Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ജിഷ വധക്കേസ്‌ പഠിപ്പിക്കുന്നത്‌...

ഡോ. ഹമീദ്‌ അന്‍സാര്‍ തടത്തിക്കുന്നേല്‍

mangalam malayalam online newspaper

പെരുമ്പാവൂരിലെ ഒരു പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ ജിഷ എന്ന യുവതി കൊല്ലപ്പെട്ടിട്ട്‌ ആഴ്‌ചകള്‍ കഴിയുന്നു. അന്വേഷണം പല വഴിക്കു നടന്നെങ്കിലും എങ്ങുമെത്താതെ നില്‍ക്കുകയാണ്‌ എന്നാണ്‌ മാധ്യമങ്ങള്‍ പറയുന്നത്‌. കോലാഹലങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ നാം മനസിലാക്കേണ്ട പ്രധാനമായ ചില വസ്‌തുതകള്‍ ഉണ്ട്‌. അതില്‍ പ്രധാനം, കുറ്റകൃത്യം എന്നത്‌ അതിവൈകാരികതയോടെയോ രാഷ്‌ട്രീയമോ സാമുദായികമോ ആയ പരിഗണനകളോടെയോ സമീപിക്കേണ്ട ഒന്നല്ല എന്നതാണ്‌. തീവ്രമായ അന്വേഷണം ഒരിക്കലും കാര്യക്ഷമമായ അന്വേഷണത്തിനു പകരവും ആകില്ല. കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ കുറ്റകൃത്യ ശാസ്‌ത്രവുമായിട്ടുള്ള എന്റെ അടുപ്പം എന്നെ പഠിപ്പിച്ചത്‌ അതാണ്‌.

തെളിവുകള്‍ പ്രധാനം

എന്താണ്‌ ജിഷക്കേസിന്റെ അന്വേഷണത്തെ ദുര്‍ബലമാക്കുന്നത്‌? തെളിവുകളുടെ അഭാവമാണു പ്രധാനം. ഇതു രണ്ട്‌ കാരണങ്ങള്‍ കൊണ്ട്‌ സംഭവിക്കാം. ഒന്ന്‌, അത്യധികം ബുദ്ധിപരമായി ആസൂത്രണം ചെയ്യപെട്ട കുറ്റങ്ങളില്‍. രണ്ട്‌, വേണ്ടത്ര അവധാനതയോടെയുള്ള അന്വേഷണം തുടക്കം മുതലേ ഇല്ലാത്ത കേസുകളില്‍. കുറ്റം എന്നത്‌ മനുഷ്യരുടെ മറ്റേതൊരു പ്രവര്‍ത്തിയും പോലെയാണ്‌.
സമയത്തിലും സ്‌ഥലത്തിലും സംഭവിക്കുന്ന ഒന്ന്‌. അതുകൊണ്ട്‌ തന്നെ അതിന്റെ അന്വേഷണവും ഈ സ്‌ഥലകാല ദ്വയത്തെ അടിസ്‌ഥാനമാകിയാണു നടക്കുന്നത്‌. വൈദ്യശാസ്‌ത്രത്തില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍, അതിന്റെ വിജയസാധ്യത കണക്കാക്കുന്നതില്‍ ഉപയോഗിക്കുന്ന ഒരു സങ്കല്‍പനം ആണ്‌ ആദ്യത്തെ സുവര്‍ണ മണിക്കൂര്‍. ഇതനുസരിച്ച്‌, അത്യാഹിത അവസ്‌ഥകളില്‍ ഒരു ഇര രക്ഷപ്പെടാനുള്ള സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളത്‌ അപകടം നടന്നു ആദ്യത്തെ ഒരു മണിക്കൂറിനുള്ളിലുള്ള ചികിത്സയുടെ അടിസ്‌ഥാനത്തിലാണ്‌ . കുറ്റകൃത്യവും ഇതേ പോലെയാണ്‌. കുറ്റകൃത്യം നടന്ന സ്‌ഥലകാലവുമായി എത്ര പെട്ടെന്ന്‌ അന്വേഷണസംഘം ബന്ധം സ്‌ഥാപിക്കുന്നോ, അത്രയും നന്ന്‌.
ചെറിയ ഉദാഹരണം ഇതാ: ഒരു കുറ്റം നടന്നു ആദ്യത്തെ പത്തു മിനിറ്റില്‍ പോലീസിനു അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞെന്ന്‌ ഇരിക്കട്ടേ. കുറ്റവാളി, അയാള്‍ ഇനി എത്ര കഴിവുള്ളവന്‍ ആയാലും ഒരു മനുഷ്യനു പത്തു മിനിറ്റ്‌ കൊണ്ട്‌ എത്തിചേരാന്‍ കഴിയുന്ന പരമാവധി അകലത്തില്‍ ഉണ്ടെന്ന്‌ ഉറപ്പിക്കാം, അതനുസരിച്ച്‌ പോലീസിനു പ്രവര്‍ത്തിക്കാം . കുറ്റവാളിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഏറ്റവും കൃത്യമായി ശേഖരിക്കാനും സാധിക്കും. സമയം വൈകുന്തോറും ഈ സാധ്യത കുറഞ്ഞുവരും.
തെളിവുകള്‍ എന്നേക്കും നിലനില്‍ക്കുന്ന ഒന്നല്ല. ശേഖരിക്കാന്‍ വൈകുന്തോറും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കും. ഇനി കുറ്റവാളിയെ കണ്ടെത്തി എന്നിരിക്കട്ടേ, പോലീസിനെ സംബന്ധിടത്തോളം കുറ്റവാളിയെ കോടതിക്കു മുന്നില്‍ കൊണ്ടുവരാനേ സാധിക്കൂ. ശിക്ഷിക്കുക എന്നത്‌ കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്‌. അവിടെ വാദങ്ങള്‍ അല്ല മുഖ്യം, വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ആണ്‌. ശക്‌തമായ തെളിവുകളുടെ അഭാവം കുറ്റാരോപണങ്ങളെ ദുര്‍ബലമാക്കും, കുറ്റാരോപിതനെ വെറുതെ വിടാന്‍ കോടതി നിര്‍ബന്ധിതമാകും.

എന്താണ്‌ പോലീസിനു സംഭവിച്ചത്‌?

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ തല്‍പരകക്ഷികള്‍ മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ ഈ കേസിനെ ശ്രദ്ധാകേന്ദ്രം ആക്കി മാറ്റി. ഇതിനെക്കാള്‍ ക്രൂരമായ രീതിയില്‍ നടന്ന, മറ്റു പല കുറ്റകൃത്യങ്ങള്‍ക്കും ഇതിന്റെ പത്തിലൊന്ന്‌ പ്രാധാന്യം പോലും മാധ്യമങ്ങളുടെയും പൊതുസമൂഹതിന്റെയും ഭാഗത്തുനിന്നു കിട്ടാതിരുന്നിടുണ്ട്‌. ഇവിടെ പോലീസിന്റെ ഭാഗത്തുനിന്നും എന്ത്‌ വീഴ്‌ചയാണ്‌ ഉണ്ടായത്‌?
നമ്മുടേത്‌ പോലുള്ള സമൂഹത്തില്‍ നിയമ സംവിധാനങ്ങള്‍ ഏറെക്കുറേ ശക്‌തമായി നിലനില്‍ക്കുന്നതും ആളുകള്‍ കുറ്റങ്ങള്‍ ചെയ്യാതിരിക്കുന്നതും, പോലീസിനെയോ അതിലുപരി നിയമത്തെയോ ശിക്ഷയെയോ ഭയന്നിട്ടല്ല. മറിച്ച്‌ പരമ്പരാഗതമായ വിശ്വാസങ്ങളും (മതം ഉള്‍പ്പെടെ) മൂല്യങ്ങളും ഒക്കെ കാരണമാണ്‌. കുറ്റങ്ങളെ ഔപചാരികമായ കൈകാര്യം ചെയ്യേണ്ട സന്ദര്‍ഭങ്ങളും താരതമ്യേന കുറവാണ്‌. ഇതു നമ്മുടെ പോലീസ്‌ സംവിധാനത്തിന്റെ പ്രഫഷണലിസത്തെ കാര്യമായി ബാധിക്കുന്നു. മറ്റൊന്ന്‌ കേരളത്തിലെ സാഹചര്യത്തില്‍ കക്ഷി രാഷ്‌ട്രീയ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നേതാക്കന്‍മാരുടെയും അവരുടെ പിണിയാളുകളുടെയും താല്‍പര്യ സംരക്ഷണത്തിനു തങ്ങളുടെ പ്രഫഷണല്‍ സമീപനം മാറ്റിവച്ചു പെരുമാറാന്‍ പോലീസ്‌ പലപ്പോഴും നിര്‍ബന്ധിതരാകുന്നു എന്നതാണ്‌. അതവരുടെ കാര്യക്ഷമതയെ കാര്യമായി ബാധിച്ചിട്ടുമുണ്ട്‌.
ചുരുക്കത്തില്‍, പോലീസ്‌ എന്നത്‌ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ മാത്രം പ്രവര്‍ത്തിക്കുകയോ/പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്ന സംവിധാനം മാത്രമായി. അങ്ങനെയിരിക്കേ, ആരാലും ശ്രദ്ധിക്കപ്പെടാതെ അധികം ഒച്ചപ്പാട്‌ ഉണ്ടാക്കാതെ പോകാമായിരുന്ന ഒരു കേസ്‌ ആയിരിക്കും എന്ന രീതിയില്‍ ജിഷ കൊലക്കേസും ആദ്യ ദിവസങ്ങളില്‍ കൈകാര്യം ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ പോലീസിന്റെ വീഴ്‌ചകള്‍ക്ക്‌ ആത്യന്തികമായി ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ്‌.

അറിവില്ലായ്‌മയും അവഗണനയും

ഒരു കുറ്റം ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്നാണു കുറ്റകൃത്യം നടന്ന സ്‌ഥലവും പരിസരവും പരിരക്ഷിക്കുക എന്നത്‌. ഒരു കുറ്റം നടന്ന സ്‌ഥലത്തേക്ക്‌ എത്തിപെടുന്ന ഏവരുടെയും പൊതുകടമ ആണത്‌. എത്തിനോക്കല്‍ ഒരു കലയും അതിലുപരി ഒരു മനോവൈകല്യവും ആയി മാറിയിട്ടുള്ള ഒരു സമൂഹത്തില്‍ ഈ തത്വം പാടെ അവഗണിക്കപ്പെടുന്നു. അതിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്ന തെളിവുകള്‍പ്പോലും നശിപ്പിക്കപ്പെടുന്നു.
സാക്ഷ്യങ്ങളും സാക്ഷികളും

ഇനിയൊന്നു ദൃക്‌സാക്ഷികളുടെയും സാഹചര്യസാക്ഷികളുടെയും കാര്യം. സാക്ഷികള്‍ ഇല്ലാത്തതാണോ അതോ അവര്‍ മുന്നോട്ടു വരാത്തതാണോ എന്നത്‌ നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്‌. കുറ്റം നടന്ന സ്‌ഥലവും സമയവും പരിഗണിക്കുമ്പോള്‍ കൃത്യവുമായി ബന്ധപ്പെട്ട ഒരു കാര്യം പോലും ആരുടെയും ശ്രദ്ധയില്‍ വന്നില്ല എന്നത്‌ അവിശ്വസനീയമാണ്‌. ഇനി അവര്‍ ആരും മനഃപൂര്‍വം മുന്നോട്ടു വരാത്തതാണ്‌ എങ്കില്‍, അത്‌ നമ്മുടെ വ്യവസ്‌ഥയുടെ കുഴപ്പമാണ്‌. സാക്ഷിയാകുകയും സാക്ഷ്യം പറയുകയും ചെയ്യുന്നത്‌ പേടി സ്വപ്‌നമായ ഒരു സാമൂഹിക സാഹചര്യത്തില്‍, കുറ്റവാളികളെ പിടികൂടാന്‍ കഴിയാതെ പോകുന്നതിന്റെ മൂലകാരണം തേടേണ്ടത്‌ സമൂഹനിയമ വ്യവസ്‌ഥയുടെ ഘടനാപരവും പ്രവര്‍ത്തനപരവുമായ പോരായ്‌മകളില്‍ ആണ്‌. അത്‌ കണ്ടെത്തി പരിഹരിക്കാതെ ഇരുട്ട്‌ കൊണ്ട്‌ ഓട്ടയടക്കുന്നത്‌ തുടര്‍ന്ന്‌ കൊണ്ടിരുന്നാല്‍ ജിഷമാര്‍ ഉണ്ടായികൊണ്ടിരിക്കും.
ആരും സുരക്ഷിതരല്ല
ഒരു ചങ്ങലയുടെ ബലം ആ ചങ്ങലയുടെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ബലമാണ്‌ എന്നു പറയാറുണ്ട്‌. ഒരു സമൂഹത്തിന്റെ സുരക്ഷയുടെ കാര്യവും അങ്ങനെ തന്നെ. എല്ലാവരും സുരക്ഷിതര്‍ ആകുന്നതുവരെ ആരും സുരക്ഷിതര്‍ അല്ല. കുറ്റകൃത്യം എന്നത്‌ ചിലര്‍ക്കുമാത്രം സംഭവിക്കാവുന്ന ഒരു കാര്യമല്ല. ആര്‍ എപ്പോള്‍ വേണമെങ്കിലും ഇരയാക്കപെടാം. അതുകൊണ്ട്‌ തന്നെ ഒരു കുറ്റത്തിന്റെ അന്തിമഇര ആ കുറ്റം നടന്ന സമൂഹമാണ്‌.

വാല്‍ക്കഷണം:

കുറ്റകൃത്യങ്ങളെ ശാസ്‌ത്രീയമായി പഠിക്കലും അപഗ്രഥനം നടത്തലും, അതിന്റെ അടിസ്‌ഥാനത്തില്‍ കഴിയുന്നത്ര വിധത്തില്‍ അവയെ തടയാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കലും, തടയാന്‍ പറ്റാതെ പോകുന്നവയെ ഫലപ്രദമായി തെളിയിക്കാനുള്ള വഴികള്‍ രൂപപ്പെടുത്തലും ഒക്കെയാണു കുറ്റകൃത്യ ശാസ്‌ത്രത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍. പോലീസിങ്ങും ്രൈകം ഇന്‍വസ്‌റ്റിഗേഷനും ഒക്കെ അതിന്റെ ഉപമേഖലകള്‍ മാത്രം. ഉന്നത വിദ്യാഭ്യാസ രംഗത്തും അതേപോലെ തന്നെ ഗവേഷണ രംഗത്തും പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ട ഒരു മേഖലയാണത്‌. ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, കേരളത്തിലെ ഒരൊറ്റ സര്‍വകലാശാലയിലോ കോളജിലോ ഇതുമായി ബന്ധപെട്ട കോഴ്‌സുകള്‍ നടത്തുന്നില്ല.

(ലേഖകന്‍ വെല്ലൂര്‍ അക്കാഡമി ഓഫ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ കറക്‌ഷണല്‍ അഡ്‌മിനിസ്‌ട്രേഷന്‍ റിസര്‍ച്ച്‌ ഓഫീസര്‍ ആണ്‌.)

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top