Main Home | Feedback | Contact Mangalam
Ads by Google

രൂപേഷിന്റെ മകളായതില്‍ അഭിമാനമെന്ന്‌ ആമി

mangalam malayalam online newspaper

തൃപ്രയാര്‍: രൂപേഷിനെയും ഷൈനയെയും അറസ്‌റ്റ്‌ ചെയ്‌തെന്ന വിവരം പോലീസ്‌ തങ്ങളെ അറിയിച്ചിട്ടില്ലെന്ന്‌ മക്കള്‍. ഏതൊരു മക്കള്‍ക്കുമുണ്ടാകുന്ന സങ്കടം തങ്ങള്‍ക്കുമുണ്ടെന്നും എന്നാല്‍, അവരുടെ മക്കളായി പിറന്നതില്‍ അഭിമാനിക്കുന്നുവെന്നും ആമിയും സവേരയും പറഞ്ഞു.
പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കി എല്‍എല്‍.ബി. പ്രവേശനപരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്‌ ആമി. വലപ്പാട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ സവേര. ഒരു യാത്രയിലായിരുന്ന തങ്ങള്‍ തിങ്കളാഴ്‌ച രാത്രി ടിവിയില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ കണ്ടാണ്‌ അറസ്‌റ്റുവിവരം അറിയുന്നതെന്ന്‌ അവര്‍ പറഞ്ഞു. ഇന്നലെ രാവിലെ വലപ്പാട്‌ ഷൈനയുടെ വീട്ടില്‍ തിരിച്ചെത്തി.
താന്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ രൂപേഷിനൊപ്പം അമ്മ ഷൈനയും പോകുന്നത്‌. അമ്മൂമ്മ (ഷൈനയുടെ അമ്മ) യോടൊപ്പമാണ്‌ കഴിയുന്നതെന്നും ആമി വെളിപ്പെടുത്തി. രൂപേഷും ഷൈനയുമായി വര്‍ഷങ്ങളായി അടുപ്പമില്ലെങ്കിലും അവരുടെ ആശയങ്ങളോടു യോജിപ്പാണെന്ന്‌ ആമി വ്യക്‌തമാക്കി. ആദിവാസികളെയോ പൊതുജനത്തെയോ മാവോയിസ്‌റ്റുകള്‍ ആക്രമിച്ചതായി ഒരു കേസുപോലുമില്ല.
നിറ്റാ ജലാറ്റിന്‍ കമ്പനിയും ക്വാറിയും അടിച്ചു തകര്‍ത്തതായാണ്‌ കേസ്‌. ഇത്‌ അടിസ്‌ഥാന ജനവിഭാഗത്തിനു വേണ്ടിയുള്ള സമരമാണ്‌. രൂപേഷിന്റെയും ഷൈനയുടെയും അറസ്‌റ്റു പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, പോലീസ്‌ അവരെ ജീവനോടെ വച്ചതില്‍ അത്ഭുതമുണ്ട്‌. മാവോയിസ്‌റ്റായ രാജമല്ലയെ റെയില്‍പാളത്തിലിട്ടു കൊല്ലുകയാണ്‌ ചെയ്‌തത്‌. കോടതി റിമാന്‍ഡു ചെയ്യുകയാണെങ്കില്‍ അച്‌ഛനെയും അമ്മയെയും കാണും. അതേസമയം ജാമ്യനടപടികള്‍ക്കായി തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ. പൗരന്‍ കോയമ്പത്തൂരിലെ ഒരു അഭിഭാഷകനുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ഒരു സംഘടനയിലും താന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിദ്യാര്‍ഥി കൂട്ടായ്‌മയില്‍ പ്രസിദ്ധീകരിക്കുന്ന പാഠാന്തരം മാസികയുടെ സബ്‌ എഡിറ്ററാണു താനെന്നും ആമി പറഞ്ഞു.
രൂപേഷും ഷൈനയും ഒളിപ്പോരാട്ടം നിര്‍ത്തി പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കണമെന്ന്‌ രൂപേഷിന്റെ ജ്യേഷ്‌ഠ സഹോദരന്‍ രാജേഷ്‌ അഭിപ്രായപ്പെട്ടു. ഇരുവരുടെയും ആശയങ്ങള്‍ നല്ലതാണെന്നും എന്നാല്‍ രഹസ്യ പോരാട്ടത്തിലൂടെയല്ല ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തണമെന്നും രാജേഷ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top