Main Home | Feedback | Contact Mangalam
Ads by Google

ഒമ്പതു മാസത്തിനിടെ പിടിച്ചത്‌ 34.11 കോടിയുടെ വൈദ്യുതി മോഷണം

mangalam malayalam online newspaper

ആലപ്പുഴ : ഒമ്പതു മാസത്തിനുള്ളില്‍ സംസ്‌ഥാനത്ത്‌ പിടികൂടിയത്‌ 34.11 കോടിരൂപയുടെ വൈദ്യുതി മോഷണവും ക്രമക്കേടും. വൈദ്യുതി മോഷണത്തില്‍ മുന്നില്‍ എറണാകുളം ജില്ലയാണ്‌. കുറവ്‌ മലപ്പുറത്തും. 902 വൈദ്യുതി മോഷണവും 3427 ക്രമക്കേടുകളുമാണ്‌ ഈ കാലയളവില്‍ കണ്ടെത്തിയത്‌.
വൈദ്യുതി ബോര്‍ഡ്‌ ചീഫ്‌ വിജിലന്‍സ്‌ ഓഫീസര്‍ ഋഷിരാജ്‌ സിങ്ങിന്റെ നേതൃത്വത്തില്‍ എറണാകുളം, കോഴിക്കോട്‌, കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 4.66 കോടിയുടെ വൈദ്യുതി മോഷണവും ക്രമക്കേടും കണ്ടെത്തി. ആലപ്പുഴയില്‍ മൂന്നുദിവസത്തെ പരിശോധനയില്‍ 13 വൈദ്യുതി മോഷണവും 80 ക്രമക്കേടുകളും കണ്ടെത്തിയതായും ഇതിന്‌ 1.33 കോടിയുടെ പിഴ ചുമത്തിയതായും ഋഷിരാജ്‌ സിങ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വൈദ്യുതി ബോര്‍ഡ്‌ മുന്‍ ജീവനക്കാരുടെ വീടുകളില്‍ ക്രമക്കേട്‌ കണ്ടെത്തി. ഇവരില്‍നിന്ന്‌ മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി. ആലപ്പുഴയില്‍ പള്ളാത്തുരുത്തി പാലത്തിന്‌ സമീപം ലൈനില്‍നിന്ന്‌ നേരിട്ടു വൈദ്യുതി ഉപയോഗിച്ച ആറ്‌ ഹൗസ്‌ ബോട്ട്‌ ഉടമകള്‍ക്ക്‌ 18 ലക്ഷത്തോളം രൂപ പിഴ ചുമത്തി. കരുവാറ്റയില്‍ ഐസ്‌ പ്ലാന്റിന്‌ 17 ലക്ഷത്തോളം രൂപയും ജില്ലയിലെ കല്‍പകം റെസിഡന്‍സിക്ക്‌ 4.75 ലക്ഷം രൂപയും പിഴയിട്ടു.
തിരുവനന്തപുരം, ശ്രീവരാഹം മുത്തൂറ്റ്‌ സ്‌കൈഷെഫില്‍ നിന്ന്‌ തൊട്ടടുത്ത റസ്‌റ്റോറന്റിലേക്ക്‌ അനധികൃതമായി വൈദ്യുതി എടുത്ത്‌ ഉപയോഗിച്ചതിന്‌ ഒരു കോടി രൂപയും എറണാകുളം, ആരക്കുന്നത്ത്‌ ചിന്മയാ ഇന്റര്‍നാഷണല്‍ എന്ന സ്‌ഥാപനത്തിന്‌ 70 ലക്ഷം രൂപയും പിഴയിട്ടു.
എറണാകുളത്ത്‌ ഒരു മുന്‍മന്ത്രിയുടെ വീട്ടില്‍ കാര്‍ഷിക കണക്‌ഷനുള്ള വൈദ്യുതി മറ്റാവശ്യങ്ങള്‍ക്ക്‌ ദുരുപയോഗം ചെയ്‌തതിന്‌ പിഴ ഈടാക്കി. പെരുമ്പാവൂരില്‍ പ്ലൈവുഡ്‌ കമ്പനിക്ക്‌ ഒരു കോടിയില്‍ പരം രൂപയും തോപ്പുംപടി, പള്ളുരുത്തി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ മത്സ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക്‌ 90 ലക്ഷം രൂപയും പിഴയിട്ടു.
കൊല്ലം ജില്ലയിലെ കപ്പിത്താന്‍സ്‌ ഫിഷറീസ്‌ എന്ന സ്‌ഥാപനത്തിലെ വൈദ്യുതി താരിഫ്‌ ദുരുപയോഗത്തിന്‌ 1.37 കോടി രൂപയും ശക്‌തികുളങ്ങരയിലെ രണ്ട്‌ ഐസ്‌ പ്ലാന്റ്‌ യൂണിറ്റുകള്‍ക്ക്‌ 34 ലക്ഷത്തോളം രൂപയും കോട്ടയം, ചുങ്കത്ത്‌ ഒരു ഫ്‌ളാറ്റില്‍ അനധികൃതമായി വൈദ്യുതിലൈന്‍ വലിച്ച്‌ സപ്ലൈ ഉപയോഗിച്ചതിന്‌ 26 ലക്ഷം രൂപയും പിഴ ചുമത്തി.
വൈദ്യുതി മോഷണം സംബന്ധിച്ച്‌ വിവരം നല്‍കാന്‍ 0471-2444554, 9446008006 എന്നീ നമ്പറുകളിലോ ജില്ലയിലെ അസി. എക്‌സി. എന്‍ജിനീയറുടെ ഓഫീസിലോ മൊബൈലിലോ വിവരം നല്‍കാം.
എസ്‌.എം.എസ്‌, വാട്‌സ്‌ ആപ്‌ എന്നിവയ്‌ക്കു പുറമേ ഇ മെയിലായും വിവരം നല്‍കാമെന്ന്‌ ഋഷിരാജ്‌ സിങ്‌ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top