Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

ഐശ്വര്യത്തിന്റെ സുഗന്ധം പാപമോചനത്തിന്റെയും

പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

mangalam malayalam online newspaper

വിശ്വാസിഹൃദയത്തില്‍ ആത്മീയ സുഗന്ധം പരത്തിയാണ്‌ ഓരോ റമദാനും സമാഗതമാകുന്നത്‌. ആത്മീയോല്‍കര്‍ഷത്തിനും ആത്മഹര്‍ഷത്തിനും സഹായകമായിട്ടാണ്‌ ഓരോ വ്രതനാളുകളും കടന്നുവരുന്നത്‌. വിശപ്പിന്റെ കാഠിന്യത്തില്‍ ഇലാഹീ സ്‌മരണയില്‍ മുഴുകുമ്പോള്‍ മലീമസ മാനസങ്ങളില്‍നിന്നു പാപക്കറകള്‍ പൂര്‍ണമായും ഒലിച്ചിറങ്ങുകയാണ്‌; മനസ്‌ ദിവ്യ ജ്യോതിസോടെ പ്രകാശമാനമാവുകയും ചെയ്ുന്നുയ.
ഭൂമിയില്‍ ദീര്‍ഘകാലം വസിച്ചിരുന്ന പല സമുദായങ്ങളുടെയും നന്മകളെത്രയും വാരിപ്പുണരാനുള്ള ഒരവസരം കൂടിയാണ്‌ വിശ്വാസികള്‍ക്ക്‌ റമദാന്‍. പ്രത്യേകതയുള്ള ദിനരാത്രങ്ങളും സമയങ്ങളും നല്‍കി പവിത്രമായ ചാരുത സമ്മാനിക്കുകയാണ്‌ ഈ പുണ്യ മാസം. രാപ്പകല്‍ ഭേദമന്യേ പാപമോചനത്തിന്റെയും ഐശ്വര്യത്തിന്റെയും സുഗന്ധം അന്തരീക്ഷത്തില്‍ പരത്തുന്നു വിശുദ്ധ റമദാന്‍. പാപങ്ങളുടെ കരിമ്പടങ്ങളില്‍നിന്ന്‌ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ പ്രഘോഷിക്കുന്നുണ്ട്‌ അത്‌. പൊലിഞ്ഞു പോയ ആത്മീയ ചൈതന്യങ്ങളുടെ വീണ്ടെടുപ്പിലൂടെ ജീവിത വഴിത്താരകളില്‍ നവോത്ഥാനത്തിന്റെ മുദ്രകള്‍ തീര്‍ക്കാന്‍ സുവര്‍ണാവസരം. ആത്മീയതയില്‍ ചാലിച്ചെടുത്ത നിരന്തര കര്‍മങ്ങളാണ്‌ ഈ മാസത്തില്‍ വിശ്വാസികള്‍ക്ക്‌ ഉണ്ടാവേണ്ടത്‌.
ആധ്യാത്മിക വ്യാപാരത്തിലൂടെ വെളിച്ചത്തിന്റെ രാജവീഥികള്‍ വെട്ടിത്തെളിച്ച്‌ പൈശാചിക മനോഗതങ്ങള്‍ക്ക്‌ കല്‍ത്തുറങ്കുകള്‍ തീര്‍ക്കാനും സത്യവിശ്വാസി ഈ മാസത്തെ സുവര്‍ണാവസരമാക്കേണ്ടതുണ്ട്‌. ദൈവികസാമീപ്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഭഗീരഥ യത്‌നങ്ങളാണ്‌ വിശുദ്ധ റമദാനിന്റെ ഓരോ അനര്‍ഘ നിമിഷങ്ങളിലും വിശ്വാസിയുടെ കര്‍ണപുടങ്ങളില്‍ മുഴക്കുന്ന ശബ്‌ദഘോഷം. മാസങ്ങളുടെ നെടുനായകനെന്ന്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) വിശേഷിപ്പിച്ച വിശുദ്ധ റമദാനിന്റെ ഓരോ നിമിഷവും അനര്‍ഘവും അമൂല്യവുമാണ്‌. വ്രതാനുഷ്‌ഠാനമെന്ന മഹത്തായ തപസിലൂടെ മാനവരാശിയെ സംശുദ്ധമാക്കി മാറ്റുകയാണു റമദാന്‍.
സ്വച്‌ഛന്ദമായ ശരീരേച്‌ഛകള്‍ക്കു കീഴ്‌പ്പെട്ട്‌ മനുഷ്യന്‍ അനേകം തെറ്റുകള്‍ക്കു വശംവദനാകുന്നുണ്ട്‌. കറുത്തുപോയ ഇത്തരം ഹൃദയങ്ങളെ ആത്മീയതയുടെ തെളിനീരില്‍ കഴുകിയെടുക്കുമ്പോള്‍ ഹൃദയം സംശുദ്ധമാവുന്നു. സുകൃതങ്ങള്‍ ആവാഹിക്കാന്‍ അതുമൂലം മനുഷ്യന്‍ പര്യപ്‌തനാവുകയാണ്‌. ആ ആത്മീയ പരിവേഷം സര്‍വരോടും ഗുണകാംക്ഷ പകരുമെന്നതില്‍ സന്ദേഹമില്ല.
റമദാനിലെ ആരാധനാ കര്‍മം വ്രതം തന്നെയാണ്‌. എല്ലാവിധ ഭക്ഷണങ്ങളുമുപേക്ഷിച്ച്‌ അല്ലാഹുവിനു പരിപൂര്‍ണമായി വണങ്ങുന്നതാണ്‌ ഇസ്ലാമിലെ വ്രതം. ഇതു മനുഷ്യമനസുകളില്‍ വിശ്വാസവും ഭക്‌തിയും വര്‍ധിപ്പിക്കാനും ആത്മസംയമനത്തിനും ഭൗതിക താല്‍പര്യങ്ങളോടുള്ള അമിത സ്‌നേഹം കുറയ്‌ക്കാനും സഹായകമാകുന്നു. നോമ്പുകാരന്റെ ദൈവത്തിലേക്കുള്ള വണക്കവും പ്രാര്‍ഥനയും ഉത്തരം ലഭിക്കാന്‍ ഏറ്റവും പര്യാപ്‌തമാണെന്നും പഠിപ്പിച്ചു ഇസ്ലാം.
എന്നാല്‍ കേവലം ആത്മീയവശം മാത്രമല്ല നോമ്പിനുള്ളത്‌, പ്രത്യുത സാമൂഹികമായ നന്മ, ആരോഗ്യകരമായ പുഷ്‌ഠി തുടങ്ങി അനേകം തലങ്ങള്‍ കൂടി അതിനുണ്ട്‌. പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളി നീക്കിയ ദരിദ്രജനങ്ങളുടെ വികാര വിചാരങ്ങളില്‍ സമ്പന്ന ജനങ്ങള്‍ക്കും പങ്കാളികളാനുള്ള അവസരമാകുമ്പോള്‍ മാനവികതയുടെ അര്‍ഥതലങ്ങളും വ്രതത്തിന്റെ കാണാപ്പുറങ്ങളില്‍ നമുക്ക്‌ ദര്‍ശിക്കാനാവുന്നതാണ്‌. വ്രതം പാപങ്ങള്‍ക്കെതിരായുള്ള പരിചയമാണ്‌. ഒപ്പം മറ്റു സുകൃതങ്ങളെ സ്വീകരിക്കാനുള്ള അവസരവും.
ശരീരത്തിലുള്ള മാലിന്യങ്ങളെ പുറത്തുകൊണ്ടുവന്ന്‌ അതിന്റെ പ്രതിരോധശക്‌തി വര്‍ധിപ്പിച്ച്‌ രോഗമുക്‌തമാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നതില്‍ വ്രതത്തിന്‌ അനല്‍പമായ പങ്കുണ്ടെന്നാണ്‌ ഇന്നത്തെ പ്രകൃതി ചികിത്സകരുടെ നിരീക്ഷണം. പാശ്‌ചാത്യ വൈദ്യശാസ്‌ത്രത്തിന്റെ പിതാവെന്നറയിപ്പെടുന്ന ഹിപ്പൊക്രാറ്റസ്‌, വൈദ്യശാസ്‌ത്ര രംഗത്ത്‌ പ്രശസ്‌തനായ ഇബനുസീന എന്നിവര്‍ രോഗ ശമനത്തിന്‌ വ്രതമായിരുന്നു നിര്‍ദേശിച്ചിരുന്നത്‌.
സുപ്രസിദ്ധ ഗ്രീക്ക്‌ ചിന്തകന്‍ പ്ലേറ്റോ പറഞ്ഞത്‌ ഭക്ഷണം ലഘുവാക്കുക, എന്നാല്‍ രോഗങ്ങളില്‍ നിന്ന്‌ മുക്‌തി നേടാം എന്നായിരുന്നു. ആരോഗ്യ സംരക്ഷണത്തിന്‌ നോമ്പ്‌ ഏറെ സഹായകമാണെന്ന്‌ ആഗോള തലത്തില്‍ നടന്ന ആരോഗ്യ സംരക്ഷണ ചര്‍ച്ചകളില്‍ പോലും അംഗീകരിക്കപ്പെട്ടതാണ്‌.
പിടിച്ച്‌ നില്‍ക്കുക എന്നര്‍ത്ഥമുള്ള സൗം എന്ന അറബി പദത്തില്‍ നിന്നാണ്‌ വ്രതത്തിന്റെ നിഷ്‌പത്തി. വികാര വിചാരങ്ങള്‍ അടക്കിപ്പിടിക്കുന്നതോടൊപ്പം സമ്പൂര്‍ണവും നിഷ്‌കളങ്കവുമായിരിക്കണമെന്നും ഇതിനര്‍ഥമുണ്ട്‌. എല്ലാ തിന്മകളുടെ അഗ്നിശകലങ്ങളെയും നന്മയുടെ ജലധാരകള്‍ കൊണ്ട്‌ അണച്ചുകളയാന്‍ നിര്‍ബന്ധിക്കുന്നുണ്ട്‌ ഇസ്ലാം. സര്‍വവിധ തിന്മകളെയും വര്‍ജിച്ച്‌ ആത്മീയ സുഗന്ധം ആവാഹിച്ചെടുത്ത്‌ ഹൃദയ വസന്തത്തില്‍ സ്‌നേഹപ്പുലരി തീര്‍ക്കാന്‍ നിരന്തരമായി ഇസ്ലാം പ്രഘോഷിക്കുന്നത്‌ ഏറെ കൗതുകം തന്നെ. കളവ്‌ പറയുന്നതും തദനുസൃതമായി പ്രവര്‍ത്തിക്കുന്നതും ഒരാള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല -പ്രവാചകന്‍ അരുള്‍ ചെയ്‌തു.
ക്രമസമാധാനവും അക്രമ രഹിതവുമായ ഒരു സമൂഹത്തിന്റെയും സൃഷ്‌ടിപ്പ്‌ കൂടി വിശുദ്ധ റമദാനിന്റെ സന്ദേശത്തില്‍ ഏറെ പ്രാധാന്യമാണ്‌. ദൈവീക ചിന്തകളിലും ഉപാസനകളിലും മുഴുകുന്ന സമൂഹത്തിന്‌ സാമൂഹിക സദാചാരം ക്ഷിപ്ര സാധ്യമാവുന്നു.

പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top