Main Home | Feedback | Contact Mangalam
Ads by Google

മോഡിയെ കാണാന്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ : വി.എസ്‌. ഇന്ന്‌ കണിച്ചുകുളങ്ങരയില്‍

mangalam malayalam online newspaper

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയില്‍. ആര്‍. ശങ്കര്‍ പ്രതിമാ അനാച്‌ഛാദനത്തിനു പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണു സന്ദര്‍ശനമെന്നു പറയുമ്പോഴും രാഷ്‌ട്രീയസഖ്യമാകും പ്രധാന ചര്‍ച്ചാവിഷയം.
ഇന്നുച്ചയ്‌ക്കു രണ്ടിനാണ്‌ കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നതെങ്കിലും അമേരിക്കയില്‍ നിന്നു മടങ്ങിയെത്തുന്ന പ്രധാനമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത്‌ നാളത്തേക്കു മാറ്റാന്‍ സാധ്യതയുണ്ട്‌. കഴിഞ്ഞ ദിവസം കൊല്ലത്ത്‌ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുമായി വെള്ളാപ്പള്ളി മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.
മോഡി-വെള്ളാപ്പള്ളി കൂടിക്കാഴ്‌ച നടക്കുന്ന സന്ദര്‍ഭത്തില്‍ വെള്ളാപ്പള്ളിയുടെ ജന്മനാടായ കണിച്ചുകുളങ്ങരയില്‍ സി.പി.എം. ഇന്ന്‌ വര്‍ഗീയവിരുദ്ധ സെമിനാര്‍ നടത്തും. കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനാണ്‌ ഉദ്‌ഘാടകന്‍. രാവിലെ പത്തിനാണു പരിപാടി.
കണിച്ചുകുളങ്ങരയില്‍ തന്നെ ചീത്ത പറയാന്‍ പാര്‍ട്ടിക്കാര്‍ വി.എസിനെ ഇറക്കുകയാണെന്നാണ്‌ ഇതിനോടു വെള്ളാപ്പള്ളി പ്രതികരിച്ചത്‌. വി.എസിനു ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്‌ കൊടുക്കണമെന്നു പറഞ്ഞവരാണ്‌ ഇപ്പോള്‍ അദ്ദേഹത്തെ തനിക്കെതിരേ ഇറക്കുന്നത്‌. ചാതുര്‍വര്‍ണ്യത്തെക്കുറിച്ചാണ്‌ സഖാക്കള്‍ പുലമ്പുന്നതെന്നും പോളിറ്റ്‌ ബ്യൂറോയിലും സംസ്‌ഥാന കമ്മിറ്റിയിലും പാര്‍ട്ടിയുടെ സ്‌ഥാപനങ്ങളിലും പത്രത്തിലും ചാനലിലും എത്ര ഈഴവരാദി പിന്നാക്ക വിഭാഗക്കാരുണ്ടെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌.എന്‍.ഡി.പി. യോഗം വൈസ്‌ പ്രസിഡന്റ്‌ കൂടിയായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹി യാത്രയില്‍ ഒപ്പമുണ്ട്‌.
എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ മനസിലുള്ള രാഷ്‌ട്രീയ പാര്‍ട്ടിയും തദ്ദേശ തെരഞ്ഞെടുപ്പും മോഡിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും. അമിത്‌ ഷായുമായി നടത്തിയ സംഭാഷണത്തിന്റെ തുടര്‍ച്ചയാകും മോഡിയുമായി നടത്തുക.രാഷ്‌ട്രീയ സൗഹൃദത്തിന്‌ എസ്‌.എന്‍.ഡി.പിയുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കും. ആര്‍. ശങ്കറിന്റെ പ്രതിമ അനാച്‌ഛാദനം ചെയ്യാനെത്തുമ്പോള്‍ ഈഴവ സമുദായത്തിന്‌ അനുകൂലമായ പ്രഖ്യാപനങ്ങള്‍ നടത്തണമെന്ന ആവശ്യവും ഉന്നയിക്കും. കേന്ദ്ര സര്‍വകലാശാലയ്‌ക്ക്‌ ശ്രീനാരായണ ഗുരുവിന്റെ പേര്‌ നല്‍കണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിക്കാനും സാധ്യതയുണ്ട്‌.
മുന്‍പ്‌ നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കാന്‍ ലക്ഷ്യമിട്ട്‌ വെള്ളാപ്പള്ളി ഡല്‍ഹിക്കു പോയിരുന്നെങ്കിലും മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ അപ്രതീക്ഷിത നിര്യാണം മൂലം കൂടിക്കാഴ്‌ച നടക്കാതെപോയി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top