Main Home | Feedback | Contact Mangalam
Ads by Google

വിഴിഞ്ഞം: കരയ്‌ക്കടുത്തത്‌ വീണ്ടും അദാനി മാത്രം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖപദ്ധതിക്കു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ രംഗത്തുള്ളത്‌ ഒരേയൊരു കമ്പനി മാത്രം. ഗുജറാത്തിലെ അഹമ്മദാബാദ്‌ ആസ്‌ഥാനമായ അദാനി പോര്‍ട്‌സ്‌ ലിമിറ്റഡാണു ടെന്‍ഡര്‍ സമര്‍പ്പിച്ച ഏകസ്‌ഥാപനം.
ഇന്ത്യന്‍ ബഹുരാഷ്‌ട്രക്കുത്തകയായ അദാനി ഗ്രൂപ്പ്‌ സമര്‍പ്പിച്ച ടെന്‍ഡര്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാരസമിതി പരിഗണിക്കും. തുറമുഖവകുപ്പ്‌ സെക്രട്ടറി, വിഴിഞ്ഞം പോര്‍ട്‌സ്‌ ലിമിറ്റഡ്‌ സി.ഇ.ഒ. എന്നിവരും അംഗങ്ങളായ ഈ സമിതിയാണു തുടര്‍നടപടി തീരുമാനിക്കുക. മറ്റു കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കണോ അദാനി ഗ്രൂപ്പിനെത്തന്നെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കണോയെന്ന കാര്യത്തില്‍ സമിതിയുടെ ശിപാര്‍ശ പരിഗണിച്ച്‌ മന്ത്രിസഭ അന്തിമതീരുമാനമെടുക്കും.
തുറമുഖനിര്‍മാണത്തിന്‌ 1635 കോടി രൂപയുടെ ഗ്രാന്റാണ്‌ അദാനി ആവശ്യപ്പെടുന്നത്‌. പദ്ധതിത്തുകയുടെ 40 ശതമാനമാണിത്‌. ആകെ 7525 കോടി രൂപയാണ്‌ ആദ്യഘട്ടനിര്‍മാണത്തിനു കണക്കാക്കുന്നത്‌. ഇതില്‍ 818 കോടി രൂപ വയബിലിറ്റി ഫണ്ടായി കേന്ദ്രസര്‍ക്കാര്‍ നല്‍കും. അതു 15 വര്‍ഷത്തിനുശേഷം തിരിച്ചടയ്‌ക്കണമെന്നാണു കേന്ദ്രനിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്താണ്‌ അദാനി ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഗൗതം അദാനി. എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തും ടെന്‍ഡറില്‍ അദാനി പങ്കെടുത്തിരുന്നു.
നേരത്തേ, ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിച്ചിട്ടും ആരും മുന്നോട്ടുവരാതിരുന്നതിനേത്തുടര്‍ന്നു സമയം നീട്ടിനല്‍കുകയായിരുന്നു. ആദ്യതവണ അദാനിയുള്‍പ്പെടെ മൂന്നു കമ്പനികള്‍ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയെങ്കിലും കാലാവധി അവസാനിക്കുന്നതിനു മുമ്പ്‌ ആരും മുന്നോട്ടുവന്നില്ല. അദാനി ഗ്രൂപ്പ്‌ നാലു കോടിയോളം രൂപ മുടക്കി വിഴിഞ്ഞത്തു സാങ്കേതികപഠനംവരെ നടത്തിയിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൂന്നു കമ്പനികളുമായും ചര്‍ച്ചനടത്തി. അദാനി പോര്‍ട്‌സ്‌ പ്രധാനമായും ഉന്നയിച്ചതു കബോട്ടാഷ്‌ നിയമത്തില്‍ ഇളവു ലഭിക്കുമോയെന്ന ആശങ്കയായിരുന്നു. മുഖ്യമന്ത്രി കേന്ദ്രതുറമുഖവകുപ്പ്‌ മന്ത്രിയുമായി ചര്‍ച്ചനടത്തി ഇളവ്‌ ഉറപ്പുവരുത്തിയതോടെയാണു ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ അദാനി തയാറായത്‌.
കടലിന്റെ സ്വാഭാവിക ആഴവും രാജ്യാന്തര കപ്പല്‍ചാലിന്റെ സാമീപ്യവുമാണു വിഴിഞ്ഞത്തിന്റെ ആകര്‍ഷണം. പദ്ധതി നടപ്പായാല്‍ കൊളംബോ അടക്കമുള്ള തുറമുഖങ്ങളേക്കാള്‍ പ്രാധാന്യം കൈവരുമെന്നതിനാല്‍ തുടക്കം മുതല്‍ രാജ്യാന്തര ലോബിയില്‍നിന്ന്‌ എതിര്‍പ്പു ശക്‌തമായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top