Main Home | Feedback | Contact Mangalam
Ads by Google

കേന്ദ്ര റബര്‍നയം വൈകില്ലെന്നു കുമ്മനം : അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല

ന്യൂഡല്‍ഹി: റബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവ്‌ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ ഉറപ്പു ലഭിച്ചെന്ന്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍.
റബര്‍ കര്‍ഷകരെയും വ്യവസായികളെയും വിദഗ്‌ധരെയും പങ്കെടുപ്പിച്ച്‌ ഓഗസ്‌റ്റില്‍ കോട്ടയം, കൊല്ലം, ഇടുക്കി, വയനാട്‌ ജില്ലകളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഈ സെമിനാറുകളില്‍ പങ്കെടുത്ത്‌ ദേശീയ റബര്‍ നയം പ്രഖ്യാപിക്കുമെന്ന്‌ ഡല്‍ഹിയില്‍ വിവിധ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ സമഗ്ര വികസനമാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വികസന സെമിനാറുകള്‍ സംഘടിപ്പിക്കും. അവിടെ ഉയരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്‌ കേന്ദ്രത്തിനു സമര്‍പ്പിക്കും. പദ്ധതികള്‍ നടപ്പാക്കാനായി ഓരോ മന്ത്രാലയത്തിലും സമ്മര്‍ദം ചെലുത്തും.
ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. അതിനു നിയമഭേദഗതി വേണമെങ്കില്‍ അതു ചെയ്യണം. ശബരിമലയുടെ അടിസ്‌ഥാന വികസനത്തിന്‌ ആവശ്യമായ പദ്ധതികള്‍ തയാറാക്കണം. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ സഹകരണവും ആവശ്യമാണ്‌. ശബരിമല തീര്‍ഥാടകര്‍ക്ക്‌ ആവശ്യമായ കുടിവെള്ളം എത്തിക്കുന്ന കുന്നാര്‍ ഡാമിന്റെ ഉയരം മൂന്നു മീറ്റര്‍ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണ്‌. സംസ്‌ഥാന സര്‍ക്കാരില്‍ നിന്ന്‌ അപേക്ഷ ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ക്യൂ കോംപ്ലക്‌സുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും വൈകില്ല.
കേരളത്തിലെ തനത്‌ സാംസ്‌കാരിക പൈതൃക സ്‌മാരകങ്ങള്‍ സംരക്ഷിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ സാംസ്‌കാരിക മന്ത്രി മഹേഷ്‌ ശര്‍മ്മ ഉറപ്പു നല്‍കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ നേരത്തേ നല്‍കിയ ഉറപ്പുകള്‍ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ആറന്മുളയെ പൈതൃകഗ്രാമമായി പ്രഖ്യാപിക്കും. പള്ളിയോട സേവാസമിതിയുമായി ചേര്‍ന്ന്‌ ഈ മേഖലയുടെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനും കര്‍മപരിപാടി ആവിഷ്‌കരിക്കും. ഇതിനായി കേന്ദ്രസംഘം ആറന്മുള സന്ദര്‍ശിക്കുമെന്നും കുമ്മനം പറഞ്ഞു.
പ്രകൃതിയെയും വന്യജീവി സമ്പത്തിനെയും നശിപ്പിച്ച്‌ അതിരപ്പിള്ളിയില്‍ അണക്കെട്ട്‌ നിര്‍മിക്കുന്നത്‌ ഒരു കാരണവശാലും അനുവദിക്കില്ല. പദ്ധതിക്കു നല്‍കിയ പാരിസ്‌ഥിതികാനുമതി അടുത്ത വര്‍ഷത്തോടെ അവസാനിക്കും. തുടര്‍ന്ന്‌ അനുമതി നീട്ടിനല്‍കില്ലെന്ന്‌ പരിസ്‌ഥിതി മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരില്‍ പോലും സമവായമില്ല. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച്‌ ഇക്കാര്യത്തില്‍ അഭിപ്രായരൂപീകരണം നടത്തണം. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്നും കുമ്മനം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top