Main Home | Feedback | Contact Mangalam
Ads by Google

രാസപദാര്‍ഥം: മാഗി നൂഡില്‍സ്‌ വില്‍പ്പന സപ്ലൈകോ നിര്‍ത്തി

mangalam malayalam online newspaper

തിരുവനന്തപുരം /ന്യൂഡല്‍ഹി: അനുവദനീയമായ അളവിലും കൂടുതല്‍ രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കേരളത്തില്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തിവച്ചു.
ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബാണ്‌ ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്‌. നിലവില്‍ സ്‌റ്റോക്കുള്ള മാഗി തിരി-ച്ചെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച അമിതാബ്‌ ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ക്കെതി-രേ കേസെടുക്കാന്‍ ബിഹാര്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണു വില്‍പ്പന നിര്‍ത്തിയത്‌.മറ്റ്‌ ബ്രാന്‍ഡഡ്‌ ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിളും ഉദ്യോഗസ്‌ഥര്‍ ശേഖരിച്ച്‌ ലാബിലേക്ക്‌ അയച്ചിട്ടുണ്ട്‌.ഇതിനിടെ, സോഷ്യല്‍ മീഡിയയില്‍ മാഗിക്കെതിരേ വന്‍ പ്രചാരണം നടക്കുന്നതിനാല്‍ സംസ്‌ഥാനത്ത്‌ വില്‍പ്പന കുത്തനെ കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു. മാഗിയുടെ പരസ്യങ്ങളില്‍ അഭിനയിച്ച അമിതാഭ്‌ ബച്ചന്‍, മാധുരി ദീക്ഷിത്ത്‌, പ്രീതി സിന്റ എന്നിവര്‍ക്കും നെസ്‌ലേ കമ്പനിയുടെ ഉന്നതര്‍ക്കുമെതിരേ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാന്‍ ബിഹാര്‍ മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണു കാശി മുഹമ്മദ്‌പുര്‍ പോലീസിനോടു നിര്‍ദേശിച്ചത്‌. ആവശ്യമെങ്കില്‍ ഇവരെ അറസ്‌റ്റ്‌ ചെയ്യാമെന്നും മജിസ്‌ട്രേറ്റ്‌ രാമചന്ദ്രപ്രസാദ്‌ ഉത്തരവായി. നൂഡില്‍സില്‍ ഈയത്തിന്റെ അംശം കൂടുതലായി കണ്ടതിനാല്‍ ഇവയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റി പരിശോധിക്കുന്നതിനിടെയാണ്‌ കോടതി ഇടപെട്ടത്‌. താരങ്ങള്‍ക്കു പുറമേ നെസ്‌ലേ മാനേജിങ്‌ ഡയറക്‌ടര്‍ മോഹന്‍ ഗുപ്‌ത, ജോയിന്റ്‌ ഡയറക്‌ടര്‍ സബാബ്‌ ആലം എന്നിവര്‍ക്കെതിരേ കേസെടുക്കാനാണു നിര്‍ദേശം. മുസാഫര്‍ നഗറില്‍ നിന്നു വാങ്ങിയ നൂഡില്‍സ്‌ കഴിച്ച്‌ അസുഖം പിടിച്ചെന്ന്‌ അഡ്വ: സുധിര്‍കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയിലാണു കോടതി ഉത്തരവായത്‌.
ഇതേസമയം, മാഗിക്കെതിരേ ഡല്‍ഹി,ഹരിയാന,കര്‍ണാടക സര്‍ക്കാരുകള്‍ നടപടി ആരംഭിച്ചിട്ടുണ്ട്‌.ഡല്‍ഹിയില്‍ പരിശോധിച്ച സാമ്പിളില്‍ ലെഡിന്റെ അംശം കണ്ടെത്തിയതായി സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചു. 13 പായ്‌ക്കറ്റുകളാണു വിവിധ പ്രദേശങ്ങളില്‍ നിന്നു പരിശോധനയ്‌ക്കായി ശേഖരിച്ചത്‌. ഇതില്‍ പത്തിലും ലെഡിന്റെ അംശം കണ്ടെത്തി. ഭക്ഷ്യയോഗ്യമല്ലാത്ത മാഗി വിതരണം ചെയ്‌തതിനു നെസ്‌ലെയുടെ പേരില്‍ കേസെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, അനുവദനീയമായ അളവില്‍ മാത്രമേ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശം മാഗിയില്‍ അടങ്ങിയിട്ടുള്ളുവെന്ന്‌ നെസ്‌ലെ അധികുതര്‍ അവകാശപ്പെട്ടു.
ഇതിനിടെ, സംസ്‌ഥാനത്തെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയയ്‌ക്കാന്‍ ഹരിയാന സര്‍ക്കാരും ഉത്തരവിട്ടു. നൂഡില്‍സ്‌ ഭക്ഷ്യ സുരക്ഷാ നിലവാരം പുലര്‍ത്തുന്നില്ലെന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ പലയിടത്തു നിന്നായി സാമ്പിളുകള്‍ ശേഖരിക്കുമെന്നു ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്‌ പറഞ്ഞു.മാഗിക്കെതിരേ കര്‍ണാടക സര്‍ക്കാരും അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.
ഇതേസമയം, താനിപ്പോള്‍ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നില്ലെന്ന്‌ അമിതാബ്‌ ബച്ചന്‍ പ്രതികരിച്ചു. ഉല്‍പ്പന്നം നിലവാരം പുലര്‍ത്തുമെന്നു നെസ്‌ലേ അധികൃതര്‍ ഉറപ്പ്‌ തന്നിരുന്നെന്നു മാധുരി ദീക്ഷിത്തും പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top