Main Home | Feedback | Contact Mangalam
Ads by Google

സ്വാശ്രയ മെഡിക്കല്‍ വിവാദം : സര്‍ക്കാരിനു ക്രിസ്‌ത്യന്‍ പ്രീണനം :മുസ്ലിം ലീഗ്‌

mangalam malayalam online newspaper

കോഴിക്കോട്‌: ന്യൂനപക്ഷ സ്വാശ്രയ മെഡിക്കല്‍ കോളജ്‌ പ്രവേശനത്തില്‍ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ക്കു കൂടുതല്‍ ഫീസ്‌ വാങ്ങാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നാരോപിച്ചു മുസ്ലിം ലീഗ്‌ രംഗത്ത്‌. ഇക്കാര്യത്തില്‍ എല്ലാ മാനേജ്‌മെന്റുകളോടും സര്‍ക്കാര്‍ ഒരേ നിലപാടു സ്വീകരിക്കണമെന്നു ലീഗ്‌ ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ ആവശ്യപ്പെട്ടു. 50:50 എന്ന അടിസ്‌ഥാനതത്വത്തില്‍നിന്നു വ്യതിചലിക്കരുത്‌. ഏകീകൃത ഫീസ്‌ ഘടനയും പ്രവേശനരീതിയുമാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്‌. പ്രവേശവുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ചചെയ്യാന്‍ സംസ്‌ഥാന ന്യൂനപക്ഷ കമ്മിഷന്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു മജീദ്‌ സര്‍ക്കാര്‍ നിലപാടിനെതിരേ ആഞ്ഞടിച്ചത്‌. എന്നാല്‍, ന്യൂനപക്ഷ സ്വാശ്രയ മാനേജ്‌മെന്റുകള്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്നവരായി മാറിയെന്നു കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.എം. വീരാന്‍കുട്ടി ആരോപിച്ചു.
സര്‍ക്കാരിനെ ധിക്കരിക്കുന്ന ന്യൂനപക്ഷ കോളജുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മരവിപ്പിക്കണം. കച്ചവടത്തിനായി വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ നടത്തരുത്‌. ന്യൂനപക്ഷാവകാശം സമ്പന്നര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത്‌ അംഗീകരിക്കാനാവില്ല. ന്യൂനപക്ഷസമുദായങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കണം. 3000-ാം റാങ്കിനു മേലുള്ളവര്‍ക്കു സീറ്റുള്ളപ്പോള്‍ 1000-ല്‍ താഴെ റാങ്ക്‌ നേടിയ സമര്‍ഥര്‍ക്കു സീറ്റ്‌ ലഭിക്കാത്തത്‌ അംഗീകരിക്കാനാവില്ല.

അതേസമയം, ഒരിലയില്‍ രണ്ടു സദ്യ വിളമ്പുന്നതു ശരിയല്ല. ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ നാലരലക്ഷം രൂപവരെ പ്രവേശന ഫീസ്‌ വാങ്ങുന്നുണ്ടെന്നാണു മുസ്ലിം സംഘടനകള്‍ യോഗത്തില്‍ ആരോപിച്ചതെന്നു ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷപദവിയുള്ള മുസ്ലിം മാനേജ്‌മെന്റ്‌ കോളജുകളില്‍ ഫീസ്‌ 2500 രൂപ വരെയേ പാടുള്ളൂവെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ അട്ടിമറിക്കുന്നതായാണു ന്യൂനപക്ഷ കമ്മിഷനു ലഭിച്ച പരാതികളില്‍ വ്യക്‌തമാകുന്നത്‌.

മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തീയതി നീട്ടിക്കിട്ടാന്‍ കമ്മിഷന്‍ നടപടിയെടുക്കും. മെറിറ്റ്‌ സീറ്റിന്‌ അര്‍ഹതയുള്ള കുട്ടികള്‍ക്ക്‌ അതു വാങ്ങിക്കൊടുക്കാന്‍ മുന്‍കൈയെടുക്കും. ന്യൂനപക്ഷപദവി നേടിയ മലബാറിലെ ആറു മുസ്ലിം സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ക്രമക്കേടുകള്‍ക്കെതിരേ 120-ല്‍ ഏറെ പരാതികളാണു കമ്മിഷനു ലഭിച്ചത്‌. സിവില്‍ കോടതിയുടെ അധികാരമുള്ള കമ്മിഷന്‍, ഈ പരാതികളില്‍ കേസെടുത്ത്‌ തെളിവെടുപ്പിനുശേഷം തീരുമാനമെടുക്കും. മെഡിക്കല്‍ കോളജുകളുടെ സ്വാശ്രയപദവി കേന്ദ്രവിഷയമായതിനാല്‍ അംഗീകാരം റദ്ദാക്കാന്‍ സാങ്കേതികബുദ്ധിമുട്ടുണ്ട്‌. എന്നാല്‍ സംസ്‌ഥാനസര്‍ക്കാര്‍ നല്‍കുന്ന അനുകൂല്യങ്ങള്‍ റദ്ദാക്കാന്‍ ന്യൂനപക്ഷ കമ്മിഷന്‌ ആവശ്യപ്പെടാം- വീരാന്‍കുട്ടി വ്യക്‌തമാക്കി.
യോഗത്തില്‍ മുസ്ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌, എം.സി. മായിന്‍ഹാജി, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, പ്രഫ. ലബ്ബ, ഡോ. മുജീബ്‌ റഹ്‌മാന്‍, ഡോ.സക്കീര്‍ ഹുസൈന്‍, അബ്‌ദുള്ളക്കോയ മദനി, നിസാര്‍ ഒളവണ്ണ, എ.പി. കുഞ്ഞാമു, സി. മുഹമ്മദ്‌ ഫൈസി, പ്രഫ. യഹിയഖാന്‍, പി.കെ. അഹമ്മദ്‌, ഒ. അബ്‌ദുറഹ്‌മാന്‍, ഒ. അബ്‌ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top