Main Home | Feedback | Contact Mangalam
Ads by Google

ബീഫ്‌ കഴിച്ചതായി ആരോപണം : ജനക്കൂട്ടം ഗൃഹനാഥനെ അടിച്ചുകൊന്നു

mangalam malayalam online newspaper

ന്യൂഡല്‍ഹി: ബീഫ്‌ കഴിച്ചെന്ന്‌ ആരോപിച്ച്‌ 50 വയസുകാരനെ ജനക്കൂട്ടം അടിച്ചു കൊന്നു. ഡല്‍ഹി ഉത്തര്‍പ്രദേശ്‌ അതിര്‍ത്തി പ്രദേശമായ ദാദ്രിയില്‍ മുഹമ്മദ്‌ അഖ്‌ലഖാന്‍ എന്നയാള്‍ക്കാണ്‌ ദാരുണാന്ത്യം.
ഡല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ദാദ്രിയിലെ ബിസാറ ഗ്രാമത്തിലാണ്‌ സംഭവം. ബീഫ്‌ കഴിച്ചെന്ന്‌ ആരോപിച്ച്‌ മുഹമ്മദിനെയും 22 കാരനായ മകന്‍ ഡാനിഷിനേയും ഗ്രാമവാസികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. വീടിനുള്ളില്‍ കയറി സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും സ്‌ത്രീകളെ ആക്രമിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ മുഹമ്മദിനെയൂം മകനെയും ഇഷ്‌ടികയും ഇരുമ്പുവടിയും ഉപയോഗിച്ച്‌ മര്‍ദിച്ചു. മുഹമ്മദ്‌ തത്‌ക്ഷണം മരിച്ചു. ഡാനിഷ്‌ ഗുരുതരാവസ്‌ഥയിലാണ്‌. പോലീസ്‌ വന്നശേഷവും അക്രമം തുടര്‍ന്നതിനാല്‍ പോലീസ്‌ ആകാശത്തേക്കു വെടിയുതിര്‍ത്തു. വെടിവയ്‌പില്‍ ഇരുപതുകാരനു പരുക്കേറ്റു. കൊലപാതകവുമായി ബന്ധപ്പെട്ട്‌ ആറുപേര്‍ അറസ്‌റ്റിലായി. കൂടുതല്‍ പേരെ അറസ്‌റ്റ്‌ ചെയ്യുമെന്ന്‌ ഗൗതം ബുദ്ധ്‌ നഗര്‍ പോലീസ്‌ സൂപ്രണ്ട്‌ അറിയിച്ചു. മുഹമ്മദ്‌ അഖ്‌ലഖാന്റെ വീട്ടില്‍ ബീഫ്‌ കഴിക്കുന്നതായി കിംവദന്തി പരക്കുകയും സമീപത്തുള്ള ക്ഷേത്ര കമ്മറ്റിയുടെ ആഹ്വാനത്തെ തുടര്‍ന്ന്‌ നുറോളം വരുന്ന ഗ്രാമവാസികള്‍ വീടാക്രമിക്കുകയുമായിരുന്നു. വീട്ടില്‍ നിന്നും ലഭിച്ച മാംസം പരിശോധനയ്‌ക്കായി ഫോറന്‍സിക്‌ വിഭാഗത്തിന്‌ അയച്ചതായി പോലീസ്‌ അറിയിച്ചു. അതേസമയം തങ്ങളുടെ ഫ്രിഡ്‌ജില്‍ ആട്ടിറച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ അഖ്‌ലഖാന്റെ മകള്‍ സാജിത പറഞ്ഞു. സമീപക്ഷേത്രത്തില്‍ നിന്നുണ്ടായ അറിയിപ്പിന്‌ തൊട്ടുപിന്നാലെയാണ്‌ ജനക്കൂട്ടം തന്റെ വീട്ടിലെത്തിയത്‌. ദിവസങ്ങള്‍ക്കു മുമ്പ്‌ പ്രദേശത്ത്‌ നിന്ന്‌ കാണാതായ ഒരു പശുവിനെ തങ്ങള്‍ കൊന്നുവെന്നായിരുന്നു അറിയിപ്പ്‌.
എന്നാല്‍ അങ്ങനെയൊരു സംഭവത്തെപ്പറ്റി തങ്ങള്‍ക്ക്‌ അറിയില്ലെന്നും വീട്ടില്‍ ബീഫ്‌ പാചകം ചെയ്‌തിട്ടില്ലെന്നും സാജിത പറഞ്ഞു. ഫ്രിഡ്‌ജില്‍ ഉണ്ടായിരുന്ന ആട്ടിറച്ചി ബീഫായി തെറ്റിദ്ധരിക്കുകയായിരുന്നു. സംശയ നിവാരണത്തിനാണ്‌ അത്‌ പോലീസ്‌ കൊണ്ടു പോയതെന്നും ആട്ടിറച്ചിയാണെന്നു തെളിഞ്ഞാല്‍ തന്റെ പിതാവിനെ അവര്‍ തിരിച്ചു തരുമോയെന്നും സാജിത വേദനയോടെ ചോദിച്ചു. ബിസാറ ഗ്രാമം പോലീസിന്റെ നിയന്ത്രണത്തിലാണെന്ന്‌ ഗൗതംബുദ്ധ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ എന്‍.പി. സിങ്‌ അറിയിച്ചു. മൂന്ന്‌ ദശാബ്‌ദമായി മുഹമ്മദും കുടുംബവും ഈ ഗ്രാമത്തിലാണ്‌ വസിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top