ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു: 'നിങ്ങളുടെ അപ്പനല്ലേ ഇത്‌. തട്ടിപ്പോകുന്ന കേസാണ്‌. ഞങ്ങള്‍ ചെയ്യാവുന്നതെല്ലാം ചെയ്യാം.
ഇതു കേട്ടപ്പോഴേ മകന്‍ ബോധംകെട്ടു വീണു.
കുറെ ദിവസം കഴിഞ്ഞപ്പോഴാണ്‌ മനസിലായത്‌ ഇത്ര ഗൗരവമായി എടുക്കത്തക്ക അസുഖമൊന്നും അപ്പച്ചനില്ല. അവര്‍ വീട്ടില്‍ പോകുകയും ചെയ്‌തു.
ഈ കഥ കേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു: 'ഈ ഡോക്‌ടര്‍മാര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കുന്നതിനു മുമ്പ്‌ മനുഷ്യരോടു സംസാരിക്കാന്‍ കൂടി പരിശീലിപ്പിക്കണം.'
എന്റെ അടുത്ത സ്‌നേഹിതനായ ഒരു ഡോക്‌ടറുണ്ട്‌. ഈ മനുഷ്യനെപ്പറ്റി നല്ല അഭിപ്രായം ധാരാളം പേര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ അടുത്തു ചെന്നിരുന്നാല്‍ തന്നെ ഏതു അസുഖമായിരുന്നാലും പകുതി കുറയും. തന്റെ അടുക്കല്‍ രോഗികള്‍ വന്നാല്‍, 'എന്തോ ഉണ്ട്‌ അമ്മച്ചീ, അപ്പച്ചാ' എന്നെക്കെ പറഞ്ഞ്‌ ആദ്യം തന്നെ അവരെ സന്തോഷിപ്പിക്കും. ആദ്യത്തെ ഡോക്‌ടര്‍ക്കും ഈ ഡോക്‌ടര്‍ക്കും ഒരു പോലെയാണ്‌ ഡിഗ്രി. പിന്നെ എവിടെയാണ്‌ വ്യത്യാസമുള്ളത്‌?
വായില്‍ നിന്ന്‌ വരുന്ന വാക്കുകളില്‍.
വേദപുസ്‌തകം പറയുന്നു : ഇമ്പമുള്ള വാക്കുകള്‍ തേന്‍കട്ട പോലെയാകുന്നു. മനസിനു മധുരവും അസ്‌ഥികള്‍ക്കു ഔഷധവും തന്നെ. ഇതു പരീക്ഷിച്ചു നോക്കിയാല്‍ മനസിലാകും. ഒരു പെണ്‍കുട്ടിയെ കണ്ടിട്ട്‌, 'എന്റെ കുഞ്ഞേ. നിനക്ക്‌ എന്തോ പറ്റി? വല്ലരോഗവും ഉണ്ടോടീ' ഇങ്ങനെ പത്തു പ്രാവശ്യം പറഞ്ഞാല്‍ ഒരു രോഗവും ഇല്ലെങ്കിലും അവള്‍ പറയും: ശരിയാ എനിക്കു വലിയ ക്ഷീണോം തലവേദനയും ഒക്കയാ.
ഒരു കുഴപ്പവും ഇല്ലാതിരുന്ന കുട്ടിയാണ്‌. രോഗിയായി വിളറിപ്പോയി എന്നു കേള്‍ക്കുമ്പോഴേക്ക്‌ ക്ഷീണം തനിയേ വന്നു പോകും. പിന്നെ മനസും ശരീരവും ക്ഷീണിച്ച്‌ ഞാന്‍ രോഗിയാ എന്നും പറഞ്ഞ്‌ വല്ല ആശുപത്രിയിലും പോയി വെറുതേ ഉള്ള ചക്രം എല്ലാം ചെലവഴിക്കേണ്ടി വരും. വെറും വാക്കുകളില്‍ ആരംഭിച്ചതാണിത്‌.
നിങ്ങള്‍ ചോദിച്ചേക്കാം പിന്നെ നന്നായിരിക്കുന്നു എന്നു പറയണോ. അതു ദോഷമാണ്‌. തെറ്റായി മറ്റുവര്‍ ചിന്തിക്കും.
ഞാന്‍ ഉദ്ദേശിച്ചത്‌ അങ്ങനെയുള്ള വാക്കുകള്‍ പറയണമെന്നല്ല. പിന്നെയോ ബലപ്പെടുത്തുന്ന, സന്തോഷിപ്പിക്കുന്ന വാക്കുകള്‍ പറയുക. ഉത്തേജനം കൊടുക്കുക. ഒരിക്കലും മറ്റുള്ളവരെ ദുഃഖിപ്പിക്കരുത്‌; നമ്മുടെ വായിലെ വാക്കുകള്‍ മറ്റുള്ളവരെ സഹായിക്കുന്നവ ആയിരിക്കട്ടെ. നിന്റെ ഭാര്യയ്‌ക്കു സന്തോഷം കൊടുക്കുന്നതായിരിക്കട്ടെ. നിന്റെ ഭര്‍ത്താവ്‌ നേരത്തെ വീട്ടില്‍ വരാന്‍ പ്രേരണ കൊടുക്കുന്നതായിരിക്കട്ടെ.
മൗനമായിരുന്നതോര്‍ത്തല്ല, സംസാരിച്ചതോര്‍ത്തു ദുഃഖിക്കേണ്ടി വരും എന്ന്‌ കണ്‍ഫ്യൂഷസ്‌ പറഞ്ഞത്‌ ഓര്‍ക്കുക. എന്റെ പാറയും വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദകരമായിരിക്കട്ടെ എന്ന പ്രാര്‍ഥന സങ്കീര്‍ത്തനത്തില്‍ കാണാം. നമ്മുടെ പ്രാര്‍ഥനയും ഇതായിരിക്കട്ടെ. നമ്മുടെ വാക്കുകള്‍ മറ്റുള്ളവരുടെ ജീവിതം കെട്ടിപ്പണിയുന്നതാകട്ടെ.
നാം മറ്റുള്ളവരോടു പറയുന്ന വാക്കുകള്‍ അവരില്‍ വ്യത്യാസം വരുത്താന്‍ ശക്‌തിയുള്ളതാണ്‌. വാക്ക്‌ അഗ്നിയും ചുറ്റികയുമാണ്‌. അപ്പോള്‍ തന്നെ അത്‌ ഔഷധവുമാണ്‌. ഒരു വാക്ക്‌ പറയുംമുമ്പ്‌ ഇതു ഞാന്‍ പറയുന്നതുകൊണ്ട്‌ എന്തു പ്രയോജനം എന്ന്‌ സ്വയം ചോദിക്കണം. വാക്കുകള്‍ ക്രിയാത്മകമായി ഉപയോഗിക്കുവാന്‍ നാം ശീലിക്കണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top