Main Home | Feedback | Contact Mangalam
Ads by Google

വീണ്ടും സമരം : തോട്ടം തൊഴിലാളി കളുമായുള്ള മാരത്തണ്‍ ചര്‍ച്ച പരാജയം

mangalam malayalam online newspaper

തിരുവനന്തപുരം : തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച്‌ ഇന്നലെ സെക്രട്ടേറിയേറ്റില്‍ നടന്ന മാരത്തണ്‍ ചര്‍ച്ച പരാജയം. ആവശ്യങ്ങള്‍ തോട്ടമുടമകളെ കൊണ്ട്‌ സമ്മതിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചു നാളെ മുതല്‍ അനിശ്‌ചിതകാല സമരം നടത്താന്‍ സംയുക്‌ത ട്രേഡ്‌ യൂണിയനുകള്‍ തീരുമാനിച്ചു. 500 രൂപ കൂലി എന്ന ആവശ്യത്തില്‍ യൂണിയനുകള്‍ ഉറച്ചുനിന്നപ്പോള്‍ വഴങ്ങാന്‍ തോട്ടമുടമകള്‍ തയാറായില്ല.

ഏലം, റബര്‍, കാപ്പി, തേയില അടക്കമുള്ള എല്ലാ പ്ലാന്റേഷനുകളിലും സമരം ബാധകമായിരിക്കുമെന്നു തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ വ്യക്‌തമാക്കി. കൂലി കൂട്ടിയാല്‍ തോട്ടങ്ങള്‍ അടച്ചിടേണ്ടി വരുമെന്നു മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ പറഞ്ഞു. ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിനു വീണ്ടും പി.എല്‍.സി. (പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി) യോഗം കൂടാന്‍ തീരുമാനമായിട്ടുണ്ട്‌.
തോട്ടം മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ രൂപവത്‌കരിച്ച അഞ്ചംഗ മന്ത്രിസഭാ ഉപസമിതി ചൊവ്വാഴ്‌ച വൈകിട്ട്‌ മൂന്നിനു യോഗം ചേരും. ഇന്നലെ ചേര്‍ന്ന പി.എല്‍.സി. യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളും ഇരു വിഭാഗങ്ങളുടെയും നിലപാടുകളും ഉപസമിതി ചര്‍ച്ചചെയ്യും. കൂലി വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യങ്ങള്‍ പഠിച്ച്‌ മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്ന്‌ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. ഇതിനാണ്‌ രണ്ട്‌ ദിവസത്തെ സാവകാശം അനുവദിച്ചത്‌. മിനിമം കൂലി എത്രത്തോളം വര്‍ധിപ്പിക്കാനാകുമെന്ന കാര്യം പി.എല്‍.സി. യോഗത്തില്‍ മാനേജ്‌മെന്റ്‌ വ്യക്‌തമാക്കും.
തൊഴിലാളികള്‍ക്കുള്ള കമ്പിളി, മഴക്കാലത്ത്‌ കുട എന്നിവ കമ്പനി നല്‍കണം എന്ന നിര്‍ദ്ദേശം മാനേജുമെന്റുകള്‍ അംഗീകരിച്ചു. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളെ ഇ.എസ്‌.ഐ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും നിയമഭേദഗതി വേണമെന്നതിനാല്‍ ഉപേക്ഷിച്ചു.

പകരം തോട്ടം തൊഴിലാളികളെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 3,000 രൂപ വരെ ഇതുവഴി കുടുംബത്തിന്‌ പ്രതിവര്‍ഷ ആരോഗ്യ പരിരക്ഷ ലഭിക്കും. ഒറ്റമുറിയുള്ള വീടുകള്‍ രണ്ട്‌ മുറികളാക്കുന്നതിനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്‌. തൊഴിലാളികള്‍ നുള്ളുന്ന കൊളുന്തിന്റെ അളവ്‌ കൂട്ടിയാല്‍ കൂലി വര്‍ധിപ്പിക്കാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും യൂണിയന്‍ പ്രതിനിധികള്‍ എതിര്‍ത്തു. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്ന്‌ മന്ത്രി യോഗത്തെ അറിയിച്ചു. പണിമുടക്കിലേക്ക്‌ പോകുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൈകിട്ട്‌ മൂന്നു മണിയോടെ പുന:രാരംഭിച്ച ചര്‍ച്ചയിലാണ്‌ കൂലി വിഷയം ഉന്നയിച്ചത്‌. എന്നാല്‍, തൊഴിലാളികളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പ്ലാന്റേഷന്‍ അസോസിയേഷന്‍ തയാറായില്ല. ഇപ്പോള്‍ നല്‍കുന്ന കൂലിപോലും താങ്ങാന്‍ ആകാത്തതാണെന്നും തോട്ടമുടമകള്‍ നിലപാടെടുത്തു. ഒരു വര്‍ഷം മുന്‍പ്‌ ഉന്നയിച്ച ആവശ്യത്തില്‍ എട്ടു തവണ ചര്‍ച്ച നടത്തിയ ശേഷവും സാവകാശം ചോദിക്കുന്നത്‌ തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ഈ സാഹചര്യത്തിലാണ്‌ അനിശ്‌ചിതകാല പണിമുടക്കിലേക്ക്‌ നീങ്ങുന്നതെന്നും സംയുക്‌ത ട്രേഡ്‌ യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. രാവിലെ പത്തിന്‌ ആരംഭിച്ച ചര്‍ച്ച വൈകിട്ട്‌ 7.30 -നാണ്‌ അവസാനിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top