Main Home | Feedback | Contact Mangalam
Ads by Google

തെരഞ്ഞടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ സന്നദ്ധത അറിയിച്ച്‌ കമ്മിഷന്‍

mangalam malayalam online newspaper

ന്യൂഡല്‍ഹി : എല്ലാ തെരഞ്ഞടുപ്പുകളും ഒന്നിച്ചു നടത്താന്‍ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സന്നദ്ധത അറിയിക്കുന്നത്‌ ആദ്യമായാണ്‌. ഇക്കാര്യത്തില്‍ രാഷ്‌ട്രീയ സമവായം ഉണ്ടാവുകയാണെങ്കില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്ന കാര്യം പരിഗണിക്കാവുന്നതേയുള്ളൂവെന്നും കമ്മിഷന്‍ അറിയിച്ചു.
കഴിഞ്ഞമാസം ആദ്യവാരം കേന്ദ്ര നിയമമന്ത്രാലയത്തിന്‌ എഴുതിയ കത്തിലാണ്‌ കമ്മിഷന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഈ ആശയം പ്രായോഗികമല്ലാത്ത ഒന്നാണെന്നാണു തങ്ങള്‍ ഇത്രയും കാലം കരുതിയിരുന്നതെങ്കിലും ഇപ്പോള്‍ സാധ്യമാണെന്ന്‌ ബോധ്യപ്പെട്ടതായും രണ്ടു പേജുള്ള കത്തില്‍ കമ്മീഷന്‍ വ്യക്‌തമാക്കുന്നു. ആശയത്തെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ്‌ നടത്തുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളും കമ്മിഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ത്രിതല പഞ്ചായത്തുകളിലേക്കുള്ള ഭരണസമിതിയെയും ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുക്കണമെന്ന അഭിപ്രായമാണ്‌ പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നത്‌. എന്നാല്‍, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ പ്രത്യേകമായി കമ്മിഷന്റെ കത്തില്‍ പരാമര്‍ശിക്കുന്നില്ല.
ഇതിന്‌ സര്‍ക്കാര്‍ ഭരണഘടനാ ഭേഗഗതി കൊണ്ടുവരേണ്ടതുണ്ട്‌. ചില സംസ്‌ഥാന സര്‍ക്കാരുകളുടെ കാലാവധി കുറയ്‌ക്കേണ്ടിയും ചിലതിന്റെ കാലാവധി നീട്ടേണ്ടിയും വരും. എങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ്‌ സമയക്രമം നിശ്‌ചയിക്കാനാവൂ. കൂടാതെ കൂടുതല്‍ വോട്ടിങ്‌ മെഷീനുകളും അനുബന്ധ മെഷീനുകളും കൂടുതലായി വേണം. ഇതിന്‌ വലിയൊരു തുക ചെലവാകും. ഇതിനായി 9,284.15 കോടിയെങ്കിലും അധികമായി വേണ്ടി വരും. ഈ മെഷീനുകളുടെ പരമാവധി പ്രവര്‍ത്തനകാലാവധി 15 വര്‍ഷമാണ്‌. ഇത്രയും മെഷീനുകള്‍ അപ്പോള്‍ പുതുക്കി വാങ്ങാന്‍ പിന്നെയും തുക ചെലവാകുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട 79-ാമത്‌ പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനോട്‌ നിയമന്ത്രാലയം ആവശ്യപ്പെട്ട പ്രതികരണത്തിലാണ്‌ കമ്മിഷന്‍ ഈ മറുപടി നല്‍കിയത്‌. ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുമുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ ഒരേ ഘട്ടമായി നടത്തണമെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോഡി സമീപകാലത്ത്‌ മുന്നോട്ടുവച്ചിരുന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുകയെന്നതും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളിലൊന്നാണ്‌.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബി.ജെ.പി നേതൃയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തിയാല്‍ സമയവും ചെലവും വലിയ തോതില്‍ ലാഭിക്കാമെന്നതായിരുന്നു അതിനു ബി.ജെ.പിയുടെ വിശദീകരണം. തിരഞ്ഞെടുപ്പില്‍ വിന്യസിക്കുന്നതിന്‌ കൂടുതല്‍ കേന്ദ്രസേനയും ആവശ്യമായി വരും. ഇതിനു പുറമെ ധാരളം ഉദ്യോഗസ്‌ഥരെയും ആവശ്യമാണ്‌. രാജ്യത്ത്‌ മൊത്തം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഭരണസ്‌തംഭനത്തിന്‌ സമാനമായ സാഹചര്യമായിരിക്കും ഉണ്ടാകുകയെന്നും കമ്മിഷന്‍ നിയമ മന്ത്രാലയത്തെ അറിയിച്ചു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്രാപ്രദേശ്‌, സിക്കിം, അരുണാചല്‍ പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ്‌ നടന്നപ്പോള്‍ നിലവിലുള്ള 1,077 കമ്പനി കേന്ദ്രസേനയ്‌ക്കു പുറമെ 1,349 കമ്പനി കേന്ദ്രസേനയെക്കൂടി അധികം വിന്യസിക്കേണ്ടി വന്നതായും കമ്മിഷന്‍ വ്യക്‌തമാക്കി. നിലവില്‍ സംസ്‌ഥാനങ്ങളില്‍പോലും പ്രായോഗികതക്കു മുന്‍തൂക്കം നല്‍കി ഘട്ടം ഘട്ടമായാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തുന്നതെന്നും വിവിധ സംസ്‌ഥാനങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മിഷന്‍ വ്യക്‌തമാക്കി. നിലവിലുള്ള കേന്ദ്രസേനയെയും ഉദ്യോഗസ്‌ഥരെയും ഇവിടങ്ങളില്‍ മാറ്റി മാറ്റി വിന്യസിക്കുകയാണ്‌ പതിവ്‌. ഈ വിഷയങ്ങള്‍ എങ്ങിനെ പരിഹരിക്കുമെന്നതു വിലയിരുത്തേണ്ടതുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top