Main Home | Feedback | Contact Mangalam
Ads by Google

ജോര്‍ജിന്റെ ലക്ഷ്യം മാണിവഴി ഉമ്മന്‍ ചാണ്ടി

mangalam malayalam online newspaper

കോട്ടയം: കെ.എം. മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയ കത്തില്‍ പി.സി. ജോര്‍ജ്‌ വിരല്‍ ചൂണ്ടുന്നതു മുഖ്യമന്ത്രിയുടെ നേരേയും.
മാണിക്കും മകന്‍ ജോസ്‌ കെ. മാണിക്കുമെതിരായ ആരോപണങ്ങളാണ്‌ ജോര്‍ജിന്റെ കത്തില്‍ ഏറിയ പങ്കും. സ്‌ഥാനം നഷ്‌ടപ്പെട്ട ജോര്‍ജിന്റെ ആരോപണങ്ങള്‍ മാത്രമായി ഇതിനെ കാണാനായിരിക്കും നിലവിലുളള സാഹചര്യത്തില്‍ മുഖ്യമന്ത്രി തയാറാകുക. ഇത്‌ ആയുധമാക്കാനാണ്‌ ജോര്‍ജ്‌ ലക്ഷ്യമിടുന്നത്‌. അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെന്ന ആരോപണമാകും ഇതിലൂടെ ഉമ്മന്‍ ചാണ്ടി നേരിടേണ്ടിവരിക. ജോര്‍ജ്‌ നല്‍കിയ കത്തില്‍ ഇത്‌ വ്യക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്‌. ബജറ്റ്‌ പോലും വില്‍പനയ്‌ക്കു വയ്‌ക്കുന്ന മന്ത്രിയെ ചുമന്ന്‌, എല്ലാം സഹിച്ചും ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചും അങ്ങ്‌ കൈവശം വച്ചിരിക്കുന്ന മുഖ്യമന്ത്രി പദം വര്‍ഷങ്ങള്‍ കൊണ്ടു പടുത്തുയര്‍ത്തിയ പൊതുജീവിതത്തിന്‌ അപമാനകരവും അപഹാസ്യവുമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ജോര്‍ജ്‌ കത്ത്‌ അവസാനിപ്പിക്കുന്നത്‌. ഉമ്മന്‍ ചാണ്ടി പലവട്ടം ശ്രമിച്ചിട്ടും മാണി ഫോണില്‍ സംസാരിക്കാന്‍ കൂട്ടാക്കാതിരുന്നതും ജോര്‍ജ്‌ ചൂണ്ടിക്കാട്ടുന്നു. താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇങ്ങനെയൊരു മന്ത്രി പിന്നീട്‌ ആ സ്‌ഥാനത്ത്‌ ഉണ്ടാകില്ലെന്നും മന്ത്രിയെ നീക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിപദം രാജിവച്ചിരിക്കുമെന്നും തുറന്നടിച്ചത്‌ ഉമ്മന്‍ ചാണ്ടി ദുര്‍ബലനാണെന്ന്‌ ആരോപിക്കുന്നതിനു തുല്യമാണ്‌.

കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ഗ്രൂപ്പിന്റെ പക്ഷത്തായിരുന്നു ജോര്‍ജ്‌. ജോര്‍ജിനെ വിപ്പ്‌ സ്‌ഥാനത്തുനിന്ന്‌ നീക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഈ വിഭാഗം ശക്‌തമായ നിലപാടെടുക്കുകയും ചെയ്‌തു. ഐ.എന്‍.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ രംഗത്തു വന്നിരുന്നു. ഇതും കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കത്തിന്റെ ഭാഗമായാണ്‌ വിലയിരുത്തുന്നത്‌.
മന്ത്രിസഭയിലെ ചിലരുടെ അഴിമതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയിരുന്നുവെന്ന്‌ നേരത്തേ ആര്‍ ബാലകൃഷ്‌ണപിള്ളയും അവകാശപ്പെട്ടിരുന്നു. ജോര്‍ജ്‌ കത്തു നല്‍കിയതിനു പിന്നാലെ ബാലകൃഷ്‌ണപിള്ള ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്‌തു.ഇവര്‍ രണ്ടു പേരുടെയും ലക്ഷ്യം ഉമ്മന്‍ ചാണ്ടിയെ സമ്മര്‍ദത്തിലാക്കുക എന്നത്‌ മാത്രമാണ്‌. മന്ത്രിമാര്‍ക്കെതിരേ എത്‌ അന്വേഷണം നടന്നാലും അതു സര്‍ക്കാരിനെ ബാധിക്കുമെന്നതു മുന്‍കൂട്ടി കണ്ടാണ്‌ ജോര്‍ജും ബാലകൃഷ്‌ണപിള്ളയും അഴിമതിക്കത്തുമായി രംഗത്തു വന്നത്‌.ജോര്‍ജ്‌ എന്ത്‌ ആരോപണം ഉന്നയിച്ചാലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്ന ഉറച്ച നിലപാടിലാണു മാണി. ഇതു മുന്‍കൂട്ടിക്കണ്ട ജോര്‍ജ്‌ ഇനിയുള്ള ദിവസങ്ങളില്‍ അഴിമതിക്കാരനായ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുമെന്നു വ്യക്‌തമാണ്‌. ഈ നിലപാടിലൂടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനും ജോര്‍ജിനു കഴിയും. കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കത്തില്‍ ജോര്‍ജിന്റെ അഴിമതിക്കത്തും നിര്‍ണായകമാകും. അതേസമയം, മുസ്ലിം ലീഗ്‌ അടക്കമുള്ള യു.ഡി.എഫിലെ ഘടകകക്ഷികള്‍ ജോര്‍ജിന്റെ കത്തിനെ ഗൗനിക്കുകയേ വേെണ്ടന്ന അഭിപ്രായക്കാരാണ്‌.

ഷാലു മാത്യു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top