Main Home | Feedback | Contact Mangalam
Ads by Google

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യയ്‌ക്ക് പുതിയ മുഖം നല്‍കി നരേന്ദ്ര മോഡി

mangalam malayalam online newspaper

വാഷിങ്‌ടണ്‍: അമേരിക്കയുമായുള്ള സൗഹൃദക്കരുത്തില്‍ പാകിസ്‌താനും ചൈനയ്‌ക്കും പരോക്ഷ മുന്നറിയിപ്പ്‌ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ്‌ അദ്ദേഹം നയം വ്യക്‌തമാക്കിയത്‌.
ഭീകരത രാഷ്‌ട്രീയ ആയുധമാക്കുന്നവര്‍ക്കെതിരേ യു.എസ്‌. കോണ്‍ഗ്രസ്‌ സന്ദേശം നല്‍കണമെന്ന ആഹ്വാനത്തോടെയാണ്‌ അദ്ദേഹം പാകിസ്‌താനെതിരായ സന്ദേശം നല്‍കിയത്‌. ഇന്ത്യക്കു സമീപമാണു ഭീകരത ജന്മമെടുക്കുന്നത്‌. മനുഷ്യരെ സ്‌നേഹിക്കുന്ന ഏവരും ഈ പോരാട്ടത്തില്‍ അണിചേരണം. ഭീകരതയ്‌ക്കെതിരേ ലോകരാജ്യങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെയും പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. കരുത്തുള്ള ഇന്ത്യയാണ്‌ അമേരിക്കയുടെയും താല്‍പര്യം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷ ശക്‌തമാക്കണം. സമുദ്രഗതാഗതം സുഗമമാക്കാന്‍ ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.
പഴയ പരാതികള്‍ ഇന്നലെയുടെ ഭാഗമായി എന്നാണ്‌ അമേരിക്കയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ നിലപാട്‌. ഉറച്ച ബന്ധമാണു ഭാവിയില്‍ കാത്തിരിക്കുന്നത്‌. മറ്റേത്‌ രാജ്യത്തെക്കാളുമേറെ അമേരിക്കയുമായാണ്‌ ഇന്ത്യക്കു വാണിജ്യബന്ധമുള്ളത്‌. അമേരിക്കയിലുള്ള ഇന്ത്യക്കാരാണ്‌ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്‌.
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏറെ സമാനതകള്‍ ഉണ്ട്‌. ചരിത്രത്തിലും സംസ്‌കാരത്തിലും വ്യത്യാസമുണ്ടെങ്കിലും സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഇരുരാജ്യങ്ങളുടെയും വീക്ഷണത്തില്‍ സമാനതയുണ്ട്‌. യു.എസിലെ ജനാധിപത്യം നിരവധി രാജ്യങ്ങള്‍ക്കു ആവേശമായി. ഗാന്ധിജി മുന്നോട്ടുവച്ച അഹിംസാമാര്‍ഗം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനു പ്രചോദനമായി. ഇന്ത്യയുടെ എല്ലാ ദുഃഖത്തിലും ഒപ്പം നിന്ന അമേരിക്കയ്‌ക്കു നന്ദി പറയുന്നു. ഭരണഘടനയാണു തന്റെ സര്‍ക്കാരിന്റെ വിശുദ്ധ ഗ്രന്ഥമെന്നു മോഡി വ്യക്‌തമാക്കി. മതസ്വാതന്ത്ര്യം, സമത്വം എന്നിവയ്‌ക്കാണു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്‌. ലോകസമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്ന്‌ അദ്ദേഹം പറഞ്ഞു.മേഖലയിലെ ഉറപ്പുള്ള തൂണെന്നു ഇന്ത്യയെ വിശേഷിപ്പിച്ചാണു പ്രസംഗവേദിയിലേക്കു ജനപ്രതിനിധി സഭാ സ്‌പീക്കര്‍ പോള്‍ റയാന്‍ സ്വാഗതം ചെയ്‌തത്‌.
യു.എസ്‌. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോഡി. ഈ വര്‍ഷത്തെ ആദ്യ സംയുക്‌ത സമ്മേളത്തെയാണ്‌ അദ്ദേഹം അഭിസംബോധന ചെയ്‌തത്‌. മുതിര്‍ന്ന 30 കോണ്‍ഗ്രസ്‌ അംഗങ്ങളും സെനറ്റര്‍മാരും ചേര്‍ന്നാണു മോഡിയെ വേദിയിലേക്ക്‌ ആനയിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top