Main Home | Feedback | Contact Mangalam
Ads by Google

നിഷാമുമായി അന്വേഷണസംഘം നടത്തിയതു വിനോദയാത്ര

mangalam malayalam online newspaper

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ഹമ്മര്‍ ജീപ്പിടിപ്പിച്ചു കൊന്ന മുഹമ്മദ്‌ നിഷാമിനെ തെളിവെടുപ്പിനെന്ന വ്യാജേന അന്യസംസ്‌ഥാനങ്ങളില്‍ കൊണ്ടുപോയതു വിവാദമാകുന്നു. ഈ വധക്കേസുമായി പുലബന്ധമില്ലാത്ത കേസുകളെ ബന്ധപ്പെടുത്തിയാണു നിഷാമിനെ കൊണ്ടുപോയത്‌. ഇതു നിഷാമിന്റെ സ്വത്തുക്കള്‍ മറ്റുള്ളവരുടെ പേരിലേക്കു മാറ്റാനുള്ള സൗകര്യത്തിനാണെന്നു സംശയിക്കപ്പെടുന്നു.
ഫെബ്രുവരി അഞ്ചിന്‌ വൈകിട്ട്‌ ഏഴരയോടെ തൃശൂരില്‍നിന്നു പുറപ്പെട്ട പോലീസ്‌സംഘം ബംഗളുരുവില്‍ എത്തുന്നത്‌ പിറ്റേന്നു വൈകിട്ട്‌ 4.30 നാണ്‌. ടെമ്പോ ട്രാവലറില്‍ സി.ഐ. പി.സി. ബിജുകുമാര്‍, ്രെഡെവര്‍ മാജ്‌, പോലീസ്‌ ഉദ്യോഗസ്‌ഥരായ രാജന്‍, ബിനില്‍ എന്നിവരടക്കം ആറ്‌ പേരാണ്‌ നിഷാമിനെയും കൂട്ടി പുറപ്പെട്ടത്‌. സാധാരണഗതിയില്‍ തൃശൂരില്‍നിന്ന്‌ ട്രാവലറിലാണെങ്കില്‍പോലും ഏഴുമണിക്കൂര്‍കൊണ്ടു ബംഗളുരുവിലെത്താം. രാത്രിയായതിനാല്‍ സമയം കുറയും. തമിഴ്‌നാട്‌-കേരള രാത്രികാല സര്‍വീസ്‌ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ സേലം വഴിയാണ്‌ ഇവര്‍ സഞ്ചരിച്ചത്‌. ആറിന്‌ പുലര്‍ച്ചെ രണ്ടരയോടെ ബംഗളുരുവില്‍ എത്തേണ്ടിയിരുന്ന സംഘം വൈകിട്ട്‌ 4.30ന്‌ എത്തിയെന്നാണ്‌ പോലീസ്‌ രേഖ. ഇതുസംബന്ധിച്ച സംശയത്തിന്‌ അന്നത്തെ കമ്മിഷണര്‍ ജേക്കബ്‌ ജോബ്‌ നല്‍കിയ വിശദീകരണം പോലീസിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടെന്നാണ്‌. നിഷാമുമായി പോയ പോലീസ്‌ സംഘം നാലുമണിക്കൂര്‍ നേരം ഗതാഗതക്കുരുക്കില്‍പ്പെട്ടെന്ന കമ്മിഷണറുടെ വാദം സംശയാസ്‌പദമാണ്‌.
കര്‍ണാടകയിലും മറ്റുമാണ്‌ നിഷാമിന്റെ സ്വത്തുക്കളില്‍ ഏറെയും. ഇതും ബാങ്കിലുള്ള പണവും ബിനാമികളുടെ പേരിലേക്കു മാറ്റാനാണ്‌ ഈ വിനോദയാത്രയെന്നാണു സംശയം ഉയരുന്നത്‌. കോടതി നടപടികളിലേക്കു കാര്യങ്ങള്‍ നീങ്ങുകയും ശിക്ഷ ഉറപ്പാവുകയും ചെയ്‌താല്‍ സ്വത്ത്‌ കണ്ടുകെട്ടാന്‍ ഇടയുണ്ടെന്ന ഉപദേശത്തെ തുടര്‍ന്നാണ്‌ അന്യസംസ്‌ഥാനങ്ങളില്‍ വിനോദയാത്രാ നാടകം നടത്തിയത്‌. നിഷാമിന്റെ സാമ്പത്തിക സ്‌ഥിതി പരിശോധിക്കുന്നതിനും സ്വത്ത്‌ കണ്ടുകെട്ടുന്നതിനും പോലീസോ ആഭ്യന്തര വകുപ്പോ തയാറായിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടൊന്നും കോടതിയില്‍ നല്‍കിയിട്ടുമില്ല. പ്രോസിക്യൂഷന്‍ നല്‍കിയ രേഖകളില്‍ കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളിലെ നിഷാമിന്റെ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ്‌ നടത്തിയെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ്‌ പറയുന്നത്‌. വിനോദയാത്രയാണെന്നതിന്‌ തെളിവാകുമായിരുന്ന അന്വേഷണോദ്യോഗസ്‌ഥനും നിഷാമും ബര്‍മുഡയിട്ട്‌ കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോ പോലീസ്‌ ഡ്രൈവര്‍ ഫെയ്‌സ്‌ ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ പുലിവാലാകുമെന്നതിനാല്‍ നിമിഷങ്ങള്‍ക്കകം ഡിലീറ്റ്‌ ചെയ്‌തു.
ചന്ദ്രബോസിന്റെ നില അത്യാസന്നമായി തുടരുന്നതിനിടെ അടിപൊളി യാത്രയാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരുമായി നിഷാം നടത്തിയത്‌. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ചന്ദ്രബോസിന്റെ കേസിനെക്കുറിച്ച്‌ ഉദ്യോഗസ്‌ഥര്‍ എന്തെങ്കിലും പറഞ്ഞില്ല. ബംഗളുരുവിലും തിരുനെല്‍വേലിയിലും ഒന്നും കണ്ടെത്താനായില്ല എന്നു മാത്രമാണു പറഞ്ഞത്‌. ഈ അന്വേഷണം ചന്ദ്രബോസിനു നേരേയുണ്ടായ ആക്രമണവുമായി എങ്ങനെ ബന്ധപ്പെടുമെന്ന ചോദ്യവും അവഗണിക്കപ്പെട്ടു. അന്വേഷണസംഘം ഇതിനകം കണ്ടെത്തിയ വിലകൂടിയ കാറുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയുടെ ഉടമ നിഷാം ആണെന്ന്‌ ഇതുവരെയും വ്യക്‌തമായിട്ടില്ല. കൊച്ചിയില്‍ മയക്കുമരുന്നുമായി യുവനടനും നാല്‌ യുവതികളും പിടിയിലായ ഫ്‌ളാറ്റും ഇയാളുടേതാണെന്ന്‌ സ്‌ഥിരീകരിച്ചിട്ടില്ല. കോടികളുടെ വരുമാനമുള്ള നിഷാമിന്റെ വസ്‌തുവകകളും സ്വത്തുക്കളും പലതും ബിനാമികളുടെ പേരിലാണ്‌. പോലീസിലും രാഷ്‌ട്രീയരംഗത്തുമുള്ള ഉന്നതരുടെ ഉപദേശപ്രകാരമാണ്‌ വിനോദയാത്രയെന്നാണ്‌ കേള്‍വി.
ഇതിനിടെ തെളിവെടുപ്പ്‌ സംഘത്തില്‍പ്പെട്ട ഒരു സിവില്‍ പോലീസ്‌ ഓഫീസര്‍ നിഷാമില്‍നിന്ന്‌ പണം ചോദിച്ചുവെന്ന മുന്‍ സിറ്റി പോലീസ്‌കമ്മിഷണര്‍ ജേക്കബ്‌ ജോബിന്റെ വെളിപ്പെടുത്തലും വിവാദമാവുകയാണ്‌. തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്‌ഥന്‍ അഴിമതിക്ക്‌ മുതിര്‍ന്നുവെന്ന്‌ സംശയം തോന്നിയാല്‍പോലും നടപടിയെടുക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, തനിക്കും പ്രലോഭനവും ഭീഷണിയും സമ്മര്‍ദവും ഉണ്ടായതായി ജേക്കബ്‌ ജോബ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതും വിവാദത്തിനു വഴിവയ്‌ക്കുകയാണ്‌. എന്നാല്‍, ഇക്കാര്യങ്ങള്‍ മേലുദ്യോഗസ്‌ഥരോട്‌ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്ന മുന്‍ കമ്മിഷണറുടെ നടപടി ഗുരുതരമായ വീഴ്‌ചയാണെന്നാണ്‌ വിലയിരുത്തല്‍. ഇതിനിടെ ഡി.ഐ.ജി. ജോസിന്റെ നേതൃത്വത്തില്‍ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി.

ഇ.പി. കാര്‍ത്തികേയന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top