Main Home | Feedback | Contact Mangalam
Ads by Google

ഹോട്ടലുകള്‍ക്ക്‌ സ്‌റ്റാര്‍ പദവി : കടമ്പകള്‍ കടത്താന്‍ ഇടനിലക്കാര്‍

mangalam malayalam online newspaper

തൃശൂര്‍: ഹോട്ടലുകള്‍ക്ക്‌ സ്‌റ്റാര്‍ പദവി ലഭിക്കുന്നതിനു പിന്നില്‍ ലക്ഷങ്ങളുടെ ഇടപാട്‌. കടമ്പകള്‍ കടക്കാന്‍ സഹായത്തിന്‌ ഇടനിലക്കാര്‍. കഴിഞ്ഞ ദിവസം ആറ്‌ ഹോട്ടലുകള്‍ക്കടക്കം പഞ്ചനക്ഷത്രപദവി ലഭിച്ചത്‌ ഇടനിലക്കാരുടെ ഇടപെടല്‍മൂലമാണെന്നു റിപ്പോര്‍ട്ട്‌.
പരിശോധന നടത്തി സ്‌റ്റാര്‍ പദവി അനുവദിക്കുന്ന ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്കും കേന്ദ്ര ടൂറിസം വകുപ്പിലെ പ്രധാനികള്‍ക്കുമായാണ്‌ ലക്ഷങ്ങള്‍ മറിയുന്നത്‌. പഞ്ചനക്ഷത്ര പദവി ലഭിക്കുന്നതോടെ സംസ്‌ഥാനത്തെ മദ്യനിരോധനത്തെ മറികടക്കാനും ബാറുകള്‍ തുടങ്ങാനും ഹോട്ടലുകള്‍ക്കാകും. അതിനാല്‍ എത്ര ലക്ഷങ്ങള്‍ നല്‍കാനും ഹോട്ടലുടമകള്‍ തയാറാണ്‌. മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായ സ്വിമ്മിങ്‌ പൂള്‍ ഇല്ലാത്ത ചില ഹോട്ടലുകള്‍ക്ക്‌ പഞ്ചനക്ഷത്രപദവിയും ലഭിച്ചു. ഒറ്റയടിക്ക്‌ ഫൈവ്‌ സ്‌റ്റാര്‍ പദവി ലഭിച്ച ത്രീ സ്‌റ്റാര്‍ ഹോട്ടലുകളും ഒട്ടേറെ. മൂന്നു പ്രാവശ്യം അനുമതി നിഷേധിച്ച, തൃശൂര്‍ ജില്ലയിലെ ഒരു ഹോട്ടലിനും ഫോര്‍ സ്‌റ്റാര്‍ പദവി ലഭിച്ചു. ഈയിടെ നക്ഷത്രപദവി അനുവദിച്ച മിക്കവാറും ഹോട്ടലുകളും മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരാത്തതാണ്‌.
മുറികളുടെ വലുപ്പം, ്രൈപവറ്റ്‌ ബാത്ത്‌ റൂം, കളര്‍ ടെലിവിഷന്‍, ടെലിഫോണ്‍ സൗകര്യം, റെഫ്രിജറേറ്റര്‍, സുരക്ഷാ സജ്‌ജീകരണ സംവിധാനങ്ങള്‍, ദിവസേന റൂം ബോയ്‌ സര്‍വീസ്‌, 24 മണിക്കൂറും ഫ്രണ്ട്‌ ഓഫീസ്‌ അസിസ്‌റ്റന്‍സ്‌, ലോബി, സ്വിമ്മിങ്‌ പൂള്‍, ബിസിനസ്‌ ക്ലബ്‌, ഹെല്‍ത്ത്‌ ക്ലബ്‌, ഡ്രൈ ക്ലീനിങ്‌, മസാജിങ്‌ തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയാണ്‌ ക്ലാസിഫൈഡ്‌ ഹോട്ടലുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍. യോഗ്യതയുള്ള 40ഉം യോഗ്യതയില്ലാത്ത 40ഉം ജീവനക്കാരും നിര്‍ബന്ധം.
ഇതെല്ലാം പരിശോധിച്ചാണ്‌ എച്ച്‌.ആര്‍.എ.സി.സി. സ്‌റ്റാര്‍ പദവി അനുവദിക്കുക. സംസ്‌ഥാന ടൂറിസം സെക്രട്ടറി ചെയര്‍മാനായുള്ള സമിതിയാണ്‌ ഒന്നുമുതല്‍ മൂന്നുവരെയുള്ള നക്ഷത്രപദവി അനുവദിക്കുന്നത്‌. ഫെഡറേഷന്‍ ഓഫ്‌ ഹോട്ടല്‍ ആന്‍ഡ്‌ റെസ്‌റ്റോറന്റ്‌സ്‌ അസോസിയേഷന്‍ പ്രതിനിധി, ഇന്ത്യാ ടൂറിസം അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍, ട്രാവല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌, അയാട്ട പ്രസിഡന്റ്‌, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ പ്രിന്‍സിപ്പല്‍ എന്നിവരാണ്‌ ഈ സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ നാല്‌, അഞ്ച്‌, അഞ്ച്‌ ഡീലക്‌സ്‌ എന്നീ പദവികള്‍ നല്‍കുന്നത്‌ ക്ലാസിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ മെമ്പര്‍ സെക്രട്ടറി, സംസ്‌ഥാന സര്‍ക്കാരിന്റെ പ്രതിനിധി, ഹോസ്‌പിറ്റാലിറ്റി എക്‌സ്‌പര്‍ട്ട്‌, ട്രാവല്‍ ട്രെയ്‌ഡ്‌ പ്രതിനിധി തുടങ്ങിയവരടങ്ങുന്ന സമിതിയാണ്‌.
അതേസമയം, ഇന്ത്യാ ടൂറിസം റീജണല്‍ ഡയറക്‌ടര്‍ റാങ്കില്‍ കുറയാത്ത ഓഫീസര്‍ ചെയര്‍മാനായ സമിതിയാണ്‌ ക്ലാസിഫിക്കേഷന്‍ പരിശോധന നടത്തുക. ഫെഡറേഷന്‍ ഓഫ്‌ ഹോട്ടല്‍ ആന്‍ഡ്‌ റെസ്‌റ്റോറന്റ്‌സ്‌ അസോസിയേഷന്‍ പ്രതിനിധി, ഇന്ത്യാ ടൂറിസം അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍, ട്രാവല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌, അയാട്ട പ്രസിഡന്റ്‌, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ പ്രിന്‍സിപ്പല്‍ എന്നിവര്‍തന്നെയാണ്‌ സമിതിയിലെ അംഗങ്ങള്‍.
എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍നിന്നുള്ള ഇടനിലക്കാര്‍ ഹോട്ടലുകാരെ സമീപിച്ച്‌ ലക്ഷങ്ങള്‍ കൈപ്പറ്റിയാണ്‌ ഇടപെടല്‍ നടത്തുന്നത്‌. കഴിഞ്ഞ ദിവസം പഞ്ചനക്ഷത്ര പദവി ലഭിച്ച പ്രമുഖ ഹോട്ടലില്‍നിന്നുമാത്രം 50 ലക്ഷത്തോളം രൂപയാണ്‌ എറണാകുളത്തുള്ള ഇടനിലക്കാരന്‍ വാങ്ങിയത്‌.
പരിശോധന നടത്താന്‍ സമിതി വരുന്ന കാര്യം ഹോട്ടലുകാരെ മുന്‍കൂട്ടി അറിയിക്കുന്ന ഇടനിലക്കാര്‍ പരിശീലനം നേടിയ ജീവനക്കാരെയും താല്‍ക്കാലികമായി സപ്ലൈ ചെയ്യും. പരിശോധന പൂര്‍ത്തിയായി സംഘം തിരിച്ചുപോകുമ്പോള്‍ ജീവനക്കാരും തിരിച്ചുപോകും. പരിശോധനയ്‌ക്കായി മാത്രം തയാറാക്കുന്ന രജിസ്‌റ്റര്‍ പോലും സംഘം പരിശോധിക്കാറില്ല. പി.എഫ്‌. രജിസ്‌റ്റര്‍ പരിശോധിച്ചാല്‍ ജീവനക്കാരുടെ കൃത്യമായ വിവരം ലഭിക്കുമെന്നിരിക്കേ അതും പരിശോധിക്കാറില്ല. മറ്റു മാനദണ്ഡങ്ങളെ സംബന്ധിച്ച പരിശോധനയും നടക്കാറില്ല.
മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ള ഉദ്യോഗസ്‌ഥനാണ്‌ ചെന്നൈ ആസ്‌ഥാനമായുള്ള ഇന്ത്യാ ടൂറിസം റീജിയണല്‍ ഡയറക്‌ടറെങ്കിലും അദ്ദേഹത്തെയും മറികടക്കാവുന്ന ബന്ധങ്ങളുള്ളവരാണ്‌ ഇടനിലക്കാര്‍. കേന്ദ്ര ടൂറിസം വകുപ്പിലെ ചില പ്രധാനികളും ഈ ബന്ധങ്ങളിലെ കണ്ണികളാണ്‌.

ഇ.പി. കാര്‍ത്തികേയന്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top