Main Home | Feedback | Contact Mangalam
Ads by Google

പ്രസവ ശസ്‌ത്രക്രിയ; ദേശീയ ശരാശരിയും കടന്ന്‌ കേരളം

mangalam malayalam online newspaper

തിരുവനന്തപുരം : സംസ്‌ഥാനത്തെ പ്രസവ ശസ്‌ത്രക്രിയകളുടെ എണ്ണം ദേശീയ ശരാശരിയും കടന്ന്‌ കുതിക്കുന്നു. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ 45 ശതമാനവും സിസേറിയനുകള്‍. സാധാരണ പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍ അവഗണിക്കുന്നതും സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ്‌ പെരുകുന്ന സിസേറിയനുകള്‍ക്കു കാരണം.
കഴിഞ്ഞവര്‍ഷം സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ സിസേറിയന്‍ നിരക്ക്‌ 41.21 ശതമാനമാണ്‌. സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്ക്‌ 39.75 ശതമാനവും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ അഞ്ചുശതമാനം വര്‍ധനയാണുണ്ടായത്‌. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം പ്രസവങ്ങളില്‍ 15 ശതമാനം മാത്രമേ സിസേറിയന്‍ ആകാവൂ. ശിശുവിന്റെ ജീവന്‌ അപകടം, അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങള്‍, ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ളപ്പോള്‍ തുടങ്ങിയ കാരണങ്ങളാല്‍ സിസേറിയന്‍ അനുവദനീയമാണ്‌.
ഇതൊന്നും മാനദണ്ഡമാക്കാതെയാണു കേരളത്തില്‍ പ്രസവ ശസ്‌ത്രക്രിയകള്‍ വര്‍ധിക്കുന്നത്‌. സാധാരണ പ്രസവത്തേക്കാള്‍ കൂടുതല്‍ ചികിത്സാത്തുക സിസേറിയന്‌ ഈടാക്കാമെന്നതാണു സ്വകാര്യ ആശുപത്രികള്‍ മുതലെടുക്കുന്നത്‌. സിസേറിയന്‍ സുരക്ഷിതമാണെന്ന മിഥ്യാധാരണയും ചില സ്വകാര്യ ആശുപത്രികള്‍ പ്രചരിപ്പിക്കുന്നുണ്ട്‌.
പ്രസവ ശസ്‌ത്രക്രിയാ നിരക്കിലുണ്ടായ വര്‍ധന മുന്നില്‍ക്കണ്ട്‌ അടിയന്തരഘട്ടങ്ങളില്‍ മാത്രം ശസ്‌ത്രകിയയെന്ന കര്‍ശന നിര്‍ദേശം മൂന്നുവര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. പ്രസവചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ ഒന്നില്‍ കൂടുതല്‍ ഡോക്‌ടര്‍മാര്‍ ഉണ്ടെങ്കില്‍ മറ്റൊരാളുടെ വിദഗ്‌ധാഭിപ്രായംകൂടി ആരാഞ്ഞശേഷമേ ശസ്‌ത്രക്രിയ നടത്താവൂയെന്ന നിര്‍ദേശവും അവഗണിച്ചു.
കഴിഞ്ഞവര്‍ഷം 57.2 ശതമാനവുമായി എറണാകുളം ജില്ലയാണു പ്രസവ ശസ്‌ത്രക്രിയകളില്‍ മുന്നില്‍. 49.2 ശതമാനവുമായി കൊല്ലം രണ്ടാം സ്‌ഥാനത്തുണ്ട്‌. കൊല്ലത്തെയും എറണാകുളത്തെയും ചില സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനത്തിലേറെയാണ്‌ സിസേറിയന്‍ നിരക്ക്‌.
കണ്ണൂരില്‍ 48.3%, ആലപ്പുഴയിലും ഇടുക്കിയിലും 47%, പത്തനംതിട്ടയില്‍ 45.8% എന്നിങ്ങനെയാണ്‌ ശസ്‌ത്രക്രിയാ നിരക്ക്‌. 23 ശതമാനവുമായി കാസര്‍ഗോഡാണു പട്ടികയില്‍ പിന്നില്‍.
സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ ശസ്‌ത്രക്രിയകളുടെ കണക്കുകള്‍ ശേഖരിക്കുന്നുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. രമേഷ്‌ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ഓഡിറ്റിങ്‌ നടക്കുന്നില്ല. ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ബില്‍ വന്നാല്‍ മാത്രമേ ഇതിനു ശാശ്വത പരിഹാരം കാണാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top