Main Home | Feedback | Contact Mangalam
Ads by Google

ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവം; പതിമൂന്നുകാരനെ വെറുതേവിട്ടു

ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ പതിമൂന്നുകാരനെ വെറുതേവിട്ടു. ഇഞ്ചപ്പാറ നെല്ലിശേരി ഷാജഹാന്റെ മകള്‍ സജിന(25) കൊല്ലപ്പെട്ട കേസിലാണു ജുവനൈല്‍ കോടതി പ്രിന്‍സിപ്പല്‍ ജഡ്‌ജി മുരളീകൃഷ്‌ണ പണ്ടാലയുടെ വിധി. വീടിനടുത്തുളള പുല്‍മേട്ടില്‍ 2012 ജൂലൈ 29-നാണു സജിനയെ മരിച്ചനിലയില്‍ കണ്ടത്‌. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ മുറിവാണു മരണകാരണം. പോലീസിനു തുമ്പൊന്നും ലഭിച്ചില്ലെങ്കിലും സംഭവത്തിനുശേഷം പ്രദേശത്തുനിന്നും മാറിനിന്നവരെക്കുറിച്ചുള്ള അന്വേഷണമാണ്‌ അയല്‍വാസിയായ എട്ടാംക്ലാസുകാരനില്‍ എത്തിച്ചത്‌. സംഭവദിവസം പശുവിനെ അഴിക്കാന്‍ സമീപത്തെ പുല്‍മേട്ടിലേക്കു പോയ സജിനയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്നു പിതാവ്‌ ഷാജഹാന്‍ അന്വേഷിച്ചുചെന്നപ്പോഴാണു മരിച്ചനിലയില്‍ കണ്ടത്‌. സ്‌ഥലത്തു മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
പുല്‍മേട്ടില്‍വച്ച്‌ പ്രതി യുവതിയെ കയറിപ്പിടിച്ചെന്നും ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുമെന്നും പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട്‌ സജീനയെ കുത്തിയെന്നുമാണു പ്രോസിക്യൂഷന്‍ കേസ്‌.
പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സജീന തട്ടിവീണെന്നും ഈ സമയം കല്ലെടുത്തു സജിനയുടെ തലയിലിട്ടു കൊന്നെന്നും മൃതദേഹം കുറച്ചുദൂരം വലിച്ചുകൊണ്ടുപോയി താഴ്‌ചയിലേക്കു തള്ളിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
സംഭവത്തിനു പിറ്റേന്നു പ്രതി ഒളിവില്‍ പോയതും ബാലന്റെ ദേഹത്തു നഖക്ഷതങ്ങള്‍ കണ്ടെത്തിയതും തെളിവായി ഉന്നയിച്ചു. ബാലന്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ ചാണകക്കുഴിയില്‍ കുഴിച്ചിട്ടതും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായിപറയുന്ന കത്തി, കല്ല്‌ എന്നിവയും കണ്ടെത്തിയിരുന്നു.
സംഭവസ്‌ഥലത്തിനു സമീപം പ്രതി സൈക്കിള്‍ ചവിട്ടുന്നതു കണ്ടെന്നും സാക്ഷി മൊഴിയുണ്ടായിരുന്നു. എന്നാല്‍, ഇതിന്‌ ഏതാനും ദിവസംമുമ്പ്‌ വാങ്ങിയ സൈക്കിള്‍ നന്നായി ചവിട്ടാന്‍ ബാലന്‌ അറിയില്ലായിരുന്നെന്നും സംഭവദിവസം സൈക്കിളുമായി കൊങ്കിണിപടര്‍പ്പിലേക്കു വീണതിന്റെ മുറിവാണു ദേഹത്തുണ്ടായിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. സൈക്കിളില്‍നിന്നും വീണതറിഞ്ഞ പിതാവ്‌ സൈക്കിള്‍ തല്ലിയൊടിക്കാന്‍ ശ്രമിച്ചെന്നും ഈ വിഷമത്തില്‍ കുട്ടി നാടുവിട്ടതാണെന്നും വസ്‌ത്രങ്ങളടക്കമുള്ള തെളിവുകള്‍ പോലീസ്‌ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട്‌ മറ്റൊരാളെ രണ്ടുദിവസം പോലീസ്‌ കസ്‌റ്റഡിയില്‍വച്ചതും ഇയാള്‍ നാടുവിട്ടതും സംശയാസ്‌പദമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
തമിഴ്‌നാട്ടുകാരന്‍ നമ്പിരാജാണു സജിനയുടെ ഭര്‍ത്താവ്‌. ഇവര്‍ സ്‌നേഹിച്ചു വിവാഹം കഴിച്ചതാണ്‌. ഭര്‍ത്താവ്‌ പിന്നീട്‌ മതപരിവര്‍ത്തനം നടത്തി അബ്‌ദുല്ലയെന്ന പേരു സ്വീകരിച്ചു.
എറണാകുളത്ത്‌ ഒരു കടയിലാണ്‌ ഇയാള്‍ ജോലി നോക്കിയിരുന്നത്‌. ഇതിനാല്‍ സജിന അച്‌ഛനമ്മമാരുടെ കൂടെയായിരുന്നു താമസം. സംഭവസമയത്ത്‌ സജിനക്ക്‌ എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. യഥാര്‍ഥ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നു കാട്ടി സജിനയുടെ മാതാപിതാക്കളും രംഗത്ത്‌ എത്തിയിരുന്നു.
കൊലചെയ്യപ്പെട്ട സ്‌ഥലത്ത്‌ സ്‌ഥിരമായി ചീട്ടുകളിസംഘം ഉണ്ടായിരുന്നു. സജിനയുടെ മരണശേഷം ഭര്‍ത്താവ്‌ കുട്ടിയെ കാണാന്‍പോലും വരാത്തതും സംശയം വര്‍ധിപ്പിക്കുന്നതാണെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു.
പോലീസ്‌ കണ്ടെത്തിയ കുട്ടിയെ കുറ്റവാളിയാക്കി അന്വേഷണം അവസാനിപ്പിച്ചെന്നായിരുന്നു അവരുടെ നിലപാട്‌. മകളുടെ യഥാര്‍ഥ കൊലപാതകികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്കു സജിനയുടെ പിതാവ്‌ ഷാജഹാന്‍, മാതാവ്‌ നബീസ എന്നിവര്‍ പരാതി നല്‍കിയെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ജോബി ജോര്‍ജ്‌ കൊച്ചുപറമ്പില്‍, എബി തോമസ്‌ തൊണ്ടമ്പ്രമാലില്‍ എന്നിവര്‍ ഹാജരായി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top