Main Home | Feedback | Contact Mangalam
Ads by Google

അധ്യാപികയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക്‌് ഇരട്ട ജീവപര്യന്തം

കോട്ടയം: മോഷണ ശ്രമത്തിനിടെ റിട്ട. അധ്യാപികയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക്‌ ഇരട്ടജീവപര്യന്തം.
തമിഴ്‌നാട്‌ തേനി ജില്ല ഉത്തമപാളയം സ്വദേശി ചന്ദ്രന്‍ (49), ഉത്തമപാളയം മാരിയമ്മന്‍ കോവില്‍ സ്വദേശി കൃഷ്‌ണന്‍ (26) എന്നിവരെയാണു കോട്ടയം രണ്ടാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി എസ്‌. ഷാജഹാന്‍ ശിക്ഷ വിധിച്ചത്‌.
ഏറ്റുമാനൂര്‍ അലങ്കാര്‍ തിയറ്ററിനു സമീപം നെടിയകാലായില്‍ റിട്ട. അധ്യാപികയായ റോസമ്മ (60)യുടെ സ്വര്‍ണ മാല കവരുകയും തടയാനെത്തിയ മക്കളായ ഡോ. സെബാസ്‌റ്റ്യന്‍, മാത്യു എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌ത കേസിലാണു ശിക്ഷ.
ഭവന ദേദനം നടത്തിയതിനു ജീവപര്യന്തം കഠിന തടവും 25,000 രൂപ വീതം പിഴയും , മോഷണം നടത്തിയതിന്‌ ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ വീതം പിഴയും, കൊലപാതക ശ്രമത്തിനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം അധികമായി തടവ്‌ അനുഭവിക്കണം. പിഴതുകയില്‍ 25,000 രൂപ വീതം വാദികള്‍ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
2013 ഫെബ്രുവരി 15നായിരുന്നു സംഭവം. പുലര്‍ച്ചെ രണ്ടരയോടെ പ്രതികള്‍ റോസമ്മയുടെ വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ്‌ അകത്തു കയറിയത്‌ . തുടര്‍ന്നു റോസമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട്‌ ഓടിയെത്തിയ മാത്യുവിനെയും പിന്നീടെത്തിയ ഡോ. സെബാസ്‌റ്റ്യനെയും വെട്ടിവീഴ്‌ത്തിയശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട്‌ സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍നിന്നു പോലീസ്‌ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും റോസമ്മയുടെ മാലയുടെ ഭാഗങ്ങളും കണ്ടെടുത്തു.ഏറ്റുമാനൂര്‍ സി.ഐയായിരുന്ന ഷാജു ജോസിനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യുഷനുവേണ്ടി അഡ്വ. ജോര്‍ജുകുട്ടി ചിറയില്‍ ഹാജരായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top