Main Home | Feedback | Contact Mangalam
Ads by Google

വഹാബിന്റെ സ്‌ഥാനാര്‍ഥിത്വം കുഞ്ഞാലിക്കുട്ടിക്കു തിരിച്ചടി

mangalam malayalam online newspaper

തിരുവനന്തപുരം/മലപ്പുറം: രാജ്യസഭാ സീറ്റില്‍ മുസ്ലിംലീഗ്‌ പി.വി. അബ്‌ദുള്‍ വഹാബിനെ നിശ്‌ചയിച്ചതു കുഞ്ഞാലിക്കുട്ടിക്കുള്ള തിരിച്ചടി. മജീദിനെ രംഗത്തിറക്കി വഹാബിനെ വെട്ടാനുള്ള കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ നീക്കമാണു പാണക്കാട്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ ഇടപെട്ടു തടഞ്ഞത്‌. തങ്ങള്‍ കുടുംബത്തിനെ തമ്മില്‍ അടിപ്പിക്കാനുള്ള നീക്കവും പൊളിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വഹാബിനു നല്‍കിയ വാഗ്‌ദാനമാണ്‌ കുഞ്ഞാലിക്കുട്ടി വിഭാഗം തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയും മന്ത്രിസ്‌ഥാനവും വഹാബിനു ലീഗ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ദൈനംദിന രാഷ്‌ട്രീയത്തില്‍ ഇടപെടാനുള്ള അസൗകര്യം കൊണ്ട്‌ വഹാബ്‌ അതു നിഷേധിക്കുകയായിരുന്നു. ആ സമയത്ത്‌ രാജ്യസഭാ സീറ്റ്‌ അബ്‌ദുള്‍വഹാബിന്‌ നല്‍കാമെന്നു നേതൃത്വം ഉറപ്പുനല്‍കുകയും ചെയ്‌തിരുന്നു. കെ.പി.എ. മജീദിനും രാജ്യസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതായാണ്‌ അദ്ദേഹത്തിന്റെ വിശ്വസ്‌തര്‍ പറയുന്നത്‌.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന്‌ കുഞ്ഞാലിക്കുട്ടി സീറ്റ്‌ നിഷേധിക്കുന്ന സാഹചര്യം വന്നതോടെയാണു വഹാബും കുഞ്ഞാലിക്കുട്ടിയും അകന്നുതുടങ്ങിയത്‌. പ്രായാധിക്യത്തിന്റെ പേരിലാണ്‌ അഹമ്മദിെന ഒഴിവാക്കാന്‍ ശ്രമിച്ചത്‌. അഹമ്മദിന്‌ സീറ്റ്‌ നിഷേധിച്ചാല്‍ തനിക്കു വാഗ്‌ദാനം നല്‍കിയ രാജ്യസഭാ സീറ്റ്‌ അദ്ദേഹത്തിലേക്കു പോകാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ വഹാബ്‌ അതിനെ എതിര്‍ത്തു. ഇതോടെ കുഞ്ഞാലിക്കുട്ടിയുമായി വഹാബ്‌ ഇടഞ്ഞു. അഹമ്മദിന്‌ ലോക്‌സഭാസീറ്റ്‌ നിഷേധിച്ചാല്‍ താന്‍ വയനാട്‌ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന്‌ അന്നു വഹാബ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു.

വഹാബ്‌ അത്തരത്തില്‍ അവിടെ സ്‌ഥാനാര്‍ഥിയായിരുന്നെങ്കില്‍ പിണറായി വിജയന്റെ പിന്തുണയും ലഭിക്കുമായിരുന്നെന്നും സൂചനയുണ്ടായിരുന്നു. കൈരളി ടി.വിയുടെ ആരംഭമുതലേ അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നയാളാണ്‌ വഹാബ്‌. സി.പി.എം. പിന്തുണ ലഭിച്ചാല്‍ വഹാബ്‌ ജയിക്കുമെന്ന്‌ ഏറെക്കെുറെ ഉറപ്പുമായിരുന്നു. ഇത്‌ മറികടക്കാനാണ്‌ അഹമ്മദിന്‌ അന്നു ലോക്‌സഭാസീറ്റ്‌ നല്‍കിയത്‌.
ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു രാജ്യസഭാ സീറ്റ്‌ വീതംവയ്‌പില്‍ പൊട്ടിത്തെറിച്ചത്‌. വഹാബ്‌ വിഷയം തങ്ങള്‍ കുടുംബത്തിനുള്ളില്‍പ്പോലും പ്രശ്‌നം സൃഷ്‌ടിച്ചെന്നു ലീഗിന്‌ പരാതിയുണ്ട്‌.

മുനവറലി ശിഹാബ്‌ തങ്ങളെക്കൊണ്ട്‌ വഹാബിന്റെ സ്‌ഥാനാര്‍ഥിത്വത്തിനെതിരായി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇടുവിപ്പിച്ചത്‌ ഇതിന്റെ ഭാഗമായിരുന്നുവെന്നാണ്‌ അവര്‍ പറയുന്നത്‌. മുനവറലിക്ക്‌ രാജ്യസഭാ സീറ്റ്‌ വാഗ്‌ദാനം ചെയ്‌താണു ഇതു സാധിച്ചത്‌. ഇതിലൂടെ വഹാബിനെ വെട്ടാമെന്നു മാത്രമല്ല, മുനവറലിയെ ഒതുക്കാമെന്നും കുഞ്ഞാലിക്കുട്ടിപക്ഷം കണക്കുകൂട്ടി. എന്നാല്‍ ഹൈദരലി ശിഹാബ്‌തങ്ങള്‍ ഉറച്ച നിലപാട്‌ എടുത്തതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു.

മണ്‍മറഞ്ഞ ലീഗ്‌ നേതാവ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്നാണു വഹാബ്‌ ലീഗ്‌ രാഷ്‌ട്രീയത്തിലേക്കു കടന്നുവന്നത്‌. ഇക്കാര്യം ഹൈദരലി തങ്ങള്‍ കുടുംബാംഗങ്ങളെയും മുനറവലിയേയും ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണ്‌ അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ പിന്‍വലിച്ചത്‌.

വാഗ്‌ദാനം മാത്രമല്ല, ഇന്നത്തെ നിലയില്‍ രാജ്യസഭയില്‍ സജീവ സാന്നിധ്യമാകാന്‍ കഴിയുന്നതും മുന്‍പരിചയമുള്ളതുമായ ഒരു വ്യക്‌തി വേണമെന്ന നേതൃത്വത്തിന്റെ നിലപാടും വഹാബിന്‌ അനുകൂലമായി.
അബ്‌ദുല്‍ വഹാബിന്റെ സ്‌ഥാനാര്‍ഥത്വം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തിനും പ്രഹരമായി. പാണക്കാട്‌ കുടുംബം കഴിഞ്ഞാല്‍ ലീഗിന്റെ മുഖമായ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളാണു പാര്‍ട്ടിയില്‍ നടക്കുന്നതെന്നായിരുന്നു വിലയിരുത്തല്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ രംഗത്തുണ്ടായിരുന്നു.

ഇതിനു പാര്‍ലിമെന്ററി ബോര്‍ഡംഗങ്ങമായ ഇ.ടി. മുഹമ്മദ്‌ ബഷീറിന്റെയും പിന്തുണയുമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രബല വിഭാഗം മജീദിനുവേണ്ടി രംഗത്തെത്തിയതോടെ അദ്ദേഹം സ്‌ഥാനാര്‍ഥിത്വം ഉറപ്പിച്ച നിലയിലായിരുന്നു.
പി.വി. അബ്‌ദുല്‍ വഹാബിനുവേണ്ടി ഇ. അഹമ്മദും പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളും രംഗത്തുവന്നു. ഒപ്പം ഇ.കെ. വിഭാഗം സമസ്‌ത കടത്തസമ്മര്‍ദവും ചെലുത്തി.

മജീദ്‌ സ്‌ഥാനാര്‍ഥിയാകുന്നതില്‍ സമസ്‌ത എതിര്‍പ്പും അറിയിച്ചു. മുജാഹിദ്‌ പ്രസ്‌ഥാനവുമായി അടുപ്പം പുലര്‍ത്തുന്ന മജീദിനോടുള്ള എതിര്‍പ്പും സമസ്‌തയെ പലപ്പോഴായി സഹായിക്കുന്ന വഹാബിനോടുള്ള സ്‌നേഹവുമാണു ഈ നിലപാടിനു കാരണമായത്‌. പാര്‍ട്ടിയുടെ തീര്‍പ്പുകളില്‍ കുഞ്ഞാലിക്കുട്ടിക്ക്‌ അവസാന വാക്കാകാന്‍ കഴിയില്ലെന്ന സന്ദേശവും കൂടിയാണു സ്‌ഥാനാര്‍ഥി നിര്‍ണയത്തിലൂടെ വ്യക്‌തമാകുന്നത്‌. ഹൈദരലി തങ്ങളുടെ ഈ തീരുമാനം വരുംകാലങ്ങളില്‍ ലീഗില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന വാദിക്കുന്നവരുമുണ്ട്‌.

അഞ്ചംഗ ലീഗ്‌ പാര്‍ലിമെന്ററി ബോര്‍ഡംഗങ്ങളില്‍ രണ്ടുപേര്‍ പി.വി. അബ്‌ദുല്‍ വഹാബിനെയും രണ്ടുപേര്‍ കെ.പി.എ. മജീദിനെയും പിന്തുണച്ചതോടെ അഞ്ചാമത്തെ അംഗമായ അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ നിലപാടാണു അവസാനവാക്കായത്‌. അബ്‌ദുള്‍വഹാബ്‌ ഇന്ന്‌ ഉച്ചയോടെ തലസ്‌ഥാനത്ത്‌ എത്തും. നാളെ പതിനൊന്നിന്‌ നിയമസഭാസെക്രട്ടറിക്ക്‌ മുമ്പാകെ പത്രിക സമര്‍പ്പിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top