Main Home | Feedback | Contact Mangalam
Ads by Google

ട്രഷറി: കുറഞ്ഞ ശമ്പളക്കാരെ പുറത്താക്കിയശേഷം വന്‍ തസ്‌തികകള്‍ക്കായി പിന്‍വാതില്‍ നീക്കം

തിരുവനന്തപുരം : ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ കടമെടുക്കുന്ന സംസ്‌ഥാനത്ത്‌ പിന്‍വാതിലിലൂടെ അധിക തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ നീക്കം. ഗസറ്റഡ്‌ ജീവനക്കാര്‍ ശമ്പളം സ്വയം മാറുന്ന സംവിധാനം മാറ്റിമറിച്ച്‌ അത്‌ വകുപ്പുകളിലെ ഡ്രോയിങ്‌ ആന്‍ഡ്‌ ഡിസ്‌ബേഴ്‌സ്‌മെന്റ്‌ ഓഫീസര്‍മാര്‍ വഴിയാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്‌ സെക്രട്ടേറിയറ്റിലും മറ്റും അധിക തസ്‌തികകള്‍.
ട്രഷറി വകുപ്പില്‍ തസ്‌തികകള്‍ അധികമാണെന്നും ഗസറ്റഡ്‌ ജീവനക്കാരുടെ ശമ്പളം ഡ്രോയിങ്‌ ആന്‍ഡ്‌ ഡിസ്‌ബേഴ്‌സ്‌മെന്റ്‌ ജീവനക്കാരിലൂടെ നടപ്പായാല്‍ വീണ്ടും തസ്‌തിക കുറയ്‌ക്കാമെന്നും പ്രചരിപ്പിച്ച്‌ നടത്തുന്ന നീക്കം സംസ്‌ഥാനത്തിന്‌ വരുത്തുന്നത്‌ കൂടുതല്‍ ബാധ്യതകള്‍. ഇപ്പോള്‍ തന്നെ ഇതു നടപ്പാക്കാന്‍ കൂടുതല്‍ തസ്‌തികകള്‍ വേണമെന്ന്‌ ധനവകുപ്പും പി.എസ്‌.സിയും ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു കഴിഞ്ഞു. പരിഷ്‌കാരം നടപ്പിലാകുമ്പോള്‍ ട്രഷറിയിലെ ഫണ്ടുകള്‍ മുഴുവന്‍ ബാങ്കുകളിലേക്ക്‌ നീങ്ങുമെന്നു മാത്രമല്ല, കുറഞ്ഞ വേതനമുള്ള തസ്‌തികകള്‍ നിര്‍ത്തിയിട്ട്‌ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെയുള്ളിടത്ത്‌ കൂടുതല്‍ ശമ്പളം നല്‍കുന്ന പുതിയ തസ്‌തികകള്‍ വന്‍തോതില്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും.
ചെലവുചുരുക്കലിന്റെ ഭാഗമായി മറ്റുവകുപ്പുകളിലെ തസ്‌തിക വെട്ടിക്കുറയ്‌ക്കാന്‍ ശ്രമിക്കുന്ന ധനവകുപ്പില്‍ സൂപ്പര്‍വൈസറി വിഭാഗത്തില്‍ മാത്രം 75ല്‍ പരം അധിക തസ്‌തികകളാണ്‌ നിലവിലുള്ളത്‌. മറ്റു വിഭാഗങ്ങളില്‍ വേറെയും.
സംസ്‌ഥാനത്ത്‌ 217 ട്രഷറികളും അതില്‍ 3500 ജീവനക്കാരുമുണ്ട്‌. ഇക്കൊല്ലം ഫെബ്രുവരി 10ന്‌ ധനവകുപ്പ്‌ ഇറക്കിയ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ട്രഷറിയില്‍ 1062 ജീവനക്കാര്‍ അധികമാണ്‌. ആ സാഹചര്യത്തില്‍ ഇതുകൂടി നടപ്പാക്കുമ്പോള്‍ കുറേക്കൂടി തസ്‌തികകള്‍ നിര്‍ത്താം എന്നാണു പ്രചരിപ്പിക്കുന്നത്‌. പക്ഷേ ഇത്‌ നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാര്‍ വേണമെന്ന്‌ കഴിഞ്ഞയാഴ്‌ച നടന്ന യോഗത്തില്‍ ധനവകുപ്പ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഓരോ ജീവനക്കാരുടെ ശമ്പളബില്ലുകള്‍ തയാറാക്കുകയെന്നത്‌ ശ്രമകരമായ ജോലിയാണ്‌. അതിന്‌ ഒരോ വകുപ്പിലും കൂടുതല്‍ ജീവനക്കാര്‍ അധികമായി വേണം. സെക്രട്ടേറിയറ്റിലാകുമ്പോള്‍ സൂപ്പര്‍വൈസറി തസ്‌തിക മുതലുള്ളത്‌ സൃഷ്‌ടിക്കേണ്ടി വരും.
ഇപ്പോള്‍ സെക്രട്ടേറിയറ്റിനുള്ളിലുള്ള ട്രഷറിയില്‍ നിന്നും സ്വയം ശമ്പളം എഴുതിയെടുക്കുന്നത്‌ 2,300 പേരാണ്‌. ഈ ശമ്പളം ഒന്നിച്ച്‌ എടുക്കുമ്പോള്‍ ട്രഷറിയില്‍ രണ്ടു ജീവനക്കാര്‍ അധികമാകും. പക്ഷേ അതിന്‌ പകരം തങ്ങള്‍ക്ക്‌ കൂടുതല്‍ തസ്‌തികകള്‍ വേണമെന്നാണു ധനവകുപ്പിന്റെ ആവശ്യം. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമ സെക്രട്ടേറിയറ്റുകളിലും ഇതേ ആവശ്യം ഉയരും. സംസ്‌ഥാനത്ത്‌ ശമ്പളക്കൂടുതലുള്ള വിഭാഗമാണ്‌ സെക്രട്ടേറിയറ്റ്‌ ജീവനക്കാര്‍. ആ സാഹചര്യത്തില്‍ സാധാരണ ജീവനക്കാരെ ഇല്ലാതാക്കിയിട്ട്‌ കൂടുതല്‍ ശമ്പളമുള്ള തസ്‌തികകള്‍ സൃഷ്‌ടിക്കേണ്ട അവസ്‌ഥയാണുണ്ടാകുക.
സെക്രട്ടേറിയറ്റിനൊപ്പം മറ്റു വകുപ്പുകളും സ്‌ഥാപനങ്ങളും അധികതസ്‌തികകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ശമ്പള ബില്‍ തയാറാക്കാന്‍ 30 ജീവനക്കാരെയാണ്‌ പി.എസ്‌.സി ആവശ്യപ്പെട്ടിരിക്കുന്നത്‌. നിയമസഭാ സെക്രട്ടേറിയറ്റ്‌, പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌, ആസൂത്രണബോര്‍ഡ്‌, സര്‍ക്കാര്‍ കോളജുകള്‍ തുടങ്ങി ഒട്ടുമിക്ക സ്‌ഥാപനങ്ങളും 30 ഓളം അധിക ജീവനക്കാരെ ആവശ്യപ്പെടുന്നു. നിലവില്‍ ജീവനക്കാര്‍ കുറവുള്ള കോളജുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലുമാണ്‌ സെക്രട്ടേറിയറ്റ്‌ കഴിഞ്ഞാല്‍ ഏറ്റവുമധികം ഗസറ്റഡ്‌ ജീവനക്കാരുള്ളത്‌. അവിടേയും കൂടുതല്‍ ജീവനക്കാരെ നല്‍കേണ്ടിവരും. സാമ്പത്തിക അച്ചടക്കത്തിനായി ഉത്തരവിറക്കുന്ന ധനവകുപ്പില്‍ ഇപ്പോള്‍ സൂപ്പര്‍വൈസറി കേഡറില്‍ 182 തസ്‌തികകള്‍ക്കാണ്‌ അംഗീകാരമുള്ളത്‌.

ആര്‍. സുരേഷ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top